Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അനുകൂല തരംഗം സൃഷ്ടിക്കാൻ ദിലീപിന് വേണ്ടി നടത്തിയ പ്രചരണങ്ങൾ തിരിച്ചടിയായി; പ്രതി നടിക്കെതിരെ നീങ്ങിയേക്കുമെന്ന വാദങ്ങളും കേസ്ഡയറിയിൽ തെളിവുസഹിതം പറഞ്ഞ കാര്യങ്ങളും നിർണായകമായി; ഫോണുകൾ ഹാജരാക്കി പൊലീസിനെതിരെ ദിലീപിന് വേണ്ടി നടത്തിയ നീക്കവും ഫലംകണ്ടില്ല; ജാമ്യാപേക്ഷ കോടതി നിരസിച്ചതിലെ വാദങ്ങൾ ഇങ്ങനെ

അനുകൂല തരംഗം സൃഷ്ടിക്കാൻ ദിലീപിന് വേണ്ടി നടത്തിയ പ്രചരണങ്ങൾ തിരിച്ചടിയായി; പ്രതി നടിക്കെതിരെ നീങ്ങിയേക്കുമെന്ന വാദങ്ങളും കേസ്ഡയറിയിൽ തെളിവുസഹിതം പറഞ്ഞ കാര്യങ്ങളും നിർണായകമായി; ഫോണുകൾ ഹാജരാക്കി പൊലീസിനെതിരെ ദിലീപിന് വേണ്ടി നടത്തിയ നീക്കവും ഫലംകണ്ടില്ല; ജാമ്യാപേക്ഷ കോടതി നിരസിച്ചതിലെ വാദങ്ങൾ ഇങ്ങനെ

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ ഗൂഢാലോചനക്കുറ്റം ചുമത്തപ്പെട്ട നടൻ ദിലീപിന് ജാമ്യം ലഭിക്കുന്നത് തടയുന്നതിൽ പ്രൊസിക്യൂഷൻ വിജയിച്ച് പഴുതടച്ച കരുനീക്കങ്ങളിലൂടെ. ദിലീപ് അറസ്റ്റിലായതിന് ശേഷം കഴിഞ്ഞ രണ്ടുമൂന്നു ദിവസങ്ങളിലായി സോഷ്യൽ മീഡിയയിലൂടെ ദിലീപിന് വേണ്ടി വൻ പ്രചരണം അഴിച്ചുവിട്ടിരുന്നു. ദിലീപ് കുറ്റം ചെയ്തിട്ടില്ലെന്നും കുരുക്കാൻ പൊലീസ് ഗൂഢാലോചന നടത്തുന്നുവെന്നുമുള്ള മട്ടിൽ നടത്തിയ പ്രചരണം പക്ഷേ, ജാമ്യം ലഭിക്കുന്നതിൽ ദോഷകരമായി ബാധിച്ചുവെന്നാണ് വിലയിരുത്തൽ. പ്രൊസിക്യൂഷൻ ഉന്നയിച്ച പ്രധാന വാദങ്ങളിലൊന്നായിരുന്നു ഇത്.

ദിലീപിന് വേണ്ടി സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ പ്രചരണം നടത്താനും സഹതാപ തരംഗം സൃഷ്ടിക്കാനും പ്രത്യേകം പിആർ ഏജൻസിയെ നിയോഗിച്ചെന്ന വിവരങ്ങളും കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്നിരുന്നു. ഇക്കാര്യത്തിൽ സ്‌പെഷ്യൽ ബ്രാഞ്ച് അന്വേഷണവും തുടങ്ങിയിട്ടുണ്ട്. പ്രൊസിക്യൂഷൻ വാദങ്ങളിൽ ഉന്നയിക്കപ്പെട്ട പ്രധാന വാദങ്ങളിലൊന്നായിരുന്നു സോഷ്യൽ മീഡിയയിൽ നടക്കുന്ന ഈ പ്രചരണം. ഇതിന് പുറമെ, പ്രതി പുറത്തിറങ്ങിയാൽ ആക്രമിക്കപ്പെട്ട നടി പ്രവൃത്തി ചെയ്യുന്ന ലൊക്കേഷനുകളിൽ എത്തി ദിലീപ് അവരെ അപമാനിക്കാൻ ശ്രമിക്കുമെന്ന വാദവും പ്രൊസിക്യൂഷൻ ഉയർത്തി. പൾസർ സുനി ദിലീപിന് ദൃശ്യങ്ങൾ കൈമാറിയെന്നും പൾസർസുനിയുടെ അഭിഭാഷകൻ ആയിരുന്ന പ്രതീഷ് ചാക്കോ, ദിലീപിന്റെ മാനേജർ അപ്പുണ്ണി എ്ന്നിവരെ കസ്റ്റഡിയിൽ കിട്ടിയതിന് ശേഷമേ ഇക്കാര്യത്തിൽ വ്യക്തത വരുത്താനാകൂ എന്നും പ്രൊസിക്യൂഷൻ സത്യവാങ്മൂലത്തിൽ ഇന്നലെ തന്നെ കോടതിയെ അറിയിച്ചിരുന്നു. കേസ് ഡയറിയും കോടതിയിൽ ഹാജരാക്കിയാണ് പൊലീസും പ്രൊസിക്യൂഷനും ജാമ്യാപേക്ഷയെ എതിർത്തത്. ദിലീപിനെതിരെ നിർണായക തെളിവുകൾ ഉണ്ടെന്നും ഗൂഢാലോചനയുമായി ബന്ധമുണ്ടെന്നും ഉള്ള ശക്തമായ വാദങ്ങൾ പ്രൊസിക്യൂഷൻ ഇതുവഴി ഉന്നയിച്ചു.

ദൃശ്യങ്ങൾ അടങ്ങിയ മൊബൈൽ ഫോൺ പൾസർ സുനിയുടെ കൈയിൽനിന്നു വാങ്ങി അഡ്വ. പ്രതീഷ് ചാക്കോ ദിലീപിന് കൈമാറിയതായാണ് സംശയം. ഈ ഫോൺ ദിലീപിന്റെ പക്കലാണുള്ളത്. സുനിക്ക് വാഗ്ദാനംചെയ്ത പണം ദിലീപ് നൽകിയില്ലെന്നും പൊലീസ് കണ്ടെത്തി. ഇതുസംബന്ധിച്ച് ഇരുവരെയും ഒന്നിച്ച് ചോദ്യംചെയ്യാൻ കഴിഞ്ഞിട്ടില്ല. ദിലീപിന് ജാമ്യം നൽകിയാൽ ആക്രമണത്തിനിരയായ നടിയെ അപമാനിക്കാൻ ശ്രമിക്കും. അതിനാൽ ജാമ്യം അനുവദിക്കരുതെന്നും സത്യവാങ്മൂലത്തിൽ പറഞ്ഞു. ഈ വാദങ്ങൾക്കെല്ലാം പുറമെയാണ് പ്രതിയെ പുറത്തുവിട്ടാൽ കേസുമായി ബന്ധപ്പെട്ട മറ്റുള്ളവരെ സ്വാധീനിക്കാൻ ശ്രമിക്കുമെന്നും അക്രമത്തിന് ഇരയായ നടിയെ അപമാനിക്കാൻ ശ്രമിക്കുമെന്നുമുള്ള വാദം ഉയർത്തിയത്. ഇതിന് പുറമെ സോഷ്യൽ മീഡിയയിലൂടെ പ്രതിയെ ന്യായീകരിക്കാൻ നടത്തുന്ന ശ്രമങ്ങളും പ്രൊസിക്യൂഷൻ ചൂണ്ടിക്കാട്ടി.

ഇതിനിടെ ദിലീപിന്റെ ഫോണുകളും കേസ് സംബന്ധിച്ച് മറ്റു വിവരങ്ങളും കണ്ടെത്താൻ പൊലീസ് ദിലീപിന്റെ വീട്ടിൽ തിരച്ചിൽ നടത്തുകയും ചെയ്തു. ഇതിനിടെയാണ് രണ്ട് ഫോണുകൾ മുദ്രവച്ച കവറിൽ ഹാജരാക്കി പ്രതിഭാഗം കോടതിയിൽ പുതിയ വഴിത്തിരിവ് സൃഷ്ടിക്കാൻ ശ്രമിച്ചത്. ഇന്ന് പ്രതിയുടെ ജാമ്യാപേക്ഷയിൽ വാദം നടക്കുന്നതിനിടെയായിരുന്നു ഇത്. ഫോണുകൾ ദിലീപ് ഉപയോഗിച്ച് വരുന്നവയാണെന്നും ഇവ പൊലീസിൽ ഏൽപിച്ചാൽ കൃത്രിമം കാണിക്കാൻ സാധ്യതയുണ്ടെന്നും കാണിച്ചാണ് കോടതിയിൽ മുദ്രവച്ച കവറിൽ സമർപ്പിക്കപ്പെട്ടത്. ദിലീപിനെതിരെ പൊലീസ് ഗൂഢാലോചനയുണ്ടെന്ന വാദത്തിന് ബലംനൽകാൻ നടത്തിയ ഈ നീക്കം പക്ഷെ, കാര്യമായി ഫലം കണ്ടില്ല. അതിനാൽ തന്നെ ജാമ്യം നൽകാൻ മാത്രം ബലമുള്ള വാദമായി ഇതിനെ കോടതി പരിഗണിച്ചില്ലെന്നാണ് നിയമവിദഗ്ധരും ചൂണ്ടിക്കാട്ടുന്നത്.

ആക്രമിക്കപ്പെട്ട നടിക്കെതിരെ നടൻ ദിലീപ് നടത്തിയ ആരോപണങ്ങൾ അദ്ദേഹത്തിന്റെ മനോനില വ്യക്തമാക്കുന്നതാണെന്ന് പ്രോസിക്യൂഷൻ വാദിച്ചു. ഇതിനെതിരെ ശക്തമായ വാദവുമായി പ്രതിഭാഗവും രംഗത്തെത്തി. ഇതിൽ വാദം പൂർത്തിയായതിന് പിന്നാലെയാണ് ദിലീപിനെ കോടതിയിൽ ഹാജരാക്കിയത്. ഇന്ന് വൈകീട്ട് അഞ്ചുമണിവരെയായിരുന്നു കസ്റ്റഡി സമയം. ദിലീപിനെ കോടതിയിൽ എത്തിച്ചതിന് പിന്നാലെ തന്നെ ജാമ്യാപേക്ഷ തള്ളി കോടതി ഉത്തരവും പുറപ്പെടുവിച്ചു.

ആക്രമിക്കപ്പെട്ട നടിക്ക് അനുകൂലമായി പൊതുസമൂഹം ശക്തമായി നിലയുറപ്പിച്ചപ്പോൾ ദിലീപ് നടത്തിയ നടിക്കെതിരെയുള്ള പരാമർശങ്ങൾ ചൂണ്ടിക്കാണിച്ചാണ് പ്രോസിക്യൂഷൻ വാദിച്ചത്. ദിലീപ് കസ്റ്റഡിയിലായപ്പോഴും അദ്ദേഹത്തിന് അനുകൂലമായി സമൂഹമാധ്യമങ്ങളിൽ ശക്തമായ പ്രചാരണം നടക്കുന്നു. അപ്പോൾ അദ്ദേഹം പുറത്തിറങ്ങിയാൽ എന്തായിരിക്കും സ്ഥിതിയെന്ന വാദമാണ് പ്രൊസിക്യൂഷൻ ഉന്നയിക്കുന്നത്. നടിയുടെ സെറ്റിൽ ഉൾപ്പെടെ പോയി അപമാനിക്കാൻ ശ്രമം നടന്നേക്കുമെന്ന സത്യവാങ്മൂലം ഇന്നലെ കോടതിയിൽ നൽകിയിരുന്നു.

ഇതിനിടെയാണ് ദിലീപിന്റെ രണ്ട് ഫോണുകൾ പ്രതിഭാഗം കോടതിയിൽ സമർപ്പിച്ചത്. ശാസ്ത്രീയ പരിശോധനയ്ക്കായാണ് ഫോണുകൾ കൈമാറിയതെന്നും പൊലീസിനെ ഏൽപ്പിച്ചാൽ തെളിവുകൾ നശിപ്പിക്കപ്പെടും എന്നും ദിലീപിന്റെ അഭിഭാഷകൻ ആരോപിച്ചു. പൾസർ സുനി എന്ന കുറ്റവാളി നൽകിയ മൊഴി മാത്രം അടിസ്ഥാനമാക്കിയാണ് പൊലീസ് നീങ്ങുന്നതെന്നാണ് ദിലീപിന്റെ അഭിഭാഷകൻ രാംകുമാർ വാദിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP