Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സ്വകാര്യത ഒരു പൗരന്റെ മൗലികമായ അവകാശം; ഭരണഘടനയുടെ 21ാം അനുച്ഛേദത്തിന്റെ ഭാഗം; ചരിത്രപരമായ വിധി പുറപ്പെടുവിച്ച് സുപ്രീംകോടതിയുടെ ഒമ്പതംഗ ഭരണഘടനാ ബെഞ്ച്; സ്വകാര്യതയെ കുറിച്ചുള്ള കാഴ്‌ച്ചപ്പാടുകളെല്ലാം പൊളിച്ചെഴുതിയ വിധി; 1954ലെയും 1963ലെയും വിശാല ബെഞ്ചിന്റെ വിധികൾ അപ്രസക്തം; ആധാറിനെ അടക്കം പ്രത്യക്ഷത്തിൽ ബാധിക്കുമെന്ന് ഉറപ്പായി

സ്വകാര്യത ഒരു പൗരന്റെ മൗലികമായ അവകാശം; ഭരണഘടനയുടെ 21ാം അനുച്ഛേദത്തിന്റെ ഭാഗം; ചരിത്രപരമായ വിധി പുറപ്പെടുവിച്ച് സുപ്രീംകോടതിയുടെ ഒമ്പതംഗ ഭരണഘടനാ ബെഞ്ച്; സ്വകാര്യതയെ കുറിച്ചുള്ള കാഴ്‌ച്ചപ്പാടുകളെല്ലാം പൊളിച്ചെഴുതിയ വിധി; 1954ലെയും 1963ലെയും വിശാല ബെഞ്ചിന്റെ വിധികൾ അപ്രസക്തം; ആധാറിനെ അടക്കം പ്രത്യക്ഷത്തിൽ ബാധിക്കുമെന്ന് ഉറപ്പായി

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: സ്വകാര്യത മൗലികാവകാശമാണെന്ന് സുപ്രീം കോടതി. ഇത് സംബന്ധിച്ച് ചരിത്രപ്രധാനമായ വിധി കോടതി പുറപ്പെടുവിച്ചു. സുപ്രീം കോടതിയുടെ ഒമ്പതംഗ ഭരണഘടനാ ബെഞ്ചാണ് ചരിത്രത്തിൽ ഇടംപിടിക്കുന്ന വിധി പുറപ്പെടുവിച്ചിരിക്കുന്നത്. ഓഗസ്റ്റ് രണ്ടിന് വാദം പൂർത്തിയാക്കിയ കോടതി കേസിലെ നിർണായക വിധി ഇന്നാണ് പുറത്തുവന്നത്. സ്വകാര്യത ഭരണഘടനയുടെ 21ാം അനുച്ഛേദത്തിന്റെ ഭാഗമാണെന്ന് കോടതി വിധി പ്രസ്താവത്തിൽ വ്യക്തമാക്കി. ആധാറിനെ അടക്കം പ്രത്യക്ഷത്തിൽ ബാധിക്കുന്ന സുപ്രധാന വിധിപ്രസ്താവനമാണ് പുറത്തുവന്നിരിക്കുന്നത്.

ചീഫ് ജസ്റ്റിസ് ജെ.എസ്. ഖേഹർ അധ്യക്ഷനായ ബെഞ്ച് ആറുദിവസം തുടർച്ചയായി വാദം കേട്ടതിനുശേഷമാണ് ഇന്ന കേസിൽ വിധി പറഞ്ഞത്. ചീഫ് ജസ്റ്റിസിനു പുറമേ ജഡ്ജിമാരായ ജെ. ചെലമേശ്വർ, എസ്.എ. ബോബ്‌ഡെ, ആർ.കെ. അഗർവാൾ, ആർ.എഫ്. നരിമാൻ, എ.എം. സപ്രെ, ഡി.വൈ. ചന്ദ്രചൂഢ്, എസ്.കെ. കൗൾ, എസ്. അബ്ദുൾ നസീർ എന്നിവരാണ് ഒമ്പതംഗ ബെഞ്ചിലെ മറ്റംഗങ്ങൾ. ഒമ്പതംഗ അംഗങ്ങൾ ഒറ്റ വിധിയാണ് പുറപ്പെടുവിച്ചിരിക്കുന്നത്. വിധി സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നേയുള്ളൂ.

സ്വകാര്യത മൗലികാവകാശം അല്ലെന്ന 1954ലെയും 1963ലെയും കോടതിയുടെ വിശാലബഞ്ചിന്റെ വിധികൾ ഇതോടെ അപ്രസക്തമായിട്ടുണ്ട്. ഇപ്പോഴത്തെ വിധിയോടെ വ്യക്തിയുടെ സ്വകാര്യതകൾ നിരീക്ഷിക്കാനും ഡിജിറ്റൽ രൂപത്തിൽ ശേഖരിക്കാനും സാധിക്കുമോ എന്നത് അടക്കമുള്ള കാര്യങ്ങളിൽ ഇനിയും വ്യക്തത വരുന്നുണ്ട്. പൗരന്മാരുടെ സ്വകാര്യതയിലേക്ക് കടന്നു കയറാൻ ഇനി സർക്കാരുകൾക്ക് പോലും അധികാരമുണ്ടാക്കില്ല എന്നതാണ് വിധിയെങ്കിലും ഇത് ചരിത്രപ്രധാനമാകുമെന്ന കാര്യത്തിൽ ആർക്കും സംശയമില്ല.

ആധാർ നിയമം ജനങ്ങളുടെ സ്വകാര്യതയ്ക്കുള്ള അവകാശം ഭംഗിക്കുന്നുവെന്ന ഹർജി പരിഗണിക്കവെയാണ് സ്വകാര്യത മൗലികാവകാശമാണോ എന്ന് സുപ്രീം കോടതിയുടെ ഒമ്പതംഗ ഡിവിഷൻ ബെഞ്ച് പരിശോധിച്ചത്. ക്ഷേമ പദ്ധതികൾക്ക് ആധാർ നിർബന്ധമാക്കുന്നതിനെതിരെ സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു. ഈ ഹർജി പരിഗണിച്ച മൂന്നംഗ ബെഞ്ച് കേസ് വിശാല ബെഞ്ചിനു വിട്ടു. കേസ് പരിഗണിച്ച ഭരണഘടനാ ബെഞ്ച് വിഷയം ഒമ്പതംഗ ബെഞ്ചിനു വിടുകയായിരുന്നു. ആധാർ വിഷയത്തിൽ സ്വകാര്യത മൗലികാവകാശമല്ലെന്നാണ് കേന്ദ്രസർക്കാരിന്റെ നിലപാട്. ഈ നിലപാടിന് കൂടിയേറ്റ തിരിച്ചടിയാണ് ഇപ്പോഴത്തെ സുപ്രീംകോടതി വിധി.

ആധാർ നിർബന്ധമാക്കിയതിനെ ചോദ്യം ചെയ്തുകൊണ്ടാണ് ഹരജിക്കാരൻ കോടതിയെ സമീപിച്ചത്. ആദായ നികുതി റിട്ടേൺ, ബാങ്ക് അക്കൗണ്ട്. പെൻഷൻ, പണമിടപാട് വായപകളുടെ സുരക്ഷിതത്വം എന്നിവക്ക് ആധാർ നിർബന്ധമാണെന്ന് സർക്കാർ നിരീക്ഷിച്ചു. 2009ൽ മുൻസർക്കാർ കൊണ്ടുവന്ന ആധാർ പൗരവകാശത്തിനുള്ള വെല്ലുവിളിയല്ലെന്നും സർക്കാർ അഭിപ്രായപ്പെട്ടു. അതേസമയം, സ്വകാര്യത മൗലികാവകാശമല്ല എന്ന് കോടതി അംഗീകരിക്കുകയാണെങ്കിൽ ജനങ്ങളുടെ മേൽ നിരീക്ഷിക്കുന്നതിനുള്ള അധികാരം സർക്കാറിന് ലഭിക്കുകയും വ്യക്തി സ്വാതന്ത്ര്യത്തെ ഹനിക്കുന്ന നിയമങ്ങൾ കൊണ്ടുവരാൻ സർക്കാറിന് കഴിയുമെന്നും സർക്കാർ വാദിച്ചു. ഈ വാദങ്ങളും മറുവാദങ്ങളും പരിഗണിച്ചാണ് സ്വകാര്യത മൗലികാവകാശമാണെന്ന് ഏകകണ്ഠമായി കോടതി വിധി പറഞ്ഞത്.

അതേസമയം, കേരളത്തിന്റെ നിലപാടിനുള്ള അംഗീകാരമാണ് സുപ്രീം കോടതി വിധിയെന്ന് വിലയിരുത്തപ്പെടുന്നു. വ്യക്തികളുടെ സ്വകാര്യതയിൽ ഏകപക്ഷീയമായി കൈകടത്താൻ അനുവദിക്കരുതെന്നാണു കേരളം സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടത്. സംസ്ഥാനത്തിന്റെ ആവശ്യം അംഗീകരിക്കുന്ന വിധിയാണെന്നതാണ് ശ്രദ്ധേയം. സ്വകാര്യത നിരീക്ഷിക്കാനും പകർത്താനും അനുവദിക്കുന്നത് അപകടകരമാണെന്നും സ്വകാര്യവിവരങ്ങൾ സർക്കാർ ശേഖരിച്ചാൽ വ്യക്തികളുടെ ജീവിതം വാൾമുനയിലാകുമെന്നും കോടതിയിൽ രേഖാമൂലം സമർപ്പിച്ച സത്യവാങ്മൂലത്തിൽ കേരളം വ്യക്തമാക്കിയിരുന്നു.

ബിജെപി ഭരണത്തിലുള്ള സംസ്ഥാനങ്ങളും ഈ നിലപാടിനോടു യോജിച്ചിരുന്നു. മറ്റു മൗലികാവകാശങ്ങൾപോലെ സ്വകാര്യതയും സമ്പൂർണമായ അവകാശമല്ലാത്തപ്പോഴും സ്വകാര്യത മൗലികാവകാശമല്ലാതാവുന്നില്ലെന്നാണ് കേരളം വ്യക്തമാക്കിയത്. ആധാർകാർഡ് നിർബന്ധമാക്കുന്നതിനെ സ്വകാര്യതയുടെ പേരിൽ എതിർക്കാൻ കഴിയുമോ എന്ന കാര്യത്തിനാണു സുപ്രീംകോടതി ഉത്തരവ് വ്യക്തത വരുത്തിയത്. ആധാർ കാർഡ് സ്വകാര്യതയ്ക്കുമേലുള്ള കടന്നുകയറ്റമല്ലെന്നാണു കേന്ദ്രസർക്കാർ വാദം. ഭരണഘടനയിൽ സുവ്യക്തമായി പറയാത്തതിനാൽ സ്വകാര്യത മൗലികാവകാശമല്ലെന്നും ജനങ്ങൾക്കു ജീവിക്കാനുള്ള അവകാശം ഉറപ്പുവരുത്താൻ ന്യായമായ നിയന്ത്രണങ്ങളാകാമെന്നും കേന്ദ്രസർക്കാർ കോടതിയിൽ വാദിച്ചിരുന്നു. ജീവിക്കാനുള്ള മൗലികാവകാശത്തേക്കാൾ വലുതല്ല സ്വകാര്യതയ്ക്കുള്ള അവകാശമെന്നും കേന്ദ്രസർക്കാർ നിലപാടെടുത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP