Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സർക്കാർ പരസ്യങ്ങളിൽ ഇനി പ്രധാനമന്ത്രിയും പ്രസിഡന്റും ചീഫ് ജസ്റ്റീസും മാത്രം; സുപ്രീം കോടതി വിധിയിൽ നടുങ്ങി സംസ്ഥാന സർക്കാരുകളും

സർക്കാർ പരസ്യങ്ങളിൽ ഇനി പ്രധാനമന്ത്രിയും പ്രസിഡന്റും ചീഫ് ജസ്റ്റീസും മാത്രം; സുപ്രീം കോടതി വിധിയിൽ നടുങ്ങി സംസ്ഥാന സർക്കാരുകളും

ന്യൂഡൽഹി: സർക്കാർവക പരസ്യങ്ങളിൽ രാഷ്ട്രപതി, പ്രധാനമന്ത്രി, ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യ എന്നിവരുടെ ചിത്രങ്ങൾ മാത്രമേ ഉൾപ്പെടുത്താൻ പാടുള്ളൂവെന്ന സുപ്രീം കോടതി വിധിയിൽ പ്രതിഷേധവും വ്യാപകം. സംസ്ഥാനങ്ങളുടെ അധികാര പരിധിയിൽ കൈകടത്തുന്ന നിർദേശമാണ് സുപ്രീം കോടതിയുടേതെന്നാണ് പരാതി.

ഫെഡറൽ സമ്പ്രദായത്തിൽ പ്രധാനമന്ത്രിയും മുഖ്യമന്ത്രിയുമൊക്കെ ഒരുപോലെയാണ്. ഈ സാഹചര്യത്തിൽ മുഖ്യമന്ത്രിമാരുടെ ചിത്രം പരസ്യങ്ങളിൽ പാടില്ലെന്ന് പറയുന്നതിലെ യുക്തിയാണ് ചോദ്യം ചെയ്യപ്പെടുന്നത്. ഡിഎംകെ നേതാവ് കരുണാനിധിയെ പോലുള്ളവർ പരസ്യ വിമർശനവുമായി രംഗത്ത് എത്തിക്കഴിഞ്ഞു. സംസ്ഥാനങ്ങളുടെ ഭാഗത്തുനിന്നും നോക്കുമ്പോൾ പ്രധാനമന്ത്രിയേക്കാൾ മുഖ്യമന്ത്രിക്കാണ് ജനങ്ങൾ കൂടുതൽ പ്രാധാന്യം നൽകുന്നത്. ഇതുകൊണ്ടു സർക്കാർ പരസ്യങ്ങളിൽ മുഖ്യമന്ത്രിയുടെ ചിത്രം ഒഴിച്ചുകൂടാനാവാത്തതാണ്. പരസ്യത്തിലെ സന്ദേശം ജനങ്ങളിലേക്ക് ലളിതമായി എത്തിക്കുന്നതിന് ഇത് സഹായിക്കുമെന്നും കരുണാനിധി പറഞ്ഞു.

കേന്ദ്ര സംസ്ഥാന സർക്കാരുകൾ പുറപ്പെടുവിക്കുന്ന പരസ്യങ്ങളിൽ ഇനി മുതൽ പ്രധാനമന്ത്രി, രാഷ്ട്രപതി, സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്നിവരുടെ ചിത്രങ്ങൾ മാത്രമേ പാടുള്ള എന്നായിരുന്നു സുപ്രീം കോടതിയുടെ നിർദ്ദേശം. മുഖ്യമന്ത്രി, മറ്റ് മന്ത്രിമാർ, ഉദ്യോഗസ്ഥ പ്രമുഖർ, രാഷ്ട്രീയ നേതാക്കൾ തുടങ്ങിയവരുടെ ചിത്രങ്ങൾ പാടില്ല. എന്നാൽ മഹാത്മാ ഗാന്ധി, ജവഹർലാൽ നെഹ്‌റു തുടങ്ങിയ മൺമറഞ്ഞ ദേശീയ നേതാക്കളുടെ ചിത്രങ്ങൾ ഉപയോഗിക്കുന്നതിൽ തെറ്റില്ലെന്നും സുപ്രീം കോടതിയുടെ നിർദേശത്തിൽ പറയുന്നു.

രാഷ്ട്രപതി, പ്രധാനമന്ത്രി, ഗവർണർ, മുഖ്യമന്ത്രി എന്നിവരുടെ ചിത്രങ്ങൾ ഉൾപ്പെടുത്താമെന്നു സുപ്രീം കോടതി തന്നെ നിയോഗിച്ച സമിതി ശുപാർശ ചെയ്തിരുന്നു. അതു പരിഷ്‌കരിച്ചാണു ചീഫ് ജസ്റ്റിസിന്റെ ചിത്രമുൾപ്പെടുത്താമെന്നു ജഡ്ജിമാരായ രഞ്ജൻ ഗൊഗോയ്, പിനാക് ചന്ദ്ര ഘോഷ് എന്നിവരുടെ ബെഞ്ചിന്റെ വിധി. രാഷ്ട്രപിതാവിനെ അനുമസ്മരിക്കുന്നതുൾപ്പെടെയുള്ള ദിവസങ്ങളിൽ ബന്ധപ്പെട്ട വ്യക്തിയുടെ ചിത്രം നൽകാവുന്നതാണെന്നും കോടതി വിശദീകരിച്ചു. രാഷ്ട്രപതി, പ്രധാനമന്ത്രി, ചീഫ് ജസ്റ്റിസ് എന്നിവരുടെ ചിത്രങ്ങൾ മാത്രമേ സർക്കാർ പരസ്യങ്ങളിൽ പാടുള്ളൂവെന്നു വിധിച്ചപ്പോഴും, ചിത്രങ്ങൾ ഉപയോഗിക്കണോയെന്ന് ഇവർതന്നെ തീരുമാനിക്കണമെന്നും സുപ്രീം കോടതി പറഞ്ഞു. എന്നാൽ, ചിത്രങ്ങൾ ഉപയോഗിക്കുന്നതു വ്യക്തിബിംബങ്ങൾ ഉണ്ടാകാൻ കാരണമാകുമെന്നും അതു ജനാധിപത്യപരമായ പ്രവർത്തനത്തിനു വിരുദ്ധമാണെന്നും കോടതി പറഞ്ഞു.

നികുതിപ്പണമുപയോഗിച്ചു സർക്കാർ നൽകുന്ന പരസ്യങ്ങൾ രാഷ്ട്രീയ നേട്ടങ്ങൾക്കു വേണ്ടിയാണെന്നാരോപിച്ചു കോമൺ കോസ്, സെന്റർ ഫോർ പബ്ലിക് ഇന്ററസ്റ്റ് ലിറ്റിഗേഷൻ എന്നീ സംഘടനകൾ 11 വർഷം മുൻപു നൽകിയ ഹർജിയാണു കോടതി തീർപ്പാക്കിയത്. നിയമവിദഗ്ധൻ പ്രഫ. എൻ.ആർ. മാധവമേനോൻ അധ്യക്ഷനും ഭരണഘടനാവിഷയങ്ങളിൽ രാഷ്ട്രപതിയുടെ ഉപദേഷ്ടാവായ ടി.കെ. വിശ്വനാഥനും സോളിസിറ്റർ ജനറൽ രഞ്ജിത് കുമാറും അംഗങ്ങളുമായ സമിതിയെയാണു കഴിഞ്ഞ വർഷം ഏപ്രിലിൽ സുപ്രീം കോടതി നിയോഗിച്ചത്.

സർക്കാർ പരസ്യങ്ങൾ സംബന്ധിച്ച കരട് മാർഗരേഖ ഇവർ കഴിഞ്ഞ ഒക്‌ടോബറിൽ കോടതിക്കു നൽകി. അതിൽ, ചിത്രങ്ങൾ സംബന്ധിച്ച ശുപാർശയിൽ ഭേദഗതി വരുത്തിയാണ് പുതിയ ഉത്തരവ് പുറത്തിറക്കിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP