Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കോടതിയോടും ധാർഷ്ട്യം കാണിച്ച അനുരാഗ് ഠാക്കൂർ ക്ലീൻ ബൗൾഡായി; ബിസിസിഐ അധ്യക്ഷനെ പുറത്താക്കി സുപ്രീംകോടതി ഉത്തരവ്; കോടതിയിൽ വ്യാജ സത്യവാങ്മൂലം സമർപ്പിച്ചതിന് ഷോക്കോസ് നോട്ടീസ് നൽകി; പുതിയ ഭരണകമ്മിറ്റിയെ കോടതി നിശ്ചയിക്കും; രാജ്യത്തെ ഏറ്റവും പണക്കൊഴുപ്പുള്ള സംഘടന അഡ്‌മിനിസ്ട്രേറ്റീവ് ഭരണത്തിലേക്ക്

കോടതിയോടും ധാർഷ്ട്യം കാണിച്ച അനുരാഗ് ഠാക്കൂർ ക്ലീൻ ബൗൾഡായി; ബിസിസിഐ അധ്യക്ഷനെ പുറത്താക്കി സുപ്രീംകോടതി ഉത്തരവ്; കോടതിയിൽ വ്യാജ സത്യവാങ്മൂലം സമർപ്പിച്ചതിന് ഷോക്കോസ് നോട്ടീസ് നൽകി; പുതിയ ഭരണകമ്മിറ്റിയെ കോടതി നിശ്ചയിക്കും; രാജ്യത്തെ ഏറ്റവും പണക്കൊഴുപ്പുള്ള സംഘടന അഡ്‌മിനിസ്ട്രേറ്റീവ് ഭരണത്തിലേക്ക്

ന്യൂഡൽഹി: കോടതിയോടും ധാർഷ്ട്യം കാണിച്ച ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് (ബിസിസിഐ) പ്രസിഡന്റ് അനുരാഗ് ഠാക്കൂർ 'ക്ലീൻ ബൗൾഡായി'. ഠാക്കൂറിനെയും സെക്രട്ടറി അജയ് ഷിർകകെയെയും സുപ്രീം കോടതി പുറത്താക്കി. വ്യാജസത്യവാങ്മൂലം സമർപ്പിച്ചതിനെ തുടർന്നാണ് കോടതി നടപടി. അനുരാഗ് ഠാക്കൂർ വ്യാജ സത്യവാങ്മൂലം നൽകിയെന്നും ക്ഷമാപണം നടത്തിയില്ലെങ്കിൽ ജയിലിൽ പോകേണ്ടിവരുമെന്നും സുപ്രീം കോടതി മുന്നറിയിപ്പ് നൽകിയിരുന്നു.

ഇതിനു പിന്നാലെയാണ് നടപടി. ജസ്റ്റിസ് ലോധ സമിതി ശുപാർശകൾ ബിസിസിഐയിൽ നടപ്പാക്കുന്നതു സംബന്ധിച്ച വാദങ്ങൾക്കിടെയാണു ഠാക്കൂറിനെതിരെ ഗുരുതര പരാമർശങ്ങൾ കോടതി നടത്തിയത്. ബിസിസിഐയുടെ സാമ്പത്തിക ഇടപാടുകൾ പരിശോധിക്കാൻ കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറലിനെ (സിഎജി) നിയമിക്കണമെന്ന സമിതി ശുപാർശയ്‌ക്കെതിരെ രാജ്യാന്തര ക്രിക്കറ്റ് സമിതിയുടെ (ഐസിസി) കത്ത് ആവശ്യപ്പെട്ടതാണു ഠാക്കൂറിനെ വെട്ടിലാക്കിയത്.

ഐസിസി സിഇഒ: ഡേവ് റിച്ചാർഡ്‌സണിൽനിന്നു താൻ അത്തരമൊരു കത്ത് ആവശ്യപ്പെട്ടിട്ടില്ലെന്ന സത്യവാങ്മൂലം ഠാക്കൂർ കോടതിയിൽ സമർപ്പിച്ചിരുന്നു. എന്നാൽ, കത്ത് ആവശ്യപ്പെട്ടുവെന്ന് ഐസിസി ചെയർമാൻ ശശാങ്ക് മനോഹർ നടത്തിയ വെളിപ്പെടുത്തലാണു ഠാക്കൂറിനെ കുടുക്കിയത്. സിഎജി നിയമനം ബാഹ്യ ഇടപെടലാണെന്നും അതുവഴി ബോർഡിന് ഐസിസിയുടെ അംഗീകാരം നഷ്ടപ്പെടുമെന്നും ചൂണ്ടിക്കാട്ടിയുള്ള കത്ത് എഴുതാൻ ഠാക്കൂർ തന്നോട് ആവശ്യപ്പെട്ടുവെന്നു ശശാങ്ക് വ്യക്തമാക്കിയിരുന്നു.

ബിസിസിഐ ഭരണസമിതിയെ പിരിച്ചുവിട്ടതിനെത്തുടർന്ന് പുതിയ ഭരണ സമിതിയെ നിയമിക്കണം എന്നും കോടതി നിർദ്ദേശിച്ചു. ലോധ കമ്മിറ്റി നിർദ്ദേശങ്ങൾ നടപ്പിലാക്കാത്തതിന് ബിസിസിഐയ്ക്ക് സുപ്രീം കോടതി പലതവണ മുന്നറിയിപ്പുകൾ കൊടുത്തിരുന്നു. ഇത് അവഗണിച്ചതാണ് കടുത്ത നടപടിക്ക് കാരണം.

ലോധ കമ്മിറ്റി നിർദ്ദേശങ്ങൾ പാലിക്കാത്ത ബിസിസിഐയിലേയും സംസ്ഥാന അസോസിയേഷനുകളിലെയും എല്ലാ ഉദ്യോഗസ്ഥരും സ്ഥാനമൊഴിയണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ബിസിസിഐയെ വരച്ച വരയിൽ നിർത്താനറിയാം, കോടതി ഉത്തരവ് അവഗണിച്ച അനുരാഗ് ഠാക്കൂറിനെതിരെ നടപടിയെടുക്കും തുടങ്ങിയ രൂക്ഷമായ പരാമർശങ്ങളാണ് കോടതിയുടെ ഭാഗത്തുനിന്നുണ്ടായത്. അനുരാഗ് ഠാക്കൂർ ഇന്നുതന്നെ ഓഫീസ് ഒഴിയണമെന്നും സുപ്രീംകോടതി നിർദ്ദേശിച്ചിട്ടുണ്ട്.

ഫാലി എസ്. നരിമാനെയും ഗോപാൽ സുബ്രഹ്മണ്യത്തെയും അമിക്കസ് ക്യൂറിയായി കോടതി നിയമിച്ചിട്ടുണ്ട്. ഇവരാകും പുതിയ ഭരണസമിതിയെ നിർദ്ദേശിക്കുക. കേസ് ജനുവരി 19ന് വീണ്ടും പരിഗണിക്കും. എഴുപത് വയസ്സിനുമേൽ പ്രായമുള്ളവർ, മന്ത്രിമാർ, സർക്കാർ ജീവനക്കാർ, ശിക്ഷിക്കപ്പെട്ടിട്ടുള്ളവർ, തുടർച്ചയായി ഒമ്പത് വർഷം ഭാരവാഹികൾ ആയവർ എന്നിവരെ ഭരണസമിതിയിൽ ഉൾപ്പെടുത്തരുതെന്നും കോടതി നിർദ്ദേശിച്ചു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP