Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ജയലളിതയ്ക്ക് ഉപാധികളോടെ സുപ്രീം കോടതി ജാമ്യം അനുവദിച്ചു; ശിക്ഷയും പിഴയും സ്റ്റേ ചെയ്തു; ചെന്നൈ വിട്ട് പുറത്തുപോകരുത്; മൂന്നു മാസത്തിനകം അപ്പീലിൽ തീരുമാനമെടുക്കാൻ ഹൈക്കോടതിക്ക് കർശന നിർദ്ദേശം; തമിഴ്‌നാട്ടിൽ എങ്ങും ആഹ്ലാദപ്രകടനം

ജയലളിതയ്ക്ക് ഉപാധികളോടെ സുപ്രീം കോടതി ജാമ്യം അനുവദിച്ചു; ശിക്ഷയും പിഴയും സ്റ്റേ ചെയ്തു; ചെന്നൈ വിട്ട് പുറത്തുപോകരുത്; മൂന്നു മാസത്തിനകം അപ്പീലിൽ തീരുമാനമെടുക്കാൻ ഹൈക്കോടതിക്ക് കർശന നിർദ്ദേശം; തമിഴ്‌നാട്ടിൽ എങ്ങും ആഹ്ലാദപ്രകടനം

ന്യൂഡൽഹി: അമ്മയുടെ ഇരുപതു ദിവസം നീണ്ട ജയിൽ വാസത്തിനു ഒടുവിൽ അന്ത്യമായി. സുപ്രീം കോടതിയാണ് ജയലളിതയ്ക്ക് ജാമ്യം അനുവദിച്ചത്. അനധികൃത സ്വത്ത് സമ്പാദന കേസിൽ കർണാടക സ്‌പെഷ്യൽ കോടതി തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ജയലളിതയ്ക്ക് നല്കിയ നാലു വർഷത്തെ തടവും 100 കോടി രൂപ പിഴയും സുപ്രീം കോടതി സ്റ്റേ ചെയ്തിട്ടുമുണ്ട്. മൂന്ന് മാസത്തിനകം കേസിൽ തീർപ്പ് കൽപ്പിക്കണമെന്ന കർക്കശ നിർദ്ദേശവും സുപ്രീം കോടതി നല്കിയിട്ടുണ്ട്. നിരവധി ഉപാധികളോടെയാണ് ജയലളിതക്ക് ജാമ്യം അനുവദിച്ചിരിക്കുന്നത് എന്ന് ഈ കേസിലെ വാദിയായ സുബ്രഹ്മണ്യം സ്വാമി പിന്നീട് മാദ്ധ്യമങ്ങളോട് വിശദീകരിച്ചു. വീട്ടിൽ തന്നെ കഴിയണമെന്നതടക്കമുള്ള നിർദ്ദേശങ്ങൾ കോടതി നല്കിയതായാണ് സ്വാമി പറയുന്നത്.

മൂന്ന് മാസത്തിനകം കേസിൽ തീർപ്പ് കൽപ്പിക്കണം എന്ന സുപ്രീം കോടതി ഉത്തരവ് ജയലളിതക്ക് ബുദ്ധിമുട്ടാകും എന്നാണ് സൂചന. ഇത്തരം ഒരു നിർദ്ദേശം സാധാരണ സുപ്രീം കോടതി ഉത്തരവിൽ ഉണ്ടാകാറില്ല. അതുകൊണ്ട് തന്നെ അപ്പീലുകളും മറ്റുമായി വർഷങ്ങളായി ഇത്തരം ശിക്ഷകൾ നീളുകയാണ് പതിവ്. ഈ സാഹചര്യം ഒഴിവാക്കാൻ ആണ് സുപ്രീം കോടതി ഈ നിർദ്ദേശം പുറപ്പെടുവിച്ചത്. ബാംഗ്ലൂരിലെ പ്രത്യേക കോടതി ഉത്തരവിനുമേലുള്ള അപ്പീൽ മൂന്ന് മാസത്തിനകം ഹൈക്കോടതി തീർപ്പാകണം എന്നാണ് ഉത്തരവ്. ഇതനുസരിച്ച് ഈ ദിവസങ്ങളിൽ തന്നെ അപ്പീൽ അപേക്ഷ ഹൈക്കോടതി പരിഗണിക്കേണ്ടി വരും. ജാമ്യത്തിന്റെ പുറത്തു കേസ് വലിച്ചു നീട്ടാനുള്ള ശ്രമം എന്തായാലും നടക്കില്ല.

സുപ്രീം കോടതി വിധി പുറത്തുവന്നതോടെ തമിഴ്‌നാട്ടിലെങ്ങും ആഹ്ലാദപ്രകടനങ്ങൾ ആരംഭിച്ചു. എഐഎഡിഎംകെയുടെ ജന്മവാർഷിക ദിനമായ ഒക്ടോബർ 17ന് തന്നെ ജയലളിതയ്ക്ക് ജാമ്യം ലഭിച്ചെന്ന പ്രത്യേകയുമുണ്ട്. ജയലളിതയ്‌ക്കൊപ്പം മറ്റ് മൂന്നു പ്രതികളായ ശശികല, സുധാകരൻ, ഇളവരശി എന്നിവർക്കും ജാമ്യം ലഭിച്ചു. നീതി ജയിച്ചെന്നാണ് ജയലളിതയുടെ അഭിഭാഷകൻ പ്രതികരിച്ചത്.

അനുയായികൾ അക്രമത്തിന് തുനിഞ്ഞാൽ കർശന നടപടിയെടുക്കുമെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ഡിസംബർ 18നകം കേസുമായി ബന്ധപ്പെട്ട എല്ലാ രേഖകളും സമർപ്പിക്കണമെന്നും തുടർ നടപടികൾ മൂന്നുമാസത്തിനകം തീർപ്പാക്കണമെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.

തിങ്കളാഴ്ച ജാമ്യാപേക്ഷ പരിഗണിച്ച സുപ്രീംകോടതി കേസ് ഇന്നത്തേക്ക് മാറ്റുകയായിരുന്നു. ആരോഗ്യ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ജയലളിത ജാമ്യാപേക്ഷ സമർപ്പിച്ചത്. 66 വയസുള്ള രോഗിയായ സ്ത്രീയെന്ന മാനുഷിക പരിഗണന തേടി നൽകിയ ഹർജിയിൽ കോടതി ജാമ്യം നൽകാതിരിക്കുകയും ശിക്ഷ നടപ്പാക്കുന്നത് റദ്ദാക്കാനുള്ള ഹർജിയിൽ തീരുമാനമെടുക്കാതിരിക്കുകയും ചെയ്യുന്നത് സ്വാഭാവിക നീതി നിഷേധമാണെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. നാലുവർഷം വെറും തടവും നൂറ് കോടി രൂപ പിഴയുമാണ് ജയലളിതയ്ക്ക് വിധിച്ച ശിക്ഷ. പുനഃപരിശോധനാഹർജി നീണ്ടുപോയാൽ ശിക്ഷ അനുഭവിച്ചുകഴിഞ്ഞിട്ടുണ്ടാകുമെന്നാണ് ജയലളിത കോടതിയിൽ ബോധിപ്പിച്ചത്. ചീഫ് ജസ്റ്റിസ് എച്ച് എൽ ദത്തു അധ്യക്ഷനായ മൂന്നംഗ ബഞ്ചാണിന് കേസ് പരിഗണിച്ചത്. സീനിയർ അഭിഭാഷകൻ ഫാലി എസ് നരിമാനാണ് ജയലളിതയ്ക്കായി ഹാജരായത്.

കർണ്ണാടക കോടതി ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തിലാണ് ജയലളിത സുപ്രീംകോടതിയെ സമീപിച്ചത്. സുപ്രീംകോടതി വിധി ചൂണ്ടിക്കാട്ടിയാണ് ജയലളിതയ്ക്ക് കർണ്ണാടക ഹൈക്കോടതി ജാമ്യം നിഷേധിച്ചത്. അതിനാൽ സുപ്രീംകോടതിയിൽ നിന്ന് വേഗത്തിൽ ജാമ്യം ലഭിക്കില്ലെന്ന അഭിപ്രായവും ഉയർന്നിരുന്നു. ശിക്ഷാ വിധി റദ്ദാക്കണമെന്ന അപേക്ഷയും സമർപ്പിച്ചിരുന്നു.

പതിനെട്ട് വർഷം പഴക്കമുള്ള അനധികൃത സ്വത്ത് സമ്പാദന കേസിൽ സെപ്റ്റംബർ 27നാണ് ജയലളിത ശിക്ഷിക്കപ്പെട്ടത്. അന്നുമുതൽ അവർ ജയിലിലാണ്. അഴിമതി കേസിൽ ശിക്ഷക്കപ്പെട്ടവർക്ക് ജാമ്യം നൽകുന്നത് മനുഷ്യാവകാശ ലംഘനമാണെന്ന് മുംബൈ ഹൈക്കോടതി സിബിഐയും ബാലകൃഷ്ണദത്താത്രേയ കുംബാരുമായുള്ള കേസിൽ 2012 ൽ പുറപ്പെടുവിച്ച വിധിയുടെ അടിസ്ഥാനത്തിലാണ് ജയലളിതയ്ക്ക് ജാമ്യം നിഷേധിച്ചത്. ശിക്ഷ പുനഃപരിശോധിക്കാനുള്ള ഹർജി ഫയലിൽ സ്വീകരിച്ച ബാംഗ്‌ളൂർ കോടതി ശിക്ഷ നടപ്പാക്കുന്നത് തടയണമെന്ന ഹർജി തള്ളുകയായിരുന്നു. പത്തുവർഷം മുഖ്യമന്ത്രിയായിരുന്ന ജയലളിത തെളിവ് നശിപ്പിച്ച ചരിത്രമില്ലെന്ന അഭിഭാഷകൻ രാംജത് മലാനിയുടെ വാദം കോടതി സ്വീകരിച്ചില്ല.

ജയലളിതയെ പാർപ്പിച്ചിരിക്കുന്ന പരപ്പന അഗ്രഹാര ജയിൽ വളപ്പിൽ മൂവായിരത്തോളം പൊലീസുകാരെയാണ് സുരക്ഷയ്ക്ക് വിന്യസിച്ചിരിക്കുന്നത്. ദിവസവും നൂറുകണക്കിന് എഐഎഡിഎംകെ പ്രവർത്തകർ ജയിലിൽ ജയയെ സന്ദർശിക്കാനെത്തുന്നുണ്ട്. ജയിലിനു വെളിയിൽ ദിവസവും പ്രതിഷേധ പ്രകടനങ്ങളും നടക്കുന്നുണ്ട്. ഈ പ്രശ്‌നങ്ങളെല്ലാം കണക്കിലെടുത്ത് ജയലളിതയെ തമിഴ്‌നാട്ടിലെ ജയിലിലേക്ക് മാറ്റുന്ന കാര്യം പരിഗണിക്കാനിരിക്കെയാണ് സുപ്രീം കോടതി ജാമ്യം അനുവദിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP