Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബാറുടമകൾക്ക് വിനയായത് എന്തിനേയും വിലകൊടുത്തു വാങ്ങാമെന്ന അഹങ്കാരം; കുടിപ്പക തീർക്കാൻ നടത്തിയ സ്റ്റിങ് ഓപ്പറേഷനിൽ കോടതിയെ സ്വാധീനിക്കാൻ കഴിയുമെന്ന സൂചന ജഡ്ജിമാരെ ക്ഷോഭിപ്പിച്ചു; സുപ്രീംകോടതയിൽ കേസ് വിജയിക്കാൻ തീരെ സാധ്യത കുറവെന്ന് നിയമ വിദഗ്ദ്ധർ

ബാറുടമകൾക്ക് വിനയായത് എന്തിനേയും വിലകൊടുത്തു വാങ്ങാമെന്ന അഹങ്കാരം; കുടിപ്പക തീർക്കാൻ നടത്തിയ സ്റ്റിങ് ഓപ്പറേഷനിൽ കോടതിയെ സ്വാധീനിക്കാൻ കഴിയുമെന്ന സൂചന ജഡ്ജിമാരെ ക്ഷോഭിപ്പിച്ചു; സുപ്രീംകോടതയിൽ കേസ് വിജയിക്കാൻ തീരെ സാധ്യത കുറവെന്ന് നിയമ വിദഗ്ദ്ധർ

കൊച്ചി: ത്രിസ്റ്റാർ ബാറുകൾ പൂട്ടാനുള്ള ഹൈക്കോടതി വിധിക്കെതിരെ ബാറുടമകൾ അപ്പീൽ പോകും. എന്നാൽ അപ്പീൽ പോലും വിജയിക്കരുതെന്ന കരുതലോടെയാണ് ബാർ വിഷയത്തിൽ ഹൈക്കോടതി വിധി പുറപ്പെടുവിച്ചത്. മദ്യപാനം മൗലികാവകാശമെന്ന വാദം ഇനി ഉയർത്താനാകില്ല. സർക്കാരിന്റെ ഖജനാവിനുണ്ടാകുന്ന നികുതി നഷ്ടവും മദ്യ മുതലാളിമാരുടെ ആശങ്കയ്ക്ക് കാരണമാകില്ലെന്ന് ഹൈക്കോടതി പറയുന്നു. അതിലെല്ലാം ഉപരി വിനോദ സഞ്ചാരികളുടെ പേരിൽ മദ്യ കച്ചവടം വേണ്ടെന്നും വ്യക്തമാക്കി. ഈ വാദങ്ങൾ സുപ്രീംകോടതിയിൽ ഉയർത്തുമ്പോഴും ഹൈക്കോടതി വിധിയിലെ ഈ പരാമർശങ്ങൾ വിനയാകും.

അപ്പീൽ നൽകിയാലും ഉടൻ സ്റ്റേ ലഭിക്കില്ല. അപ്പീലിന്റെ സ്വഭാവത്തിന് അനുസരിച്ചാകും തീരുമാനം. അതിലെല്ലാം ഉപരി ബാറുകൾക്ക് ലൈസൻസ് നൽകാനുള്ള അധികാരം സർക്കാരിൽ നിക്ഷിപ്തമാണ്. ഇന്നലത്തോടെ ലൈസൻസ് കാലാവധിയും തീർന്നു. അതുകൊണ്ട് തന്നെ പഴയ അവസ്ഥ പുനഃസ്ഥാപിക്കാൻ അപ്പീൽ നൽകാൻ കഴിയില്ല. കാരണം പഴയ അവസ്ഥ പുനഃസ്ഥാപിക്കാനുള്ള ലൈസൻസ് നിവിൽ ഇല്ലെന്നത് തന്നെയാണ് കാരണം. അതുകൊണ്ട് തന്നെ വാദം കഴിഞ്ഞ് മാത്രമേ അപ്പീലിലും തീരുമാനം വരൂ. അതിന് മാസങ്ങൾ എടുക്കും. അപ്പോഴേക്കും ബാറുപൂട്ടലെന്നത് ജനം അംഗീകരിച്ച സത്യമായി മാറും. ലൈസൻസ് തീർന്നതിനാൽ ബാറു പൂട്ടിയതിൽ സർക്കാരിൽ നിന്ന് നഷ്ടപരിഹാരവും ആർക്കും ലഭിക്കില്ല.

ഹൈക്കോടതിയെ എന്തുവന്നാലും സ്വാധീനിക്കുമെന്നായിരുന്നു ബാർ മുതലാളിമാരുടെ ഭാവം. അസോസിയേഷൻ യോഗങ്ങളിൽ അവരത് പറയുകയും ചെയ്തു. സർക്കാരിന്റെ ഒത്താശയോടെ ഇത് സാധ്യമാക്കുമെന്നും വ്യക്തമാക്കി. ഇവയുടെ ശബ്ദരേഖകൾ ചാനലുകളിൽ ചർച്ചയായതോടെ ജ്ഡ്ജിമാർ കരുതലെടുത്തു. കേസിലെ ഓരോ വാദവും നിയമത്തിന്റെ കണ്ണിലൂടെ അരിച്ചു പറുക്കി പരിശോധിച്ചു. ഇതോടെ മൗലികാവകാശവും സർക്കാർ കുത്തകയും വിവേചനവുമെല്ലാം പൊള്ളയായ വാദമാണെന്ന് കോടതി വിലയിരുത്തി. പഴുതുകൾ അടച്ച് വിധിയും പുറപ്പെടുവിച്ചു. ഒരിക്കലും പ്രതീക്ഷിക്കാത്ത വിധി പ്രസ്താവമാണ് കോടതി നടത്തിയത്.

സിംഗിൾ ബഞ്ച് ഉത്തരവിന്റെ വിധി പകർപ്പ് നേരത്തെ കിട്ടിയെന്ന് ബാറുടമകൾ വീമ്പുപറഞ്ഞിരുന്നു. കോടതിയിൽ എല്ലാത്തിനും സംവിധാനമുണ്ടെന്നായിരുന്നു പ്രചരണം. ഇതെല്ലാം ബാറുടമകൾ തമ്മിലെ അടിക്കിടയിൽ പുറത്തുവന്നു. ബാർ കോഴ വിവാദവും നിറഞ്ഞു. ഹൈക്കോടതിയിലെ ഉന്നതരുടെ ബന്ധുക്കളും ബാറുടമകളാണെന്ന് പുറത്തറിഞ്ഞതോടെ ഡിവിഷൻ ബഞ്ച് കൂടുതൽ കരുതലെടുത്തു. അതുതന്നെയാണ് ഉത്തരവിലും പ്രതിഫലിച്ചത്.

നിരവധി പ്രശ്‌നങ്ങൾ ബാക്കിവച്ചാണ് ബാറുകൾക്ക് പൂട്ടുവീഴുന്നത്. പൊടുന്നനേ തൊഴിൽ നഷ്ടപ്പെടുന്ന തൊഴിലാളികൾ ഒരു വശത്ത്, വ്യാജ മദ്യവ്യാപനവും അനധികൃത മദ്യവിൽപ്പനയും കൂടുകയും ചെയ്യും. 732 ബാറുകൾ പ്രവർത്തിച്ചിരുന്നപ്പോൾ ക്ഷേമനിധി അംഗത്വമുള്ളവരും അല്ലാത്തവരുമടക്കം 45,000ത്തോളം തൊഴിലാളികൾ ഈ മേഖലയിൽ ഉണ്ടായിരുന്നു. ഒരു ത്രീ സ്റ്റാർ ഹോട്ടലിൽ പല ഷിഫ്റ്റുകളിലായി 40 50 തൊഴിലാളികൾ.ഇതിൽ പകുതിയോളം പേരാവും ക്ഷേമനിധിയിലുള്ളത്. 418 ബാറുകൾ ആദ്യം പൂട്ടിയപ്പോൾ തന്നെ തൊഴിലാളികൾ പ്രതിസന്ധിയിലായിരുന്നു.

ഇന്നലെ പൂട്ടിയ 300 ബാറുകളിലായി 22,000 ത്തോളം തൊഴിലാളികൾ ഉണ്ടായിരുന്നു എന്നാണ് ബാറുടമകളുടെ കണക്ക്. സെസ് പിരിവു വഴി തൊഴിലാളികളുടെ പുനരധിവാസത്തിന് പണം കണ്ടെത്തുമെന്നു സർക്കാർ പറയുന്നുണ്ടെങ്കിലും അംഗീകൃത തൊഴിലാളികൾക്കേ ഇതിന്റെ പ്രയോജനം കിട്ടൂ. സോഡാ നിർമ്മാണം, ടച്ചിങ്‌സ് വിൽപ്പന അടക്കം അനുബന്ധ മാർഗ്ഗങ്ങളിൽ ബാറുകളെ ആശ്രയിച്ചിരുന്നവരും പ്രതിസന്ധിയിലാവും. കുറെപ്പേർക്ക് ബിയർവൈൻ പാർലറുകളിൽ പണി കിട്ടും. ദിവസം 40,000 രൂപയ്ക്കുമേൽ ബിസനസ് നടന്നെങ്കിലേ ബിയർവൈൻ പാർലർ നഷ്ടമില്ലാതെ കൊണ്ടുപോകാനാവൂ. അതുകൊണ്ട് തന്നെ മുഴുവൻ ബാർ തൊഴിലാളികളുടേയും പുനരധിവാസം സാധ്യമാകുകയുമില്ല.

മുഴുവൻ ബാറുകളും പൂട്ടിയ ശേഷം എക്‌സൈസും പൊലീസും വൻ തോതിൽ സ്പിരിറ്റും അനധികൃത വിദേശ മദ്യവും പിടികൂടിയിരുന്നു. അതിർത്തി മേഖലയിൽ വൻ സ്പിരിറ്റ് ശേഖരമുള്ളതായി എക്‌സൈസ് ഇന്റലിജൻസ് വിഭാഗവും കണ്ടെത്തി. കോടതി ഉത്തരവിലൂടെ 312 ബാറുകൾ പ്രവർത്തിച്ച ശേഷമാണ് ഒരു പരിധി വരെ സ്പിരിറ്റ് വരവ് കുറഞ്ഞത്. ബാർ പൂട്ടിയാൽ വൻതോതിൽ സ്പിരിറ്റും അനധികൃത മദ്യവും എത്തുമെന്ന ആശങ്ക എക്‌സൈസ് വകുപ്പ് സർക്കാരിനെ ധരിപ്പിച്ചിട്ടുള്ളതാണ്. മദ്യലഭ്യത ഇല്ലാതെ വരുന്നതോടെ മറ്റു ലഹരി വസ്തുക്കളുടെ ഉപയോഗം വ്യാപകമാവാനും സാദ്ധ്യതയേറുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP