Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പ്രതിക്കൂട്ടിൽനിന്ന് വലിച്ചിഴച്ച് കസ്റ്റഡിയിൽ എടുത്ത പൾസറിനെയും വിജീഷിനെയും തിരികെ കോടതിയിൽ ഹാജരാക്കേണ്ടതില്ല; കസ്റ്റഡിയിൽ എടുത്ത എറണാകുളം പൊലീസ് പ്രതികളെ അന്വേഷണ ഉദ്യോഗസ്ഥനു കൈമാറണം; പൾസർ സുനിയുടെ അറസ്റ്റുമായി ബന്ധപ്പെട്ടുണ്ടായ നിയമപ്രശ്‌നം മണിക്കൂറുകൾക്കകം ഒഴിവായി

പ്രതിക്കൂട്ടിൽനിന്ന് വലിച്ചിഴച്ച് കസ്റ്റഡിയിൽ എടുത്ത പൾസറിനെയും വിജീഷിനെയും തിരികെ കോടതിയിൽ ഹാജരാക്കേണ്ടതില്ല; കസ്റ്റഡിയിൽ എടുത്ത എറണാകുളം പൊലീസ് പ്രതികളെ അന്വേഷണ ഉദ്യോഗസ്ഥനു കൈമാറണം; പൾസർ സുനിയുടെ അറസ്റ്റുമായി ബന്ധപ്പെട്ടുണ്ടായ നിയമപ്രശ്‌നം മണിക്കൂറുകൾക്കകം ഒഴിവായി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ പൊലീസ് കോടതിയിൽനിന്നു ബലമായി കസ്റ്റഡയിൽ എടുത്ത മുഖ്യപ്രതി പൾസർ സുനിയെയും കൂട്ടാളി വിജീഷിനെയും അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരാക്കാൻ കോടതി നിർദ്ദേശം. എറണാകുളം അഡീഷണൽ ചീഫ് ജുഡീഷൽ മജിസ്‌ട്രേറ്റ് (എസിജെഎം) കോടതിയിൽനിന്ന് പ്രതികളെ കസ്റ്റഡിയിൽ എടുത്ത എറണാകുളം സെൻട്രൽ പൊലീസ് സ്‌റ്റേഷൻ സബ് ഇൻസ്‌പെക്ടർ, കേസ് രജിസ്ട്രർ ചെയ്തിരിക്കുന്ന നെടുമ്പാശേരി പൊലീസ് സ്റ്റേഷനിൽ ഹാജരാക്കാനാണു നിർദ്ദേശം നല്കിയിരിക്കുന്നത്. പ്രതികളുടെ അഭിഭാഷകൻ നല്കിയ പരാതിയുടെ അടിസ്ഥാനത്തിൽ എറണാകുളം എസിജെഎം കോടതിയുടേതാണ് ഉത്തരവ്. ഇതോടെ പൾസർ സുനിയുടെ അറസ്റ്റുമായി ബന്ധപ്പെട്ടുണ്ടായ നിയമപ്രശ്‌നം മണിക്കൂറുകൾക്കകം ഒഴിവായി.

കോടതി മുറിയിൽനിന്ന് വലിച്ചിഴച്ച് കസ്റ്റഡിയിൽ എടുത്ത പ്രതികളെ ഉടൻ ഹാജരാക്കാൻ കോടതി നിർദ്ദേശം നല്കിയെന്നായിരുന്നു ഇതുമായി ബന്ധപ്പെട്ടുണ്ടായ ആദ്യ റിപ്പോർട്ടുകൾ. ഇത് പൊലീസിനു കനത്ത തിരിച്ചടിയാണെന്നും വിലയിരുത്തപ്പെട്ടു. എന്നാൽ ഏതാനും നിമിഷത്തെ ആശയക്കുഴപ്പത്തിനുശേഷം കാര്യങ്ങൾ വ്യക്തമായി. പ്രതികളെ അറസ്റ്റ് ചെയ്ത എറണാകുളം സെൻട്രൽ പൊലീസിനോട് കേസ് നിലനിൽക്കുന്ന നെടുമ്പാശേരി പൊലീസ് സ്‌റ്റേഷനിലെ അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരാക്കാനാണു കോടതി നിർദ്ദേശം നല്കിയിരിക്കുന്നതെന്നു വ്യക്തമായി.

ഇന്ന് ഉച്ചയ്ക്ക് കോടതിയിൽ കീഴടങ്ങാനെത്തിയ പൾസർ സുനിയെയും വിജീഷിനെയും കോടതി മുറിയിൽനിന്നാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ഉച്ചഭക്ഷണത്തിന് കോടതി പരിഞ്ഞ സമയത്താണ് പ്രതികൾ അഭിഭാഷകരുടെ വേഷത്തിൽ പൾസർ ബൈക്കിലെത്തി മതിൽ ചാടിക്കടന്ന് കോടതിയിലെത്തുകയായിരുന്നു. പൊലീസ് പെട്ടന്ന് ഇടപെട്ട് ഇവരെ കോടതിക്കുള്ളിൽനിന്ന് വലിച്ചിഴച്ച് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. നടപടി തടയാനെത്തിയ അഭിഭാഷകരും പൊലീസും തമ്മിൽ സംഘർഷം ഉണ്ടാവുകയും ചെയ്തു.

പ്രതികളെ പ്രതിക്കൂട്ടിൽനിന്നു വലിച്ചിഴച്ചത് പോസീന്റെ ഭാഗത്തുനിന്നുള്ള നിയമലംഘനമാണെന്ന് ചൂണ്ടിക്കാട്ടപ്പെട്ടിരുന്നു. ഇത് ചൂണ്ടിക്കാട്ടി പ്രതികളുടെ അഭിഭാഷകനായ അഡ്വ. കൃഷ്ണകുമാർ സംഭവം നടന്ന എറണാകുളം എസിജെഎം കോടതിയിൽ പരാതി നല്കുകയും ചെയ്തു. സറണ്ടർ അപേക്ഷ നല്കി കോടതിയിൽ കീഴടങ്ങാനെത്തിയ പ്രതികളെ വലിച്ചിഴച്ച് കസ്റ്റഡിയിലെടുത്ത പൊലീസിന്റെ നടപടി ക്രിമിനൽ കുറ്റമാണെന്ന് പരാതിയിൽ ആരോപിച്ചു. ഉടൻ തന്നെ ഇവരെ വിട്ടയച്ചു കോടതിയിൽ കീഴടങ്ങാൻ അവസരം ഉണ്ടാക്കണമെന്നും ആവശ്യപ്പെട്ടു.

എന്നാൽ പരാതി പരിഗണിച്ച കോടതി പ്രതികളെ ഉടൻ ഹാജരാക്കേണ്ടതില്ലെന്നു വ്യക്തമാക്കി. പ്രതികൾക്കെതിരേ ഈ കോടതിയിൽ കേസൊന്നുമില്ലെന്നാണ് നിരീക്ഷിക്കപ്പെട്ടത്. അതേസമയം പ്രതികളെ കസ്റ്റഡിയിലെടുത്ത എറണാകുളം സെൻട്രൽ പൊലീസ് സ്‌റ്റേഷൻ സബ് ഇൻസ്‌പെക്ടറോട് പ്രതികളെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്ന നെടുമ്പാശേരി പൊലീസ് സ്റ്റേഷനിലെ അന്വേഷണ ഉദ്യോഗസ്ഥനു കൈമാറാനും കോടതി നിർദ്ദേശിക്കയുണ്ടായി.

അതേസമയം എറണാകുളം എസിജെഎം കോടതിയിൽനിന്നു കസ്റ്റഡിയിൽ എടുത്ത പൾസർ സുനിയെയും വിജീഷിനെയും ആലുവ പൊലീസ് ക്ലബിലേക്കാണു കൊണ്ടുപോയിരിക്കുന്നത്. അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്‌പി ബാബു അടക്കമുള്ള ഉദ്യോഗസ്ഥർ ഇവിടെ പ്രതികളെ ചോദ്യം ചെയ്യുന്നുണ്ട്. അതിനാൽതന്നെ പൾസർ സുനിയുടെ അറസ്റ്റ് സംബന്ധിച്ച് കാര്യമായ നിയമപ്രശ്‌നങ്ങൾ ഉണ്ടായിട്ടില്ല. പ്രതികളെ നാളെ അങ്കമാലി കോടതിയിൽ ഹാജരാക്കിയേക്കും.

ഐജി വിജയനും എഡിജിപി സന്ധ്യയും അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർ പ്രതികളെ ചോദ്യംചെയ്യാൻ നേതൃത്വം നല്കുന്നുണ്ട്. അന്വേഷണം വിജയകരമായി മുന്നേറുന്നതിൽ സന്തോഷമുണ്ടെന്ന് ഐജി വിജയൻ മറുനാടൻ ലേഖകനോടു പ്രതികരിച്ചു. പൊലീസ് പൊലീസിന്റെ പണി ചെയ്യുകയാണ്. സംഭവത്തിനു പിന്നിൽ ക്വട്ടേഷനോ ഗൂഢാലോചനയോ ഉണ്ടോയെന്ന ചോദ്യത്തിന് ഐജി മറുപടി നല്കിയില്ല.

ആറു ദിവസമായി വെട്ടിച്ചുനടന്ന പ്രതികളെ കോടതി മുറിയിൽനിന്ന് ബലമായി കസ്റ്റഡിയിൽ എടുക്കേണ്ടിവന്ന നടപടി പൊലീസിനു നാണക്കേടാണെന്ന ആരോപണം ഉന്നയിച്ചു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അടക്കമുള്ളവർ രംഗത്തെത്തിയിരുന്നു. ഇതിനിടെയാണ് പ്രതികളെ കോടതിയിൽ ഹാജരാക്കാൻ ഉത്തരവുണ്ടായെന്ന വാർത്തകൾ വന്നത്. ഇത് പൊലീസിന് കനത്ത തിരിച്ചടിയാണെന്നും വിലയിരുത്തപ്പെട്ടു. എന്നാൽ പ്രതികളെ അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരാക്കാനാണു നിർദ്ദേശമെന്നു നിമിഷങ്ങൾക്കകം വ്യക്തമാകുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP