Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബാബുവിനെതിരെയും ക്വിക്ക് വേരിഫിക്കേഷൻ; കൈക്കൂലി നൽകിയ ബിജു രമേശ് കൂട്ടുപ്രതി; അന്വേഷണം നടത്തിയെന്ന വിജിലൻസ് വാദം കോടതി അംഗീകരിച്ചില്ല; ബാർ കോഴയിൽ ഉമ്മൻ ചാണ്ടി സർക്കാരിന് തൃശൂർ വിജിലൻസ് കോടതിയുടെ നിർദ്ദേശങ്ങൾ തലവേദനയാകും

ബാബുവിനെതിരെയും ക്വിക്ക് വേരിഫിക്കേഷൻ; കൈക്കൂലി നൽകിയ ബിജു രമേശ് കൂട്ടുപ്രതി; അന്വേഷണം നടത്തിയെന്ന വിജിലൻസ് വാദം കോടതി അംഗീകരിച്ചില്ല; ബാർ കോഴയിൽ ഉമ്മൻ ചാണ്ടി സർക്കാരിന് തൃശൂർ വിജിലൻസ് കോടതിയുടെ നിർദ്ദേശങ്ങൾ തലവേദനയാകും

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ: ബാർ കോഴക്കേസിൽ മന്ത്രി കെ.ബാബുവിനും ബിജു രമേശിനുമെതിരെ ദ്രുതപരിശോധന വേണമെന്ന് തൃശൂർ വിജിലൻസ് കോടതി. ജനുവരി 23നകം ദ്രുതപരിശോധനയുടെ റിപ്പോർട്ട് നൽകാൻ വിജിലൻസ് ഡയറക്ടർക്ക് കോടതിയുടെ നിർദ്ദേശം. പൊതുപ്രവർത്തകനായ ജോർജ് വട്ടക്കുളം നൽകിയ സ്വകാര്യ ഹർജിയിലാണ് കോടതി ഉത്തരവ്. ബിജു രമേശ് ഇതിന് സമാനമായ മൊഴി തിരുവനന്തപുരത്തെ കോടതിയിൽ നൽകിയിരുന്നു. എന്നാൽ ദ്രുതപരിശോധന നടത്താതെ പ്രാഥമിക അന്വേഷണം നടത്തി കേസ് തള്ളുകയാണ് ചെയ്തത്. ഇത് ബാബുവിനെ രക്ഷിക്കാനാണെന്ന വിമർശനം ഉയർത്തിയിരുന്നു.

ഈ സാഹചര്യത്തിൽ തൃശൂർ വിജിലൻസ് കോടതിയിൽ ഹർജി എത്തിയത്. മന്ത്രി ബാബുവിനെ ഒന്നാം പ്രതിയും ബിജു രമേശിനെ രണ്ടാം പ്രതിയുമാക്കണമെന്നാണ് ഹർജിയിൽ ആവശ്യപ്പെടുന്നത്. മന്ത്രി ബാബു പണം വാങ്ങിയെന്ന് ബിജു രമേശ് ടെലിവിഷൻ ചാനലുകളിൽ ആരോപിച്ചെന്നും ഇതു പരിശോധിക്കണമെന്നും കാണിച്ചാണ് സ്വകാര്യ ഹർജി നൽകിയത്. ഇക്കാര്യത്തിൽ അന്വേഷണം നടത്തിയതാണെന്ന് വിജിലൻസ് കോടിയെ അറിയിച്ചു. എന്നാൽ ഉത്തരവ് മുഖേന അന്വേഷണം നടക്കണമെന്ന ഹർജിക്കാരന്റെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. ഇതോടെയാണ് ദ്രുതപരിശോധനയ്ക്ക് കളമൊരുങ്ങിയത്. 

കെ ബാബുവിന് 50 ലക്ഷം കൈമാറിയെന്ന് ബിജു രമേശ് ചാനലുകളിൽ പറയുന്നതിന്റെ സിഡിയാണ് ഹർജിക്കാരനായ ജോർജ് വട്ടക്കുളം തെളിവായി ഹാജരാക്കിയത്.മുക്കാൽ മണിക്കൂർ വാദം കേട്ട കോടതി ക്വിക് വേരിഫിക്കേഷൻ നടത്താൻ വിജിലൻസ് ഡയറക്ടർക്ക് നിർദ്ദേശം നൽകുകയായിരുന്നു. കേസിൽ നേരത്തെ അന്വേഷണം നടന്നതാണെന്നും ഇനിയൊരു അന്വേഷണത്തിന്റെ പ്രസക്തിയില്ലെന്നും സർക്കാർ അഭിഭാഷകൻ വാദിച്ചു.

എന്നാൽ കോടതി ഉത്തരവോടെയുള്ള അന്വേഷണം വേണമെന്ന ഹർജിക്കാരന്റെ ആവശ്യം അംഗീകരിക്കുകയായിരുന്നു. ജനുവരി 23നകം റിപ്പോർട്ട് നൽകാനാണ് വിജിലൻസ് കോടതി നിർദ്ദേശം.അന്വേഷണം പൂർത്തിയാക്കാൻ രണ്ട് മാസത്തെ സമയം അനുവദിക്കണമെന്ന സർക്കാരിന്റെ ആവശ്യം കോടതി നിരസിച്ചു.കേസന്വേഷണത്തിൽ അപാകതകളുണ്ടായാൽ ഹർജിക്കാരന് കോടതിയെ സമീപിക്കാമെന്നും ഉത്തരവിൽ പറയുന്നു.

അഴിമിതിക്കായി കൈക്കൂലി വാങ്ങുന്നതും കൊടുക്കുന്നതും കുറ്റമാണ്. ഇവിടെ ബാബുവിന് പണം നൽകിയെന്ന് ബിജു രമേശ് പറയുന്നു. അതുകൊണ്ട് തന്നെ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് കേസ് എടുക്കേണ്ട സാഹചര്യമുണ്ട്. ഇതാണ് വിജിലൻസ് ചെയ്യാൻ മടിച്ചത്. ഇപ്പോഴും തന്റെ നിലപാടുകളിൽ ബിജു രമേശ് ഉറച്ചു നിൽക്കുകയാണ്. വിജിലൻസിന് ബിജു രമേശിന്റെ മൊഴി രേഖപ്പെടുത്തേണ്ടി വരും. ബാബുവിനേയും ചോദ്യം ചെയ്യണം. അതിന് ശേഷം നിഗമനങ്ങൾ കോടതിയെ അറിയിക്കുകയും വേണം. ഇത് ബാബുവിന് അനുകൂലമായാൽ അതിനെ ഹർജിക്കാർക്ക് കോടതിയിൽ ചോദ്യം ചെയ്യാം.

ഇതുമായി ബന്ധപ്പെട്ട വിഷയങ്ങൾ നിയമസഭയിലും ചർച്ചയായിരുന്നു. ഇതിന് മറുപടിയായി ബാർ കേസിൽ സർക്കാരിനോ വിജിലൻസിനോ ഇരട്ട നീതി ഇല്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞിരുന്നു. ബാബുവിനും മാണിക്കും ഇരട്ടനീതിയല്ല. ബാർ കോഴക്കേസിൽ മന്ത്രി കെ.ബാബുവിനെതിരെ നടപടി സ്വീകരിക്കാനാവില്ല. നടപടി സ്വീകരിക്കാനാവില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥന് ബോധ്യപ്പെട്ടു. തെളിവുകളും മൊഴികളുമില്ലെന്നായിരുന്നു ചെന്നിത്തലയുടെ നിലപാട്.

അതുകൊണ്ട് തന്നെ ഈ ഹർജി ബാർകോഴയിൽ നിർണ്ണായകമാകും. ബാർ കോഴയിൽ ആരോപണം ഉയർന്നപ്പോൾ കെഎം മാണിക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് കേസ് എടുത്തു. തുടർന്ന് തെളിവുകളുണ്ടെന്ന് എസ്‌പി സുകേശൻ കണ്ടെത്തുകയും അതിനെ വിജിലൻസ് ഡയറക്ടർ വിൻസൺ എം പോൾ എതിർക്കുകയും ചെയ്തു. കേസ് എഴുതി തള്ളനായിരുന്നു നിർദ്ദേശം. എന്നാൽ തിരുവനന്തപുരം വിജിലൻസ് കോടതി അത് തള്ളുകയും ഹൈക്കോടതി ശരിവയ്ക്കുകയും ചെയ്തു. ഇതോടെ മാണി മന്ത്രിസ്ഥാനം രാജിവച്ചു.

മാണിയോടും ബാബുവിനോടും വിജിലൻസ് രണ്ട് നീതികാട്ടിയെന്ന ആക്ഷേപം ശക്തമാണ്. അതിനിടെയാണ് ദ്രുതപരിശോധന നടക്കുന്നത്. അതുകൊണ്ട് തന്നെ ബാബുവിനും സർക്കാരിനും ഏറെ നിർണ്ണായകമാണ്. ഈ കേസിലെ വിജിലൻസ് കോടതിയുടെ നിരീക്ഷണങ്ങൾ ബാബുവിന്റെ രാഷ്ട്രീയ ഭാവിക്കും നിർണ്ണായകമാണ്. ബാർ ലൈസൻസ് ലഭിക്കുന്നതിനുള്ള ഫീസ് കുറയ്ക്കുന്നതിന് മന്ത്രി ബാബു ബിജുവിൽ നിന്ന് കോഴ വാങ്ങിയെന്നാണ് ഹർജിയിലെ ആരോപണം. ഈ സംഭവത്തിൽ ഇരുവരേയും പ്രതികളാക്കി കേസെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് ജോർജ് ഹർജി നൽകിയത്.

ഇത്തരം പരാതികൾ വിജിലൻസിന് മുന്നിൽ കിട്ടിയാൽ ദ്രതുപരിശോധന അനിവാര്യമാണ്. എന്നാൽ ബാബുവിന്റെ കേസിൽ അത് നടത്താതെ തന്നെ കുറ്റവിമുക്തനാക്കി. രാഷ്രീയ ലക്ഷ്യത്തോടെ വ്യക്തിവൈരാഗ്യം തീർക്കാൻ ബിജു രമേശ് നടത്തിയ ആരോപണങ്ങളാണ് അതെന്നായിരുന്നു കണ്ടെത്തൽ. വിജിലൻസിന്റെ തിരുവനന്തപുരം യൂണിറ്റിനെ കൊണ്ട് അന്വേഷിപ്പിക്കാതെ എറണാകുളം യൂണിറ്റിനെ കൊണ്ടാണ് പരിശോധിപ്പിച്ചത്. മാണിയുടേയും ബാബുവിന്റേയും സമാന സ്വഭാവമുള്ള കേസായിരുന്നിട്ടും രണ്ട് തരത്തിൽ അന്വേഷണം നടന്നു. ലളിതകുമാരി കേസ് അനുസരിച്ചുള്ള നടപടികളൊന്നും നടന്നുമില്ല. അതുകൊണ്ട് തന്നെ ബാബുവിനെതിരായ ദ്രുത പരിശോധനാ റിപ്പോർട്ട് വിജിലൻസ് കോടതി തള്ളുന്ന സാഹചര്യമുണ്ടായാൽ അത് സർക്കാരിന് കനത്ത അടിയാകും.

സീസറിന്റെ ഭാര്യ സംശയത്തിന് അതീതയായിരിക്കണമെന്ന് ബാർ കോഴയിൽ മാണിയുടെ കേസിൽ ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. ഈ സാഹചര്യത്തിലായിരുന്നു മാണിയുടെ രാജി. കോൺഗ്രസ് നേതാക്കളാണ് ഈ ആവശ്യവുമായി ആദ്യമെത്തിയത്. അതുകൊണ്ട് തന്നെ കോടതിയുടെ ഒരോ പരമാർശവും ഈ കേസിൽ ബാബുവിന് നിർണ്ണായകമാകും.

അതിനിടെ തൃശൂർ വിജിലൻസ് കോടതിയിൽ നടന്നതിനെക്കുറിച്ച് അറിയില്ലെന്ന് എക്‌സൈസ് മന്ത്രി കെ ബാബു പ്രതികരിച്ചു. പുതിയ ഉത്തരവ് പരിശോധിച്ച ശേഷം പ്രതികരിക്കാമെന്നും മന്ത്രി കെ ബാബു തിരുവനന്തപുരത്ത് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP