Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഭഗവാന് ആൺ - പെൺ വ്യത്യാസമില്ല; ഭഗവദ്ഗീതയിൽ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്ന് സുപ്രീംകോടതി; ആത്മീയത ആണിന് മാത്രം ആകുന്നതെങ്ങനെ? ശബരിമലയിലെ സ്ത്രീപ്രവേശന കേസിൽ അമിക്കസ്‌ക്ക്യൂറിയെ നിയമിച്ചു

ഭഗവാന് ആൺ - പെൺ വ്യത്യാസമില്ല; ഭഗവദ്ഗീതയിൽ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്ന് സുപ്രീംകോടതി; ആത്മീയത ആണിന് മാത്രം ആകുന്നതെങ്ങനെ? ശബരിമലയിലെ സ്ത്രീപ്രവേശന കേസിൽ അമിക്കസ്‌ക്ക്യൂറിയെ നിയമിച്ചു

ന്യൂഡൽഹി: ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയത്തിൽ അനുകൂലമായ പരാമർശം നടത്തി സുപ്രീംകോടതി രംഗത്തെത്തി. ഭഗവാന് ആൺ-പെൺ വ്യത്യാസമില്ലെന്ന് പറഞ്ഞ കോടതി ആത്മീയത ആണിന് മാത്രം ആകുന്നത് എങ്ങനെയെന്നും ചോദിച്ചു. വിഷയത്തിൽ അന്തിമ തീർപ്പ് കൽപ്പിക്കും മുമ്പ് അമിക്കസ് കയൂറിയെയും കോടതി നിയമിച്ചു. ശബരിമലയിൽ പ്രായഭേദമന്യേ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന ഹർജിയിലാണ് നടപടി.

ഭഗവാന് ആൺപെൺ വിവേചനമില്ല. ഭഗവദ്ഗീതയിൽ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ആത്മീയത പുരുഷന് മാത്രമാണോ എന്നും കോടതി ചോദിച്ചു. മുതിർന്ന അഭിഭാഷകരായ രാജു രാമചന്ദ്രൻ, കെ രാമമൂർത്തി എന്നിവരെയാണ് അമിക്കസ് ക്യൂറിയായി നിയമിച്ചത്. വേദങ്ങളിലോ ഉപനിഷത്തുകളിലോ പുരാണങ്ങളിലോ ആൺപെൺ വിവേചനമില്ല. ചരിത്രപരമായി ഇക്കാര്യം വ്യക്തമാണ്. വിഷയത്തിൽ ഇടുങ്ങിയ വീക്ഷണം നടത്തുന്നില്ല. മതപരമായ സ്വാതന്ത്ര്യത്തിനും സമത്വത്തിനുള്ള അവകാശത്തിനുമിടയിൽ ഭരണഘടനാപരമായ സന്തുലനം ഉണ്ടാക്കേണ്ടതുണ്ട്. സ്ത്രീകളുടെ പ്രവേശ വിഷയത്തിൽ ആത്മീയവും ഭരണഘടനാപരവുമായ വശങ്ങൾ പരിശോധിക്കുമെന്നും കോടതി വ്യക്തമാക്കി.

ശബരിമലയിൽ എല്ലാ സ്ത്രീകൾക്കും പ്രവേശം വേണമെന്ന ഇന്ത്യൻ ലോയേഴ്‌സ് അസോയിയേഷന്റെ ഹരജിയാണ് കോടതിയുടെ പാരാമർശത്തിന് ഇടയാക്കിയത്. 10നും 50നും ഇടയിലുള്ള സ്ത്രീകളെ ശബരിമല ദർശനത്തിൽ നിന്ന് വിലക്കിയ ഹൈക്കോടതി ഉത്തരവ് റദ്ദാക്കണമെന്ന ഹരജിക്കാരുടെ ആവശ്യം സുപ്രീംകോടതി അംഗീകരിച്ചില്ല. ഈ വിഷയത്തിൽ വിശദമായ വാദം കേട്ട ശേഷം വിധി പ്രഖ്യാപിക്കാമെന്നും സുപ്രീംകോടതി വ്യക്തമാക്കി.

ശബരിമല പുണ്യസ്ഥലമാണെന്നും അവിടെ സ്ത്രീകൾക്ക് പ്രവേശിക്കാനാകില്ലെന്നും ദേവസ്വം ബോർഡ് അഭിഭാഷകൻ കെകെ വേണുഗോപാൽ വാദിച്ചു. ആയിരം വർഷത്തോളമായി തുടരുന്ന ആചാരമാണിതെന്നും അതിൽ ഇപ്പോൾ എന്തിനാണ് മാറ്റം വരുത്തേണ്ടതെന്നും അദ്ദേഹം ചോദിച്ചു. എന്നാൽ എന്നുമുതലാണ് ശബരിമലയിൽ സ്ത്രീകൾക്ക് പ്രവേശനം നിഷേധിച്ചത് എന്നത് സംബന്ധിച്ച വിവരങ്ങളും അതിന്റെ ചരിത്രപരമായ കാരണങ്ങളും കോടതിക്ക് മുന്നിൽ ഹാജരാക്കാൻ ശബരിമല ക്ഷേത്ര ബോർഡിനോടും സംസ്ഥാന സർക്കാരിനോടും കോടതി ആവശ്യപ്പെട്ടു.

നേരത്തെ കേസ് പരിഗണിച്ച കോടതി ശബരിമലയിൽ സ്ത്രീകളെ തടയുന്നത് എന്തിനാണെന്നും കോടതി ചോദിച്ചിരുന്നു. 1500 വർഷങ്ങൾക്ക് മുമ്പ് സ്ത്രീകൾ ക്ഷേത്രത്തിൽ വന്നില്ലെന്നും പൂജ നടത്തിയെന്ന് പറയാൻ സാധിക്കുമോയെന്നും കോടതി ചോദിച്ചു. ഭരണഘടന തടയാത്ത കാലത്തോളം സ്ത്രീകളെ തടയാൻ ദേവശ്വംബോർഡിന് അവകാശമില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. മതത്തിന്റെ അടിസ്ഥാനത്തിൽ മാത്രമല്ലേ ദേവസ്വം ബോർഡ് പ്രവേശനം തടയുന്നതെന്നും സ്ത്രീയാണെന്നതിന്റെ പേരിൽ തടയാൻ പറ്റില്ലെന്നും കോടതി വ്യക്തമാക്കി.

10 വയസിനും 50 വയസിനും ഇടയിൽ സ്ത്രീകളെ പ്രവേശിക്കാൻ പാടില്ലെന്നാണ് ദേവസ്വം ബോർഡിന്റെ തീരുമാനം. ഇത് ഭരണഘടനാ വിരുദ്ധമാണെന്ന് കോടതി വാക്കാൽ നിരീക്ഷിച്ചു. കേസ് നീട്ടികൊണ്ടുപോകില്ലെന്നും വിശദമായ വാദം കേട്ട് വേഗത്തിൽ തീരുമാനമെടുക്കുമെന്നും കോടതി പറഞ്ഞു. അതേസമയം ക്ഷേത്രാചാരണങ്ങളുടെ ഭാഗമായാണ് സ്ത്രീകൾക്ക് പ്രവേശനം നിഷേധിച്ചതെന്ന് ദേവസ്വം ബോർഡ് അഭിഭാഷകൻ കോടതിയിൽ വ്യക്തമാക്കി. കഠിന വ്രതത്തിനു ശേഷമാണ് അയ്യപ്പന്മാർ ശബരിമലയിൽ എത്തുന്നതെന്നും, സ്ത്രീകൾക്ക് ഇത്ര കഠിനമായ വ്രതം അനുഷ്ഠിക്കാൻ കഴിയില്ലെന്നും ദേവസ്വം ബോർഡ് കോടതിയിൽ വാദിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP