Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മുത്തലാഖ് ഏറ്റവും നീചമായ വിവാഹമോചന രീതിയെന്നു സുപ്രീംകോടതി; പല മുസ്ലിം രാജ്യങ്ങളിലും നിരോധിച്ചിട്ടുള്ളതും ചൂണ്ടിക്കാട്ടി ഭരണഘടനാ ബെഞ്ച്; മുത്തലാഖിന്റെ നിയമസാധുത മാത്രം അന്വേഷിക്കുന്ന സുപ്രീം കോടതി ബഹുഭാര്യത്വവിഷയം പരിഗണിക്കില്ല

മുത്തലാഖ് ഏറ്റവും നീചമായ വിവാഹമോചന രീതിയെന്നു സുപ്രീംകോടതി; പല മുസ്ലിം രാജ്യങ്ങളിലും നിരോധിച്ചിട്ടുള്ളതും ചൂണ്ടിക്കാട്ടി ഭരണഘടനാ ബെഞ്ച്; മുത്തലാഖിന്റെ നിയമസാധുത മാത്രം അന്വേഷിക്കുന്ന സുപ്രീം കോടതി ബഹുഭാര്യത്വവിഷയം പരിഗണിക്കില്ല

ന്യൂഡൽഹി: മൂന്നുപ്രാവിശ്യം തലാഖ് ചൊല്ലി വിവാഹമോചനം നേടുന്ന മുത്താലാഖ് ഏറ്റവും മോശമായ വിവാഹമോചന രീതിയാണെന്ന് സുപ്രീംകോടതി. ഏറ്റവും അനഭികാമ്യമായ വിവാഹമോചനരീതിയാണ് ഇതെന്നും കോടതി നിരീക്ഷിച്ചു. പല മുസ്ലിം രാജ്യങ്ങളിലും ഇത് നിരോധിച്ചിട്ടുള്ളതും ഭരണഘടനാ ബെഞ്ച് ചൂണ്ടിക്കാട്ടി. മുത്തലാഖ് വിഷയം പരിഗണിക്കവേയാണ് സുപ്രീംകോടതിയിൽനിന്ന് ഈ പരാമർശം ഉണ്ടായത്. കേസിൽ വാദം തുടരുകയാണ്. മുത്തലാഖിന് ഭരണഘടനാ സാധുത ഉണ്ടെന്ന കാര്യം മാത്രമാണ് ചീഫ് ജസ്റ്റിസ് ജെ.എസ്. കേഹാർ അധ്യക്ഷനായ ഭരണഘടനാ ബഞ്ച് പരിഗണിക്കുന്നത്.

മുത്തലാഖ് ഇസ്ലാം മതത്തിന്റെ ടിസ്ഥാനപ്രമാണങ്ങളിൽപ്പെട്ടതാണോയെന്നും നിയമപ്രകാരം നടപ്പാക്കാവുന്ന മൗലികാവകാശത്തിന്റെ ഭാഗമാണോയെന്നും പരിശോധിക്കുമെന്ന് സുപ്രീംകോടതി ഇന്നലെ വ്യക്തമാക്കിയിരുന്നു. മുസ്ലിങ്ങൾക്കിടയിലെ മുത്തലാഖ്, നിക്കാഹ് ഹലാല എന്നിവയുമായി ബന്ധപ്പെട്ട ഹർജികളാണ് ഭരണഘടനാ ബെഞ്ച് പരിഗണിക്കുന്നത്. വ്യാഴാഴ്ചയാണ് വാദം ആരംഭിച്ചത്.

മുത്തലാഖ്, നിക്കാഹ് ഹലാല എന്നിവയുടെ ഭരണഘടനാ സാധുതയാണ് ആദ്യം പരിശോധിക്കുന്നതെന്ന് ഭരണഘടനാ ബെഞ്ച് വ്യക്തമാക്കിയിരുന്നു. മുത്തലാഖുമായി ബന്ധമില്ലാത്തതിനാൽ ബുഹുഭാര്യത്വം പരിഗണനയ്‌ക്കെടുക്കില്ല. മുത്തലാഖ് ഇസ്ലാം മതത്തിന്റെ അടിസ്ഥാന പ്രമാണത്തിന്റെ ഭാഗമാണെന്ന് ബോധ്യമായാൽ തുടർന്ന് അതിന്റെ ഭരണഘടനാ സാധുത ചോദ്യംചെയ്യില്ലെന്നും കോടതി വ്യക്തമാക്കി.

ചീഫ് ജസ്റ്റിസ് കേഹാറിനു പുറമേ ജഡ്ജിമാരായ കുര്യൻ ജോസഫ്, യു.യു. ലളിത്, ആർ.എഫ്. നരിമാൻ, അബ്ദുൾ നസീർ എന്നിവരാണ് ഭരണഘടനാ ബെഞ്ചിലെ മറ്റംഗങ്ങൾ. മുത്തലാഖിനെ എതിർക്കുന്നവർക്കും അനുകൂലിക്കുന്നവർക്കും വാദങ്ങളുന്നയിക്കാൻ രണ്ടുദിവസം ലഭിക്കും. മുത്തലാഖിന്റെ നിയമസാധുതയെമാത്രം കേന്ദ്രീകരിച്ചായിരിക്കണം വാദങ്ങൾ. ഇരുഭാഗത്തിനും പറയാനുള്ളതെല്ലാം പറയാം. പറയുന്ന കാര്യങ്ങളിൽ ആവർത്തനമുണ്ടാകരുത്. വാദങ്ങൾ ആവർത്തിക്കുന്ന അഭിഭാഷകനെ വിലക്കുമെന്നും ബെഞ്ച് അറിയിച്ചു.

'മുസ്ലിം സ്ത്രീകളുടെ സമത്വത്തിനുവേണ്ടിയുള്ള ദാഹം' എന്നപേരിൽ ലഭിച്ച പരാതിയിൽ സുപ്രീംകോടതി സ്വമേധയാ കേസെടുക്കുകയും ഭരണഘടനാ ബെഞ്ച് രൂപീകരിച്ച് വാദം കേൾക്കാൻ തീരുമാനിക്കുകയുമായിരുന്നു. വിവാഹമോചനത്തിന്റെ പേരിലോ ഭർത്താവിന്റെ ഇതരവിവാഹബന്ധം വഴിയോ മുസ്ലിം സ്ത്രീകൾ ലിംഗവിവേചനം അനുഭവിക്കുന്നുണ്ടോയെന്നാണ് കോടതി പരിശോധിക്കുന്നത്. പരിഗണിക്കുന്നവയിൽ അഞ്ച് മുസ്ലിം സ്ത്രീകളും ഖുറാൻ സുന്നത്ത് സൊസൈറ്റിയും നൽകിയ ഹർജികളും ഉൾപ്പെടുന്നു.

മുത്തലാഖ് ഇസ്ലാം മതവിശ്വാസമനുസരിച്ച് മൗലികാവകാശമല്ലെന്നും അതിനാൽ നിരോധിക്കണമെന്നും പരാതിക്കാരിയായ സൈറ ബനോയ്ക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ അമിത് സിങ് ഛദ്ദ വാദിച്ചു. പാക്കിസ്ഥാൻ, ബംഗ്ലാദേശ് ഉൾപ്പെടെയുള്ള മുസ്ലിം രാജ്യങ്ങളിൽ മുത്തലാഖ് നിരോധിച്ചിരിക്കുകയാണെന്നും അദ്ദേഹം വാദിച്ചു. വിവിധ മുസ്ലിം രാജ്യങ്ങളിൽ നിലവിലുള്ള നിയമങ്ങൾ പരിശോധിക്കാമെന്ന് ബെഞ്ച് പറഞ്ഞു.

നീതിന്യായ സംവിധാനത്തിനു പുറത്ത് വിവാഹമോചനം അനുവദിക്കുകയാണെങ്കിൽ അതിന്റെ പ്രത്യാഘാതങ്ങൾ കോടതി മുൻകൂട്ടി കാണണമെന്ന് മറ്റൊരു പരാതിക്കാരിക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷക ഇന്ദിര ജെയ്‌സിങ് ബോധിപ്പിച്ചു.

ഇരുപാർട്ടികൾക്കുമിടയിൽ അനുരഞ്ജനശ്രമങ്ങൾ നടക്കാതെ മുത്തലാഖ് പൂർണമാകില്ലെന്ന് കേസിൽ കോടതിയെ സഹായിക്കുന്ന മുൻ കേന്ദ്രമന്ത്രിയും മുതിർന്ന അഭിഭാഷകനുമായ സൽമാൻ ഖുർഷിദ് പറഞ്ഞു. ഇതൊരു വിവാദവിഷയമല്ല. തലാഖിന് സാധുതനൽകുന്ന ഒരു വിധിനിർണയവും ഇതുവരെ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം ബോധിപ്പിച്ചു.

മുത്തലാഖ് വിവാദവിഷയമല്ലെന്ന വാദത്തോട് ഓൾ ഇന്ത്യ മുസ്ലിം പേഴ്‌സണൽ ലോ ബോർഡിനുവേണ്ടി ഹാജരായ മുൻകേന്ദ്രമന്ത്രിയും മുതിർന്ന അഭിഭാഷകനുമായ കപിൽ സിബൽ യോജിച്ചു. വിവേകമതിയായ ഒരു മുസ്ലിമും ഒരു സുപ്രഭാതത്തിൽ മൂന്നുതവണ തലാഖ് പറയില്ലെന്ന് സിബൽ വാദിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP