Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഉമ്മൻ ചാണ്ടിയുടെ വാദം കോടതി അംഗീകരിച്ചു; വിചാരണയില്ലാതെ നടത്തിയ വിധി റദ്ദ് ചെയ്തു; ഇനി അഭിഭാഷകരെ വച്ച് നിയമപോരാട്ടം നടത്തും; ബെംഗളൂരു കേസിൽ മുൻ മുഖ്യമന്ത്രിക്ക് താൽകാലിക ആശ്വാസം

ഉമ്മൻ ചാണ്ടിയുടെ വാദം കോടതി അംഗീകരിച്ചു; വിചാരണയില്ലാതെ നടത്തിയ വിധി റദ്ദ് ചെയ്തു; ഇനി അഭിഭാഷകരെ വച്ച് നിയമപോരാട്ടം നടത്തും; ബെംഗളൂരു കേസിൽ മുൻ മുഖ്യമന്ത്രിക്ക് താൽകാലിക ആശ്വാസം

ബെംഗളൂരു: സോളർ കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് ആശ്വാസം. 1.61 കോടി രൂപ പിഴ നൽകണമെന്ന വിധി ബെംഗളൂരു അഡീഷനൽ സിറ്റി സിവിൽ ആൻഡ് സെഷൻസ് കോടതി റദ്ദാക്കി. വിധി അസ്ഥിരപ്പെടുത്തണമെന്ന ഉമ്മൻ ചാണ്ടിയുടെ ഹർജി അംഗീകരിച്ചു. കേസിൽ ജൂണിൽ വീണ്ടും വാദം കേൾക്കും. വിധി ഏകപക്ഷീയമാണെന്നും കേസ് വീണ്ടും ഫയലിൽ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടാണ് ഉമ്മൻ ചാണ്ടി ഹർജി നൽകിയത്.

സോളർ പദ്ധതിക്കായി 1.35 കോടി രൂപ വാങ്ങി കൊച്ചിയിലെ സ്‌കോസ എജ്യൂക്കേഷനൽ കൺസൽറ്റൻസി വഞ്ചിച്ചെന്നാണു എം.കെ.കുരുവിളയുടെ ആരോപണം. ആറു പ്രതികളുള്ള കേസിൽ അഞ്ചാം പ്രതിയാണ് ഉമ്മൻ ചാണ്ടി. ആറു പ്രതികളും ചേർന്നു കുരുവിളയ്ക്ക് 1.61 കോടി രൂപ തിരിച്ചുനൽകണമെന്ന് 2016 ഒക്ടോബർ 24നാണ് കോടതി വിധിച്ചത്. ഒടുവിൽ തന്റെ ഭാഗം കേൾക്കാതെയാണ് വിധിപറഞ്ഞതെന്ന ഉമ്മൻ ചാണ്ടിയുടെ വാദം കോടതി അംഗീകരിച്ചു. കേസിൽ വീണ്ടും വാദംകേൾക്കണമെന്ന ആവശ്യവും കോടതി അംഗീകരിച്ചു.

നേരത്തേ വാദം നടന്ന കാലയളവിൽ ഹാജരാകാൻ കഴിയാഞ്ഞതിന് ഉമ്മൻ ചാണ്ടി ബോധിപ്പിച്ച കാരണങ്ങൾ കോടതി അംഗീകരിച്ചു. കേസുമായി ബന്ധപ്പെട്ട് അഭിഭാഷകനുമായുള്ള ആശയവിനിമയത്തിൽ പ്രശ്നമുണ്ടായെന്നും കേരളത്തിൽ തിരഞ്ഞെടുപ്പുതിരക്കിലായിരുന്നെന്നുമാണ് ഉമ്മൻ ചാണ്ടി ബോധിപ്പിച്ചത്. ഉമ്മൻ ചാണ്ടിക്ക് തെളിവുകൾ ഹാജരാക്കാനും വാദം നടത്താനും കഴിഞ്ഞില്ലെന്നും ഇതിനുള്ള അവസരം വീണ്ടും നൽകുകയാണെന്നും കോടതി വ്യക്തമാക്കി. കേസിലെ തുടർവാദത്തിൽ എം.കെ. കുരുവിളയ്ക്ക് വീണ്ടും തെളിവുകൾ ഹാജരാക്കാൻ അവസരം ലഭിച്ചേക്കില്ല. ആദ്യവാദത്തിൽ തെളിവുകൾ നൽകുന്നതിന് അവസരം ലഭിച്ചതിനാലാണിത്.

പലതവണ നോട്ടിസ് അയച്ചിട്ടും ഉമ്മൻ ചാണ്ടി മനഃപൂർവം ഹാജരായില്ലെന്നു കുരുവിള ആരോപിച്ചിരുന്നു. ഇതേ കോടതിയുടെ വിധിയിൽ നിന്ന് ഉമ്മൻ ചാണ്ടിയെ മാത്രമേ ഒഴിവാക്കിയിട്ടുള്ളൂ. മറ്റു പ്രതികളായ സ്‌കോസ എജ്യുക്കേഷനൽ കൺസൽറ്റൻസി, എംഡി ബിനു നായർ, ഡയറക്ടർമാരായ ആൻഡ്രൂസ്, ദിൽജിത്, സ്‌കോസ കൺസൽറ്റന്റ്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവർക്കു വിധി ബാധകമാണ്. ഇതിൽ ആൻഡ്രൂസ് ഉമ്മൻ ചാണ്ടിയുടെ ബന്ധുവാണെന്നാണു കുരുവിള ആരോപിക്കുന്നത്. ഉമ്മൻ ചാണ്ടിക്കു വേണ്ടി അഡ്വ.ജോസഫ് ആന്റണിയും കുരുവിളയ്ക്കു വേണ്ടി അഡ്വ.ബാബുവും ഹാജരായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP