Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സർക്കാരിന്റെ വ്യക്തതാ കേസ് തള്ളി 25,000 രൂപ പിഴയിട്ട് സുപ്രീംകോടതി; സെൻകുമാറിന്റെ പരാതിയിൽ കോടതി അലക്ഷ്യ നോട്ടീസ്; വിധി നടപ്പാക്കിയില്ലെങ്കിൽ എന്തു ചെയ്യണമെന്ന് അറിയാമെന്നും മുന്നറിയിപ്പ്; സെൻകുമാറിനെ നിയമിക്കാൻ മടിച്ച സർക്കാരിന് കടുത്ത തിരിച്ചടി നൽകി സുപ്രീംകോടതി

സർക്കാരിന്റെ വ്യക്തതാ കേസ് തള്ളി 25,000 രൂപ പിഴയിട്ട് സുപ്രീംകോടതി; സെൻകുമാറിന്റെ പരാതിയിൽ കോടതി അലക്ഷ്യ നോട്ടീസ്; വിധി നടപ്പാക്കിയില്ലെങ്കിൽ എന്തു ചെയ്യണമെന്ന് അറിയാമെന്നും മുന്നറിയിപ്പ്; സെൻകുമാറിനെ നിയമിക്കാൻ മടിച്ച സർക്കാരിന് കടുത്ത തിരിച്ചടി നൽകി സുപ്രീംകോടതി

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: സെൻകുമാർ കേസിൽ സംസ്ഥാന സർക്കാരിന് സുപ്രീംകോടതിയിൽ നിന്ന് വലിയ തിരിച്ചടി. വിഷയത്തിൽ സർക്കാർ നൽകിയ വ്യക്തതാ ഹർജി സുപ്രീംകോടതി തള്ളി. കോടതിയുടെ സമയം വെറുതേ പാഴാക്കിയതിന് 25000 രൂപ പിഴയടയ്ക്കാനും സുപ്രീംകോടതി നിർദ്ദേശിച്ചു. സെൻകുമാർ നൽകിയ കോടതി അലക്ഷ്യ ഹർജിയും കോടതി പരിഗണിച്ചു. ഈ വിഷയത്തിൽ സർക്കാരിന് നോട്ടീസ് അയക്കുകയും ചെയ്തു. സെൻകുമാറിനെ പൊലീസ് മേധാവിയാക്കാനുള്ള ഉത്തരവ് നടപ്പാക്കാതിരുന്നാൽ എന്തു ചെയ്യണമെന്ന് അറിയാമെന്നും സുപ്രീംകോടതി വ്യക്തമാക്കി. ഈ കേസുകളിൽ സർക്കാരിന്റെ വാദമൊന്നും കോടതി അംഗീകരിച്ചില്ല. കോടതി അലക്ഷ്യ കേസ് ചൊവ്വാഴ്ച സുപ്രീംകോടതി വീണ്ടും പരിഗണിക്കും.

സുപ്രീംകോടതി വിധി നടപ്പാക്കുന്നത് ചീഫ് സെക്രട്ടറി നളിനി നെറ്റോ വൈകിപ്പിക്കുന്നു എന്നാണ് സെൻകുമാർ ഹർജിയിൽ ആരോപിച്ചിരിക്കുന്നത്. സെൻകുമാറിനെ സംസ്ഥാന പൊലീസ് മേധാവിയായി പുനർനിയമിക്കാൻ ഉത്തരവിട്ട ജസ്റ്റിസ് മദൻ ബി.ലോക്കൂർ അധ്യക്ഷനായ ബെഞ്ചാണ് കോടതിയലക്ഷ്യ ഹരജിയും പരിഗണിച്ചത്. വിധി പ്രഖ്യാപിച്ച് പന്ത്രണ്ട് ദിവസമാകുമ്പോഴും സർക്കാർ പുനർനിയമന ഉത്തരവ് പുറത്തിറക്കിയില്ല. ഇതാണ് കോടതിയെ ചൊടിപ്പിച്ചത്. രണ്ടുമാസത്തെ വേനലവധിക്കായി ബുധനാഴ്ച കോടതി അടക്കുന്ന സാഹചര്യത്തിൽ ഉത്തരവ് നടപ്പാക്കാതിരിക്കാനാണ് നീക്കമെന്ന സെൻകുമാറിന്റെ വാദവും സുപ്രീംകോടതി അംഗീകരിച്ചു. തൽക്കാലം ചീഫ് സെക്രട്ടറി നേരിട്ട് ഹാജരാക്കേണ്ടെന്നും കോടതി പറഞ്ഞു. വിധി നടപ്പാക്കിയിൽ എന്തു ചെയ്യണമെന്ന് അറിയാമെന്നും കോടതി വ്യക്തമാക്കി.

ചീഫ് സെക്രട്ടറി നളിനി നെറ്റോയാണ് ഉത്തരവിറക്കുന്നതിന് പ്രധാനതടസമെന്നും കോടതിയലക്ഷ്യ നടപടിയെടുക്കണമെന്നുമാണ് സെൻകുമാറിന്റെ ആവശ്യം. ഒപ്പം പൊലീസ് മേധാവിയായി നിയമിക്കാൻ കഴിയില്ലെന്ന സംസ്ഥാനസർക്കാരിന്റെ നിലപാടിനെയും സെൻകുമാർ ചോദ്യം ചെയ്യുന്നു. സുപ്രീംകോടതി ഉത്തരവ് നടപ്പാക്കുന്നതിൽ വീഴ്ച വരുത്തിയ കർണാടക നഗരവികസന സെക്രട്ടറി ജെ.വാസുദേവന് ഒരുമാസം തടവ് നൽകിയിട്ടുള്ള കാര്യവും സെൻകുമാർ പരാമർശിച്ചു. ഈ വാദമെല്ലാം കോടതി അംഗീകരിച്ചു. സെർക്കാർ നടപടിയിൽ കോടതി അതൃപ്തി രേഖപ്പെടുത്തി. സർക്കാരിന്റെ നടപടി ന്യായീകരിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. ഇതിനുപുറമേ നിയമനം വൈകുന്നതിൽ സെൻകുമാർ സമർപ്പിച്ച കോടതിയലക്ഷ്യ ഹർജി പരിഗണിക്കാനും കോടതി തീരുമാനിച്ചു. ഇക്കാര്യത്തിലാണ് വിശദീകരണം തേടി കോടതി സർക്കാരിന് നോട്ടീസ് അയച്ചത്.

സെൻകുമാറിന് സംസ്ഥാന പൊലീസ് മേധാവിയായി പുനർനിയമനം നൽകുന്നതുമായി ബന്ധപ്പെട്ട വിധിയിൽ കൂടുതൽ വ്യക്തതയും ഭേദഗതിയും വേണമെന്നാവശ്യപ്പെട്ടായിരുന്നു സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചത്. സെൻകുമാർ പൊലീസ് മേധാവി അല്ലായിരുന്നുവെന്നും പൊലീസ് സേനയുടെ ചുമതലയുള്ള ഡിജിപി ആയിരുന്നു. എന്നാൽ ലോക്നാഥ് ബഹ്റയെ നിയമിച്ചത് പൊലീസ് മേധാവിയായാണ് എന്നും ഹർജിയിൽ ചൂണ്ടിക്കാണിച്ചിരുന്നു. ഇതൊന്നും കോടതി കാര്യമായെടുത്തില്ല. ആദ്യം പൊലീസ് മേധാവിയായി സെൻുകമാറിനെ നിയമിക്കൂവെന്ന പരോക്ഷ നിലപാടാണ് ഇന്ന് കോടതി എടുത്തത്. നിലവിലെ ഡി.ജി.പി. ലോക്‌നാഥ് ബെഹ്‌റയെ നിയമിച്ച സർക്കാർ ഉത്തരവിലൂടെയാണ് സെൻകുമാറിനെ മാറ്റിയതും. സെൻകുമാറിനെ മാറ്റിയ ഉത്തരവ് അസാധുവാക്കിയ സുപ്രീംകോടതി ഉത്തരവിൽ ബെഹ്‌റയുടെ നിയമനം സംബന്ധിച്ച് പരാമർശമില്ല. ഈ സാഹചര്യത്തിലാണ് ബെഹ്‌റയടക്കമുള്ളവരുടെ കാര്യത്തിൽ തുടർനടപടി എന്തുവേണമെന്ന് വ്യക്തതതേടി സർക്കാർ പരമോന്നത കോടതിയെ സമീപിച്ചത്.

സെൻകുമാറിന് പുനർനിയമനം നൽകുന്നത് സംബന്ധിച്ച് ബുധനാഴ്ച മന്ത്രിസഭായോഗത്തിൽ തീരുമാനമെടുക്കാനായിരുന്നു സിപിഎമ്മിൽ ധാരണ. കോടതിവിധിയിൽ ഉടൻ തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ചൊവ്വാഴ്ച നിയമസഭയിൽ പറഞ്ഞതും ഈ ധാരണയുടെ ഭാഗമായിരുന്നു. എന്നാൽ, ചൊവ്വാഴ്ച വൈകുന്നേരത്തോടെ കാര്യങ്ങൾ മാറിമറിഞ്ഞു. സെൻകുമാറിനെ പൊലീസ് മേധാവിയായി നിയമിക്കാനുള്ള നടപടി തുടങ്ങിയതായി മുഖ്യമന്ത്രി നിയമസഭയിലും വ്യക്തമാക്കിയിരുന്നു. അതേസമയം, നിലവിൽ പൊലീസ് മേധാവി ആരാണെന്ന പ്രതിപക്ഷനേതാവിന്റെ ആവർത്തിച്ചുള്ള ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി മറുപടിനൽകിയിരുന്നില്ല. സെൻകുമാർ വിഷയത്തിൽ ഇനി ഏറ്റുമുട്ടലിനില്ലെന്ന് സൂചിപ്പിക്കുന്നതായിരുന്നു മുഖ്യമന്ത്രിയുടെ നിയമസഭയിലെ വിശദീകരണം. എന്നാൽ, ഇതിനു തൊട്ടുപിന്നാലെയാണ് നാടകീയമായ നീക്കവുമായി സർക്കാർ രംഗത്തുവന്നത്. ഇതാണ് പോളിയുന്നത്. ഇത് സർക്കാരിന് വലിയ രാഷ്ട്രീയ തിരിച്ചടിയുമായി.

ഏപ്രിൽ 24-നാണ് സെൻകുമാറിനെ തിരിച്ചെടുക്കണമെന്ന് സുപ്രീംകോടതി വിധിച്ചത്. ഈ വിധിയിൽ ഒരാഴ്ചയായി തീരുമാനമെടുക്കാതെ മുന്നോട്ടുപോയ സർക്കാർ പുനർനിയമനം ഏറക്കുറെ ഉറപ്പിച്ചശേഷമാണ് മലക്കം മറിഞ്ഞത്. സെൻകുമാറിനെ ഡി.ജി.പി.യായി കഴിഞ്ഞ യു.ഡി.എഫ്. സർക്കാർ നിയമിച്ചത് സീനിയോറിട്ടി മറികടന്നാണെന്ന വാദമുന്നയിച്ച് റിവ്യൂ ഹർജി നൽകണമെന്ന അഭിപ്രായവും സർക്കാരിനുണ്ടായിരുന്നു. എന്നാൽ വ്യക്തതാ ഹർജി മാത്രമാണ് നൽകിയത്. റിവ്യൂ ഹർജി നൽകിയുന്നുവെങ്കിൽ ഇതിലും കടുത്ത വിമർശനം സുപ്രീംകോടതി നടത്തുമായിരുന്നുവെന്നാണ് വിലയിരുത്തൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP