Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആരോഗ്യമന്ത്രിക്ക് ഇനി രാജിവയ്‌ക്കേണ്ട; മന്ത്രി കെ കെ ശൈലജയ്ക്ക് എതിരായ സിംഗിൾ ബഞ്ച് പരാമർശം ഡിവിഷൻ ബഞ്ച് നീക്കി; ബാലാവകാശ കമ്മീഷൻ കേസിൽ ശൈലജ കക്ഷിയല്ലെന്നും കോടതി

ആരോഗ്യമന്ത്രിക്ക് ഇനി രാജിവയ്‌ക്കേണ്ട; മന്ത്രി കെ കെ ശൈലജയ്ക്ക് എതിരായ സിംഗിൾ ബഞ്ച് പരാമർശം ഡിവിഷൻ ബഞ്ച് നീക്കി; ബാലാവകാശ കമ്മീഷൻ കേസിൽ ശൈലജ കക്ഷിയല്ലെന്നും കോടതി

കൊച്ചി: ബാലാവകാശ കമ്മീഷൻ കേസിൽ ആരോഗ്യമന്ത്രി കെകെ ശൈലജയ്‌ക്കെതിരായ സിംഗിൾ ബഞ്ച് പരാമർശം ഹൈക്കോടതി ഡിവിഷൻ ബഞ്ച് നീക്കി.  മന്ത്രി കേസിൽ കക്ഷിയല്ലെന്നും ഡിവിഷൻ ബഞ്ച് വ്യക്തമാക്കി. മന്ത്രിയെ കേൾക്കാതെയാണ് സിംഗിൾ ബെഞ്ച് പരാമർശം നടത്തിയതെന്നും കോടതി പറഞ്ഞു. സിംഗിൾ ബെഞ്ചിന്റെ പരാമർശങ്ങൾ ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ചാണ് നീക്കിയത്. കേസുമായി ബന്ധപ്പെട്ട് മറ്റ് അപ്പീലുകൾ കോടതി നാളെ പരിഗണിക്കും എങ്കിലും മറ്റ് അപ്പീലുകളെ ഇത് ബാധിക്കില്ലെന്നും കോടതി വ്യക്തമാക്കി.

കേസിൽ മന്ത്രി കക്ഷിയല്ലെന്ന് നിരീക്ഷിച്ച ഹൈക്കോടതി വ്യക്തിയുടെ അസാന്നിധ്യത്തിൽ കോടതി നടത്തിയ പരാമർശങ്ങൾ അനിവാര്യമല്ലെന്ന് ചൂണ്ടിക്കാട്ടി. തുടർന്ന് സിംഗിൾ ബെഞ്ചിന്റെ പരാമർശങ്ങൾ ഡിവിഷൻ ബെഞ്ച് നീക്കം ചെയ്തു. അതേസമയം സിംഗിൾ ബെഞ്ചിൽ നിന്നുണ്ടായ പരാമർശങ്ങൾ നീക്കണമെങ്കിൽ അവിടെ തന്നെ റിവ്യൂ ഹർജി നൽകുകയാണ് വേണ്ടതെന്ന് ഡിവിഷൻ ബെഞ്ച് ഓർമ്മിപ്പിച്ചു. അതേസമയം ബാലാവകാശ കമ്മീഷനിലേക്കുള്ള നിയമനം റദ്ദാക്കിയ സിംഗിൾ ബെഞ്ച് നടപടി നിലനിൽക്കുമെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കിയിട്ടുണ്ട്. 

ഇതോടെ ആരോഗ്യ മന്ത്രി രാജിവെക്കേണ്ടിയിരുന്ന സാഹചര്യം ഒഴിവായി. മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം മുറവിളി കൂട്ടുന്നതിനിടയിലാണ് ഹൈക്കോടതിയുടെ അനുകൂല വിധി മന്ത്രിക്ക് ലഭിച്ചത്. മന്ത്രിക്ക് താത്പര്യമുള്ളവരെ തിരികെ കയറ്റാനാണ് ബാലാവകാശ കമ്മീഷൻ നിയമനത്തിന്റെ തീയതി നീട്ടാൻ തീരുമാനിച്ചതെന്ന വാദം ശരിവെക്കുന്നതായിരുന്നു സിംഗിൾ ബഞ്ച് ഉത്തരവ്.

ഈ ഉത്തരവാണ് ഡിവിഷൻ ബഞ്ച് നീക്കിയിരിക്കുന്നത്. പീഡന കേസിൽ അടക്കം നിരവധി ക്രിമിനൽ കേസിൽ പ്രതിയായ സി.പി.എം പ്രവർത്തകനായ ടി.ബി.സുരേഷിനെ നിയമിക്കുന്നതിനാണ് ഇതെന്നായിരുന്നു കോടതിയുടെ വിലയിരുത്തൽ. ഈ പരാമർശം നീക്കണമെന്നാവശ്യപ്പെട്ടാണു മന്ത്രി ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്. നിയമനത്തിൽ രാഷ്ട്രീയ ഇടപെടലുണ്ടെന്നു കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ രണ്ടംഗങ്ങളുടെ നിയമനം ഹൈക്കോടതി റദ്ദാക്കിയിരുന്നു.

കമ്മിഷനിലെ ആറ് ഒഴിവുകളിലേക്കു കഴിഞ്ഞ നവംബർ എട്ടിനാണു സാമൂഹികനീതി വകുപ്പ് അപേക്ഷ ക്ഷണിച്ചത്. നവംബർ 30 ആയിരുന്നു അവസാന തീയതി. പിന്നീട് അവസാന തീയതി 2017 ജനുവരി 20 വരെ നീട്ടി. ഇതിനിടെ ജനുവരി 19ന് അപേക്ഷകരിലൊരാളായ കോട്ടയം സ്വദേശി ഡോ. ജാസ്മിൻ അലക്‌സ് ഹൈക്കോടതിയെ സമീപിച്ചു. സുപ്രീം കോടതിയിൽ പിഴ കെട്ടിയതിനു പിന്നാലെ ഏപ്രിൽ 29 നു സംസ്ഥാന സർക്കാർ ആറംഗങ്ങളുടെ നിയമനം നടത്തിയെങ്കിലും ഇതിൽ ടി.ബി.സുരേഷ് (വയനാട്), ശ്യാമളാ ദേവി (കാസർകോട്) എന്നിവരുടെ നിയമനമാണു കഴിഞ്ഞദിവസം ഹൈക്കോടതി റദ്ദാക്കിയത്.

ബാലാവകാശ കമ്മീഷൻ നിയമന വിവാദവുമായി ബന്ധപ്പെട്ട് പ്രതിപക്ഷം തനിക്കുനേരെ നടത്തിയത് ക്രൂരമായ ആക്രമണമായുന്നുവെന്ന ആരോഗ്യമന്ത്രി കെ.കെ. ശൈലജയും പ്രതികരിച്ചു. വിഷയത്തിൽ മന്ത്രിക്കെതിരായ പരാമർശങ്ങൾ ഹൈക്കോടതി നീക്കിയതിനോട് പ്രതികരിക്കുകയായിരുന്നു അവർ. ഒരു സ്ത്രീയാണെന്ന പരിഗണനപോലും പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്നുണ്ടായില്ലെന്നും അവർ കുറ്റപ്പെടുത്തി. പരാമർശങ്ങൾ നീക്കി കോടതിയുടെ ഭാഗത്തുനിന്നുണ്ടായത് നീതിപൂർവകമായ വിധിയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ബാലവകാശ കമ്മീഷനിലെ നിയമനം സംബന്ധിച്ച വിഷയത്തിൽ മന്ത്രിക്കെതിരെ സിംഗിൾ ബെഞ്ച് നടത്തിയ വിമർശനങ്ങൾ സംസ്ഥാന സർക്കാരിന്റെ ഹർജിയെ തുടർന്ന് ഡിവിഷൻ ബെഞ്ച് ഇന്ന് നീക്കം ചെയ്തിരുന്നു. ഇതിനോട് പ്രതികരിക്കവേയാണ് പ്രതിപക്ഷ നിലപാടിനെതിരെ മന്ത്രി രംഗത്ത് വന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP