Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

സർക്കാരിന്റെ സ്വാശ്രയ വിരുദ്ധ സമീപനം ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള നമ്പറോ? വി എസ് സർക്കാരിന്റെ കാലത്ത് കാണിച്ച അതേ അബദ്ധങ്ങൾ തന്നെ ഇന്നും അവർ കാണിക്കുന്നു; കോടതി വിധികളും നിയമങ്ങളും നോക്കാതെ വാചകം അടിച്ചു സർക്കാർ വെറുതെ പണി ഏറ്റു വാങ്ങി

സർക്കാരിന്റെ സ്വാശ്രയ വിരുദ്ധ സമീപനം ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള നമ്പറോ? വി എസ് സർക്കാരിന്റെ കാലത്ത് കാണിച്ച അതേ അബദ്ധങ്ങൾ തന്നെ ഇന്നും അവർ കാണിക്കുന്നു; കോടതി വിധികളും നിയമങ്ങളും നോക്കാതെ വാചകം അടിച്ചു സർക്കാർ വെറുതെ പണി ഏറ്റു വാങ്ങി

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: സർക്കാരിന്റെ സ്വാശ്രയ വിരുദ്ധ സമീപനം ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള നമ്പറുകളാണോ? കേരള ക്രിസ്ത്യൻ പ്രൊഫഷണൽ കോളെജ് മാനേജ്മെന്റ് ഫെഡറേഷൻ നൽകിയ അപ്പിലിൽ കോടതി വിധി മാനേജുമെന്റുകാർക്ക് അനുകൂലം. മാനേജ്മെന്റ് സീറ്റുകളേറ്റെടുത്ത സർക്കാർ ഉത്തരവ് സ്റ്റേ ചെയ്തു കൊണ്ടാണ് വിധി. സ്വകാര്യ സ്വാശ്രയ മെഡിക്കൽ മേഖലയിൽ സർക്കാരിന് ആദ്യ പ്രഹരം തന്നെയാണ് പുതിയ കോടതി ഉത്തരവ്. സർക്കാർ ഉത്തരവ് ചോദ്യം ചെയ്തു സമർപ്പിച്ച ഹരജിയിലായിരുന്നു നടപടി. എംബിബിഎസ്, ബിഡിഎസ് പ്രവേശനം നീറ്റ് അടിസ്ഥാനത്തിൽ തന്നെ നടത്തണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു. പ്രൊസ്പെക്ടസ് ഇല്ലാത്ത കോളെജുകൾക്ക് പ്രവേശനം നടത്താനാകില്ലെന്നും അപേക്ഷകരുടെ റാങ്ക് അടിസ്ഥാനത്തിലാകണം പ്രവേശനമെന്നും കോടതി നിർദ്ദേശിച്ചു.

മാനേജ്മെന്റുകളുമായി ചർച്ചകൾക്ക് മുൻകൈ എടുക്കാൻ തയ്യാറാവാതെ മുൻ വി. എസ് സർക്കാർ എടുത്ത നിലപാട് തന്നെയായിരുന്നു പുതിയ സർക്കാരും പിന്തുടർന്നത്. സ്വാശ്രയ മേഖലയുമായി ബന്ധപ്പെട്ട മുൻ കോടതിയുത്തരവുകൾ വേണ്ടത്ര ഗൃഹപാഠം ചെയ്യാതെ സർക്കാർ സ്വയം അടിവാങ്ങാൻ മാനേജ്മെന്റുകൾക്ക് വടി നൽകുകയായിരുന്നു. ഇനി ഹൈക്കോടതി വിധി മാനേജ്മെന്റുകളുടെ വിലപേശൽ ശക്തി വർധിപ്പിക്കും. കേരള ക്രിസ്ത്യൻ പ്രൊഫഷണൽ കോളെജ് മാനേജ്മെന്റ് ഫെഡറേഷനാണ് സർക്കാറിനെതിരേ ഹൈക്കോടതിയെ സമീപിച്ചിരുന്നത്.

മാനേജ്മെന്റ് സീറ്റിൽ പ്രവേശനം നടത്താനുള്ള തങ്ങളുടെ മൗലികാവകാശം സർക്കാർ ലംഘിച്ചുവെന്ന് സുപ്രിംകോടതി മുൻ ഉത്തരവുകൾ ഉദ്ധരിച്ച് മാനേജ്മെന്റുകൾ ഹൈക്കോടതിയിൽ വാദിച്ചപ്പോൾ സർക്കാരിന് ഉത്തരം മുട്ടി. ഇതിനെതിരേ സർക്കാർ അഭിഭാഷകൻ നിരത്തിയ മുട്ടുന്യായങ്ങളൊന്നും കോടതി മുഖവിലയ്ക്കെടുത്തില്ല. ഹൈക്കോടതി വിധിക്കെതിരേ അപ്പീൽ പോയിട്ടു കാര്യമില്ലെന്ന നിയമോപദേശമാണ് ലഭിച്ചിരിക്കുന്നത്. ഇനി ചർച്ചയാവാമെന്നാണ് ആരോഗ്യമന്ത്രിയും മറ്റും ഇപ്പോൾ പറയുന്നത്. കോടതി വിധിയിലൂടെ മാനേജ്മെന്റുകൾക്ക് ചർച്ചകളിൽ ആധിപത്യം സ്ഥാപിക്കാനാവശ്യമായ സാഹചര്യം സൃഷ്ടിക്കുന്നതിനു മുമ്പ് സർക്കാരിനു ചർച്ചകൾ തുടങ്ങാവുന്നതേയുണ്ടായിരുന്നുള്ളൂ.

അടുത്ത ദിവസങ്ങളിൽ നടക്കുന്ന ചർച്ചകളിൽ ഇനി സർക്കാരിന് മാനേജ്മെന്റുകളുടെ സമ്മർദ്ദത്തിനു വഴങ്ങേണ്ടി വരും. ക്രിസ്ത്യൻ പ്രഫഷനൽ കോളജ് മാനേജ്മെന്റ് ഫെഡറേഷനാണ് കോടതി വിധി ഏറ്റവും കൂടുതൽ അനുഗ്രഹമായിരിക്കുന്നത്. തങ്ങളുടെ കീഴിലുള്ള നാല് മെഡിക്കൽ കോളജുകളിലും ഒരു ഡെന്റൽ കോളജിലും മുഴുവൻ സീറ്റിലേക്കും ഏകീകൃത ഫീസ് വാങ്ങി പ്രവേശനം നടത്താൻ ഇനി അവർക്കു മുന്നിൽ ആരും വിലങ്ങുതടിയാവില്ല. പോരാത്തതിന് മൂന്നു വർഷത്തേക്ക് ഏകീകൃത ഫീസ് നിശ്ചയിച്ച് മുൻ സർക്കാരുമായുണ്ടാക്കിയ കരാറിന് പിണറായി സർക്കാരും അംഗീകാരം നൽകിയിട്ടുണ്ട്.

ഈ കരാറിൽ സർക്കാരിന് 50 ശതമാനം സീറ്റ് വിട്ടു നൽകുന്നുവെന്നത് സാങ്കേതികത മാത്രമാണ്. സർക്കാരിന് നൽകിയ 50 ശതമാനം സീറ്റിൽ പ്രവേശനം നടത്തുന്നത് സർക്കാർ ലിസ്റ്റിൽ നിന്നായിരിക്കും. എന്നാൽ, ഫീസ് ഒന്നു തന്നെ. മെഡിക്കൽ സീറ്റുകൾക്ക് മുഴുവൻ വിദ്യാർത്ഥികൾക്കും 2015-16ൽ നാലു ലക്ഷവും ഈ അധ്യയന വർഷം 4.40 ലക്ഷവും അടുത്ത വർഷം 4.85 ലക്ഷവും എന്നതാണ് കരാർ. അതു കൊണ്ടു തന്നെ ക്രിസ്ത്യൻ മാനേജ്മെന്റുകളുമായി ഇനി ചർച്ചയ്ക്കു പ്രസക്തിയില്ല. സർക്കാർ വിളിച്ചാലും അവർ ചർച്ചയ്ക്കെത്തിയേക്കില്ല. എത്തിയാൽ തന്നെ ഈ നിലപാടിൽ നിന്ന് അണുവിട മാറാൻ അവർ തയ്യാറാവില്ല.

മെഡിക്കൽ മാനേജ്മെന്റ് അസോസിയേഷനു കീഴിലുള്ള കോളജുകളുമായാണ് ഇനി ചർച്ച നടക്കുക. കഴിഞ്ഞ തവണ ഓരോ മാനേജ്മെന്റുകളുമായി പ്രത്യേകമുണ്ടാക്കിയ കരാർ പ്രകാരം സർക്കാരിന് വിട്ടു നൽകിയ 50 ശതമാനം സീറ്റിൽ 40 ശതമാനത്തിൽ ബിപിഎൽ, എസ്ഇബിസി വിദ്യാർത്ഥികൾക്ക് 25000 രൂപ, മറ്റു വിദ്യാർത്ഥികൾക്ക് 185000 രൂപ എന്നിങ്ങനെയും മാനേജ്മെന്റ് പ്രവേശനം നടത്തുന്ന 35 ശതമാനം സീറ്റിൽ 850000 രൂപയും 15 ശതമാനം എൻആർഐ സീറ്റിൽ 1250000 രൂപയുമായിരുന്നു ഫീസ് ഘടന. എന്നാൽ, ഇനി നടക്കുന്ന ചർച്ചകളിൽ ഈ ഘടന മാനേജ്മെന്റുകൾ അംഗീകരിക്കുമോയെന്ന് കണ്ടറിയണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP