Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പള്ളിയിലെ കുരിശിനടുത്ത് പ്രാർത്ഥനാനിരതയായിരിക്കുന്ന ചിത്രം പോസ്റ്റ് ചെയ്ത് വോട്ട് തട്ടാൻ; ഭർത്താവിന്റെ അക്കൗണ്ടും മറച്ചുവച്ചു; ആറന്മുളയെ ചുവപ്പിച്ച വീണാ ജോർജിന്റെ വിജയം ഹൈക്കോടതിയുടെ പരിശോധനയ്ക്ക്

പള്ളിയിലെ കുരിശിനടുത്ത് പ്രാർത്ഥനാനിരതയായിരിക്കുന്ന ചിത്രം പോസ്റ്റ് ചെയ്ത് വോട്ട് തട്ടാൻ; ഭർത്താവിന്റെ അക്കൗണ്ടും മറച്ചുവച്ചു; ആറന്മുളയെ ചുവപ്പിച്ച വീണാ ജോർജിന്റെ വിജയം ഹൈക്കോടതിയുടെ പരിശോധനയ്ക്ക്

കൊച്ചി: ആറന്മുള നിയമസഭാ മണ്ഡലത്തിൽനിന്നുള്ള വീണാ ജോർജിന്റെ വിജയം റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി പരിഗണിക്കും. തെളിവെടുപ്പടക്കമുള്ള തുടർ നടപടികൾക്കായി കേസ് അടുത്തമാസം പരിഗണിക്കും.

നാമനിർദേശപത്രികയോടൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിൽ വസ്തുതകൾ മറച്ചുവച്ചെന്നും സാമുദായിക പ്രീണനം നടത്തി വോട്ടർമാരെ സ്വാധീനിച്ചെന്നും ചൂണ്ടിക്കാട്ടിയാണ് ഹർജി. മണ്ഡലത്തിലെ വോട്ടറായ വി.ആർ. സോജി നൽകിയ ഹർജിയാണു കോടതിയുടെ പരിഗണനയിലുള്ളത്. വീണയുടെ തെരഞ്ഞെടുപ്പ് അസാധുവായി പ്രഖ്യാപിക്കണമെന്നാണു ഹർജിയിലെ ആവശ്യം.

ദുബായിയിലെ ഒരു കമ്പനിയുടെ പേരിലുള്ള, ഭർത്താവിന്റെ നോൺ റെസിഡന്റ് ഓർഡിനറി സേവിങ്‌സ് ബാങ്ക് അക്കൗണ്ട് സംബന്ധിച്ച് സത്യവാങ്മൂലത്തിലെ ഫോം നമ്പർ 26ൽ വീണ പരാമർശിച്ചിട്ടില്ലെന്നതുൾപ്പെടെ ചൂണ്ടിക്കാട്ടിയാണു ഹർജി. ഇന്ത്യയിലും പുറത്തും ഒരേ പോലെ കൈകാര്യം ചെയ്യാവുന്ന അക്കൗണ്ട് പത്തനംതിട്ട ചന്ദനപ്പള്ളിയിലെ ഫെഡറൽ ബാങ്ക് ശാഖയിലാണുള്ളത്. ഭർത്താവിന്റെ പേരിലുള്ള ഭവനവായ്പ സംബന്ധിച്ച് സത്യവാങ്മൂലത്തിൽ പറയുന്നു. എന്നാൽ, ഈ വായ്പാത്തുക മേൽപറഞ്ഞ അക്കൗണ്ടിലാണ് നിക്ഷേപിക്കപ്പെട്ടിട്ടുള്ളത്. പള്ളിയിലെ കുരിശിനടുത്ത് പ്രാർത്ഥനാനിരതയായിരിക്കുന്ന ചിത്രം വീണയുടെ ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. ഇതു തന്റെ സഹപാഠിയായിരുന്നയാൾ പോസ്റ്റ് ചെയ്തതാണെന്നാണ് വീണയുടെ വിശദീകരണം.

എന്നാൽ, വീണയുടെ ഭർത്താവ് സെക്രട്ടറിയായിരിക്കുന്ന, മലങ്കര ഓർത്തഡോക്‌സ് സഭയുടെ അസോസിയേഷന്റെ മാനേജിങ് കമ്മിറ്റിയംഗമാണ് ചിത്രം പോസ്റ്റ് ചെയ്തത്. അതിനാൽ, ഈ നടപടി സാമുദായികമായി വോട്ട് തട്ടാൻ വീണയുടെ അറിവോടെ ചെയ്തതാണെന്നും വാദിക്കുന്നു. വീണയ്ക്കുവേണ്ടി അഖില മലങ്കര അൽമായ വേദി ലഘുലേഖകളും ചിത്രങ്ങളും വിതരണം ചെയ്തു. ഇതേത്തുടർന്ന് ജനപ്രാതിനിധ്യ നിയമത്തിന്റെയും മറ്റ് നിയമങ്ങളുടെയും ലംഘനം നടന്നതായി ചൂണ്ടിക്കാട്ടി വരണാധികാരിക്ക് യഥാസമയം ഹർജിക്കാരൻ പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല.

മതപ്രീണനത്തിലൂടെ വോട്ട് നേടിയെന്ന ആരോപണത്തിൽ മൂവാറ്റുപുഴ എംപിയായിരുന്ന പിസി തോമസിന്റെ തെരഞ്ഞെടുപ്പ് സുപ്രീംകോടതി നേരത്തെ റദ്ദ് ചെയ്തിട്ടുണ്ട്. ഈ കേസിന് സമാനമായ വാദമാണ് വീണയ്‌ക്കെതിരേയും ഉയർത്തുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP