Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സൗമ്യ വധക്കേസിൽ ശിക്ഷ ജീവപര്യന്തമെങ്കിലും പുനഃപരിശോധനാ ഹർജിയുടെ കാര്യത്തിൽ മാറ്റമില്ലെന്നു സംസ്ഥാനം; വധശിക്ഷ തന്നെയാണു നൽകേണ്ടിയിരുന്നതെന്നു സൗമ്യയുടെ അമ്മ സുമതി; അഡ്വ. സുരേശനെ സുപ്രീം കോടതിയിൽ വാദമേൽപ്പിക്കാത്തതും കേസ് ഫയലുകൾ ഇംഗ്ലീഷിലേക്ക് തർജമ ചെയ്തതിൽ വന്ന കാലതാമസവും കൊലക്കയറിൽ നിന്നു പ്രതിയെ രക്ഷപ്പെടുത്തിയെന്നു വിലയിരുത്തൽ

സൗമ്യ വധക്കേസിൽ ശിക്ഷ ജീവപര്യന്തമെങ്കിലും പുനഃപരിശോധനാ ഹർജിയുടെ കാര്യത്തിൽ മാറ്റമില്ലെന്നു സംസ്ഥാനം; വധശിക്ഷ തന്നെയാണു നൽകേണ്ടിയിരുന്നതെന്നു സൗമ്യയുടെ അമ്മ സുമതി; അഡ്വ. സുരേശനെ സുപ്രീം കോടതിയിൽ വാദമേൽപ്പിക്കാത്തതും കേസ് ഫയലുകൾ ഇംഗ്ലീഷിലേക്ക് തർജമ ചെയ്തതിൽ വന്ന കാലതാമസവും കൊലക്കയറിൽ നിന്നു പ്രതിയെ രക്ഷപ്പെടുത്തിയെന്നു വിലയിരുത്തൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സൗമ്യ വധക്കേസിൽ പ്രതി ഗോവിന്ദച്ചാമിയുടെ ശിക്ഷ ജീവപര്യന്തമാണെന്നു വ്യക്തമായെങ്കിലും പുനഃപരിശോധനാ ഹർജി നൽകുമെന്ന നിലപാടിൽ മാറ്റമില്ലെന്നു സംസ്ഥാനം. ജീവപര്യന്തമെന്നതു ആശ്വാസമെന്നു സൗമ്യയുടെ അമ്മ സുമതിയും പ്രതികരിച്ചു. എന്നാൽ, പ്രതിക്കു വധശിക്ഷ തന്നെയാണു നൽകേണ്ടിയിരുന്നതെന്നും സുമതി പറഞ്ഞു.

കേസ് വിശദമായി പഠിക്കാത്ത അഭിഭാഷകനെ സുപ്രീംകോടതിയിൽ കേസ് ഏൽപ്പിച്ചതിന്റെ അനന്തരഫലമാണ് സൗമ്യ വധക്കേസിലെ പ്രതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ ജീവപര്യന്തമായി കുറയാൻ ഇടയാക്കിയതെന്നാണ് വിലയിരുത്തൽ. സുപ്രിം കോടതിയൽ കേസ് കൈകാര്യം ചെയ്യുമ്പോൾ പ്രോസിക്യൂഷന്റെ ഭാഗത്തു നിന്നും കടുത്ത വീഴ്ചയുണ്ടായി. കേസ് ഫയലുകൾ മലയാളത്തിൽ നിന്നും ഇംഗ്ലീഷിലേക്ക് തർജ്ജമ ചെയ്ത് എത്തിക്കുന്നതിൽ അടക്കം കാലതാമസം വന്നത് തിരിച്ചടിയായി.

സൗമ്യവധക്കേസിൽ ഗോവിന്ദച്ചാമി പെൺകുട്ടിയെ ട്രെയിനിൽ നിന്ന് തള്ളിയിട്ടെന്നതിന് തെളിവുകൾ ഹാജരാക്കാൻ കഴിയാതിരുന്നതിനെ തുടർന്ന് സുപ്രീംകോടതിയിൽ നിന്നും കടുത്ത ശകാരമാണ് പ്രോസിക്യൂഷൻ അഭിഭാഷകൻ ഏൽക്കേണ്ടി വന്നത്. കേസിന്റെ വിചാരണാ വേളയിൽ അഭിഭാഷകനായിരുന്നത് അഡ്വ. എസ് സുരേശനായിരുന്നു. എന്നാൽ സുപ്രീംകോടതിയിൽ എത്തിയതോടെ കഴിഞ്ഞ ഉമ്മൻ ചാണ്ടി സർക്കാർ അഭിഭാഷകനെ മാറ്റി. തൃശ്ശൂരിലെ ട്രയൽ കോടതിയിലും, തുടർന്ന് ഹൈക്കോടതിയിലും സൗമ്യ വധക്കേസിൽ ഹാജരായ സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ സുരേശനെ സുപ്രീം കോടതിയിലും ഹാജരാക്കാൻ വേണ്ടി സൗമ്യയുടെ കുടുംബം ശക്തമായി അപേക്ഷിച്ചെങ്കിലും മുതിർന്ന അഭിഭാഷകനും ഹൈക്കോടതി ജഡ്ജിയുമായിരുന്ന തോമസ് പി ജോസഫിനെ സർക്കാർ നിയമിക്കുകയായിരുന്നു. ഈ വീഴ്‌ച്ചയെയാണ് സൗമ്യയുടെ അമ്മയും എടുത്തു പറയുന്നത്.

മുമ്പ് ട്രയൽസ് കോടതിയിലും, ഹൈക്കോടതിയിലും ഗോവിന്ദച്ചാമിക്ക് വധശിക്ഷ വാങ്ങിക്കൊടുത്ത അഭിഭാഷകൻ സുരേശന് പകരം തോമസ് പി ജോസഫിനെ നിയമിച്ചതിൽ തുടക്കം മുതൽക്കെ കേരള സമൂഹത്തിന് അതൃപ്തിയുണ്ടായിരുന്നു. ഈ അതൃപ്തിയുടെ ആഴം കൂട്ടുന്ന വിധത്തിലായിരുന്നു കോടതിയിൽ നിന്നുമുണ്ടായ പ്രതികരണങ്ങളും. സുപ്രീംകോടതിയിൽ കേസ് വാദിക്കുന്ന ഗവൺമെന്റ് സ്റ്റാൻഡിങ്ങ് കൗൺസിൽ ജോജി സക്‌റിയയെ ഡൽഹിയിൽ സഹായിക്കാൻ മാത്രമാണ് തന്നോട് ആവശ്യപ്പെട്ടതെന്നും, കേസുമായി ബന്ധപ്പെട്ട എല്ലാ ഫയലുകളും ഹൈക്കോടതിയിൽ നിന്നും ഡൽഹിയിലേക്ക് അയച്ചിരുന്നു എന്നും അഡ്വ സുരേശൻ മുമ്പ് വ്യക്തമാക്കിയിരുന്നതാണ്.

അതേസമയം കേസിലെ ആയിരത്തിൽ പരം വരുന്ന പേജുകളിൽ എഴുതപ്പെട്ട കേസ് ഫയലുകൾ പഠിക്കാൻ ഇംഗ്ലീഷിലേക്ക് മൊഴിമാറ്റം ചെയ്യുന്നതിൽ അടക്കം വീഴ്‌ച്ച സംഭവിച്ചു. ഇംഗ്ലീഷിലേക്ക് തർജ്ജമ ചെയ്യുന്നതിൽ അടക്കം വീഴ്‌ച്ചകൾ സംഭവിക്കുകായിരുന്നു. പുതുതായി നിയമിച്ച അഭിഭാഷകന് സാധിക്കില്ലെന്നും ദൃക് സാക്ഷികളില്ലാതെ സാഹചര്യ തെളിവുകളുടെ പിൻബലത്തിൽ മാത്രം വാദിക്കുന്ന സാഹചര്യത്തിൽ പുതുതായി നിയമിക്കപ്പെടുന്ന അഭിഭാഷകന് ഗോവിന്ദച്ചാമിയെ കുറ്റക്കാരനായി എത്രത്തോളം സുപ്രീംകോടതിയെ ബോധിപ്പിക്കാൻ സാധിക്കുമെന്നും ആശങ്കയുണ്ടായിരുന്നു. അതേസമയം പ്രഗത്ഭനായ വ്യക്തിയെ തന്നെയായരുന്നു കേസ് ഏൽപ്പിച്ചതും.

തോമസ് പി ജോസഫ് മാറാട് കേസിലെ കമ്മീഷനും ഹൈക്കോടതി ജഡ്ജിയുമായിരുന്നു. ഏറ്റവും നന്നായി കേസ് നടത്തുമെന്നായിരുന്നു ധാരണ. എന്നാൽ. കേസ് നടത്തിപ്പിൽ പ്രോസിക്യൂഷൻ അഭിഭാഷകനായ തോമസ് പി ജോസഫിന് വീഴ്‌ച്ച സംഭവിച്ചുവെന്നാണ് പൊതുവിലയിരുത്തൽ. കീഴ്‌ക്കോടതികളിൽ ചൂണ്ടിക്കാട്ടിയ വസ്തുതകളെല്ലാം പ്രോസിക്യൂഷൻ സുപ്രീംകോടതിയിലും ഉന്നയിക്കാൻ സാധിച്ചില്ല. സൗമ്യയെ ട്രെയിനിൽ നിന്നും ഗോവിന്ദച്ചാമി തള്ളിയിട്ടെന്ന വാദത്തിനും കൊലപ്പെടുത്തിയെന്ന വാദത്തിനും ശാസ്ത്രീയമായ തെളിവുകൾ നിരത്തുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടു.

നിഷെ ശങ്കർ രാജൻ, സികെ പ്രകാശ് എന്നിവരെയാണ് കേസിൽ സഹായിക്കാനായി കേരളത്തിൽ നിന്നും നിയോഗിച്ചിരുന്നത്. കീഴ്‌ക്കോടതിയിലും ഹൈക്കോടതിയിലും കേസ് വാദിച്ച അഡ്വ സുരേശനെ ഉൾപ്പെടുത്താൻ ശ്രമിച്ചെങ്കിലും അതിന് സാധിക്കാതെ വന്നു. സാക്ഷികളില്ലാത്ത കേസിൽ സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തിലാണ് കീഴ്‌ക്കോടതി പ്രതിയെ ശിക്ഷിച്ചത്. ദൃക്‌സാക്ഷികളില്ലാത്ത കേസിൽ സാഹചര്യത്തെളിവുകൾ മാത്രം പരിഗണിക്കുമ്പോൾ സംശയത്തിന്റെ ആനുകൂല്യം ലഭിക്കുകയായിരുന്നു ഗോവിന്ദച്ചാമിക്ക്.

പ്രതി ഗോവിന്ദച്ചാമി ഒറ്റക്കൈയനായതിനാൽ സൗമ്യയെ തള്ളിയിടാനും തലയ്ക്കടിക്കാനുമാവില്ലെന്നായിരുന്നു വിചാരണക്കോടതിയിലും സുപ്രീംകോടതിയിലും പ്രതിഭാഗം വാദിച്ചത്. എന്നാൽ, മോഷണ ശ്രമത്തിനിടെ ലൈംഗികതാത്പര്യമുണ്ടായപ്പോൾ സൗമ്യയെ ട്രെയിനിൽ നിന്ന് തള്ളി താഴെയിട്ട് മാനഭംഗപ്പെടുത്തിയെന്ന് തൃശൂർ മെഡിക്കൽ കോളേജിലെ ഫോറൻസിക് സർജൻ ഹിതേഷ് ശങ്കറിനോട് പ്രതി കുറ്റസമ്മതം നടത്തിയിരുന്നു. സൗമ്യയുടെ ശരീരത്തിലെ മുറിവുകളും വീണ സ്ഥലവും പരിശോധിച്ചപ്പോൾ ട്രെയിനിൽ നിന്ന് ചാടിയതല്ലെന്നും, തള്ളിയിട്ടതിന് സമാനമാണെന്നും ഫോറൻസിക് റിപ്പോർട്ടുണ്ടായിരുന്നു. ഇക്കാര്യങ്ങൾ സുപ്രീംകോടതിയെ ബോദ്ധ്യപ്പെടുത്താനാവാഞ്ഞതാണ് തിരിച്ചടി നേരിട്ടത്.

ഗോവിന്ദച്ചാമിയുടെ വലതുകൈയുടെ ശക്തി ശാസ്ത്രീയമായി തെളിയിച്ച തൃശൂർ മെഡിക്കൽകോളേജിലെ ഡോക്ടർമാരുടെ റിപ്പോർട്ടും ലൈംഗികശേഷി പരിശോധനാഫലും വേണ്ടരീതിയിൽ അവതരിപ്പിച്ചില്ലെന്നും തള്ളിയിട്ടതാകാനാണ് കൂടുതൽ സാധ്യതയെന്ന് തെളിവുകൾ നിരത്തി വ്യക്തമാക്കുന്ന ഫോറൻസിക് റിപ്പോർട്ടിനെ കോടതിയുടെ ശ്രദ്ധയിൽപ്പെടുത്താനായില്ലെന്നതും വൻ തിരിച്ചടിയായി.

സൗമ്യ യാത്രചെയ്തിരുന്ന ഷൊർണൂർ പാസഞ്ചറിന്റെ മൂന്നാം ബോഗിയിൽ ഗോവിന്ദച്ചാമിയുടെ ഷർട്ടിന്റെ ബട്ടൻസും സൗമ്യയുടെ ഹെയർപിന്നും കണ്ടെത്തിയത് ട്രെയിനിനുള്ളിൽ സൗമ്യ ആക്രമിക്കപ്പെട്ടതിന്റെ തെളിവായിരുന്നു. ഇതേ ബോഗിയിൽ ഗോവിന്ദച്ചാമിയെ കണ്ടെന്ന് ഷൊർണൂർ സ്വദേശി കെ.പി. സന്തോഷിന്റെ സാക്ഷി മൊഴിയുമുണ്ട്. ഗോവിന്ദച്ചാമിയുടെ നെഞ്ചിലും മുതുകത്തും സൗമ്യ മാന്തിപ്പറിച്ച പാടുകളുണ്ടായിരുന്നു.

സൗമ്യയുടെ ശരീരത്തിൽ നിന്ന് ഫോറൻസിക് പരിശോധനയിൽ കണ്ടെടുത്ത സ്രവങ്ങളും പുരുഷബീജവും മുടിയും നഖപ്പാടുകളും തൊലിയും ഗോവിന്ദച്ചാമിയുടേതാണെന്ന് തെളിയിക്കുന്ന ഡി.എൻ.എ പരിശോധനാഫലവുമുണ്ടായിരുന്നു. എന്നാൽ ഈ തെളിവുകളൊന്നും ശരിക്കും ബോധ്യപ്പെടുത്താൻ പ്രോസിക്യൂഷന് കഴിഞ്ഞില്ല. അന്വേഷണ സംഘത്തിന്റെ ഭാഗത്തു നിന്നുണ്ടായ വീഴ്‌ച്ച തന്നെയായിരുന്നു ഇതിന് കാരണവും.

ഗോവിന്ദചാമിക്കെതിരെ ആരോപിക്കപ്പെട്ട കുറ്റങ്ങൾ ബലാൽസംഗം, കൊലപാതകം, കളവ് എന്നിവയാണ്. സൗമ്യയെ ബലാൽസംഗം ചെയ്തതിനും കളവ് നടത്തിയതിനുമുള്ള തെളിവ് കോടതിക്ക് ബോധ്യപ്പെട്ടു. എന്നാൽ, കൊല നടത്തിയെന്ന വാദങ്ങൾക്ക് ദുർബലമായ തെളിവുകളാണെന്നാണ് കോടതി നിരീക്ഷിച്ചത്. സൗമ്യയെ ട്രെയിനിൽ നിന്നും തള്ളിയിട്ട് കല്ല് കൊണ്ട് തലയ്കടിച്ചു എന്നാണ് പൊലീസ് കേസ്. മരണ കാരണം കല്ലുകൊണ്ടുണ്ടായ മുറിവാണെന്നും ശാസ്ത്രീയമായി തെളിയിക്കാൻ പ്രോസിക്യൂഷനാകേണ്ടതാണ്. ഇവിടെയാണ് പ്രോസിക്യൂനും പൊലീസും പരാജയമായത്.

സൗമ്യ വധക്കേസിലെ കീഴ്‌ക്കോടതി വിധികൾ മാദ്ധ്യമങ്ങളുടെ ഇടപെടൽ കൂടി ഉൾപ്പെട്ടതായിരുന്നു എന്ന വികാരവും സുപ്രീംകോടതി കണക്കിലെടുത്തു എന്ന് വേണം കരുതാൻ. കേരളത്തിന് അപ്പുറത്തേക്ക് കേസ് എത്തിയപ്പോൾ തെളിവുകളിന്മേൽ സൂക്ഷ്മമായ പരിശോധന കോടതി നടത്തി. പ്രോസിക്യൂഷനാകട്ടെ ഇക്കാര്യത്തിൽ കടുത്ത വീഴ്‌ച്ചയും സംഭവിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP