Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പൊലീസ് മേധാവി സ്ഥാനത്തുനിന്ന് നീക്കിയത് നളിനി നെറ്റോ ഇടപെട്ടെന്ന് സെൻകുമാർ; പുനർ നിയമനം വൈകിപ്പിക്കാനും ശ്രമിക്കുന്നു; ഉത്തരവ് ഉടൻ നടപ്പാക്കാൻ നിർദ്ദേശം നൽകണം; നഷ്ടപ്പെട്ട കാലാവധി നീട്ടി കിട്ടണം: സുപ്രീംകോടതി ഉത്തരവ് നടപ്പിലാക്കാൻ വൈകിയ പിണറായിയെ വെട്ടിലാക്കി കോടതി അലക്ഷ്യ ഹർജി ഫയൽ ചെയ്ത് സെൻകുമാർ

പൊലീസ് മേധാവി സ്ഥാനത്തുനിന്ന് നീക്കിയത് നളിനി നെറ്റോ ഇടപെട്ടെന്ന് സെൻകുമാർ; പുനർ നിയമനം വൈകിപ്പിക്കാനും ശ്രമിക്കുന്നു; ഉത്തരവ് ഉടൻ നടപ്പാക്കാൻ നിർദ്ദേശം നൽകണം; നഷ്ടപ്പെട്ട കാലാവധി നീട്ടി കിട്ടണം: സുപ്രീംകോടതി ഉത്തരവ് നടപ്പിലാക്കാൻ വൈകിയ പിണറായിയെ വെട്ടിലാക്കി കോടതി അലക്ഷ്യ ഹർജി ഫയൽ ചെയ്ത് സെൻകുമാർ

ന്യൂഡൽഹി: പുനർനിയമനത്തിൽ ടി.പി.സെൻകുമാർ കോടതിയലക്ഷ്യ ഹർജി സമർപ്പിച്ചു. സുപ്രീംകോടതിയിലാണ് ഹർജി നൽകിയത്. ചീഫ് സെക്രട്ടറി നളിനി നെറ്റോയെ എതിർകക്ഷിയാക്കിയാണ് ഹർജി. പൊലീസ് മേധാവി സ്ഥാനത്തുനിന്ന് നീക്കിയത് നളിനി നെറ്റോ ഇടപെട്ടെന്ന് സെൻകുമാർ ആരോപിച്ചു. പുനർനിയമനം വൈകിപ്പിക്കാൻ നളിനി നെറ്റോ ശ്രമിക്കുമെന്നും കോടതി ഉത്തരവ് ഉടൻ നടപ്പാക്കാൻ നിർദ്ദേശം നൽകണമെന്നും സെൻകുമാർ അപേക്ഷിച്ചു. കോടതിയലക്ഷ്യ ഹർജിയിലാണ് സെൻകുമാറിന്റെ ആരോപണം.

നഷ്ടപ്പെട്ട കാലാവധി നീട്ടിക്കിട്ടണമെന്നും സെൻകുമാർ ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. നേരത്തെ ടി.പി സെൻകുമാറിന് അനുകൂലമായി വന്ന സുപ്രീകോടതി വിധിയിൽ സംസ്ഥാന സർക്കാർ പ്രമുഖ അഭിഭാഷകൻ ഹരീഷ് സാൽവെയുടെ നിയമോപദേശം തേടിയിരുന്നു. സർക്കാരിന് വേണ്ടി സുപ്രീംകോടതിയിൽ കേസ് വാദിച്ചത് ഹരീഷ് സാൽവെ ആയിരുന്നു. ടി.പി സെൻകുമാറിനെ പൊലീസ് മേധാവിയാക്കണം എന്ന് സെൻകുമാറിന്റെ ഹർജി പരിഗണിച്ച് കൊണ്ട് സുപ്രീംകോടതി കഴിഞ്ഞ ദിവസം സംസ്ഥാന സർക്കാറിനോടാവശ്യപ്പെട്ടിരുന്നു. ഈ ഉത്തരവിന്റെ കോപ്പി വെള്ളിയാഴ്ച സെൻകുമാർ ചീഫ് സെക്രട്ടറിക്ക് കൈമാറി. എന്നിട്ടും സെൻകുമാറിന് സർക്കാറിൽ നിന്നും യാതൊരു വിവരവും ലഭിച്ചിരുന്നില്ല.

ഇപ്പോഴത്തെ തീരുമാനത്തിലൂടെ സർക്കാർ കൂടുതൽ അപകടത്തിലേക്കാണ് നീങ്ങുന്നതെന്നും നിയമവിദഗ്ദ്ധർ വിലയിരുത്തുന്നു. ഇത് കൂടുതൽ പ്രതിസന്ധിയിലാക്കുക ചീഫ് സെക്രട്ടറി കൂടിയായ നിളിനി നെറ്റോയെ ആയിരിക്കും. തനിക്കെതിരെ നളിനി വ്യാജരേഖ ചമച്ചു എന്ന കടുത്ത ആരോപണമാണ് സെൻകുമാർ ഉന്നയിച്ചിരിക്കുന്നത്. രണ്ടു കാര്യങ്ങളാണു സുപ്രീം കോടതി വിധിക്കുശേഷം സെൻകുമാറിന്റെ നിയമന വിഷയത്തിൽ ഉണ്ടായിരിക്കുന്നത്. വിധി വന്നയുടൻ, അതിന്റെ അടിസ്ഥാനത്തിൽ തന്നെ ഡിജിപിയായി നിയമിക്കണമെന്നാവശ്യപ്പെട്ട് അദ്ദേഹം ചീഫ് സെക്രട്ടറിക്ക് കത്തു നൽകി.

വിധിയുടെ പകർപ്പും ഒപ്പം നൽകിയിരുന്നു. എന്നാൽ, നാലു ദിവസം പിന്നിടുമ്പോഴും ഒരു നടപടിയും സർക്കാർ എടുത്തിട്ടില്ലെന്നതാണ് ഒന്നാമത്തെ കാര്യം. രണ്ടാമതായി, റിവിഷൻ ഹർജി നൽകണോയെന്ന കാര്യത്തിൽ നിയമോപദേശം തേടാൻ സർക്കാർ തീരുമാനിച്ചു. റിവിഷൻ ഹർജി നൽകേണ്ടതില്ല എന്നാണു നിയമോപദേശമെങ്കിൽ സർക്കാരിനു കോടതിവിധി നടപ്പിലാക്കേണ്ടിവരും. അല്ലെങ്കിൽ നിയമോപദേശം മറികടന്നു സർക്കാരിനു സുപ്രീം കോടതിയെ സമീപിക്കാം. ഇതു സർക്കാരിനെ കൂടുതൽ പ്രതിസന്ധിയിലേക്കു തള്ളിവിടാനിടയുണ്ട്.

സുപ്രീം കോടതി ഉത്തരവ് നടപ്പിലാക്കുന്നതിൽ വീഴ്ച വരുത്തിയ കർണാടകയിലെ ചീഫ് സെക്കട്ടറി ക്ക് ഒരു മാസത്തെ തടവ് ശിക്ഷ വിധിച്ച കാര്യം സെൻകുമാർ ചൂണ്ടിക്കാട്ടിയാണ് ഹർജി നൽകിയിരിക്കുന്നത്. സർവീസ് സംബന്ധമായ വിഷയത്തിൽ നീതി തേടി കോടതിയെ സമീപിച്ച ഉദ്യോഗസ്ഥന് അനുകൂലമായി സുപ്രീം കോടതി നിലപാടെടുത്തു. എന്നാൽ, ഉത്തരവു നടപ്പിലാക്കാൻ കർണാടക സർക്കാർ തയാറായില്ല. ഉദ്യോഗസ്ഥൻ വീണ്ടും കോടതിയെ സമീപിച്ചു. ഉത്തരവു നടപ്പിലാക്കേണ്ട ബാധ്യതയുണ്ടായിരുന്ന കർണാടക അഡീ. ചീഫ് സെക്രട്ടറിക്കു ജയിലിൽ പോകേണ്ടിവന്നു. ഇവിടെയും സമാന സാഹചര്യം ഉണ്ടെന്നാണ് സെൻകുമാർ ചൂണ്ടിക്കാട്ടിയത്.

അതേസമയം ടി.പി. സെൻകുമാറിനെ പുനഃസ്ഥാപിക്കാനുള്ള സുപ്രീംകോടതി ഉത്തരവ് ഒരുതരത്തിലും മറികടക്കാനാവില്ലെന്നു വന്നതോടെ സർക്കാർ അയയുന്നു എന്ന സൂചനയുമുണ്ട്. സെൻകുമാറിന്റെ കാര്യത്തിൽ രണ്ടു ദിവസത്തിനുള്ളിൽ തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കിയിട്ടുണ്ട്. തന്റെ സർവീസ് കാലയളവ് സർക്കാർ മനഃപൂർവം നഷ്ടപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി സെൻകുമാർ സുപ്രീംകോടതിയെ സമീപിച്ചാൽ, ഡി.ജി.പി സ്ഥാനത്തു നിന്ന് മാറ്റിനിറുത്തിയ പതിനൊന്നു മാസം അധികമായി അനുവദിക്കാനുമിടയുണ്ട്. ഈ സാഹചര്യത്തിൽ അഡ്വക്കേറ്റ് ജനറലിന്റെയും സർക്കാരിന്റെ അഭിഭാഷകൻ ഹരീഷ് സാൽവെയുടെയും ഉപദേശം സ്വീകരിച്ച് സെൻകുമാറിന് നിയമനം നൽകാനാണ് സാദ്ധ്യത.

സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തുനിന്ന് 2016 മെയ് 30 നാണ് സെൻകുമാറിനെ മാറ്റുന്നത്. തന്നെ മാറ്റിയതിനെതിരെ ജൂൺ രണ്ടിനു സെൻകുമാർ അഡ്‌മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനു പരാതി നൽകി. സെൻകുമാറിനെ മാറ്റിയ നടപടി ശരിവച്ച ട്രിബ്യൂണൽ ഉത്തരവിൽ ഇടപെടില്ലെന്ന് 2017 ജനുവരി 25ന് ഹൈക്കോടതി ഡിവിഷൻ ബഞ്ച് വ്യക്തമാക്കി. ഫെബ്രുവരി 15നു സെൻകുമാറിനെ ഐഎംജി ഡയറക്ടറായി സർക്കാർ നിയമിച്ചു. ഫെബ്രുവരി 26 നു ഹൈക്കോടതി തീരുമാനത്തിനെതിരെ സെൻകുമാർ സുപ്രീം കോടതിയിൽ അപ്പീൽ നൽകി. ഏപ്രിൽ 24നു സെൻകുമാറിനെ തിരിച്ചെടുക്കാൻ സുപ്രീം കോടതി നിർദ്ദേശിക്കുകയായിരുന്നു.

വിധിയുടെ അടിസ്ഥാനത്തിൽ സർക്കാറിൽ നിന്നും കാര്യമായ നടപടികൾ ഒന്നും ഉണ്ടായില്ലെ ബോധ്യമായതോടെ അതിവേഗമാണ് സെൻകുമാർ വിഷയത്തിൽ ഇടപെട്ടത്. സംസ്ഥാന പൊലീസ് മേധാവിയായി നിയമിക്കണമെന്ന കോടതി വിധി വന്നിട്ടും നിയമനം വൈകുന്നത് എന്തുകൊണ്ടാണാണെന്ന് അറിയില്ലെന്ന് സെൻകുമാർ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇത് സംബന്ധിച്ച് ഉചിതമായ സമയത്ത് ഉചിതമായ നടപടി സ്വീകരിക്കും. അതിനുള്ള പ്രാപ്തി തന്റെ അഭിഭാഷകനുണ്ടെന്നും അദ്ദേഹം പറയുകയുണ്ടായി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP