Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഗോവിന്ദച്ചാമിക്ക് വധശിക്ഷയില്ല; സൗമ്യ കൊലക്കേസിൽ സർക്കാർ സമർപ്പിച്ച തിരുത്തൽ ഹർജി സുപ്രീം കോടതിയുടെ ചീഫ് ജസ്റ്റിസ് അടങ്ങുന്ന ആറംഗ ബെഞ്ച് തള്ളി; ഒറ്റക്കയ്യൻ ചാമിക്ക് കൊലക്കയർ ഉറപ്പാക്കാനുള്ള അവസാനശ്രമവും പാഴായ നിരാശയിൽ കേരളം; നീതിനിഷേധമെന്ന സംസ്ഥാന സർക്കാർ വാദം മുഖവിലയ്ക്കെടുത്തില്ല

ഗോവിന്ദച്ചാമിക്ക് വധശിക്ഷയില്ല; സൗമ്യ കൊലക്കേസിൽ സർക്കാർ സമർപ്പിച്ച തിരുത്തൽ ഹർജി സുപ്രീം കോടതിയുടെ ചീഫ് ജസ്റ്റിസ് അടങ്ങുന്ന ആറംഗ ബെഞ്ച് തള്ളി; ഒറ്റക്കയ്യൻ ചാമിക്ക് കൊലക്കയർ ഉറപ്പാക്കാനുള്ള അവസാനശ്രമവും പാഴായ നിരാശയിൽ കേരളം; നീതിനിഷേധമെന്ന സംസ്ഥാന സർക്കാർ വാദം മുഖവിലയ്ക്കെടുത്തില്ല

ന്യൂഡൽഹി: സൗമ്യ വധക്കേസിൽ ഗോവിന്ദച്ചാമിയുടെ കൊലക്കുറ്റം റദ്ദാക്കിയതിനെതിരെ സംസ്ഥാന സർക്കാർ നൽകിയ തിരുത്തൽ ഹർജി സുപ്രീംകോടതി തള്ളി. ചീഫ് ജസ്റ്റിസ് ജെ.എസ്. ഖേഹാറിന്റെ അധ്യക്ഷതയിലുള്ള ആറംഗ ബെഞ്ചാണ് ഹർജി തള്ളിയത്. വിധി പുനപരിശോധിക്കേണ്ട ആവശ്യമില്ലെന്നും പ്രതിക്ക് സംശയത്തിന്റെ ആനുകൂല്യം നൽകിയുമാണ് കോടതി ഹർജി തള്ളിയത്. ഇതോടെ സൗമ്യവധക്കേസിൽ പ്രതിക്ക് വധശിക്ഷ ഉറപ്പാക്കാനുള്ള സർക്കാരിന്റെ അവസാനശ്രമവും പാഴായി.

ഗോവിന്ദച്ചാമിക്കെതിരായ കൊലക്കുറ്റം റദ്ദാക്കിക്കൊണ്ട് വധശിക്ഷ ഒഴിവാക്കിയതിനെതിരെ സംസ്ഥാന സർക്കാർ നൽകിയ പുനഃപരിശോധനാ ഹർജി സുപ്രീംകോടതി തള്ളിയിരുന്നു. ഇതേത്തുടർന്നാണ് തിരുത്തൽ ഹർജിയുമായി സർക്കാർ രംഗത്തെത്തിയത്. സംശയത്തിന്റെ ആനുകൂല്യം നൽകിയാണ് വധശിക്ഷ സുപ്രീം കോടതി നേരത്തെ റദ്ദാക്കിയത്. വധശിക്ഷ നൽകിയ തൃശ്ശൂർ അതിവേഗ കോടതിയുടെ വിധിക്കെതിരെ ഗോവിന്ദച്ചാമി നൽകിയ ഹർജിയിലായിരുന്നു സുപ്രീംകോടതിയുടെ ഉത്തരവ്.

കൊലപാതകം തെളിയിക്കാൻ പ്രോസിക്യൂഷന് സാധിക്കാത്തതിനാലാണ് ബലാത്സംഗത്തിന് മാത്രമാണ് ശിക്ഷ വിധിച്ചത്. 397-ാം വകുപ്പ് പ്രകാരം മോഷണത്തിനിടെ മുറിവേൽപ്പിക്കൽ 447-ാം വകുപ്പ് പ്രകാരം അതിക്രമം തുടങ്ങിയ കേസുകളിൽ ഏതാനും മാസങ്ങളുടെ ശിക്ഷ മാത്രമെ ഗോവിന്ദച്ചാമിക്ക് കോടതി നൽകിയിട്ടുള്ളൂ.
സൗമ്യയെ ഗോവിന്ദച്ചാമി ബലാത്സംഗം ചെയ്തിട്ടുണ്ടെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ടെന്നും സൗമ്യ ട്രെയിനിൽ നിന്നും ചാടി എന്നാണ് കേസിലെ സാക്ഷിമൊഴികളെന്നും, ഊഹാപോഹങ്ങൾ കോടതിയിൽ ഉന്നയിക്കരുതെന്നും കോടതി പ്രോസിക്യൂഷനോട് വാദത്തിനിടെ പറഞ്ഞിരുന്നു. കോടതിയുടെ ചോദ്യങ്ങൾക്ക് പ്രോസിക്യൂഷന് വ്യക്തമായ മറുപടിയും ഉണ്ടായിരുന്നില്ല. ഒറ്റക്കൈയനായ ഗോവിന്ദച്ചാമിക്ക് സൗമ്യയെ തള്ളിയിടാൻ സാധിക്കുമോയെന്നും കോടതി സംശയം പ്രകടിപ്പിച്ചിരുന്നു. ഇതേത്തുടർന്നാണ് പുനപരിശോധനാ ഹർജിയും തുടർന്ന് ഇപ്പോൾ തിരുത്തൽ ഹർജിയും തള്ളിയത്.

സുപ്രീംകോടതിയിലെ ഏറ്റവും മുതിർന്ന മൂന്ന് ജഡ്ജിമാർക്ക് പുറമെ, കേസിൽ വിധി പറഞ്ഞ ബെഞ്ചിലെ അംഗങ്ങളുമാണ് തിരുത്തൽ ഹർജി പരിഗണിച്ചത്. ചീഫ് ജസ്റ്റിസിന് പുറമെ ജഡ്ജിമാരായ ദീപക് മിശ്ര, ജെ. ചെലമേശ്വർ എന്നിവരും കേസ് നേരത്തെ പരിഗണിച്ച രഞ്ജൻ ഗോഗോയ്, പി.സി. പന്ത്, യു.യു. ലളിത് എന്നിവരും ബെഞ്ചിലുണ്ടായിരുന്നു. ചേംബറിലാണ് ഹർജി പരിഗണിച്ചത്. അതുകൊണ്ചുതന്നെ പരസ്യവാദമുണ്ടായില്ല.

പുനഃപരിശോധനാ ഹർജി പരിഗണിക്കവേ സർക്കാരിന്റെ വാദങ്ങൾക്ക് വേണ്ടത്ര പരിഗണന കിട്ടിയില്ലെന്നാണ് തിരുത്തൽ ഹർജിയിൽ പ്രധാനമായും ചൂണ്ടിക്കാട്ടിയത്. സൗമ്യ കേസ് വിധിയിൽ പിഴവുണ്ടെന്ന് ആരോപിച്ച മുൻ ജസ്റ്റിസ് മർക്കണ്ഡേയ കട്ജുവുമായി ബന്ധപ്പെട്ട വിഷയത്തിലാണ് കോടതി അന്ന് കൂടുതൽ ശ്രദ്ധിച്ചത്.

തിരുത്തൽ ഹർജികൾ മുതിർന്ന അഭിഭാഷകൻ സാക്ഷ്യപ്പെടുത്തണമെന്നാണ് ചട്ടം. കേസിൽ സംസ്ഥാന സർക്കാരിനുവേണ്ടി ഹാജരായ അറ്റോർണി ജനറൽ മുകുൾ റോഹ്തഗിയാണ് തിരുത്തൽ ഹർജി സാക്ഷ്യപ്പെടുത്തിയത്. ഗോവിന്ദച്ചാമി ബലാത്സംഗം ചെയ്തതായും ഗുരുതരമായി പരിക്കേൽപ്പിച്ചതായും സുപ്രീംകോടതി കണ്ടെത്തിയിരുന്നു. എന്നാൽ കൊലക്കുറ്റം തെളിയിക്കാനായില്ല. സംസ്ഥാന സർക്കാരും സൗമ്യയുടെ അമ്മയും നൽകിയ പുനഃപരിശോധനാ ഹർജികളാണ് നവംബറിൽ സുപ്രീംകോടതി തള്ളിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP