Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സൗദി അറേബ്യയും പാക്കിസ്ഥാനും വരെ നിരോധിച്ച മുത്തലാഖ് എന്തിനു ഇന്ത്യയിൽ നടപ്പാക്കുന്നു? വധശിക്ഷപോലെ ക്രൂരമായ നടപടി ദൈവത്തിനു നിരക്കാത്തത്; സുപ്രീംകോടതി ഇന്നലെ നടത്തിയത് അതിനിശിതമായ വിമർശനങ്ങൾ; 93ാം വയസിലും നിലപാടു വ്യക്തമാക്കി രാംജഠ്മലാനിയും സുപ്രീംകോടതിയിൽ

സൗദി അറേബ്യയും പാക്കിസ്ഥാനും വരെ നിരോധിച്ച മുത്തലാഖ് എന്തിനു ഇന്ത്യയിൽ നടപ്പാക്കുന്നു? വധശിക്ഷപോലെ ക്രൂരമായ നടപടി ദൈവത്തിനു നിരക്കാത്തത്; സുപ്രീംകോടതി ഇന്നലെ നടത്തിയത് അതിനിശിതമായ വിമർശനങ്ങൾ; 93ാം വയസിലും നിലപാടു വ്യക്തമാക്കി രാംജഠ്മലാനിയും സുപ്രീംകോടതിയിൽ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: മുത്തലാഖ് മുസ്ലിം വിവാഹമോചനത്തിലെ ഏറ്റവും നീചവും അനഭിലഷണീയവുമായ രീതിയാണെന്ന് സുപ്രീംകോടതി. മുത്തലാഖ് നിരോധിക്കുകയാണെങ്കിൽ അതിന്റെ പ്രത്യാഘാതങ്ങൾ അപ്പോൾ പരിശോധിക്കാമെന്നും ചീഫ് ജസ്റ്റിസ് ജെ.എസ്. ഖേഹർ അധ്യക്ഷനായ ഭരണഘടനാബെഞ്ച് നിരീക്ഷിച്ചു. മുത്തലാഖ്, നിക്കാഹ് ഹലാല എന്നിവയ്ക്കെതിരെ സുപ്രീംകോടതി സ്വമേധയ എടുത്തതുൾപ്പെടെ ഏഴ് ഹർജികളിന്മേൽ രണ്ടാംദിവസം വാദംകേൾക്കുമ്പോഴായിരുന്നു കോടതിനിരീക്ഷണം. സൗദി അറേബ്യയിലും പാക്കിസ്ഥാനിലും നിരോധിച്ച മുത്തലാഖ് എന്തിന് ഇന്ത്യയിൽ നടപ്പാക്കുന്നുവെന്നും കേസ് പരിഗണിക്കുന്ന അഞ്ചംഗ ഭരണഘടനാ ബെഞ്ച് ചോദിച്ചു.

വിവാഹമോചനത്തിനുള്ള ഏറ്റവും നീചവും അനഭിലഷണീയവുമായ മാർഗമാണു മുത്തലാഖ്. വധശിക്ഷപോലെയാണത്. ഏറ്റവും വെറുക്കപ്പെടുന്നതും. എന്നാൽ ഇപ്പോഴും അനുവദിക്കുന്നതുമായ കാര്യം- ഇങ്ങനെയായിരുന്നു സുപ്രീംകോടതിയുടെ നിരീക്ഷണങ്ങൾ. മുത്തലാഖ് നിയമപരമാണെന്നു കരുതുന്ന ഒരു വിഭാഗം ഇപ്പോഴുമുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. കേസിൽ ഇനി തിങ്കളാഴ്ച വാദം തുടരും. കോടതിയുടെ പരിശോധനയ്ക്കു വരേണ്ട വിഷയമല്ല മുത്തലാഖ് എന്ന് അമിക്കസ് ക്യൂറിയായ മുൻ കേന്ദ്രമന്ത്രി സൽമാൻ ഖുർഷിദ് വാദിച്ചു.

മുത്തലാഖിനോടു സാധ്യമല്ല എന്നു പറയാൻ മുസ്ലിം വനിതകൾക്ക് അവകാശമുണ്ട്. നിക്കാഹ് നാമയിലെ (വിവാഹക്കരാർ) ഒരു വ്യവസ്ഥ എന്ന നിലയിൽ വനിതകൾക്ക് ഇതു പറയാവുന്നതാണ്. ഇതേസമയം, മുത്തലാഖ് പാപമാണെന്നാണു തന്റെ വ്യക്തിപരമായ അഭിപ്രായമെന്നും ഖുർഷിദ് കോടതിയെ ധരിപ്പിച്ചു. മുത്തലാഖിനു ഭരണഘടനാ സാധുതയോ നിയമസാധുതയോ നൽകാവുന്നതല്ല. മുത്തലാഖ് എന്ന ആചാരംതന്നെ നിലവിലില്ല എന്നാണു പല പ്രമുഖ മുസ്ലിം ചിന്തകന്മാരും അഭിപ്രായപ്പെട്ടിട്ടുള്ളത്. തുടർച്ചയായി മൂന്നുതവണ തലാഖ് പറഞ്ഞതുകൊണ്ടു വിവാഹമോചനമാകുന്നില്ല. ഇരുകക്ഷികളും ഒത്തുതീർപ്പിലെത്താൻ കഴിയാതെവരുമ്പോൾ ഖാസിമാരുടെ മുൻപാകെ അനുരഞ്ജനത്തിനു ശ്രമിക്കുകയാണു വേണ്ടത്. എന്നാൽ, അഖിലേന്ത്യാ മുസ്ലിം വ്യക്തിനിയമ ബോർഡ് മുത്തലാഖിനെ നിയമാനുസൃതമായി അംഗീകരിച്ചിട്ടുണ്ട് ഖുർഷിദ് ബോധിപ്പിച്ചു.

മുത്തലാഖ് പാപമാണെന്നാണ് ഇസ്ലാം കരുതുന്നതെങ്കിലും വ്യക്തിനിയമപ്രകാരം നിയമസാധുതയുണ്ടെന്നും ഖുർഷിദ് പറഞ്ഞു. തുടർന്നാണ് ദൈവത്തിന്റെകണ്ണിൽ പാപമായ കാര്യത്തിന് നിയമസാധുത നൽകാനാകുമോയെന്ന് ചീഫ് ജസ്റ്റിസ് ഖേഹർ ആരാഞ്ഞത്. ''ദൈവത്തിന്റെ കണ്ണിൽ പാപമായ കാര്യങ്ങൾക്ക് നിയമസാധുതയുണ്ടോ? ദൈവം പാപമാണെന്ന് കരുതുന്ന ഒരു കാര്യത്തിന് നിയമസാധുത നൽകാനാവില്ല. അതിനു കഴിയുമോ?'' - ചീഫ് ജസ്റ്റിസ് പറഞ്ഞു. ഇസ്ലാംവിരുദ്ധവും പാപമായതും മറ്റ് മതനിയമങ്ങൾ അംഗീകരിക്കാത്തതുമായ ഒരു കാര്യത്തിന് സാധുത നൽകാൻ മനുഷ്യനിർമ്മിത നിയമങ്ങൾക്കാകുമോയെന്ന് ജഡ്ജി കുര്യൻ ജോസഫും ചോദിച്ചു. കഴിയില്ലെന്നായിരുന്നു ഖുർഷിദിന്റെ മറുപടി.

പല രാജ്യങ്ങളും തെറ്റായും പാപവുമായി കാണുന്ന വധശിക്ഷയ്ക്ക് ആ രാജ്യങ്ങളിൽ നിയമസാധുതയുള്ളതുപോലെയാണ് മുത്തലാഖിന്റെ കാര്യമെന്ന് ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചു. ഇന്ത്യക്കുപുറത്ത് മുത്തലാഖ് വ്യാപകമായി ഉപയോഗിക്കുന്നുണ്ടോയെന്ന ചോദ്യത്തിന്, ഇന്ത്യക്കുപുറത്ത് ഈസമ്പ്രദായം ഇല്ലെന്നായിരുന്നു ഖുർഷിദിന്റെ മറുപടി. അപ്പോൾ മുത്തലാഖ് ഇന്ത്യ കേന്ദ്രിതമാണല്ലേയെന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചു.

മുത്തലാഖ് നിരോധിച്ച ഇസ്ലാമിക രാജ്യങ്ങളുടെയും മറ്റു രാജ്യങ്ങളുടെയും പട്ടിക ഹാജരാക്കാൻ കോടതി ഖുർഷിദിനോട് ആവശ്യപ്പെട്ടു. പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, മെറോക്കോ, സൗദി അറേബ്യ തുടങ്ങി മുത്തലാഖിനു നിരോധനമുള്ള ഇസ്ലാമിക രാജ്യങ്ങളുടെ പട്ടിക ഖുർഷിദ് സമർപ്പിച്ചു. ഈ പട്ടികയിൽ സൗദി അറേബ്യയുടെ പേര് ഇല്ലല്ലോയെന്ന് കോടതി ചൂണ്ടിക്കാട്ടി. സൗദിയിൽ എന്ത് നിയമമാണ് നിലനിൽക്കുന്നതെന്ന് കോടതി ചോദിച്ചു. സൗദി പ്രവാചകന്റെ വാക്കുകളാണ് പിന്തുടരുന്നതെന്നും അവർ നേരത്തെതന്നെ മുത്തലാഖ് നിരോധിച്ചതാണെന്നും കക്ഷികൾക്കുവേണ്ടി ഹാജരായ മറ്റൊരഭിഭാഷകൻ ബോധിപ്പിച്ചു. ഇത് സംബന്ധിച്ച രേഖകൾ ഹാജരാക്കാൻ കോടതി ആവശ്യപ്പെട്ടു.

മുത്തലാഖ് ഭരണഘടനാവിരുദ്ധമാണെന്ന് ഒരു കക്ഷിക്കുവേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ രാം ജെഠ്മലാനി വാദിച്ചു. മുത്തലാഖിനുള്ള അവകാശം പുരുഷനുമാത്രമാണുള്ളത്. ഇത് തുല്യതയ്ക്കുള്ള അവകാശം വാഗ്ദാനം ചെയ്യുന്ന ഭരണഘടനയുടെ 14-ാം വകുപ്പിന്റെ ലംഘനമാണ്. ഏകപക്ഷീയമായ വിവാഹമോചനം നിയമവിരുദ്ധമാണ്. ഖുറാനിലെ വചനങ്ങൾക്ക് എതിരാണത്. അതുകൊണ്ട് റദ്ദാക്കണമെന്ന് ജെഠ്മലാനി ആവശ്യപ്പെട്ടു.

'മുസ്ലിം സ്ത്രീകളുടെ സമത്വത്തിനുവേണ്ടിയുള്ള ദാഹം' എന്നപേരിൽ ലഭിച്ച പരാതിയിൽ സുപ്രീംകോടതി സ്വമേധയാ കേസെടുക്കുകയും ഭരണഘടനാ ബെഞ്ച് രൂപീകരിച്ച് വാദം കേൾക്കാൻ തീരുമാനിക്കുകയുമായിരുന്നു. ചീഫ് ജസ്റ്റിസ് കേഹാറിനു പുറമേ ജഡ്ജിമാരായ കുര്യൻ ജോസഫ്, യു.യു. ലളിത്, ആർ.എഫ്. നരിമാൻ, അബ്ദുൾ നസീർ എന്നിവരാണ് ഭരണഘടനാ ബെഞ്ചിലെ മറ്റംഗങ്ങൾ. വിവാഹമോചനത്തിന്റെ പേരിലോ ഭർത്താവിന്റെ ഇതരവിവാഹബന്ധം വഴിയോ മുസ്ലിം സ്ത്രീകൾ ലിംഗവിവേചനം അനുഭവിക്കുന്നുണ്ടോയെന്നാണ് കോടതി പരിശോധിക്കുന്നത്. പരിഗണിക്കുന്നവയിൽ അഞ്ച് മുസ്ലിം സ്ത്രീകളും ഖുറാൻ സുന്നത്ത് സൊസൈറ്റിയും നൽകിയ ഹർജികളും ഉൾപ്പെടുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP