Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നഷ്ടപരിഹാരം നൽകാൻ കൈയിൽ കാശുണ്ടെങ്കിൽ മാത്രം ഹർത്താൽ നടത്തിയാൽ മതി! ഹർത്താൽ കാരണമുണ്ടാവുന്ന നാശ നഷ്ടങ്ങൾ വിലയിരുത്തി ഈടാക്കാൻ എല്ലാ സംസ്ഥാനങ്ങളിലും കോടതി വേണമെന്ന് സുപ്രീംകോടതി

നഷ്ടപരിഹാരം നൽകാൻ കൈയിൽ കാശുണ്ടെങ്കിൽ മാത്രം ഹർത്താൽ നടത്തിയാൽ മതി! ഹർത്താൽ കാരണമുണ്ടാവുന്ന നാശ നഷ്ടങ്ങൾ വിലയിരുത്തി ഈടാക്കാൻ എല്ലാ സംസ്ഥാനങ്ങളിലും കോടതി വേണമെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: ചെറിയ കാര്യങ്ങൾക്ക് പോലും ഹർത്താൽ നടത്തി ശീലമുള്ളവരാണ് മലയാളികൾ. എന്നാൽ, ഹർത്താലിന്റെ പേരിൽ പൊതുമുതൽ നശിപ്പിക്കാൻ പോകുന്നവർ കൈയിൽ കാശു കരുതുന്നത് നന്നാകും. നഷ്ടപരിഹാരം ഈടാക്കാൻ എല്ലാ സംസ്ഥാനങ്ങളിലും കോടതി വേണമെന്ന് സുപ്രീംകോടതി വ്യക്തമാക്കിയതോടെ ഹർത്താലിന്റെ പേരിലുള്ള അക്രമങ്ങൾക്ക് അറുതി വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും കോടതികൾ രൂപവത്കരിക്കാനാണ് സുപ്രീംകോടതി നിർദേശിച്ചിരിക്കുന്നത്. ബന്ധപ്പെട്ട ഹൈക്കോടതികളുമായി കൂടിയാലോചിച്ചശേഷം ഒന്നോ അതിലധികമോ ജില്ലാ ജഡ്ജിമാർക്ക് ഇതിന്റെ ചുമതല നൽകണമെന്ന് കോടതി കേന്ദ്രത്തോട് നിർദേശിച്ചു. പൊതുമുതൽ നശിപ്പിക്കുന്നത് തടയൽ നിയമത്തിന് കേന്ദ്രസർക്കാർ കൊണ്ടുവരുന്ന ഭേദഗതിയിൽ ഇക്കാര്യങ്ങൾകൂടി ഉൾപ്പെടുത്തണമെന്നും ജസ്റ്റിസുമാരായ എ.കെ. ഗോയൽ, യു.യു. ലളിത് എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി.

ഹർത്താലുകൾക്കെതിരെ അഭിഭാഷകനായ കോശി ജേക്കബ് നൽകിയ ഹർജി തീർപ്പാക്കിക്കൊണ്ടാണ് സുപ്രീംകോടതി നടപടി. 2012ൽ കേരളത്തിലുണ്ടായ എൽ.ഡി.എഫ്.പി.ഡി.പി. ഹർത്താലിനെത്തുടർന്ന്, റോഡിൽ താൻ 12 മണിക്കൂർ ചെലവഴിക്കേണ്ടിവന്നതായി അദ്ദേഹം ഹർജിയിൽ ആരോപിച്ചു. നേത്രശസ്ത്രക്രിയ കഴിഞ്ഞതിനുശേഷം ആശുപത്രിയിൽനിന്ന് വീട്ടിലേക്ക് പോകുംവഴിയായിരുന്നു ഇതെന്നും 2013ൽ സമർപ്പിച്ച ഹർജിയിൽ പറയുന്നു. 2005 മുതൽ 2012 വരെ കേരളത്തിൽ 363 ഹർത്താലുകൾ നടന്നെന്നും ഹർജിയിൽ പറയുന്നു.

എത്രകാലം ഇതിങ്ങനെ മുന്നോട്ടുപോവുമെന്നും നാശനഷ്ടങ്ങളും ബുദ്ധിമുട്ടുകളും ഉണ്ടായാൽ എന്തുചെയ്യുമെന്നും കോടതി ചോദിച്ചു. സ്വത്തുനശിപ്പിക്കൽ നിയമം ഇക്കാര്യത്തിൽ പ്രയോഗിക്കാമെന്നും പ്രശ്നത്തിന് കാരണക്കാരായവരോട് നഷ്ടപരിഹാരം നൽകാൻ ആവശ്യപ്പെടാമെന്ന് ഇതിന് മറുപടിയായി അറ്റോർണി ജനറൽ കെ.കെ. വേണുഗോപാൽ മറുപടി നൽകി.

2007ലെ സുപ്രീംകോടതി വിധിയിലുള്ള മാർഗനിർദേശങ്ങൾ നിശ്ചിത സമയപരിധിക്കുള്ളിൽ നടപ്പാക്കണമെന്ന് ജേക്കബ് ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്. ഹർത്താലുകളുടെ വീഡിയോദൃശ്യങ്ങൾ പകർത്തിയെന്ന് ഉറപ്പുവരുത്തണമെന്ന് പൊലീസിനോടും സംസ്ഥാന സർക്കാരിനോടും ഇതിൽ നിർദേശിക്കുന്നുണ്ട്. ഇതിന് സൂപ്രണ്ട് റാങ്കിലുള്ള പൊലീസ് ഉദ്യോഗസ്ഥൻ മേൽനോട്ടം വഹിക്കണം, കാര്യമായ നാശനഷ്ടം ഉണ്ടായാൽ ഹൈക്കോടതി സ്വമേധയാ നടപടിയെടുക്കുകയും അന്വേഷിക്കുകയും വേണം, നഷ്ടപരിഹാരം നൽകാൻവേണ്ട സംവിധാനം രൂപവത്കരിക്കണം തുടങ്ങിയവയാണ് പ്രധാന നിർദേശങ്ങൾ.

ഒന്നിലധികം സംസ്ഥാനങ്ങൾ ഉൾപ്പെട്ടിട്ടുള്ള കേസാണെങ്കിൽ, അതിൽ സുപ്രീംകോടതിയാവും നടപടിയെടുക്കുകയെന്നും ഇതിൽ പറയുന്നു. പൊതുസ്വകാര്യ സ്വത്തുക്കൾ നശിപ്പിക്കുന്ന രാഷ്ട്രീയപ്പാർട്ടികളുടെയും സംഘടനകളുടെയും നേതാക്കളുടെ പേരിൽ ക്രിമിനൽ നടപടിയെടുക്കണമെന്നതിനെ അനുകൂലിക്കുന്ന നിലപാടായിരുന്നു ഇതിൽ സുപ്രീംകോടതിയുടേത്.

ഇരയ്ക്ക് നഷ്ടപരിഹാരം നൽകാൻവേണ്ട സംവിധാനം ഇപ്പോഴും തയ്യാറായിട്ടില്ല. ഹർത്താൽ വിഷയത്തിൽ ജസ്റ്റിസ് കെ.ടി. തോമസ്, എഫ്.എസ്. നരിമാൻ എന്നിവരുടെ കമ്മിറ്റികൾ സമർപ്പിച്ച മാർഗനിർദ്ദേശം നടപ്പാക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് സുപ്രീംകോടതി 2009ൽ നിർദ്ദേശം നൽകിയിരുന്നു.

1984ലെ 'പൊതുമുതൽ നശിപ്പിക്കുന്നത് തടയൽ നിയമ'ത്തിൽ ഭേദഗതി വരുത്താനുള്ള നടപടി ആരംഭിച്ചതായി ആഭ്യന്തരമന്ത്രാലയം സുപ്രീംകോടതിയെ അറിയിച്ചു. നിയമമന്ത്രാലയവുമായി ആലോചിച്ചുകൊണ്ടാണിത്. ഭേദഗതി ബില്ലിന്റെ കരട് ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ലഭിക്കുന്ന അഭിപ്രായങ്ങൾ പരിഗണിച്ചുകൊണ്ട് തുടർനടപടിയെടുക്കുമെന്ന് മന്ത്രാലയം അറിയിച്ചു. ഹർജിക്കാരന് വേണ്ടി അഭിഭാഷകരായ വിൽസ് മാത്യൂസ്, ഉഷാ നന്ദിനി, അഡോൾഫ് എന്നിവർ ഹാജരായി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP