Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മന്മോഹൻ സിങിന് ആശ്വാസം; ഏപ്രിൽ എട്ടിൻ സിബിഐ കോടതിയിൽ ഹാജരാകേണ്ട; കൽക്കരിക്കേസിൽ മുൻ പ്രധാനമന്ത്രിയെ പ്രതിചേർത്ത സിബിഐ കോടതി നടപടിക്ക് സുപ്രീംകോടതിയുടെ സ്‌റ്റേ

മന്മോഹൻ സിങിന് ആശ്വാസം; ഏപ്രിൽ എട്ടിൻ സിബിഐ കോടതിയിൽ ഹാജരാകേണ്ട; കൽക്കരിക്കേസിൽ മുൻ പ്രധാനമന്ത്രിയെ പ്രതിചേർത്ത സിബിഐ കോടതി നടപടിക്ക് സുപ്രീംകോടതിയുടെ സ്‌റ്റേ

ന്യൂഡൽഹി: കൽക്കരിപ്പാടം അഴിമതിക്കേസിൽ മുൻ പ്രധാനമന്ത്രി മന്മോഹൻസിംഗിനെ പ്രതിചേർത്ത സിബിഐ കോടതി ഉത്തരവിന് സ്റ്റേ. സുപ്രീം കോടതിയാണ് സ്റ്റേ അനുവദിച്ചിരിക്കുന്നത്. സിബിഐ കോടതി നടപടിക്കെതിരെ മന്മോഹൻസിങ് സമർപ്പിച്ച ഹർജിയിലാണ് തിരൂമാനം. ഏപ്രിൽ എട്ടിന് കോടതി മുമ്പാകെ ഹാജരാകണമെന്ന പ്രത്യേക കോടതിയുടെ ഉത്തരവിനെതിരെയാണ് സിങ് കോടതിയെ സമീപിച്ചത്.

കപിൽ സിബലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മന്മോഹൻസിംഗിനു വേണ്ടി സുപ്രീംകോടതിയിൽ ഹാജരായത്. മന്മോഹൻസിങ് 2009ൽ കൽക്കരി മന്ത്രാലയത്തിന്റെ ചുമതല വഹിച്ചിരുന്ന സമയത്തു കുമാരമംഗലം ബിർളയുടെ ഹിൻഡാൽകോ കമ്പനിക്ക് അനധികൃതമായി കൽക്കരിപ്പാടങ്ങൾ അനുവദിച്ചെന്നായിരുന്നു കേസ്. ഇടപാടിൽ 1.86 ലക്ഷം കോടിയുടെ അഴിമതി നടന്നെന്നായിരുന്നു സിഎജിയുടെ കണ്ടെത്തൽ. ഇതേതുടർന്നാണു സിബിഐ അന്വേഷണം ആരംഭിച്ചത്.

കേസിലെ എല്ലാ കക്ഷികൾക്കും സുപ്രീംകോടതി നോട്ടീസ് അയച്ചു. ഒഡിഷയിലെ താലാബീര കൽക്കരിപ്പാടങ്ങൾ ആദിത്യബിർള ഗ്രൂപ്പിന് കീഴിലെ ഹിൻഡാൽകോ കമ്പനിക്ക് അനുവദിക്കാനായി നടന്ന ക്രിമിനൽ ഗൂഢാലോചനയിൽ മന്മോഹൻ പങ്കാളിയാണെന്നായിരുന്നു പ്രത്യേക കോടതി കണ്ടെത്തിയത്. വ്യവസായ പ്രമുഖനായ കുമാരമംഗലം ബിർള, മുൻ കൽക്കരി സെക്രട്ടറി പി.സി. പരാഖ്, കൽക്കരിപ്പാടം ലഭിച്ച ഹിൻഡാൽകോ ഇൻഡസ്ട്രീസ്, അതിലെ ഉദ്യോഗസ്ഥരായ ശുഭേന്ദു അമിതാബ്, ഡി. ഭട്ടാചാര്യ എന്നിവരും മന്മോഹനൊപ്പം പ്രതിപ്പട്ടികയിലുണ്ട്.

കേസിൽ ആർക്കുമെതിരെ തെളിവില്ലെന്നും അന്വേഷണം അവസാനിപ്പിക്കാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് സിബിഐ. കഴിഞ്ഞകൊല്ലം സുപ്രീംകോടതിയിൽ ക്ലോഷർ റിപ്പോർട്ട് നൽകിയിരുന്നു. കോടതിയുടെ രൂക്ഷ വിമർശനത്തെത്തുടർന്ന് മന്മോഹൻസിങ്ങിനെ ഒഴിവാക്കിക്കൊണ്ട് പുതുക്കിയ റിപ്പോർട്ട് നൽകി. ഇതിൽ ബിർളയ്ക്കും പരാഖിനുമെതിരെ തെളിവുണ്ടെന്നും സിബിഐ. പറഞ്ഞിരുന്നു. ഈ റിപ്പോർട്ടും തള്ളിക്കൊണ്ടാണ് കോടതി മന്മോഹനെ പ്രതിചേർത്തത്.

ഹിൻഡാൽകോയ്ക്ക് കൽക്കരിപ്പാടം നൽകേണ്ടതില്ലെന്ന മുൻതീരുമാനം മാറ്റിയ കൽക്കരി സെക്രട്ടറി പി.സി. പരാഖിന്റെ നടപടി ഗൂഢാലോചനയുടെ ഭാഗമാണെന്ന് 73 പേജുള്ള ഉത്തരവിൽ സിബിഐ കോടതി വ്യക്തമാക്കിയിരുന്നു. കുമാരമംഗലം ബിർളയും ശുഭേന്ദു അമിതാബും ഡി. ഭട്ടാചാര്യയുമാണ് ഗൂഢാലോചനയുടെ സൂത്രാധാരകർ. ഇതിൽ പരാഖിനെയും അന്ന് മന്ത്രാലയത്തിന്റെ ചുമതല വഹിച്ചിരുന്ന മന്മോഹൻ സിങ്ങിനെയും പങ്കാളിയാക്കുകയായിരുന്നു. പരാഖിനും മന്മോഹനും വ്യത്യസ്ത പങ്കായിരുന്നുവെങ്കിലും യോജിച്ച നീക്കമാണ് കൽക്കരിപ്പാടങ്ങൾ അനുവദിച്ചതിൽ നടന്നതെന്ന് സിബിഐ കോടതി കുറ്റപ്പെടുത്തി. ഇതിനെതിരെയാണ് മന്മോഹൻ സിങ് സുപ്രീംകോടതിയെ സമീപിച്ചത്. കോൺഗ്രസിന്റെ പൂർണ്ണ പിന്തുണയോടെയാണ് നീക്കം.

വിരമിച്ച സാഹചര്യത്തിൽ മന്മോഹൻ സിങ്ങിനെയും പരാഖിനെയും കുറ്റവിചാരണ ചെയ്യുന്നതിന് അഴിമതി നിരോധന നിയമപ്രകാരം മുൻകൂർ അനുമതിയുടെ ആവശ്യമില്ല. മന്മോഹൻ ഇപ്പോൾ രാജ്യസഭാംഗമാണെങ്കിലും കൽക്കരി മന്ത്രാലയത്തിന്റെചുമതല വഹിച്ചിരുന്ന സമയത്തുള്ള സഭാംഗത്വകാലാവധി അവസാനിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP