Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സുപ്രീം കോടതിയിലെ പ്രശ്‌നങ്ങൾ തീർന്നെന്നും മഞ്ഞുരുകിയെന്നും അറ്റോർണി ജനറൽ; രാവില പത്തരയ്ക്ക് തുടങ്ങേണ്ട സിറ്റിങ് വൈകിയതോടെ ആശങ്കകൾ തുടരുന്നു; ചീഫ് ജസ്റ്റിസും മറ്റ് ജഡ്ജിമാരും അനൗപചാരിക കൂടിക്കാഴ്ച നടത്തിയെന്നും പ്രശ്‌നപരിഹാരത്തിന് സാധ്യത തെളിയുന്നുവെന്നും റിപ്പോർട്ടുകൾ

സുപ്രീം കോടതിയിലെ പ്രശ്‌നങ്ങൾ തീർന്നെന്നും മഞ്ഞുരുകിയെന്നും അറ്റോർണി ജനറൽ; രാവില പത്തരയ്ക്ക് തുടങ്ങേണ്ട സിറ്റിങ് വൈകിയതോടെ ആശങ്കകൾ തുടരുന്നു; ചീഫ് ജസ്റ്റിസും മറ്റ് ജഡ്ജിമാരും അനൗപചാരിക കൂടിക്കാഴ്ച നടത്തിയെന്നും പ്രശ്‌നപരിഹാരത്തിന് സാധ്യത തെളിയുന്നുവെന്നും റിപ്പോർട്ടുകൾ

ന്യൂഡൽഹി: കഴിഞ്ഞ ദിവസം സുപ്രീംകോടതിയിൽ ചീഫ് ജസ്റ്റിസും കൊളിജിയത്തിലെ മറ്റു ജഡ്ജിമാരും തമ്മിലുണ്ടായ പ്രശ്‌നം പരിഹരിക്കപ്പെടുന്നു. സുപ്രീംകോടതിയിലെ പ്രതിസന്ധി പരിഹരിച്ചതായി അറ്റോർണി ജനറൽ (എജി) കെ.കെ.വേണുഗോപാൽ വ്യക്തമാക്കി. ഇന്ന് രാവിലെ കോടതി ചേരുന്നതിനു മുൻപ് ജഡ്ജിമാർ അനൗപചാരിക കൂടിക്കാഴ്ച നടത്തിയതോടെ ചീഫ് ജസ്റ്റിസും അവരുടെ തർക്കവിഷയങ്ങൾ കേൾക്കാൻ തയ്യാറായെന്നാണ് സൂചന. ഇതോടെ വിഷയത്തിൽ മഞ്ഞുരുകിയെന്നും മുതിർന്ന ജഡ്ജിമാർ ഉന്നയിച്ച പ്രശ്‌നങ്ങൾ പരിഹരിക്കപ്പെടുമെന്ന നിലയിലേക്ക് കാര്യങ്ങൾ എത്തിയെന്നും ഉള്ള സൂചനകളാണ് പുറത്തുവരുന്നത്.

സുപ്രീംകോടതിയിലെ പ്രശ്‌നങ്ങൾ ചായക്കോപ്പയിലെ കൊടുങ്കാറ്റാണെന്നാണ് എജി പ്രതികരിച്ചത്. എന്നാൽ തർക്ക വിഷയങ്ങളിലെ ഏതെല്ലാം വിഷയങ്ങളാണ് പരിഹരിച്ചത് തുടങ്ങിയ വിശദാശംങ്ങൾ എജി വ്യക്തമാക്കിയില്ല. എന്നാലും കഴിഞ്ഞദിവസം സിറ്റിങ് ഒഴിവാക്കിയ ജഡ്ജിമാർ എല്ലാവരും ഇന്ന് സിറ്റിങ് നടത്തി. രാവിലെ 10.30ന് പ്രവർത്തനം ആരംഭിക്കേണ്ട കോടതികൾ പതിനഞ്ചുമിനിറ്റു വൈകി തുടങ്ങിയത് ആശങ്ക സൃഷ്ടിച്ചിരുന്നു.

ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയുടെ കോടതി മാത്രമാണ് കൃത്യസമയത്ത് പ്രവർത്തനമാരംഭിച്ചത്. രാജ്യത്തെ പരമോന്നത നീതിപീഠത്തിൽ അസാധാരണ സാഹചര്യം ഉടലെടുക്കുന്നുവെന്ന റിപ്പോർട്ടുകൾക്കിടെ മറ്റ് കോടതിയിലും ജഡ്ജിമാർ എത്തുകയായിരുന്നു. എന്നാൽ ജഡ്ജിമാർ എത്താത്തതിനാൽ രണ്ടു കോടതികളുടെ പ്രവർത്തനം തുടങ്ങിയില്ല. ഇതോടെ വിഷയം ഇനിയും തീർന്നിട്ടില്ലെന്ന തരത്തിൽ പ്രചരണവും ശക്തമാണ്.

തന്റെ പ്രവർത്തനശൈലിയെ പരസ്യമായി വിമർശിച്ച നാലു ജഡ്ജിമാരുമായി ചർച്ചയ്ക്കു തയ്യാറെന്നു കഴിഞ്ഞദിവസം ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അഭിഭാഷക നേതാക്കളോടു വ്യക്തമാക്കിയതായി സൂചനയുണ്ടായിരുന്നു. ചർച്ച നടത്തിയാലും ചീഫ് ജസ്റ്റിസ് ശൈലി മാറ്റിയാൽ മാത്രമേ പ്രശ്‌നം അവസാനിക്കുകയുള്ളൂ എന്ന നിലപാടിലാണു വിമർശനമുന്നയിച്ച ജഡ്ജിമാർ. ബാർ കൗൺസിൽ ഓഫ് ഇന്ത്യയുടെയും സുപ്രീം കോടതി ബാർ അസോസിയേഷന്റെയും പ്രതിനിധികൾ ചീഫ് ജസ്റ്റിസുമായും വിമർശനമുന്നയിച്ച ജഡ്ജിമാരുമായും ഞായറാഴ്ച കൂടിക്കാഴ്ച നടത്തി.

കോടതിയുടെ പ്രവർത്തനം തടസ്സപ്പെടില്ലെന്നു വിമർശകരിലൊരാളായ ജസ്റ്റിസ് ജസ്തി ചെലമേശ്വർ പറഞ്ഞിരുന്നു. ചർച്ച വിജയിച്ചാലും പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ ഫുൾ കോർട്ട് ചേരേണ്ടിവരുമെന്നാണു സുപ്രീംകോടതി വൃത്തങ്ങൾ പറയുന്നത്. ഇതിനിടെ, ജസ്റ്റിസ് പി.ബി.സാവന്ത് ഉൾപ്പെടെ നാല് മുൻ ജഡ്ജിമാർ ചീഫ് ജസ്റ്റിസിനെഴുതിയ തുറന്നകത്തിലൂടെ പ്രതിഷേധക്കാർക്കു പിന്തുണ പ്രഖ്യാപിച്ചു.

ജസ്റ്റിസ് ചെലമേശ്വറിനു പുറമെ, സുപ്രീം കോടതി ജഡ്ജിമാരായ രഞ്ജൻ ഗൊഗോയ്, മദൻ ബി.ലൊക്കൂർ, കുര്യൻ ജോസഫ് എന്നിവരാണ്, പ്രധാനപ്പെട്ട കേസുകൾ താരതമ്യേന ജൂനിയറായ ജഡ്ജിമാരുടെ ബെഞ്ചിനെ ഏൽപിക്കുന്ന ചീഫ് ജസ്റ്റിസിന്റെ രീതിക്കെതിരെ പരസ്യവിമർശനമുന്നയിച്ചത്. പരസ്യമായി പറഞ്ഞ പ്രശ്‌നം ചീഫ് ജസ്റ്റിസിനോടു തങ്ങൾ നാലുപേരും നേരത്തേ ഉന്നയിച്ചതാണെന്നും ഇനി ഫുൾകോർട്ട് വിളിക്കുന്നതാവും ഫലപ്രദമെന്നും ഇവർക്കു നിലപാടുള്ളതായ സൂചനകളും പുറത്തുവരുന്നു. ഇടനിലക്കാരിലൂടെ ചർച്ച നടത്തുന്നതിൽ കാര്യമില്ലെന്നും ഇവർക്ക് അഭിപ്രായമുണ്ട്.

പ്രശ്‌നം ഫുൾ കോർട്ട് വിളിച്ചു ചർച്ച ചെയ്യണമെന്നും പൊതുതാൽപര്യ ഹർജികൾ ഏറ്റവും മുതിർന്ന ജഡ്ജിമാർ പരിഗണിക്കാൻ വ്യവസ്ഥയുണ്ടാക്കണമെന്നും ബാർ അസോസിയേഷൻ കഴിഞ്ഞദിവസം പ്രമേയം പാസാക്കിയിരുന്നു. സുപ്രീംകോടതിയിലെ ജസ്റ്റിസ് എസ്.എ.ബോബ്‌ഡെയും ജസ്റ്റിസ് എൽ.നാഗേശ്വര റാവുവും ജസ്റ്റിസ് ചെലമേശ്വറിനെ ഞായറാഴ്ചയും വീട്ടിൽ സന്ദർശിച്ചു. മധ്യസ്ഥ ശ്രമങ്ങൾ ഫലം കാണുന്നതായും ശേഷിക്കുന്ന പ്രശ്‌നങ്ങൾ ഇന്നുതന്നെ പരിഹരിക്കപ്പെടുമെന്നുമാണ് നിയമവൃത്തങ്ങൾ നൽകുന്ന സൂചനകൾ.

വെള്ളിയാഴ്ചയാണ് പ്രതിസന്ധി തുടങ്ങിയത്. സിബിഐ പ്രത്യക കോടതി ജഡ്ജി ബി.എച്ച്.ലോയയുടെ മരണവുമായി ബന്ധപ്പെട്ട കേസ് മുതിർന്ന ജഡ്ജിയുടെ ബെഞ്ചിന് വിടാൻ ചീഫ് ജസ്റ്റിസ് തയാറായാൽ താൽക്കാലിക പരിഹാരമുണ്ടായേക്കുമെന്നാണ് സൂചന. അതേസമയം, ജസ്റ്റിസ് ലോയുടെ മകൻ ഉൾപ്പെടെ അദ്ദേഹത്തിന്റെ മരണത്തിൽ ദുരൂഹതയില്ലെന്ന് വ്യക്തമാക്കി രംഗത്തെത്തിയതോടെ ജഡ്ജിമാർ സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് എതിരെ നിലപാട് കൈക്കൊള്ളുന്നതിന് പ്രസക്തിയില്ലെന്ന തരത്തിലേക്കാണ് ചർച്ചകൾ നടക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP