Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മുഖ്യമന്ത്രി കസേര മോഹിച്ച ശശികല ഒടുവിലെത്തിയത് പരപ്പന അഗ്രഹാര ജയിലിൽ; വീട്ടിലെ ഭക്ഷണവും പ്രത്യേക സെല്ലും മിനറൽ വാട്ടറും വേണമെന്ന് ഡിമാൻഡ് വച്ചെങ്കിലും കിട്ടുമെന്ന് യാതൊരു ഉറപ്പുമില്ല; ജയലളിത ജയിലിലായപ്പോൾ പൊട്ടിത്തെറിക്കാൻ കാത്തുനിന്ന പതിനായിരങ്ങളുടെ അകമ്പടിയോ ആരവങ്ങളോ ഇല്ലാതെ ചിന്നമ്മയുടെ ജയിൽ പ്രവേശം; കീഴടങ്ങിയത് ഇളവരശിക്കൊപ്പം

മുഖ്യമന്ത്രി കസേര മോഹിച്ച ശശികല ഒടുവിലെത്തിയത് പരപ്പന അഗ്രഹാര ജയിലിൽ; വീട്ടിലെ ഭക്ഷണവും പ്രത്യേക സെല്ലും മിനറൽ വാട്ടറും വേണമെന്ന് ഡിമാൻഡ് വച്ചെങ്കിലും കിട്ടുമെന്ന് യാതൊരു ഉറപ്പുമില്ല; ജയലളിത ജയിലിലായപ്പോൾ പൊട്ടിത്തെറിക്കാൻ കാത്തുനിന്ന പതിനായിരങ്ങളുടെ അകമ്പടിയോ ആരവങ്ങളോ ഇല്ലാതെ ചിന്നമ്മയുടെ ജയിൽ പ്രവേശം; കീഴടങ്ങിയത് ഇളവരശിക്കൊപ്പം

ചെന്നൈ: അനധികൃത സ്വത്ത് സമ്പാദന കേസിൽ നാല് വർഷത്തെ തടവ് ശിക്ഷയ്ക്ക് വിധിക്കപ്പെട്ട അണ്ണാഡിഎംകെ ജനറൽ സെക്രട്ടറി വി.കെ. ശശികല അഴിക്കുള്ളിലായി. തമിഴ്‌നാട് മുഖ്യമന്ത്രിയാകാൻ ലക്ഷ്യമിട്ട് പാർട്ടിയുടെ നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുക്കപ്പെട്ട് പത്താം ദിവസമാണ് ചിന്നമ അഴിയെണ്ണാൻ തുടങ്ങിയിരിക്കുന്നത്.

ചെന്നൈയിൽനിന്നു വൈകിട്ട് അഞ്ചിന് ബെംഗളൂരു പരപ്പന അഗ്രഹാര ജയിലിലെത്തിയാണ് ശശികല കീഴടങ്ങിയത്. കോടതിക്കുള്ളിൽ പ്രത്യേകം തയാറാക്കിയ കോടതി മുറിയിൽ ജഡ്ജിക്കു മുമ്പാകെയാണ് ശശികല കീഴടങ്ങിയത്. തുടർന്ന് അവരെ ജയിലേക്കു മാറ്റി. ജയിലിലെ 10711ാം നമ്പർ തടവുകാരിയാണ് ശശികല. ഭർത്താവ് നടരാജനും തമ്പിദുരൈ അടക്കം അണ്ണാഡിഎംകെയുടെ മുതിർന്ന നേതാക്കളും ശശികലയെ സ്വീകരിക്കാൻ ജയിലിനു മുന്നിലെത്തിയിരുന്നു.

2014ൽ ഇതേ കേസിൽ ശിക്ഷിക്കപ്പെട്ട് ജയലളിതയ്‌ക്കൊപ്പം പരപ്പന അഗ്രഹാര ജയിലെത്തിയ ശശികലയ്ക്ക് ഇക്കുറി തികച്ചും വ്യത്യസ്തമായ സ്വീകരണമാണു ലഭിച്ചത്. ആയിരക്കണക്കിന് അണ്ണാഡിഎംകെ പ്രവർത്തകരുടെ മുദ്രാവാക്യം വിളിക്കും ആരവത്തിനും ഇടയിലാണ് ജയലളിത ജയിലേക്കു പ്രവേശിച്ചതെങ്കിൽ ഇക്കുറി ശശികലയെ പിന്തുണയ്ക്കുന്നവർ ജയിൽ പരിസരത്തു വളരെ കുറവായിരുന്നു.

ജയലളിതയ്‌ക്കൊപ്പം മുമ്പ് ജയിലിൽ അനുഭവിച്ച സൗകര്യങ്ങളും ശശികലയ്ക്ക് ഇത്തവണ നിഷേധിക്കപ്പെടും. രണ്ട് തവണ മുഖ്യമന്ത്രിയായിരിക്കേ ജയിലെത്തിയ ജയലളിതയ്ക്ക് പ്രത്യേക മുറി നല്കിയിരുന്നു. എയർകണ്ടീഷണറും ഫ്രിഡ്ജും അടക്കമുള്ള സൗകര്യങ്ങളും ഉണ്ടായിരുന്നു. എന്നാൽ ഒരു പഞ്ചായത്തു പ്രസിഡന്റ് പോലുമായിട്ടില്ലാത്ത ശശികലയ്ക്ക് വിഐപി പരിഗണന ലഭിക്കില്ല.

സാധാരണ തടവുകാർക്ക് ലഭിക്കുന്ന സൗകര്യങ്ങൾ മാത്രമാണ് തമിഴ്‌നാട് മുഖ്യമന്ത്രിയാകാൻ കച്ചകെട്ടിയിറങ്ങിയ ശശികലയ്ക്കു ജയിലിൽ ലഭിക്കുക. വീട്ടിലെ ഭക്ഷണവും പ്രത്യേക സെല്ലും മിനറൽ വാട്ടറും വേണമെന്ന് ശശികല ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ലഭിക്കുമെന്ന് ഉറപ്പില്ല. തന്റെ ആവശ്യങ്ങൾ നിരത്തി ജയിൽ അധികൃതർക്കാണ് ശശികല കത്തയച്ചത്. പ്രമേഹം ഉള്ളതിനാൽ വീട്ടിലുണ്ടാക്കുന്ന ഭക്ഷണം വേണം, പാശ്ചാത്യ ശൈലിയിലുള്ള ടോയ്ലറ്റ്, 24 മണിക്കൂറും ചൂടുവെള്ളം, മിനറൽ വാട്ടർ എന്നിവ വേണമെന്നാണ് അവർ ആവശ്യപ്പെട്ടത്.

ശശികലയെ പ്രത്യേക സെല്ലിൽ പാർപ്പിക്കുമെന്നാണ് ജയിൽ അധികൃതർ നൽകുന്ന വിവരം. സെല്ലിൽ കട്ടിലും ടിവിയും ഉണ്ടാകും. ഒരു സഹായിയേയും അനുവദിക്കുമെന്ന് ജയിൽ അധികൃതരെ ഉദ്ധരിച്ച് ഇന്ത്യാ ടുഡെ റിപ്പോർട്ട് ചെയ്യുന്നു. മറ്റു തടവുകാർക്ക് നൽകുന്ന ഭക്ഷണമേ ശശികലയ്ക്കും നൽകുകയുള്ളൂ.

ജയിലിൽ പ്രവേശിക്കുന്നതിന് മുമ്പ് ശശികലയെ ആരോഗ്യ പരിശോധനയ്ക്ക് വിധേയയാക്കി. ശശികലയുടെ സെല്ലിന് ചുറ്റും 24 മണിക്കൂറും സുരക്ഷാ ഉദ്യോഗസ്ഥർ ഉണ്ടാകും. മുമ്പ് ജയലളിതയെ പാർപ്പിച്ചിരുന്ന പ്രത്യേക കെട്ടിട സമുച്ചയത്തിൽ ആയിരിക്കും ശശികലയേയും തടവിലിടുക. അനധികൃത സ്വത്ത് സമ്പാദനക്കേസിൽ മുൻ കർണാടക മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയേയും ഇതേ സെല്ലിൽ തന്നെയാണ് തടവിൽ ഇട്ടിരുന്നത്.

അനധികൃത സ്വത്തു സമ്പാദനക്കേസിൽ ശിക്ഷിക്കപ്പെട്ടതിനെത്തുടർന്ന് കീഴടങ്ങുന്നതിന് കൂടുതൽ സമയം അനുവദിക്കണമെന്ന ശശികലയുടെ അഭിഭാഷകന്റെ അപേക്ഷ ഇന്ന് സുപ്രീം കോടതി നിരസിച്ചിരുന്നു. ഇതേത്തുടർന്നാണ് അവർ ഇന്നുതന്നെ ബെംഗലൂരുവിലെത്തി കോടതിയിൽ കീഴടങ്ങിയത്. സമയം നീട്ടിനൽകണമെന്ന ശശികലയുടെ അപേക്ഷയ്ക്ക് 'ഉടൻ' എന്നതിന്റെ അർഥം അറിയില്ലേ എന്നായിരുന്നു കോടതിയുടെ പ്രതികരണം.

ജയലളിതയുടെയും എംജിആറിന്റെയും ശവകുടീരങ്ങളിൽ എത്തി പ്രാർത്ഥിച്ച ശേഷമാണ് ശശികല ബെംഗളൂരുവിലേക്ക് പുറപ്പെട്ടത്. സുരക്ഷാ കാരണങ്ങളാൽ ബെംഗളൂരു സിറ്റി സിവിൽ കോടതിയിൽ കീഴടങ്ങാനാവില്ലെന്ന ശശികലയുടെ വാദം അംഗീകരിച്ചുകൊണ്ടാണ് പരപ്പന അഗ്രഹാര ജയിലിനുള്ളിൽ പ്രത്യേക കോടതി മുറി സജ്ജമാക്കിയത്.

ശശികല എത്തുന്നതിനോട് അനുബന്ധിച്ച് കനത്ത സുരക്ഷയാണ് ജയിൽ പരിസരത്ത് ബെംഗലൂരു പൊലീസ് ഒരുക്കിയത്. ജയിലിന്റെ മൂന്നു കിലോമീറ്റർ ചുറ്റളവിനുള്ളിൽ നിരോധനാജ്ഞ പുറപ്പെടുവിച്ചു. കർണാടക സ്റ്റേറ്റ് റിസർവ് പൊലീസ്, സിറ്റി ആംഡ് റിസർവ് എന്നിവയ്ക്കുപുറമേ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരും ജയിലിനു സമീപത്തെ സുരക്ഷ ഉറപ്പുവരുത്തി.

ശശികലയെ പിന്തുണയ്ക്കുന്ന അനുയായികളെ നിയന്ത്രിക്കാൻ തമിഴ്‌നാട്ടിൽനിന്നു ബംഗളൂരുവിലേക്കു പ്രവേശിക്കുന്ന ഹൊസൂർ ചെക് പോസ്റ്റിലും ഒട്ടേറെ പൊലീസുകാരെ വിന്യസിച്ചു. 2014ൽ ജയലളിത ഇവിടെ 21 ദിവസം ജയിൽശിക്ഷ അനുഭവിച്ചപ്പോൾ തമിഴ്‌നാട്ടിൽനിന്നു ദിവസേന ആയിരക്കണക്കിനു പാർട്ടി അനുഭാവികളാണ് ഇവിടേക്കെത്തി ദിവസങ്ങളോളം ജയിൽപരിസരത്തു തമ്പടിച്ചത്. ഇക്കുറി അത്തരമൊരു സാഹചര്യം ഉണ്ടാകാനുള്ള എല്ലാ സാധ്യതകളും മുൻകൂട്ടിക്കണ്ടുകൊണ്ടുള്ള നടപടികളാണ് ബെംഗലൂരു പൊലീസ് സ്വീകരിച്ചത്.

ശശികല പ്രതിയായ അനധികൃത സ്വത്ത് സമ്പാദനക്കേസിൽ വിചാരണക്കോടതി വിധിച്ച ശിക്ഷ സുപ്രീം കോടതി കഴിഞ്ഞ ദിവസം ശരിവച്ചിരുന്നു. നാലുവർഷം തടവുശിക്ഷയും പത്തുകോടിരൂപ പിഴയുമാണ് ശശികല അടക്കമുള്ളവർക്ക് വിചാരണക്കോടതി വിധിച്ചിരുന്നത്. ശിക്ഷ ശരിവച്ച സുപ്രീം കോടതി ശശികല കീഴടങ്ങണമെന്ന് നിർദ്ദേശിച്ചിരുന്നു. എന്നാൽ ആരോഗ്യ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി ഇന്ന് സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു ശശികലയുടെ അഭിഭാഷകൻ. പക്ഷേ, ഇന്നലത്തെ വിധിയിൽ മാറ്റം വരുത്തില്ലെന്ന നിലപാടിൽ സുപ്രീംകോടതി ഉറച്ചു നിന്നു. ഇതോടെയാണ് തമിഴ്‌നാടിന്റെ മുഖ്യമന്ത്രിയാകാൻ കരുക്കൾ നീക്കിയ ശശികലയുടെ ജയിൽവാസം ആസന്നമായത്.

ശശികലയ്ക്കൊപ്പം കേസിൽ ശിക്ഷിക്കപ്പെട്ട ബന്ധു ജെ. ഇളവരശിയും പരപ്പന അഗ്രഹാര ജയിലിലെ പ്രത്യേക കോടതിയിൽ കീഴടങ്ങി. ജയലളിതയുടെ വളർത്തു മകൻ സുധാകരനും പിന്നീട് കോടതിയിലെത്തി കീഴടങ്ങി.

നാല് വർഷത്തേക്ക് ശിക്ഷിക്കപ്പെട്ടതിനാൽ അടുത്ത 10 വർഷത്തേക്ക് ശശികലയ്ക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കാനാകില്ല. അതിനാൽ ശശികലയ്ക്ക് പകരം വിശ്വസ്തനായ എടപ്പാടി പളനിസാമിയെ നിയമസഭാകക്ഷി നേതാവായി ശശികല പക്ഷം തിരഞ്ഞെടുത്തിരുന്നു. സർക്കാരുണ്ടാക്കാൻ പളനിസാമിയും പനീർശെൽവവും അവകാശവാദം ഉന്നയിക്കുന്നുണ്ട്. എന്നാൽ, ഗവർണർ വിദ്യാസാഗർ റാവു വിഷയത്തിൽ എന്ത് നിലപാടെടുക്കും എന്നതാണ് നിർണായകമാവുക.

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ജയലളിത, ശശികല, ഇളവരശി, വളർത്തുമകൻ സുധാകരൻ എന്നിവരെ കുറ്റവിമുക്തരാക്കിയ കർണാടക ഹൈക്കോടതി വിധിയിൽ പിഴവുകളുണ്ടെന്ന് കാണിച്ച് കർണാടക സർക്കാർ നല്കിയ അപ്പീലിനാണ് സുപ്രീംകോടതി കഴിഞ്ഞദിവസം വിധി പ്രസ്താവിച്ചത്.

ജയലളിത ആദ്യമായി മുഖ്യമന്ത്രിയായിരിക്കേ 1991 മുതൽ 96 വരെയുള്ള കാലയളവിൽ 66 കോടി രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ചുവെന്നാണ് കേസ്. കേസിൽ ജയലളിതയെയും കൂട്ടുപ്രതികളെയും വിചാരണകോടതി നാല് വർഷം തടവും 100 കോടി രൂപ പിഴയും ശിക്ഷ വിധിച്ചിരുന്നു.

2014 സെപ്റ്റംബർ 27നായിരുന്നു തമിഴ്‌നാട് രാഷ്ട്രീയത്തെ പിടിച്ചുലച്ച വിധി പുറത്തുവന്നത്. ഇതേതുടർന്ന് ജയലളിതയുടെ നിയമസഭാംഗത്വം അയോഗ്യമാകുകയും മുഖ്യമന്ത്രിസ്ഥാനം നഷ്ടപ്പെടുകയും ചെയ്തിരുന്നു. ജയളിത അടക്കമുള്ള പ്രതികൾ 21 ദിവസം പരപ്പന അഗ്രഹാര ജയിലിൽ കിടക്കുകയും ചെയ്തു.

വിചാരണ കോടതി വിധി ചോദ്യം ചെയ്ത് ജയലളിത കർണാടക ഹൈക്കോടതിയെ സമീപിച്ചിരുന്നു. കേസിൽ കർണാടക ഹൈക്കോടതി ജയലളിതയ്ക്കും കൂട്ടുപ്രതികൾക്കുമെതിരായ ശിക്ഷ റദ്ദാക്കി. ഈ വിധി ചോദ്യം ചെയ്തു കർണാടക സർക്കാർ സമർപ്പിച്ച ഹർജിയിലാണ് സുപ്രീംകോടതി വിധി പ്രസ്താവിച്ചത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP