Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ലൈംഗികമായി പീഡിപ്പിച്ചെന്ന് സരിത പറഞ്ഞതായി മജിസ്‌ട്രേറ്റിന്റെ മൊഴി; പീഡിപ്പിച്ചവരുടെ പേരുകൾ ശ്രദ്ധിച്ചില്ല; പരാതിയുണ്ടെങ്കിൽ എഴുതിത്തരാനാണ് ആവശ്യപ്പെട്ടതെന്നും എറണാകുളം മുൻ അഡിഷണൽ സിജെഎം

ലൈംഗികമായി പീഡിപ്പിച്ചെന്ന് സരിത പറഞ്ഞതായി മജിസ്‌ട്രേറ്റിന്റെ മൊഴി; പീഡിപ്പിച്ചവരുടെ പേരുകൾ ശ്രദ്ധിച്ചില്ല; പരാതിയുണ്ടെങ്കിൽ എഴുതിത്തരാനാണ് ആവശ്യപ്പെട്ടതെന്നും എറണാകുളം മുൻ അഡിഷണൽ സിജെഎം

കൊച്ചി: ലൈംഗികമായി പീഡിപ്പിച്ചെന്ന് സരിത പറഞ്ഞതായി മജിസ്‌ട്രേറ്റിന്റെ മൊഴി. സോളാർ കമ്മിഷനു മുന്നിലാണ് എറണാകുളം അഡിഷണൽ സിജെഎം ആയിരുന്ന എൻ വി രാജു ഇക്കാര്യം മൊഴി നൽകിയത്.

അതിനിടെ, ജില്ലാ ജഡ്ജിയായി സ്ഥാനക്കയറ്റം ലഭിക്കാനുള്ള പട്ടികയിൽ നിന്ന് എൻ വി രാജുവിനെ ഒഴിവാക്കി. ഹൈക്കോടതിയാണ് ഇക്കാര്യത്തിൽ തീരുമാനമെടുത്തത്. സോളാർകേസിൽ ഹൈക്കോടതി അഡ്‌മിനിസ്‌ട്രേറ്റീവ് കമ്മിറ്റി കുറ്റപത്രം നൽകിയ സാഹചര്യത്തിലാണ് നടപടി. നിലവിൽ കാസർഗോഡ് ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റാണ് രാജു.

സരിത ബലാത്സംഗത്തിന് ഇരയായെന്നു പറഞ്ഞതായി സോളാർ കമ്മിഷനു മുന്നിൽ വെള്ളിയാഴ്ച എൻ വി രാജു പറഞ്ഞിരുന്നു. ബലാത്സംഗം ചെയ്‌തെന്നു പരാതിയുണ്ടെങ്കിൽ എഴുതിത്ത്തരാനാണ് താൻ പറഞ്ഞത്. പീഡിപ്പിച്ചവരുടെ പേര് പറഞ്ഞത് താൻ ശ്രദ്ധിച്ചില്ല. പരാതിയുടെ സ്വഭാവവും രീതിയും നോക്കിയാണ് മൊഴി രേഖപ്പെടുത്താറുള്ളതെന്നും മജിസ്‌ട്രേറ്റ് പറഞ്ഞു.

ആരെങ്കിലും ബലാത്സംഗം ചെയ്‌തോ എന്ന ചോദ്യത്തിന് ഉവ്വ് എന്നാണ് സരിത മറുപടി നൽകിയത്. അഞ്ചോ ആറോ മിനിട്ടാണ് സരിതയുമായി താൻ സംസാരിച്ചത്. പലരും ലൈംഗികമായി ഉപയോഗിച്ചു എന്ന് സരിത പറഞ്ഞു. എന്നാൽ അവരുടെ പേരുകളൊന്നും തന്നെ തനിക്ക് ഓർമയില്ല. സോളാർ കേസുമായി ബന്ധപ്പെട്ട് നേരിട്ട ബന്ധമില്ലാത്തതിനാലാണ് പരാതി താൻ രേഖപ്പെടുത്താതിരുന്നത്. സാഹചര്യവും സ്വഭാവും അനുസരിച്ചാണ് പലപ്പോഴും പരാതി രേഖപ്പെടുത്തുന്നത്. ബലാത്സംഗം ചെയ്യപ്പെട്ടു എന്ന് സരിത പറഞ്ഞതു കൊണ്ടാണ് അവരോട് തന്നെ പരാതി എഴുതി നൽകാൻ ആവശ്യപ്പെട്ടതെന്നും രാജു പറഞ്ഞു.

ഉച്ചക്ക് ശേഷമാണ് എൻ വി രാജുവിന്റെ മൊഴി കമ്മീഷൻ രേഖപ്പെടുത്തിയത്. സരിതയുടെ രഹസ്യമൊഴി രേഖപ്പെടുത്താതിരുന്ന എൻ വി രാജുവിനെതിരെ നേരത്തെ ഹൈക്കോടതി കേസ് രജിസ്റ്റർ ചെയ്തിരുന്നു.

സോളാർ കേസിൽ സരിതയുടെ മൊഴി രേഖപ്പെടുത്താതിരുന്നതിന് കുറ്റാരോപിതനായ മജിസ്‌ട്രേട്ടാണ് എൻ വി രാജു. സാമ്പത്തിക കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്ന എറണാകുളം അഡീഷണൽ സി.ജെ.എം ആയിരിക്കെയാണ് എൻ വി രാജു സരിതയുടെ രഹസ്യ മൊഴി എടുത്തത്. 20 മിനിറ്റോളം സരിത മജിസ്‌ട്രേറ്റിന് മൊഴി നൽകിയെങ്കിലും അത് രേഖപ്പെടുത്തിയിരുന്നില്ല. ഇതിനെതുടർന്ന് ഹൈക്കോടതി വിജിലൻസ് വിഭാഗം എൻ വി രാജുവിനെതിരെ നടപടിക്ക് ശുപാർശ ചെയ്തിരുന്നു. ജസ്റ്റിസ് ജി ശിവരാജൻ അധ്യക്ഷനായ ഏകാംഗ കമ്മീഷനാണ് സോളാർ തട്ടിപ്പ് സംബന്ധിച്ച് അന്വേഷണം നടത്തുന്നത്.

ഹൈക്കോടതി മുഖേനയാണ് കമ്മിഷൻ മജിസ്‌ട്രേട്ടിന് നോട്ടീസ് അയച്ചത്. അടച്ചിട്ട കോടതിമുറിയിൽ സരിത പറഞ്ഞതെന്തെന്നത് സംബന്ധിച്ച് ഏറെ വിവാദങ്ങൾ ഉയർന്ന പശ്ചാത്തലത്തിലാണ് സോളർ അന്വേഷണ കമ്മിഷൻ രാജുവിനെ വിസ്തരിച്ചത്.

സോളാർ കേസിലെ പ്രതി സരിതാ നയാരുടെ കത്ത് പുറത്തുവന്നതിന് പിന്നാലെയാണ് കേസിൽ നിർണായകമായ വെളിപ്പെടുത്തൽ വന്നത്. ജോസ് കെ മാണിയും കോൺഗ്രസ് മന്ത്രിമാരും എംഎൽഎമാരും തന്നെ ലൈംഗികമായി ഉപയോഗിച്ചെന്ന് ആരോപിക്കുന്ന കത്ത് ഏറെ വിവാദമായിരുന്നു. സോളാർ കേസിൽ അറസ്റ്റിലായിരിക്കെ നൽകിയ രഹസ്യമൊഴിയിൽ താൻ പീഡിപ്പിക്കപ്പെട്ടതായി സരിത പറഞ്ഞെന്നാണ് എൻവി രാജു സോളാർ കമ്മീഷന് മുമ്പാകെ സ്ഥിരീകരിച്ചത്. ചില പേരുകളും സരിത പറഞ്ഞെങ്കിലും പരിചിതമല്ലാത്ത പേരായതിനാലും മറ്റുജോലികളിൽ വ്യാപൃതനായതിനാലും ആ പേരുകൾ ഒർക്കുന്നില്ലെന്നുമാണ് രാജുവിന്റെ മൊഴി.

സോളാർ കേസുമായി ബന്ധപ്പെട്ട് രാജുവിനു മുമ്പാകെ സരിത നൽകിയ മൊഴിയിൽ ലൈംഗിക പീഡനം നടന്നതായി പറഞ്ഞിട്ടില്ലെന്ന് കോടതി ജീവനക്കാർ ഇന്നലെ സോളാർ കമ്മീഷന് മൊഴി നൽകിയിരുന്നു. എന്നാൽ മജിസ്‌ട്രേറ്റിന്റെ മൊഴി ഇത് തള്ളുന്നതാണ്. സരിത വീട്ടുകാര്യങ്ങളെ കുറിച്ചാണ് കോടതിയെ അറിയിച്ചതെന്നും വീട്ടുകാരെ ഓർത്ത് ആശങ്കയും ദുഃഖവുമുണ്ടെന്നും ജഡ്ജിക്കു മുമ്പാകെ സരിത പറഞ്ഞഞ്ഞെന്നുമായിരുന്നു ജീവനക്കാരുടെ മൊഴി.

മജിസ്‌ട്രേറ്റിനു മുന്നിൽ സരിത മന്ത്രിമാരുടെ അടക്കം പേരുകൾ പറഞ്ഞെന്നും ലൈംഗിക പീഡനത്തെകുറിച്ച് സൂചിപ്പിച്ചെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ രഹസ്യമൊഴി രേഖപ്പെടുത്താൻ എൻ വി രാജു വിസമ്മതിച്ചിരുന്നു. സരിതയോട് ഇക്കാര്യം എഴുതി നൽകാൻ ആവശ്യപ്പെടുകയായിരുന്നു. ഇതേ തുടർന്നാണ് സരിത 30 പേജുള്ള മൊഴി തയ്യാറാക്കിയത്. എന്നാൽ മൊഴി കോടതിയിൽ നൽകിയില്ല. ഈ കത്താണ് അടുത്തിടെ പുറത്തുവന്നതെന്നാണ് കരുതുന്നത്. സംഭവം വിവാദമായതിനെ തുടർന്ന് ബിജെപി നേതാവ് കെ സുരേന്ദ്രനും അഡ്വ എ ജയശങ്കറും ഹൈക്കോടതിയിൽ പരാതി നൽകിയിരുന്നു.

നേരത്തെ സോളാർ കമിഷനു മുന്നിൽ മൊഴി നൽകിയ ആർ ബാലകൃഷ്ണപിള്ള സരിത തോമസ് കുരുവിളയ്ക്ക് 25 ലക്ഷം രൂപ നൽകിയെന്നു വെളിപ്പെടുത്തിയിരുന്നു. എറണാകുളത്തെ ഒരു എംഎൽഎയ്ക്ക് അഞ്ചു ലക്ഷവും നൽകി. മന്ത്രിമാരും എംഎൽഎമാരും സരിതയെ പീഡിപ്പിച്ചിട്ടുണ്ടെന്നും സരിത ശ്രീധരൻ നായർക്കൊപ്പം മുഖ്യമന്ത്രിയെ സെക്രട്ടറിയറ്റിൽ സന്ദർശിച്ചിട്ടുണ്ടെന്നും പിള്ള പറഞ്ഞു സരിതയുടെ കത്തായി പുറത്തുവന്ന കത്ത് യഥാർഥമാണെന്നും കത്ത് താൻ കണ്ടിട്ടുണ്ടെന്നും പിള്ള പറഞ്ഞിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP