Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വാഹനം വിറ്റാലുടൻ ആർസി ബുക്കിലെ പേരും മാറ്റിയെന്ന് ഉറപ്പുവരുത്തണം; രജിസ്ട്രേഷൻ സർട്ടിഫിക്കറ്റും ഫോം 29ഉം ഫോം 30ഉം കൈമാറിയതു കൊണ്ട് മാത്രം കാര്യമില്ല; അപകടമുണ്ടാക്കിയാൽ വാഹനത്തിന്റെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിൽ പറയുന്ന ഉടമയ്ക്കും ബാധ്യതയുണ്ടെന്ന നിർണ്ണായക ഉത്തരവുമായി സുപ്രീംകോടതി

വാഹനം വിറ്റാലുടൻ ആർസി ബുക്കിലെ പേരും മാറ്റിയെന്ന് ഉറപ്പുവരുത്തണം; രജിസ്ട്രേഷൻ സർട്ടിഫിക്കറ്റും ഫോം 29ഉം ഫോം 30ഉം കൈമാറിയതു കൊണ്ട് മാത്രം കാര്യമില്ല; അപകടമുണ്ടാക്കിയാൽ വാഹനത്തിന്റെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിൽ പറയുന്ന ഉടമയ്ക്കും ബാധ്യതയുണ്ടെന്ന നിർണ്ണായക ഉത്തരവുമായി സുപ്രീംകോടതി

ന്യൂഡൽഹി: വിറ്റ വാഹനം അപകടത്തിൽപ്പെട്ടാലും ആർ.സി. ബുക്കിലെ പേരുകാരന് ബാധ്യതകളുണ്ടെന്ന് സുപ്രീംകോടതിയുടെ നിർണ്ണായക ഉത്തരവ്. വാഹനം വിറ്റാൽ അത് വാങ്ങിയ ആളിന്റെ പേരിലേക്ക് എത്രയും വേഗം ആക്കണമെന്നാണ് ഈ സുപ്രീംകോടതി വിധി വ്യക്തമാക്കുന്നത്. അല്ലെങ്കിൽ ആർ സി ബുക്കിൽ പേരുള്ള ആൾക്കും അതിന്റെ ഉത്തരവാദിത്തമുണ്ടാകും.

അപകടമുണ്ടാക്കിയ വാഹനത്തിന്റെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിൽ പറയുന്ന ഉടമയ്ക്ക് ബാധ്യതയിൽനിന്ന് ഒഴിയാനാവില്ലെന്നാണ് സുപ്രീംകോടതിയുടെ ഏറെ പ്രാധാന്യമുള്ള വിധി. അപകടമുണ്ടാക്കിയ വാഹനം വർഷങ്ങൾക്കുമുൻപ് താൻ വിറ്റതാണെന്ന ഉടമയുടെ വാദം തള്ളിയാണ് സുപ്രീംകോടതി ഉത്തരവിട്ടത്. രജിസ്ട്രേഷൻ അഥോറിറ്റിയിൽ പഴയ ഉടമയുടെ പേരുതന്നെയാണ് ഉള്ളതെന്ന് കോടതി ചൂണ്ടിക്കാട്ടി. അതുകൊണ്ട് തന്നെ നഷ്ടപരിഹാരം നൽകാനുള്ള ബാധ്യത ഇയാൾക്കുമുണ്ട്.

അപകടമുണ്ടാക്കിയ വാഹനത്തിന് ഇൻഷുറൻസ് ഉണ്ടായിരുന്നില്ല. ഈ കേസിൽ രജിസ്റ്റർപ്രകാരമുള്ള ഉടമയ്ക്കും ഡ്രൈവർക്കൊപ്പംതന്നെ ബാധ്യതയുണ്ടെന്നാണ് മോട്ടോർ വാഹനാപകട നഷ്ടപരിഹാര ട്രിബ്യൂണൽ വിധിച്ചത്. ഈ വിധി ഹൈക്കോടതി റദ്ദാക്കി. ഇതോടെയാണ് വിഷയം സുപ്രീംകോടതിയിൽ എത്തിയത്. വാഹനത്തിന്റെ ഉടമസ്ഥാവകാശം കൈമാറിയതിനു തെളിവുണ്ടായിരിക്കേ പഴയ ഉടമയ്ക്കെതിരേ ഉത്തരവിറക്കാൻ ട്രിബ്യൂണലിന് അധികാരമില്ലെന്ന് ഹൈക്കോടതി പറഞ്ഞു. ഇതിനെതിരേ അവസാനത്തെ ഉടമയാണ് സുപ്രീംകോടതിയെ സമീപിച്ചത്.

2009-ലാണ് അപകടമുണ്ടായത്. രാകേഷ് ഓടിച്ച വാഹനം കാൽനടക്കാരായ ജയ് ദേവി, നിതിൻ എന്നിവരെ ഇടിച്ചു. നിതിൻ സംഭവസ്ഥലത്തു മരിച്ചു. ജയ് ദേവിക്ക് പരിക്കേറ്റു. അപകടമുണ്ടാക്കിയ ഡൽഹി രജിസ്ട്രേഷനിലുള്ള കാറിന്റെ ഉടമ, രേഖകൾപ്രകാരം വിജയ് കുമാറാണ്. എന്നാൽ രണ്ടുവർഷം മുൻപ്, 2007-ൽ താൻ വാഹനം വിറ്റതാണെന്നാണ് വിജയ് കുമാറിന്റെ വാദം. രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, ഫോം 29, ഫോം 30 എന്നിവയും കൈമാറിയെന്ന് വിജയ് കുമാർ പറയുന്നു. വീണ്ടും രണ്ടുതവണ കൈമറിഞ്ഞാണ് ഒടുവിൽ പരാതിക്കാരനായ നവീൻ കുമാറിന്റെ കൈയിലെത്തിയത്.

നിതിന്റെ രക്ഷിതാക്കൾക്ക് 3.75 ലക്ഷം രൂപയും ജയ് ദേവിക്ക് 10,000 രൂപയും നഷ്ടപരിഹാരം നൽകാൻ 2012-ൽ ട്രിബ്യൂണൽ വിധിച്ചു. രേഖകൾ പ്രകാരം ഉടമ വിജയ് കുമാറായതിനാൽ അദ്ദേഹവും ഡ്രൈവറുമാണ് ബാധ്യത ഏറ്റെടുക്കേണ്ടതെന്നും ചൂണ്ടിക്കാട്ടി. ഈ വിധിയാണ് ഹൈക്കോടതി റദ്ദാക്കിയത്. എന്നാൽ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് ട്രിബ്യൂണലിന്റെ കണ്ടെത്തൽ ശരിവെച്ചു. ഇതോടെ വിജയകുമാറും നഷ്ടപരിഹാരം നൽകാൻ ബാധ്യസ്ഥനാവുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP