Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കൊല്ലത്ത് കോടതിവളപ്പിൽ പൊട്ടിത്തെറിച്ചത് അൽ ഉമ്മയുടെ ടെസ്റ്റ് ബോംബ്? നിരോധിത ഭീകരസംഘടനയാണ് സിവിൽസ്‌റ്റേഷൻ സ്‌ഫോടനത്തിനു പിന്നിലെന്ന് കണ്ടെത്തി; നിർണായക തെളിവായത് ആന്ധ്രയിൽനിന്ന് സ്‌ഫോടനത്തിനെത്തിച്ച ബാറ്ററികൾ

കൊല്ലത്ത് കോടതിവളപ്പിൽ പൊട്ടിത്തെറിച്ചത് അൽ ഉമ്മയുടെ ടെസ്റ്റ് ബോംബ്? നിരോധിത ഭീകരസംഘടനയാണ് സിവിൽസ്‌റ്റേഷൻ സ്‌ഫോടനത്തിനു പിന്നിലെന്ന് കണ്ടെത്തി; നിർണായക തെളിവായത് ആന്ധ്രയിൽനിന്ന് സ്‌ഫോടനത്തിനെത്തിച്ച ബാറ്ററികൾ

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: കൊല്ലം കളക്ടറേറ്റ് വളപ്പിൽ കഴിഞ്ഞമാസമുണ്ടായ സ്‌ഫോടനത്തിനു പിന്നിൽ നിരോധിത തീവ്രവാദ സംഘടനയായ അൽ ഉമ്മ. 1998 ലുണ്ടായ കോയമ്പത്തൂർ സ്‌ഫോടനപരമ്പരയെത്തുടർന്നു നിരോധിക്കപ്പെട്ട അൽഉമ്മ ഇപ്പോൾ ദ ബേസ് മൂവ്‌മെന്റ് എന്ന പേരിലാണു പ്രവർത്തിക്കുന്നത്. ജൂൺ 15നായിരുന്നു സിവിൽസ്‌റ്റേഷനിൽ സ്‌ഫോടനമുണ്ടായത്. സിജെഎം കോടതിക്കു സമീപമുണ്ടായ സ്‌ഫോടനത്തെക്കുറിച്ചുള്ള അന്വേഷണത്തിന് തുമ്പായത് സ്‌ഫോടനത്തിനുപയോഗിച്ച ബാറ്ററികളാണ്. ഇവ ആന്ധ്രയിൽ നിന്ന് വാങ്ങിയതാണെന്ന് സ്ഥിരീകരിക്കാനായത് അന്വേഷണത്തിൽ വഴിത്തിരിവായി.

സ്‌ഫോടനത്തിന്റെ മുഖ്യസൂത്രധാരൻ അൽഉമ്മ തലവനാണെന്നും പ്രത്യേക അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. ആന്ധ്രപേദേശിലെ ചിറ്റൂർ കോടതിവളപ്പിൽ നടന്ന സ്‌ഫോടനത്തിനുപയോഗിച്ച അതേ സീരീസിലുള്ള ബാറ്ററികളാണ് കൊല്ലം കലക്ടറേറ്റിൽ സ്‌ഫോടനത്തിനുപയോഗിച്ച ബോംബിലും ഘടിപ്പിച്ചിരുന്നത്. ഈ ബാറ്ററികൾ ആന്ധ്രയിൽനിന്നു വാങ്ങിയതാണെന്നും പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ആന്ധ്രയിൽ അന്വേഷണം നടത്തിയ കേരള പൊലീസ് പ്രത്യേക അന്വേഷണ സംഘം ഇക്കാര്യങ്ങൾ ആന്ധ്രപ്രദേശ് പൊലീസിന്റെ ഭീകരവിരുദ്ധ സ്‌ക്വാഡിനു കൈമാറിയിട്ടുണ്ട്.

1993 ൽ തമിഴ്‌നാട്ടിലാണു അൽഉമ്മ സംഘടന രൂപീകൃതമായത്. സയദ് അഹമ്മദ് ബാഷയായിരുന്നു സ്ഥാപകൻ. ദക്ഷിണേന്ത്യ ആസ്ഥാനമാക്കിയാണു സംഘടനയുടെ പ്രവർത്തനം. ഇടക്കാലത്ത് നിർജീവമായിരുന്ന അൽ ഉമ്മ സാന്നിധ്യമറിയിക്കലിന്റെ ഭാഗമായി നടത്തിയ സ്‌ഫോടനങ്ങളാണ് ചിറ്റൂരിലും കൊല്ലത്തും കോടതിവളപ്പിൽ ഉണ്ടായതെന്നാണ് പൊലീസ് നിഗമനം. ഇവർ ഇപ്പോൾ പ്രവർത്തനങ്ങൾ സജീവമാക്കുന്നതായും സംശയമുണർന്നിട്ടുണ്ട്്. മാരക പ്രഹരശേഷിയില്ലാത്ത സ്‌ഫോടനമാണ് ആന്ധ്രയിലും കൊല്ലത്തും നടന്നതെന്നതിനാൽ ഇത് അൽ-ഉമ്മയുടെ പരീക്ഷണ സ്‌ഫോടനങ്ങളായിരുന്നോ എന്നും അന്വേഷക സംഘം സംശയിക്കുന്നു. രാജ്യത്തെ നിയമവ്യവസ്ഥയോടുള്ള പ്രതിഷേധ സൂചകമായി കോടതിവളപ്പുകളിൽ സ്‌ഫോടനം നടത്തുകയായിരുന്നോ എന്നും അന്വേഷിക്കുന്നു.

കഴിഞ്ഞ മാസം 15ാം തീയതി കൊല്ലം കലക്ടറേറ്റിനുള്ളിലെ സിജെഎം കോടതി വളപ്പിൽ രാവിലെ കോടതി തുടങ്ങുന്നതിനു തൊട്ടുമുൻപായിരുന്നു സ്‌ഫോടനം. കോടതിവളപ്പിനു സമീപത്തെ മരത്തിനു സമീപത്തായി നിർത്തിയിട്ടിരുന്ന ലേബർ ഡിപ്പാർട്‌മെന്റിന്റെ ജീപ്പിലാണ് പൊട്ടിത്തെറി ഉണ്ടായത്. ബോംബിൽ ഘടിപ്പിച്ച ബാറ്ററികൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണമാണ് ആന്ധ്ര ബന്ധം വ്യക്തമാക്കിയത്. സ്‌ഫോടനത്തിൽ കോടതി ആവശ്യത്തിന് എത്തിയ നീരൊഴുക്കിൽ സാബുവിനു പരുക്കേറ്റിരുന്നു. രാവിലെ കോടതി തുടങ്ങുന്നതിനു മുമ്പായിരുന്നു സ്‌ഫോടനം. ആട് ആന്റണി പ്രതിയായ മണിയൻപിള്ള കൊലപാതകക്കേസ് വിചാരണ നടക്കുന്ന കോടതിയിലാണു സ്‌ഫോടനമുണ്ടായത്. ഈ കേസുമായി ബന്ധമുണ്ടോ എന്നായിരുന്നു പൊലിസിന്റെ ആദ്യ അന്വേഷണം.

പിന്നീട്, മാവോയിസ്റ്റുകളെയും ഡിഎച്ച്ആർഎം പ്രവർത്തകരെയും കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. ഇതിലും തുമ്പു കിട്ടിയില്ല. കൊല്ലം, തിരുവനന്തപുരം ജില്ലയിൽ ഭീതി വിതയ്ക്കുന്ന തരത്തിൽ ഡിഎച്ച്ആർഎം പ്രവർത്തിച്ചിട്ടുണ്ടെന്നതായിരുന്നു ഈ വിധം അന്വേഷണം നടത്താൻ പൊലീസിനെ പ്രേരിപ്പിച്ചത്. ഡിഎച്ച്ആർഎം പ്രവർത്തകർ നേരത്തേ കോടതിയിലേക്കു തീപ്പന്തം എറിഞ്ഞ കേസുള്ളതും ഈ സംശയത്തിനു ബലം കൂട്ടി. എന്നാൽ, വിശദമായ അന്വേഷണത്തിൽ കൊല്ലം കളക്ടറേറ്റ് സ്‌ഫോടനത്തിൽ ഡിഎച്ച്ആർഎമ്മിനു പങ്കില്ലെന്നു വ്യക്തമായി.

സംശയിച്ച സംഘടനകൾക്കു ബന്ധമില്ലെന്നു കണ്ടെത്തിയ സാഹചര്യത്തിലാണ് അന്വേഷണം തീവ്രവാദ പ്രസ്ഥാനങ്ങളിലേക്കു നീണ്ടത്. ആന്ധ്രയിൽനിന്നു കൊണ്ടുവന്നതാണ് ഈ ബാറ്ററികളെന്നു വ്യക്തമായതോടെ ചിത്തൂർ സ്‌ഫോടനത്തിന്റെ വിശദാംശങ്ങൾ പരിശോധിച്ചു. ഇരു സ്‌ഫോടനങ്ങൾക്കും സമാനതയുണ്ടെന്നു കണ്ടെത്തിയതോടെയാണ് അൽഉമ്മയിലേക്ക് അന്വേഷണം നീണ്ടത്. സ്‌ഫോടനത്തിൽ യുഎപിഎ ചുമത്തി കേസെടുത്തിരുന്നു. കേസ് ദേശീയ അന്വേഷണ ഏജൻസിക്കു കൈമാറാനാണ് യുഎപിഎ ചുമത്തിയത്. ബംഗളുരു സ്‌ഫോടനക്കേസിലെ പ്രതിയായ തടിയന്റവിട നസീറുമായി ബന്ധമുള്ള ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP