Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ദേശഭക്തി നെറ്റിയിൽ ഒട്ടിച്ചു നടക്കേണ്ടതല്ല; നാളെ തിയേറ്ററിൽ ടി ഷർട്ട്‌സും ഷോർട്ട്‌സും ഇടരുതെന്ന് വരെ സദാചാരവാദികൾ പറയും; തിയേറ്ററിൽ ദേശീയ ഗാനം നിർബന്ധമാക്കിയ സുപ്രീംകോടതി സിംഗിൾ ബഞ്ച് ഉത്തരവിനെ ഡിവിഷൻ ബഞ്ച് നിശതമായി വിമർശിച്ചത് ഉത്തരവിട്ട ജഡ്ജി കൂടി ഉൾപ്പെട്ട ബെഞ്ചിൽ; നിർബന്ധമാക്കിയ വിധി റദ്ദ് ചെയ്യാതെ കോടതി

ദേശഭക്തി നെറ്റിയിൽ ഒട്ടിച്ചു നടക്കേണ്ടതല്ല; നാളെ തിയേറ്ററിൽ ടി ഷർട്ട്‌സും ഷോർട്ട്‌സും ഇടരുതെന്ന് വരെ സദാചാരവാദികൾ പറയും; തിയേറ്ററിൽ ദേശീയ ഗാനം നിർബന്ധമാക്കിയ സുപ്രീംകോടതി സിംഗിൾ ബഞ്ച് ഉത്തരവിനെ ഡിവിഷൻ ബഞ്ച് നിശതമായി വിമർശിച്ചത് ഉത്തരവിട്ട ജഡ്ജി കൂടി ഉൾപ്പെട്ട ബെഞ്ചിൽ; നിർബന്ധമാക്കിയ വിധി റദ്ദ് ചെയ്യാതെ കോടതി

ന്യൂഡൽഹി: ഇന്ത്യക്കാർ ദേശഭക്തി നെറ്റിയിൽ ഒട്ടിച്ചുനടക്കേണ്ടതില്ലെന്നു സുപ്രീംകോടതി. സിനിമാ തിയറ്ററുകളിൽ ദേശീയഗാനം കേൾപ്പിക്കണമെന്ന സ്വന്തം ഉത്തരവിനെ നിശിതമായി വിമർശിച്ചാണ് കോടതിയുടെ ഈ വിശദീകരണം. അപ്പോഴും, കഴിഞ്ഞ നവംബറിലെ വിവാദ ഉത്തരവു പിൻവലിക്കാൻ കോടതി തയാറായില്ല. പകരം, ഉത്തരവിന്റെ നിർബന്ധിത സ്വഭാവം ഒഴിവാക്കാമെന്നു വ്യക്തമാക്കി. കൊടുങ്ങല്ലൂർ ഫിലിം സൊസൈറ്റി നൽകിയ ഹർജിയാണു ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജഡ്ജിമാരായ എ.എം.ഖാൻവിൽക്കർ, ഡി.വൈ.ചന്ദ്രചൂഡ് എന്നിവരുൾപ്പെട്ട ബെഞ്ച് പരിഗണിച്ചത്. ജസ്റ്റിസ് ചന്ദ്രചൂഡാണു തന്റെ വലതുവശത്തിരുന്ന ചീഫ് ജസ്റ്റിസ് മിശ്രയുടെ ഉത്തരവിനെതിരെ വാക്കാൽ ആഞ്ഞടിച്ചത്.

ഇപ്പോഴത്തെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് കഴിഞ്ഞ നവംബർ 30നു നൽകിയ ഉത്തരവിൽ പറഞ്ഞത് ഏറെ ചർച്ചയായിരുന്നു. എല്ലാ തിയറ്ററിലും സിനിമാ പ്രദർശനത്തിനു മുൻപു ദേശീയഗാനം കേൾപ്പിക്കണം. അപ്പോൾ കാണികൾ എഴുന്നേറ്റു നിൽക്കണം. ദേശീയഗാനത്തോടുള്ള ആദരത്തിൽ മാതൃരാജ്യത്തോടുള്ള സ്നേഹവും ബഹുമാനവുമാണു പ്രതിഫലിക്കുന്നത്. 10 ദിവസത്തിനുള്ളിൽ നടപ്പാക്കണമെന്നായിരുന്നു വിധി. ഇതിനെതിരെയാണ് ഡിവിഷൻ ബെഞ്ച് നിലപാട് എടുക്കുന്നത്.
'ദേശഭക്തി തെളിയിക്കാൻ സിനിമാ തിയറ്ററിൽ എഴുന്നേറ്റു നിൽക്കേണ്ടതില്ല' കോടതിയുടെ നിലപാടിനോടു വിയോജിച്ച അറ്റോർണി ജനറൽ (എജി) കെ.കെ.വേണുഗോപാലിനു മറുപടിയായി ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് പറഞ്ഞു. സർക്കാർ ഉചിതമായ തീരുമാനമെടുക്കുമെന്ന് എജി വ്യക്തമാക്കി. ഇന്ത്യ വൈവിധ്യമുള്ള രാജ്യമാണെന്നും ഏകരൂപം സാധ്യമാക്കാൻ സിനിമാ തിയറ്ററുകളിൽ ദേശീയഗാനം കേൾപ്പിക്കേണ്ടതുണ്ടെന്നും എജി പറഞ്ഞു.

'ദേശഭക്തി ഇങ്ങനെ പ്രദർശിപ്പിക്കണമെന്നാണെങ്കിൽ, നാളെ മുതൽ സിനിമാ തിയറ്ററിൽ ടീ ഷർട്ടും ഷോട്സുമിടരുതെന്നും ഇട്ടാൽ അതു ദേശീയഗാനത്തെ അവഹേളിക്കലാകുമെന്നും പറയും. ഈ സദാചാര പൊലീസിങ് എവിടെച്ചെന്നു നിൽക്കും? 'സിനിമാ തിയറ്ററിൽ ദേശീയഗാനം കേൾപ്പിക്കുമ്പോൾ ജനം എഴുന്നേറ്റു നിൽക്കണമെന്ന് ദേശീയ ചിഹ്നങ്ങളെ അവഹേളിക്കുന്നതു തടയാനുള്ള നിയമത്തിൽ വ്യവസ്ഥയില്ല. കാരണം വ്യക്തമാണ്‌സിനിമാ തിയറ്റർ ഉല്ലാസത്തിനുള്ള സ്ഥലമാണ്. ജനം സിനിമാ തിയറ്ററിൽ പോകുന്നത് ഉല്ലസിക്കാനാണ്. സമൂഹത്തിന് ഉല്ലാസം ആവശ്യമാണ്.-കോടതി വിശദീകരിച്ചു.

തിയറ്ററിൽ ദേശീയഗാനം കേൾപ്പിക്കുന്നത് ഐക്യബോധമുണ്ടാക്കുമെന്നും തിയറ്ററിനു പുറത്തിറങ്ങുമ്പോൾ എല്ലാവരും തങ്ങൾ ഇന്ത്യക്കാരെന്നു കരുതുമെന്നും എജി പറഞ്ഞു. ഭരണഘടനയിൽ പറയുന്ന മൗലിക കടമകൾ പാലിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കേണ്ടതു കോടതിയല്ലെന്നും അധികാരമുള്ള സർക്കാരിനു വേണ്ടതുചെയ്യാമെന്നും ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു. മിഷനറി സ്‌കൂളുകളിൽ ദേശീയഗാനം പാടുന്നില്ലെന്ന് ഒരു അഭിഭാഷകൻ പറഞ്ഞപ്പോൾ ജസ്റ്റിസ് ചന്ദ്രചൂഡിന്റെ മറുപടി: ഞാനൊരു മിഷനറി സ്‌കൂളിലാണു പഠിച്ചത്. ഞങ്ങൾ ദേശീയഗാനവും സ്വർഗസ്ഥനായ പിതാവേ എന്ന പ്രാർത്ഥനയും പാടി. ഞങ്ങൾക്കു രണ്ടിനും തുല്യപ്രാധാന്യമായിരുന്നു. സാംസ്‌കാരികവും സാമൂഹികവുമായ മൂല്യങ്ങൾ മാതാപിതാക്കളിലും അദ്ധ്യാപകരിലും നിന്നാണു ലഭിക്കുന്നത്, കോടതിയുടെ ഉത്തരവുകളിലൂടെയല്ല.-അദ്ദേഹം വിശദീകരിച്ചു.

സിനിമാ തിയറ്ററിൽ ദേശീയഗാനം കേൾപ്പിക്കുന്നതു സംബന്ധിച്ച ഉത്തരവ് പരിഷ്‌കരിക്കണമോയെന്നു സർക്കാരിനു തീരുമാനിക്കാമെന്നു വ്യക്തമാക്കിയ കോടതി, കേസ് ഇനി ജനുവരി ഒൻപതിനു പരിഗണിക്കും. ഹർജിക്കാർക്കുവേണ്ടി സി.യു.സിങ്ങും പി.വി.ദിനേശും ഹാജരായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP