Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പിണറായിക്ക് തോൽവി; സെൻകുമാറിന് വിജയവും; ടിപി സെൻകുമാറിനെ സംസ്ഥാന പൊലീസ് മേധാവിയാക്കാൻ സുപ്രീംകോടതിയുടെ ഉത്തരവ്; ജിഷാ-പുറ്റിങ്ങൽ കേസുകൾ ഡിജിപിയെ മാറ്റാൻ മതിയായ കാരണമല്ലെന്ന് കോടതി നിരീക്ഷണം; ലക്ഷങ്ങൾ ഫീസു വാങ്ങുന്ന ഹരീഷ് സാൽവെയുടെ വാദവും പിണറായി സർക്കാരിന് തുണയായില്ല

പിണറായിക്ക് തോൽവി; സെൻകുമാറിന് വിജയവും; ടിപി സെൻകുമാറിനെ സംസ്ഥാന പൊലീസ് മേധാവിയാക്കാൻ സുപ്രീംകോടതിയുടെ ഉത്തരവ്; ജിഷാ-പുറ്റിങ്ങൽ കേസുകൾ ഡിജിപിയെ മാറ്റാൻ മതിയായ കാരണമല്ലെന്ന് കോടതി നിരീക്ഷണം; ലക്ഷങ്ങൾ ഫീസു വാങ്ങുന്ന ഹരീഷ് സാൽവെയുടെ വാദവും പിണറായി സർക്കാരിന് തുണയായില്ല

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ക്രമസമാധാന ചുമതലയുള്ള ഡിജിപി സ്ഥാനത്തുനിന്ന നീക്കിയതിനെതിരെ ടിപി സെൻകുമാർ സമർപ്പിച്ച ഹർജിയിൽ സംസ്ഥാന സർക്കാരിന് കടുത്ത തിരിച്ചടി. സെൻകുമാറിനെ പൊലീസ് മേധാവിയാക്കാൻ സുപ്രീംകോടതി നിർദ്ദേശിച്ചു. മതിയായ കാരണമില്ലാതെയാണ് സെൻകുമാറിനെ സ്ഥലം മാറ്റിയത്. പുറ്റിങ്ങൽ കേസും ജിഷാ വധക്കേസും പുറത്താക്കാൻ മതിയായ ന്യായീകരണമില്ലെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. ജസ്റ്റിസ് മദൻ ബി ലോക്കൂർ, ദീപക് ഗുപ്ത എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. അധ്യക്ഷനായ മദൻ ബി ലോക്കൂർ ആണ് വിധി പ്രസ്താവിച്ചത്. കേസിൽ കഴിഞ്ഞയാഴ്ച വാദം പൂർത്തിയായിരുന്നു. ടി.പി. സെൻകുമാറിന് ഇനി രണ്ടുമാസമേ സർവീസ് കാലാവധിയുള്ളു. ഈ രണ്ടു മാസം സെൻകുമാറിന് പൊലീസ് മേധാവിയാകാൻ കഴിയും.

ജിഷക്കേസ്, പുറ്റിങ്ങൽ കേസുകൾ ഉന്നയിച്ച് സെൻകുമാറിനെ മാറ്റിയ നടപടി ശരിയല്ലെന്ന് കോടതി വ്യക്തമാക്കി. സർക്കാർ ഉത്തരവ് ശരിവെച്ച ഹൈക്കോടതി വിധി റദ്ദാക്കി. സെൻകുമാറിനെ മാറ്റാൻ സർക്കാർ ചൂണ്ടിക്കാട്ടിയ കാരണങ്ങൾ കോടതി തള്ളി. സർക്കാർ നീതിയുക്തമായല്ല പെരുമാറിയതെന്നും അതുകൊണ്ട് തന്നെ ഹൈക്കോടതിയുടേയും ട്രിബ്യൂണലിന്റേയും ഉത്തരവ് റദ്ദാക്കുന്നതിൽ വിയോജിപ്പില്ലെന്ന് കോടതി പറഞ്ഞു. അതു കൊണ്ട് ക്രമസമാധാന ചുമതലയുള്ള പൊലീസ് മേധാവി സ്ഥാനം സെൻകുമാറിന് തിരിച്ച് നൽകണമെന്നും കോടതി ഉത്തരവിടുകയായിരുന്നു. സർക്കാരിന്റെ അനിഷ് ടത്തെ തുടർന്ന് ഒഴിവാക്കിയ അതേ കസേരയിലേക്ക് സെൻകുമാർ തിരിച്ചെത്തുന്നു എന്നതാണ് വിധിയുടെ ഏറ്റവും വലിയ പ്രാധാന്യം.

ഈ കേസിൽ വാദത്തിന് മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെയാണു സർക്കാരിനു വേണ്ടി സുപ്രീംകോടതിയിൽ ഹാജരായത്. പൊലീസ് ഉദ്യോഗസ്ഥന്റെ പ്രവർത്തികളിൽ ജനത്തിനു അതൃപ്തിയുണ്ടായാൽ പൊലീസ് നിയമത്തിലെ 97 പ്രകാരം മാറ്റാൻ സർക്കാരിനു അധികാരമുണ്ട്. ജിഷാകേസിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻപോലും കാലതാമസം വരുത്തിയ പൊലീസ് ഉദ്യോഗസ്ഥരെ സെൻകുമാർ സംരക്ഷിക്കാൻ ശ്രമിച്ചു. പുറ്റിങ്ങൽ അപകടത്തിൽ പൊലീസിന്റെ ഭാഗത്ത് ഗുരുതരവീഴ്ചയുണ്ടായി. കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കുന്നതിനു പകരം കൊല്ലം ജിലാഭരണക്കൂടത്തെ പഴിചാരാനാണു സെൻകുമാർ ശ്രമിച്ചതെന്നും സർക്കാർ വാദിച്ചു.

നിയമനം നൽകി രണ്ടുവർഷത്തേക്ക് സ്ഥലംമാറ്റരുതെന്ന പ്രകാശ് സിങ് കേസിലെ നിർദ്ദേശം സെൻകുമാറിന്റെ കാര്യത്തിൽ ബാധകമല്ലെന്നും സർക്കാർ കോടതിയെ അറിയിച്ചിരുന്നു. ഈ നിരീക്ഷണമാണ് കോടതി തള്ളിയത്. സ്ഥലംമാറ്റിയ നടപടി നിലവിലുള്ള സുപ്രീംകോടതി വിധികളുടെ ലംഘനമാണെന്നാണു സെൻകുമാറിന്റെ വാദം കോടതി അംഗീകരിച്ചു. ജിഷ, പുറ്റിങ്ങൽ കേസുകളിൽ വീഴ്ച വരുത്തിയിട്ടില്ല. സ്ഥലംമാറ്റുന്നതുമായി ബന്ധപ്പെട്ട പൊലീസ് നിയമത്തിലെ വകുപ്പുകൾ ഭരണഘടനാവിരുദ്ധമാണെന്നും റദ്ദുചെയ്യണമെന്നും സെൻകുമാറിന്റെ അഭിഭാഷകൻ ദുഷ്യന്ത് ദവെ ആവശ്യപ്പെട്ടു. തന്നെ ഡി.ജി.പി സ്ഥാനത്ത് നിന്ന് നീക്കിയതിനെതിരെ നൽകിയ ഹർജി കേന്ദ്ര അഡ്‌മിനിസ്ട്രേറ്റീവ് ട്രിബ്യൂണലും ഹൈക്കോടതിയും തള്ളിയതിനെ തുടർന്നാണ് സെൻകുമാർ സുപ്രീംകോടതിയെ സമീപിച്ചത്.

സെൻകുമാർ നൽകിയ ഹർജി പരിഗണിക്കുന്നതിനിടെ സർക്കാരിന് പലപ്പോഴും കോടതിയുടെ വിമർശനം ഏൽക്കേണ്ടി വന്നിരുന്നു. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് പൊലീസ് ഉദ്യോഗസ്ഥരെ മാറ്റുന്നതെങ്കിൽ സേനയിൽ ആരും ബാക്കിയുണ്ടാവില്ലെന്നായിരുന്നു ജസ്റ്റിസ് മദൻ ബി ലോക്കൂർ അദ്ധ്യക്ഷനായ ബെഞ്ചിന്റെ ഒരു വിമർശനം. ഏറ്റവും ഒടുവിൽ ജിഷ്ണുവിന്റെ അമ്മ മഹിജയുടെ നിരാഹാര സമരത്തെ തുടർന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റയെ തൽസ്ഥാനത്ത് നിന്ന് മാറ്റിയോയെന്ന് പരിഹാസരൂപേണ കോടതി ചോദിച്ചിരുന്നു. താൻ രാഷ്ട്രീയ എതിരാളിയാണെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞിട്ടുണ്ടെന്ന് സെൻകുമാർ സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു.

ജനങ്ങളുടേയും പൊലീസിന്റേയും വിശ്വാസ്യത കാക്കുന്നതിനാണ് തന്നെ ക്രമസമാധാന ചുമതലയുള്ള ഡി.ജി.പി സ്ഥാനത്ത് നിന്ന് നീക്കിയതെന്ന സർക്കാരിന്റെ വാദത്തിന് ശാസ്ത്രീയമായ അടിത്തറ ഇല്ലെന്നും സെൻകുമാർ വ്യക്തമാക്കി. ഇതെല്ലാം മുഖവിലയെടുത്താണ് കോടതിയുടെ ഉത്തരവെത്തുന്നത്. ഫലത്തിൽ സെൻകുമാറിന് ഉടൻ പൊലീസ് മേധാവി പദവി തിരിച്ചു നൽകേണ്ടി വരും. പിണറായി സർക്കാർ അധികാരമേറ്റ് രണ്ടുദിവസത്തിനകം തന്നെ, ഡിജിപി സ്ഥാനത്തുനിന്ന് മാറ്റാൻ കാരണം സിപിഐഎമ്മിന് തന്നോടുള്ള രാഷ്ട്രീയ വൈരാഗ്യമാണെന്നാണ് സെൻകുമാർ ഹർജിയിൽ ആരോപിച്ചിരുന്നത്. എ

സുപ്രിം കോടതി വിധി സെൻകുമാറിന് അനുകൂലമായത് സർക്കാരിനുള്ള വൻ തിരിച്ചടിയാണ്. കേസിന്റെ വിചാരണ വേളയിൽ സർക്കാരിനെതിരെ നിരവധി വിമർശനങ്ങൾ കോടതി ഉന്നയിച്ചിരുന്നു. പൊലീസിന്റെ വീഴ്ച പരിഗണിച്ചാണ് സെൻകുമാറിനെ മാറ്റിയതെങ്കിൽ, ജിഷ്ണുവിന്റെ അമ്മ മഹിജ നടത്തിയ സമരത്തെ തുടർന്ന് ഡിജിപിയെ മാറ്റിയോ എന്ന് കോടതി പരിഹസിച്ചിരുന്നു. പുറ്റിങ്ങൽ കേസ് അന്വേഷണത്തിൽ ഡിജിപിയായിരുന്ന സെൻകുമാറിന് വീഴ്ചയുണ്ടായതായി ആഭ്യന്തര വകുപ്പ് സെക്രട്ടറിയായിരുന്ന ഇപ്പോഴത്തെ ചീഫ് സെക്രട്ടറി നളിനി നെറ്റോ സർക്കാരിന് റിപ്പോർട്ട് നൽകിയിരുന്നു. അതിനാൽ കേസിലെ വിധി നളിനി നെറ്റോയ്ക്കും നിർണായകമാണ്. നളിനി നെറ്റോയും സെൻകുമാറും തമ്മിലെ ഇഗോ ക്ലാഷാണ് പ്രശ്‌നത്തിന് കാരണമെന്ന് വിലയിരുത്തലുകളുണ്ടായിരുന്നു. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൾ സെക്രട്ടറിയായിരിക്കെ നളിനി നെറ്റോ നടത്തിയ ഇടപെടലാണ് സെൻകുമാറിന്റെ മാറ്റത്തിന് കാരണമെന്ന് സൂചനകളുണ്ടായിരുന്നു.

ഡിജിപിയായി നിയമിക്കപ്പെടുന്നവർക്ക് രണ്ടുകൊല്ലം തുടർച്ചയായി കാലാവധി ലഭിക്കുമെന്ന് ഉറപ്പു വരുത്തണമെന്ന് 2006 ൽ പ്രകാശ്സിങ് കേസിൽ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ഇതനുസരിച്ച് തനിക്ക് കാലാവധി നീട്ടിനൽകണമെന്ന് സെൻകുമാർ കോടതിയിൽ ആവശ്യപ്പെട്ടിരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP