Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

വഴിയരികിൽ ഉറങ്ങിക്കിടന്നയാളെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ കോടതി അഞ്ച് വർഷം ശിക്ഷിച്ച സൽമാൻ ഖാന് തൽക്കാലം ജയിലിൽ പോകേണ്ട; ജാമ്യാപേക്ഷ പരിഗണിച്ച ഹൈക്കോടതി ബോളിവുഡ് താരത്തിന് രണ്ട് ദിവസത്തേക്ക് ജാമ്യം അനുവദിച്ചു; താരത്തിനായി കോടതിയുടെ അതിവേഗ ഇടപെടൽ

വഴിയരികിൽ ഉറങ്ങിക്കിടന്നയാളെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ കോടതി അഞ്ച് വർഷം ശിക്ഷിച്ച സൽമാൻ ഖാന് തൽക്കാലം ജയിലിൽ പോകേണ്ട; ജാമ്യാപേക്ഷ പരിഗണിച്ച ഹൈക്കോടതി ബോളിവുഡ് താരത്തിന് രണ്ട് ദിവസത്തേക്ക് ജാമ്യം അനുവദിച്ചു; താരത്തിനായി കോടതിയുടെ അതിവേഗ ഇടപെടൽ

മുംബൈ: 2002ൽ മുംബൈയിൽ വഴിയരികിൽ ഉറങ്ങികിടന്നയാളെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ ബോളിവുഡ് സൂപ്പർതാരം സൽമാൻഖാന് അഞ്ച് വർഷത്തെ തടവ് ശിക്ഷ. മുംബൈ സെഷൻസ് കോടതി ജഡ്ജി ഡി.വി ദേശ്പാണ്ഡെയാണ് സൽമാനുള്ള ശിക്ഷ വിധിച്ചത്. നേരത്തെ സൽമാൻ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. സൽമാനെതിരെ പ്രോസിക്യൂഷന് ചുമത്തിയ കുറ്റങ്ങളെല്ലാം ശരിയാണെന്ന് തെളിഞ്ഞതായി കോടതി വ്യക്തമാക്കി. അപകടമുണ്ടായ വേളയിൽ വാഹനം ഓടിച്ചത് സൽമാൻ തന്നെയാണെന്നും മദ്യപിച്ചാണ് വാഹനം ഓടിച്ചതെന്നും തെളിഞ്ഞിട്ടുണ്ട്. എന്നാൽ അദ്ദേഹത്തിന്റെ അഭിഭാഷകരുടെ കൂടി വാദം പരിഗണിച്ചാണ് സൽമാനെ ശിക്ഷിച്ചത്. അതേസമയം വിധി വന്ന് മണിക്കൂറുകൾക്കകം മുംബൈ ഹെക്കോടതി സൽമാന് രണ്ട് ദിവസത്തെ ഇടക്കാല ജാമ്യം അനുവദിച്ചു.

അഞ്ച് വർഷം തടവുശിക്ഷ വിധിച്ചതോടെ സൽമാൻ ജയിലിൽ പോകേണ്ട ഘട്ടത്തിലായിരുന്നു കാര്യങ്ങൾ. ഇതോടെ ബന്ധുക്കളും അദ്ദേഹത്തിന്റെ അഭിഭാഷകരും ഉടനടി കാര്യങ്ങൾ നീക്കി. കീഴ്‌കോടതി വിധിക്കെതിരെ മുംബൈ ഹൈക്കോടതിയിൽ അപ്പീൽ നൽകുകയാണ് ഉണ്ടായത്. വിധി വന്ന് മൂന്ന് മണിയോടെ ഹൈക്കോടതിയിൽ അപ്പീൽ നൽകി. സൽമാന് വേണ്ടി മുതിർന്ന അഭിഭാഷകർ ഹരീഷ് സാൽവ തന്നെ കോടതിയിൽ ഹാജരായി. മുംബയ് സെഷൻസ് കോടതിയുടെ വിധി പകർപ്പ് പൂർണമായും ലഭിച്ചില്ലെങ്കിലും ശിക്ഷ വിധിച്ചതിന്റെ ഭാഗങ്ങൾ മാത്രമാണ് കോടതിയിൽ ഹാജരാക്കിയത്. തുടർന്നാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. വെള്ളിയാഴ്ച കേസ് വീണ്ടും പരിഗണിക്കും. അഞ്ച് വർഷത്തെ ശിക്ഷ ഇളവു ചെയ്യണമെന്ന ആവശ്യമാകും വെള്ളിയാഴ്‌ച്ച സൽമാന്റെ അഭിഭാഷകർ ഉന്നയിക്കുക. രണ്ട് ദിവസത്തെ ജാമ്യം ലഭിച്ചത് സൽമാനും കടുംബത്തിനും ആശ്വാസമായിട്ടുണ്ട്.

നേരത്തെ മുംബൈ സെഷൻസ് കോടതി സൽമാനെതിരായ പ്രോസിക്യൂഷൻ ആരോപിച്ച എല്ലാകുറ്റങ്ങളും ശരിയാണെന്ന് തെളിഞ്ഞിരുന്നു. പ്രോസിക്യൂഷൻ ആരോപിച്ച കേസുകളെല്ലാം തെളിഞ്ഞതിനാൽ സൽമാന് പത്ത് വർഷത്തെ ശിക്ഷ ലഭിക്കേണ്ടതാണ്. എന്നാൽ, വിധിക്കുമുമ്പ് സൽമാന്റെ സാമൂഹ്യ സേവനം കൂടി പരിഗണിക്കണമെന്ന് സൽമാന്റെ അഭിഭാഷകർ വാദിച്ചത്. ഇതു കൂടി പരിഗണിച്ചാണ് ശിക്ഷ അഞ്ച് വർഷമായി നിജപ്പെടുത്തിയത്. മനപ്പൂർവ്വമല്ലാത്ത നരഹത്യക്കുള്ള ശിക്ഷയാണ് സൽമാൻ ഖാന് ലഭിച്ചത്. സെക്ഷൻ 304 (2) വകുപ്പ്, 279ാം വകുപ്പ്, 337, 338 വകുപ്പുകൾ പ്രകാരമാണ് ശിക്ഷ. സൽമാനെതിരെ ചുമത്തിയ എട്ടുകുറ്റങ്ങളും തെളിഞ്ഞിരുന്നു.

ഇന്ന് രാവിലെ 11 മണിയോടെയാണ് സൽമാൻ കോടതിയിൽ എത്തിയത്. തുടർന്ന് വിധിപ്രസ്താവം ആരംഭിക്കുകയും ചെയ്തു. വിധി പറയും മുമ്പ് സൽമാൻ പ്രതീക്ഷയിലായിരുന്നു. എന്നാൽ, മദ്യപിച്ച് വാഹനം ഓടിച്ചത് അടക്കമുള്ള കുറ്റങ്ങൾ എല്ലാം തെളിയിക്കപ്പെട്ടതായി ജഡ്ജി ഡി.വി.ദേശ്പാണ്ഡെ പ്രഖ്യാപിച്ചതോടെ സൽമാന്റെ മുഖം മ്ലാളനമായി. വിധി പ്രസ്താവിക്കും മുമ്പ് എന്തെങ്കിലും പറയാനുണ്ടോ എന്ന ചോദിച്ചെങ്കിലും അദ്ദേഹം പ്രതികരിച്ചില്ല. തലകുമ്പിട്ടു നിന്നാണ് അദ്ദേഹം കുറ്റക്കാരനാണെന്ന വിധി കേട്ടത്. വിധി പ്രസ്താവിക്കുമ്പോൾ അദ്ദേഹത്തിന്റെ കണ്ണുകൾ നിറഞ്ഞൊഴുകുകയായിരുന്നു.

കുറ്റക്കാരനെന്ന് കണ്ടെത്തിയ വിധിയെ തുടർന്ന് ശിക്ഷയെ കുറിച്ചുള്ള വാദങ്ങൾ കോടതിയിൽ നടന്നു. ഈ വേളയിലാണ് അപകടത്തൽ മരിച്ചവരുടെ ബന്ധുക്കൾക്കും പരിക്കേറ്റവർക്കും നഷ്ടപരിഹാരം നൽകാൻ തയ്യാറാണെന്നും കുറഞ്ഞ ശിക്ഷ നൽകണമെന്നും അഭിഭാഷകർ വാദിച്ചത്. അനാഥർക്ക് അടക്കം സൽമാൻ ചെയ്ത സഹായങ്ങളും അഭിഭാഷകർ ചൂണ്ടിക്കാട്ടി ഇത് കൂടി പരിണഗിച്ചാണ് ഉച്ചക്ക് 1.20തോടെ ജഡ്ജി വിധി പ്രസ്താവം നടത്തിയത്. പ്രതിക്കൂട്ടിൽ നിന്ന് അഞ്ച് വർഷം തടവിന് ശിക്ഷിക്കുന്നു എന്ന വിധികേട്ട് സൽമാന് മോഹാലസ്യപ്പെട്ടു വീണു.

വിധി പ്രസ്താവനത്തിനിടെ ഡൽഹിയിലെ അലിസ്റ്റർ പെരേര കേസും നിഖിൽ നന്ദയുടെ ബി.എം.ഡബ്‌ളിയു കേസും കോടതി പരാമർശിച്ചു. ഇന്ത്യൻ ശിക്ഷാനിയമത്തിലെ താരതമ്യേന കുറഞ്ഞ കുറ്റമായ അശ്രദ്ധ മൂലമുള്ള മരണം എന്ന വകുപ്പാണ് നേരത്തേ സൽമാനെതിരെ ചുമത്തിയിരുന്നത്. എന്നാൽ, 17 ദൃക്‌സാക്ഷികളെ വിചാരണ ചെയ്തശേഷം മെട്രോപൊളിറ്റൻ മജിസ്‌ട്രേട്ട് തന്നെ കൂടുതൽ ശക്തമായ വകുപ്പായ മനഃപൂർവമല്ലാത്ത നരഹത്യയെന്ന കുറ്റം ചുമത്തിയ ശേഷം കേസ് സെഷൻസ് കോടതിക്ക് കൈമാറുകയായിരുന്നു.

സൽമാന് അഞ്ച് വർഷത്തെ തടവുശിക്ഷ വിധിച്ചത് ബോളിവുഡിനെ കടുത്ത പ്രതിസന്ധിയിൽ ആക്കിയിട്ടുണ്ട്. കോടാനുകോടികൾ ബോളിവുഡ് സിിനമാ ലോകത്തിന് നഷ്ടമുണ്ടാകുമെന്ന കാര്യം ഉറപ്പാണ്. അതുകൊണ്ട് സൽമാനെ കുറ്റക്കാരനാണെന്ന് വിധിച്ചതോടെ മുന്നിൽകണ്ട് സിനിമ ഒരുക്കാൻ തയ്യാറെടുപ്പുകൾ നടത്തുന്നവരൊക്കെ ആശങ്കയിലായി.

സൽമാൻ ഖാൻ മദ്യപിച്ച് ഓടിച്ച എസ്.യു.വി ഇടിച്ച് ഒരാൾ മരിക്കുകയും നാലു പേർക്ക് പരിക്കേൽക്കുകയും ചെയ്തുവെന്നാണ് കേസ്. 2002 സെപ്റ്റംബർ 28 നായിരുന്നു സംഭവം. 13 വർഷത്തിന് സേഷമാണ് വിധി പ്രസ്താവം ഉണ്ടായിരിക്കുന്നത്. അപകടകരമായ ഡ്രൈവിങ്, കുറ്റകരമായ നരഹത്യ തുടങ്ങിയ കേസുകൾ ആണ് സൽമാനെതിരെ എടുത്തത്. കേസിൽ ഇതുവരെയായി 27 സാക്ഷികളെ വിസ്തരിച്ചു. സാക്ഷി മൊഴികളാണ് താരത്തിന് ശിക്ഷ വിധിക്കാൻ ഇടയാക്കിത്. അപകടം നടന്ന സ്ഥലത്തിനടുത്തെ ഹോട്ടലിൽ സെക്യൂരിറ്റി ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന സച്ചിൻ കദം എന്നയാൾ നൽകിയ മൊഴിയനുസരിച്ച് സൽമാൻ ഖാനെ അവിടെ കണ്ടതായി പറയുന്നു. ഈ മൊഴിയിൽ തന്നെ അദ്ദേഹം ഉറച്ചു നിന്നു.

അതിവേഗതയിൽ വന്ന കാർ ആണ് അപകടം വരുത്തിയതെന്നും ഡ്രൈവറുടെ സീറ്റിൽ നിന്ന് സൽമാൻ ഖാൻ പുറത്തേക്ക് ഇറങ്ങുന്നതായി കണ്ടുവെന്നും മറ്റൊരു സാക്ഷിയും മൊഴി നൽകിയിരുന്നു. സൽമാൻ നല്ലപോലെ മദ്യപിച്ചിരുന്നതായും വേറൊരു സാക്ഷി മൊഴിയുണ്ട്. അപകടത്തിൽ പെട്ടവരെ രക്ഷിക്കാൻ തുനിയാതെ സൽമാൻ കാറിൽ നിന്ന് ഇറങ്ങി ഓടിയതായും സാക്ഷി മൊഴിയിൽ ഉണ്ട്. സൽമാന്റെ രക്ത പരിശോധന നടത്തിയതിൽ 0.062 ശതമാനം ആൽക്കഹോളിന്റെ അംശം കണ്ടത്തെിയതായി മെഡിക്കൽ റിപ്പോർട്ട് പറയുന്നു. ഇത് അനുവദനീയമായതിലും ഇരട്ടിയിലായതെന്നും സൽമാന് തിരിച്ചടിയായി.

അപകടസമയത്ത് കൂടെയുണ്ടായിരുന്ന സുരക്ഷാ ജീവനക്കാരനായ പൊലീസ് കോൺസ്റ്റബിൾ രവീന്ദ്ര പാട്ടീലടക്കമുള്ളവർ മൊഴി നൽകിയിരുന്നു. എന്നാൽ ഈ പൊലീസുകാരൻ 2007ൽ മരണമടഞ്ഞു. ഏപ്രിൽ 20ന് കോടതിയിൽ പ്രതിഭാഗം സാക്ഷിയായി എത്തിയ ്രൈഡവർ അശോക് സിങ് മറിച്ചു മൊഴി നൽകി. താനാണ് കാർ ഓടിച്ചിരുന്നതെന്ന് അശോക് സിങ് കോടതിയിൽ പറഞ്ഞിരുന്നു. കേസ് വാദം നടന്ന 13 വർഷത്തിനു ശേഷം ആദ്യമായാണ് ഇങ്ങനെയൊരു മലക്കം മറിച്ചിൽനടത്തിയത്. മദ്യം കഴിച്ചിരുന്നില്ലെന്നും ഹോട്ടലിൽനിന്നും വെള്ളം മാത്രമാണ് കുടിച്ചതെന്നും സൽമാനും മൊഴി നൽകി. വാഹനത്തിന്റെ ടയർ ഊരിപ്പോയതാണ് അപകടകാരണമെന്നായിരുന്നു പ്രതിഭാഗം അഭിഭാഷകന്റെ വാദം. ഇത്തരം വാദങ്ങളെയെല്ലാം തള്ളിയാണ് കോടതി സൽമാൻ ഖാൻ കുറ്റക്കാരനെന്ന് വിധിച്ചത്.

വിധി പ്രസ്താവിക്കുന്ന വേളയിൽ അഭിഭാഷകർ, മാദ്ധ്യമപ്രവർത്തകർ, കോടതി ജീവനക്കാർ എന്നിവർക്കു മാത്രമേ കോടതി പരിസരത്തു പ്രവേശിക്കാൻ അനുവദിച്ചിരുന്നുള്ളൂ. സൽമാന്റെ സഹോദരനും ബന്ധുക്കളും വിധിപ്രസ്താവം കേൾക്കാൻ കോടതിയിൽ എത്തിയിരുന്നു. വിധി പുറത്തുവന്നതോടെ ബോളിവുഡ് താരങ്ങളും ദുഃഖം രേഖപ്പെടുത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP