Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സ്ഥാനാർത്ഥി നിർണ്ണയം പാർട്ടിക്കാര്യം; ലോകായുക്ത ഇടപെടുന്നത് ശരിയുമല്ലെന്ന് ഹൈക്കോടതിയിൽ പന്ന്യൻ; പേയ്‌മെന്റ് സീറ്റ് വിവാദത്തിലെ ലോകായുക്താ നടപടിക്ക് ഹൈക്കോടതി സ്‌റ്റേ

സ്ഥാനാർത്ഥി നിർണ്ണയം പാർട്ടിക്കാര്യം; ലോകായുക്ത ഇടപെടുന്നത് ശരിയുമല്ലെന്ന് ഹൈക്കോടതിയിൽ പന്ന്യൻ; പേയ്‌മെന്റ് സീറ്റ് വിവാദത്തിലെ ലോകായുക്താ നടപടിക്ക് ഹൈക്കോടതി സ്‌റ്റേ

കൊച്ചി: തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിലെ പേയ്‌മെന്റ് വിവാദവുമായി ബന്ധപ്പെട്ട കേസിൽ ലോകായുക്തയുടെ നടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തു. സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യൻ രവീന്ദ്രൻ നൽകിയ ഹർജിയിലാണ് ഹൈക്കോടതി സ്റ്റേ അനുവദിച്ചത്. കേസിൽ അന്വേഷണം തുടരാമെന്നും പന്ന്യൻ രവീന്ദ്രനിൽ നിന്ന് മൊഴിയെടുക്കാമെന്നും ലോകായുക്ത നേരത്തെ ഉത്തരവിട്ടിരുന്നു. ഇതിനെതിരെയാണ് പന്ന്യൻ ഹൈക്കോടതിയെ സമീപിച്ചത്.

സ്ഥാനാർത്ഥി നിർണയം അടക്കമുള്ള രാഷ്ട്രീയ പാർട്ടിയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാൻ ലോകായുക്തയ്ക്ക് അധികാരമില്ലെന്നായിരുന്നു ഹർജിയിലെ പ്രധാനവാദം. സർക്കാരുമായോ ഭരണവുമായോ ബന്ധമില്ലാത്ത വിഷയത്തിലിടപെടാൻ കേരള ലോകായുക്ത നിയമത്തിൽ വ്യവസ്ഥയില്ലെന്നും ചൂണ്ടിക്കാട്ടി. ഇത് അംഗീകരിച്ചു കൊണ്ടാണ് ഹൈക്കോടതി സ്റ്റേ അനുവദിച്ചത്.

ലോകായുക്തയുടെ നിലപാട് അംഗീകരിച്ചാൽ അതു കീഴ്‌വഴക്കമായി മാറും. പാർട്ടി അംഗമല്ലാത്തവരുടെ ഹർജികളിൽ പോലും രാഷ്ട്രീയപാർട്ടിയുടെ ആഭ്യന്തര വിഷയങ്ങളിൽ ലോകായുക്ത ഇടപെടുന്ന സാഹചര്യം ഉണ്ടാകുമെന്നും ഹർജിയിൽ പന്ന്യൻ രവീന്ദ്രൻ ചൂണ്ടിക്കാട്ടിയിരുന്നു. തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിൽ ബെന്നറ്റിനെ മത്സരിപ്പിച്ചത് പണം വാങ്ങിയാണെന്ന ആരോപണം അന്വേഷിക്കാൻ ഐ.ജി സുരേഷ് രാജ് പുരോഹിതിനോടാണ് ലോകായുക്ത നിർദ്ദേശിച്ചത്.

പാർട്ടി യോഗങ്ങളുടെ മിനുട്‌സും പാർട്ടി തയ്യാറാക്കിയ രഹസ്യ റിപ്പോർട്ടുകളുമുൾപ്പെടെയുള്ളവ വേണ്ടി വന്നാൽ പരിശോധന നടത്തി പിടിച്ചെടുക്കാനും ഈ ഉദ്യോഗസ്ഥനെ ലോകായുക്ത അധികാരപ്പെടുത്തിയിരുന്നു. തിരുവനന്തപുരം ലോക്‌സഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട ആരോപണം ഏതെങ്കിലും തരത്തിലുള്ള ഭരണപരമായ നടപടികളെയോ സർക്കാർ തലത്തിലുള്ള നടപടികളെയോ ബാധിക്കുന്നതല്ല. ഈ സാഹചര്യത്തിൽ ലോകായുക്ത വിധി റദ്ദാക്കണമെന്നാണ് ഹൈക്കോടതിയിൽ പന്ന്യൻ രവീന്ദ്രൻ നൽകിയിരിക്കുന്ന ഹർജി.

സിപിഐ. സംസ്ഥാന സെക്രട്ടറി പന്ന്യൻ രവീന്ദ്രൻ, മുൻ മന്ത്രി സി ദിവാകരൻ, ജില്ലാ കൗൺസിൽ അംഗവും മുൻ ജില്ലാ സെക്രട്ടറിയുമായ അഡ്വ. പി. രാമചന്ദ്രൻ നായർ, സ്ഥാനാർത്ഥിയായ ഡോ. ബെനറ്റ് എബ്രഹാം എന്നിവരായിരുന്നു ലോകായുക്തയിലെ കേസിലെ എതിർകക്ഷികൾ. തിരുവനന്തപുരം പാർലമെന്റ് സീറ്റിൽ മത്സരിപ്പിക്കുന്നതിനായി ബെനറ്റ് ഏബ്രഹാമിൽ നിന്നും പണം വാങ്ങി സി .പി .ഐ സീറ്റ് വിറ്റുവെന്നാണ് ഹർജിയിലെ പ്രധാന ആരോപണം. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരത്തെ സ്ഥാനാർത്ഥി നിർണയത്തിൽ പാളിച്ച പറ്റിയിട്ടുണ്ടെന്ന് സിപിഐ അന്വേഷണ കമ്മീഷൻ കണ്ടെത്തിയിരുന്നു.

ബെനറ്റ് എബ്രാഹാമിൽ നിന്ന് ഒരു കോടി 80 ലക്ഷം രൂപയുടെ സംഭാവന കിട്ടയതായും പാർട്ടി അന്വേഷണത്തിൽ തെളിഞ്ഞു. ബെനറ്റ് എബ്രഹാം പേയ്‌മെന്റ് സ്ഥാനാർത്ഥിയാണെന്ന വാദം ശരിവയ്ക്കുന്ന തരത്തിലുള്ള റിപ്പോർട്ടായിരുന്നു അത്. മൂന്നു നേതാക്കൾക്കെതിരെ നടപടി എടുക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടിരുന്നു. തുടർന്ന് സി ദിവാകരൻ, പി രാമചന്ദ്രൻ നായർ, വെഞ്ഞാറമൂട് ശശി എന്നിവർക്കെതിരെ പാർട്ടി തല നടപടിയും വന്നു.

സിപിഐ ജില്ലാ കൗൺസിൽ നിരാകരിച്ച ബെന്നറ്റ് എബ്രഹാമിനെ തിരുവനന്തപുരം മണ്ഡലത്തിൽ സ്ഥാനാർത്ഥിയാക്കിയത് കോഴവാങ്ങയെന്നാണ് ആക്ഷേപം ഉയർന്നത്. ജില്ലാ കമ്മിറ്റി നൽകിയ പാനലിൽ പന്ന്യൻ രവീന്ദ്രൻ, സി ദിവാകരൻ, പി.രാമചന്ദ്രൻ നായർ എന്നീ പേരുകൾ മാത്രമേ ഉണ്ടായിരുന്നുള്ളു. എന്നാൽ സംസ്ഥാന എക്‌സിക്യൂട്ടിവും സെക്രട്ടറിയറ്റും കഴിഞ്ഞപ്പോൾ ബെന്നറ്റ് സ്ഥാനാർത്ഥിയായി.

ജില്ലാ കൗൺസിൽ അംഗീകരിച്ച തിരഞ്ഞെടുപ്പ് ചെലവ് നാല് കോടിക്കടുത്തായിരുന്നു. ഇതിൽ ഒന്നേമുക്കാൽ കോടിയിലധികം ബെന്നറ്റ് മുഖേന ലഭിച്ചതാണെന്നും സിപിഐയുടെ അന്വേഷണ റിപ്പോർട്ടിൽ പറയുന്നുണ്ട്. എന്നാല് തെരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ ചെലവിൽ ഈ തുക ഉൾക്കൊള്ളിച്ചിട്ടുമില്ല. ഈ സാഹചര്യത്തിലാണ് ലോകായുക്തയിൽ പരാതി എത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP