Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഡിജിറ്റൽ തെളിവെന്ന് സരിത പറഞ്ഞപ്പോൾ നീലച്ചിത്രങ്ങൾ എന്ന് തെറ്റിദ്ധരിച്ചവർക്ക് നിരാശ; ഇമെയ്‌ലുകളും ഫോൺ സംഭാഷണങ്ങളുമാണ് സരിത ഉദ്ദേശിച്ചതെന്ന് സൂചന; കെ സി വേണുഗോപാലിനെതിെര ഡിജിറ്റൽ തെളിവൊന്നും ഇല്ലെന്ന് സൂചിപ്പിച്ച് കമ്മീഷൻ

ഡിജിറ്റൽ തെളിവെന്ന് സരിത പറഞ്ഞപ്പോൾ നീലച്ചിത്രങ്ങൾ എന്ന് തെറ്റിദ്ധരിച്ചവർക്ക് നിരാശ; ഇമെയ്‌ലുകളും ഫോൺ സംഭാഷണങ്ങളുമാണ് സരിത ഉദ്ദേശിച്ചതെന്ന് സൂചന; കെ സി വേണുഗോപാലിനെതിെര ഡിജിറ്റൽ തെളിവൊന്നും ഇല്ലെന്ന് സൂചിപ്പിച്ച് കമ്മീഷൻ

കൊച്ചി: സോളാർ കേസിനെ എപ്പോഴും വിവാദമാക്കി നിർത്തിയത് ഉന്നതരുമായി ബന്ധപ്പെട്ട ലൈംഗിക കഥകൾ തന്നെയായിരുന്നു. സാധാരണക്കാർ അടക്കം കൂടുതൽ ഈ വിഷയത്തിലേക്ക് ശ്രദ്ധിച്ചത് ഈ ലൈംഗിക ആരോപണങ്ങൾ തന്നെയായിരുന്നു. നീലച്ചിത്രങ്ങൾ അടങ്ങിയ സിഡി തേടിയുള്ള യാത്രയെ മാദ്ധ്യമപ്പട അനുഗമിച്ച് ഇളിഭ്യരായതും കേരളം കണ്ടതാണ്. ഇങ്ങനെയിരിക്കേയാണ് സരിത സോളാർ കമ്മീഷനിൽ ഡിജിറ്റൽ തെളിവുകളുമായി എത്തിയത്. ഉന്നതരുമായി അടുത്ത ബന്ധമുണ്ടെന്ന് തെളിയിക്കുന്ന തെളിവുകൾ ഉണ്ടെന്നാണ് സരിത പറഞ്ത്. ഈ തെളിവുകളാണ് പുറത്തുവിടുന്നതെന്ന് പറഞ്ഞതോടെ പലരും പ്രതീക്ഷിച്ചത് നീലച്ചിത്രങ്ങൾ ഉണ്ടെന്നാണ്. എന്നാൽ, അങ്ങനെ വിചാരിച്ചവർക്ക് നിരാശയായിരിക്കും ഫലമെന്നാണ് സൂചന.

സോളർ കേസിലെ ആരോപണങ്ങളുമായി ബന്ധപ്പെട്ടു കെ.സി.വേണുഗോപാലിനെതിരെ ഡിജിറ്റൽ തെളിവുകൾ ലഭിച്ചിട്ടില്ലെന്ന സൂചനയാണ് സോളാർ കമ്മീഷൻ നൽകിയത്. കേസിൽ വേണുഗോപാലിനെ വിസ്തരിക്കുന്നതിനിടെയാണു കമ്മിഷൻ ജസ്റ്റിസ് ജി.ശിവരാജൻ ഇതു സംബന്ധിച്ച സൂചന നൽകിയത്. ചില ഇമയ്‌ലുഖളും ഫോൺ സംഭാഷണങ്ങളുമാണ് സരിത ഉദ്ദേശിച്ചതെന്ന സൂചനയാണുള്ളത്. തനിക്കെതിരെ ആരോപണം ഉയർത്തി സരിത എസ്.നായർ നൽകിയ ഡിജിറ്റൽ തെളിവുകളുടെ പകർപ്പു വേണമെന്നു കെ സി വേണുഗോപാൽ കമ്മിഷനോട് ആവശ്യപ്പെട്ടു. ഇതേ കാര്യത്തിന് അഭിഭാഷകൻ മുഖേന മുൻപ് അപേക്ഷ നൽകിയിരുന്നു. എന്നാൽ താങ്കളുമായി ബന്ധപ്പെട്ട തെളിവുകളുടെ പകർപ്പ് ക്രോസ് വിസ്താരത്തിനു മുൻപു ലഭിക്കാത്ത സ്ഥിതിക്കു കാര്യം വ്യക്തമാണല്ലോ എന്നായിരുന്നു കമ്മിഷന്റെ മറുപടി. ഇക്കാര്യം വ്യക്തമാക്കി കമ്മിഷൻ കെ.സി.വേണുഗോപാൽ സമർപ്പിച്ച അപേക്ഷ തീർപ്പാക്കി.

ടീം സോളറിന് എംഎൻആർഇയുടെ പങ്കാളിയാകാനുള്ള രേഖകൾ ശരിയാക്കി നൽകാൻ താൻ 35 ലക്ഷം രൂപ കൈപ്പറ്റിയെന്ന ബിജു രാധാകൃഷ്ണന്റെ മൊഴി ശരിയല്ലെന്നു കെ.സി.വേണുഗോപാൽ കമ്മിഷനെ അറിയിച്ചു. താൻ ബിജു രാധാകൃഷ്ണനെ നേരിൽ കാണുകയോ ഫോണിൽ സംസാരിക്കുകയോ ചെയ്തിട്ടില്ല. ഡ്രൈവർ നാഗരാജന്റെ നിർദേശപ്രകാരമാണ് പണം കൈമാറിയതെന്ന ആരോപണവും തെറ്റാണ്. നാഗരാജൻ എന്ന ഡ്രൈവർ തനിക്കില്ല. സോളർ ബിസിനസ് സംബന്ധിച്ചു ബിജു രാധാകൃഷ്ണനുമായി ചർച്ച നടത്തിയിട്ടില്ല.

സരിത എസ്.നായരെ താൻ ഒരിക്കൽ കണ്ടിട്ടുണ്ട്. ടീം സോളറിന്റെ കോഴിക്കോട് നടക്കുന്ന പരിപാടിക്കു ക്ഷണിക്കാനാണു സരിത ആലപ്പുഴയിലെ വീട്ടിലെത്തിയത്. കേന്ദ്ര ഊർജ സഹമന്ത്രിയായിരുന്ന സമയത്തായിരുന്നു അത്. പിന്നീടു കണ്ടിട്ടില്ല. സരിത എസ്.നായരുമായി രണ്ടു തവണ മാത്രമേ ഫോണിൽ സംസാരിച്ചിട്ടുള്ളൂ. ബാക്കി അവസരങ്ങളിൽ ഓഫിസ് ജീവനക്കാരാകാം സംസാരിച്ചത്. എന്നാൽ ഫോൺ സംഭാഷണങ്ങളെല്ലാം ഒരു മിനിറ്റിൽ താഴെ ദൈർഘ്യമുള്ളവയാണ്. മന്ത്രിയായിരുന്നപ്പോൾ പഴ്‌സനൽ സ്റ്റാഫാണു ഫോണുകൾ എടുത്തിരുന്നത്. ടീം സോളറിന്റെ പരിപാടി ഉദ്ഘാടനത്തിനു ക്ഷണിക്കാനാകാം സരിത വിളിച്ചത്. എന്നാൽ സ്വകാര്യ ചടങ്ങുകളിൽ പങ്കെടുക്കില്ലെന്നു നേരിട്ടു കണ്ടപ്പോൾ വ്യക്തമാക്കിയിരുന്നുവെന്നും വേണുഗോപാൽ പറഞ്ഞു.

സരിത ആരോപണം ഉന്നയിച്ചവർക്കെതിരെ ഡിജിറ്റൽ തെളിവുകൾ ഹാജരാക്കിയിട്ടുണ്ടെങ്കിൽ അതിന്റെ വിശദാംശങ്ങൾ ക്രോസ് വിസ്താരത്തിനു മുമ്പ് ബന്ധപ്പെട്ടവർക്ക് നൽകണമെന്ന് കമ്മിഷൻ പറഞ്ഞിരുന്നു. അതുപ്രകാരം തെളിവുകൾ കിട്ടാത്തവർക്ക് സ്ഥിതി സംബന്ധിച്ച് കൃത്യമായി മനസ്സിലാക്കാമെന്നും കമ്മിഷൻ സൂചിപ്പിച്ചതായി വേണുഗോപാലിന്റെ അഭിഭാഷകൻ പറഞ്ഞു.

സരിതയുമായി വേണുഗോപാൽ നടത്തിയ ഫോൺ കോളുകളെല്ലാം ഒന്നോ രണ്ടോ മിനിട്ടുകൾ മാത്രമുള്ളതാണെന്നും ക്രോസ് വിസ്താരത്തിനിടെ അഭിഭാഷകൻ ചൂണ്ടിക്കാട്ടി. ബിജു രാധാകൃഷ്ണനെ കണ്ടിട്ടില്ലെന്നും ഫോണിൽ വിളിച്ചിട്ടില്ലെന്നുമുള്ള വേണുഗോപാലിന്റെ മൊഴി ശരിയാണെന്നും വിസ്താരത്തിൽ പറഞ്ഞു. പെരുമ്പാവൂർ പൊലീസിന്റെ കസ്റ്റഡിയിലിരിക്കെ സരിത എസ്. നായർ എഴുതിയ കത്തും അതുമായി ബന്ധപ്പെട്ട തെളിവുകളും സംബന്ധിച്ചാണ് തിങ്കളാഴ്ച മുതൽ സരിതയെ രഹസ്യമായി വിസ്തരിക്കുന്നത്.

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, കെ.സി. വേണുഗോപാൽ, ആര്യാടൻ മുഹമ്മദ്, എ.പി. അനിൽകുമാർ, ജോസ് കെ. മാണി, ഹൈബി ഈഡൻ എന്നിവർക്കു പുറമേ ഉമ്മൻ ചാണ്ടിയുടെ പേഴ്സണൽ സ്റ്റാഫംഗങ്ങളായിരുന്ന ടെന്നി ജോപ്പൻ, ജിക്കുമോൻ ജേക്കബ് എന്നിവരുടെ അഭിഭാഷകരും സരിതയെ രഹസ്യ വിസ്താരം നടത്തി. കത്തിന്റെ പകർപ്പ് മെയ് 11-നാണ് കമ്മിഷനിൽ സരിത രഹസ്യരേഖയായി സമർപ്പിച്ചത്. തിങ്കളാഴ്ച സിറ്റിങ് ആരംഭിച്ചപ്പോൾത്തന്നെ ഉമ്മൻ ചാണ്ടി, കെ.സി. വേണുഗോപാൽ, ആര്യാടൻ മുഹമ്മദ്, ഹൈബി ഈഡൻ എന്നിവരുടെ അഭിഭാഷകർ കമ്മിഷനോട് രഹസ്യ വിസ്താരം മതി എന്നാവശ്യപ്പെട്ടിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP