Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ദിലീപിന്റെ ജാമ്യാപേക്ഷയിൽ ഹൈക്കോടതി വിധി തിങ്കളാഴ്ച; ജാമ്യം ലഭിച്ചില്ലെങ്കിൽ സുപ്രീംകോടതിയിലേക്ക് നീങ്ങാൻ നടപടികളുമായി നടന്റെ അടുത്ത വൃത്തങ്ങൾ; നടൻ പുറത്തിറങ്ങും മുമ്പ് അപ്പുണ്ണിയെ പിടികൂടാൻ നീക്കങ്ങളുമായി പൊലീസ്

ദിലീപിന്റെ ജാമ്യാപേക്ഷയിൽ ഹൈക്കോടതി വിധി തിങ്കളാഴ്ച; ജാമ്യം ലഭിച്ചില്ലെങ്കിൽ സുപ്രീംകോടതിയിലേക്ക് നീങ്ങാൻ നടപടികളുമായി നടന്റെ അടുത്ത വൃത്തങ്ങൾ; നടൻ പുറത്തിറങ്ങും മുമ്പ് അപ്പുണ്ണിയെ പിടികൂടാൻ നീക്കങ്ങളുമായി പൊലീസ്

കൊച്ചി: ദിലീപിന്റെ ജാമ്യാപേക്ഷയിൽ ഹൈക്കോടതി തിങ്കളാഴ്ച വിധി പറയും. ജാമ്യഹർജിയിൽ ഇന്നലെ വാദം പൂർത്തിയായെങ്കിലും വിധി പറയാൻ മാറ്റിയിരുന്നു. വാദത്തിനിടെ പ്രൊസിക്യൂഷൻ കേസ് ഡയറിയുൾപ്പെടെ കോടതിയിൽ സമർപ്പിച്ചിരുന്നു. ദിലീപിനെതിരെ ഉള്ള വാദങ്ങളും കേസ് ഡയറിയിലെ പരാമർശങ്ങളും വിശദമായി പരിശോധിച്ചശേഷമാകും തിങ്കളാഴ്ച കോടതി ജാമ്യാപേക്ഷയിൽ തീർപ്പുകൽപിക്കുക.

ഇന്നലെ വാദം പൂർത്തിയാക്കി വിധി പറയാൻ മാറ്റുകയായിരുന്നു. ദിലീപിനെതിരെ ശക്തമായ തെളിവുകളുണ്ടെന്നും ജാമ്യം നൽകരുതെന്നുമായിരുന്നു പ്രൊസിക്യൂഷൻ വാദം. എന്നാൽ ദിലീപിനെതിരെ വ്യക്തമായ തെളിവില്ലെന്നും പ്രതിയായ ഒരാളുമായി സംസാരിച്ചു എന്നതുകൊണ്ടുമാത്രം ഗൂഢാലോചന കുറ്റം ആരോപിക്കരുതെന്നും പ്രതിഭാഗവും വാദിച്ചു. പൊലീസിന്റെ കേസ് ഡയറി നാലു കെട്ടുകളിലായി കോടതിയുടെ പരിശോധനയ്ക്കു കൈമാറിയിരുന്നു. ഇതിന്റെ വിശദമായ പരിശോധനയ്ക്കു ശേഷമേ ഹൈക്കോടതി ജാമ്യാപേക്ഷയിൽ തീരുമാനമെടുക്കൂ.

നടിയെ ഉപദ്രവിച്ച കേസിന്റെ മുഖ്യ സൂത്രധാരൻ ദിലീപ് ആണെന്നാണ് പ്രോസിക്യൂഷന്റെ പ്രധാന വാദം. ഇന്ത്യൻ ക്രിമിനൽ നിയമചരിത്രത്തിലെ ആദ്യ ലൈംഗികാതിക്രമ ക്വട്ടേഷനാണിതെന്നും പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ ബോധിപ്പിച്ചിരുന്നു. എല്ലാ മൊഴികളും വിരൽ ചൂണ്ടുന്നതു ദിലീപിലേക്കാണെന്നും ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻസ് (ഡിജിപി) വ്യക്തമാക്കി. ദിലീപിന്റെ പങ്ക് വ്യക്തമാക്കുന്ന തെളിവുകൾ പ്രത്യേകാന്വേഷണ സംഘത്തിനു ലഭിച്ചിട്ടുണ്ട്. ഗൂഢാലോചനയുടെ അന്വേഷണ സാധ്യത ബാക്കിവച്ചാണ് ആദ്യ കുറ്റപത്രം നൽകിയത്.- പ്രോസിക്യൂഷൻ വാദിച്ചു.

എന്നാൽ, ഒട്ടേറെ കേസുകളിൽ പ്രതിയും ക്രിമിനലുമായ സുനിൽകുമാറിന്റെ (പൾസർ സുനി) മൊഴിയുടെ അടിസ്ഥാനത്തിൽ ദിലീപിനെ പ്രതിചേർത്ത് അറസ്റ്റ് ചെയ്തതിൽ ന്യായീകരണമില്ലെന്നാണ് ദിലീപിന്റെ അഭിഭാഷകൻ രാംകുമാർ വാദിച്ചത്. ഉന്നതതലത്തിൽ ആഴമേറിയ ഗൂഢാലോചന നടത്തിയാണു ദിലീപിനെ കേസിലുൾപ്പെടുത്തിയത്. സിനിമാ ജീവിതം തകർക്കാനും സമൂഹമധ്യേ അപഹാസ്യനാക്കാനും ലക്ഷ്യമിട്ടാണു കേസെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അതേസമയം, ഹൈക്കോടതിയിൽ നിന്ന് ജാമ്യം ലഭിച്ചില്ലെങ്കിൽ സുപ്രീംകോടതിയിലേക്ക് ജാമ്യാപേക്ഷയുമായി നീങ്ങാനാണ് ദിലീപിന്റെ തീരുമാനമെന്നാണ് സൂചനകൾ. നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിൽ അറസ്റ്റിലായ നടൻ ദിലീപിനു വേണ്ടി പ്രമുഖ അഭിഭാഷകൻ രാം ജത്മലാനി ഹാജരായേക്കുമെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നു.

സീനിയർ അഭിഭാഷകൻ രാംകുമാറാണ് ദിലീപിന് വേണ്ടി മജിസ്‌ട്രേറ്റ് കോടതിയിലും പിന്നീട് ഹൈക്കോടതിയിലും ജാമ്യാപേക്ഷയുമായി എത്തിയത്. ഹൈക്കോടതിയിലും ജാമ്യം ലഭിച്ചില്ലെങ്കിൽ സുപ്രീംകോടതിയെ സമീപിക്കാൻ ദിലീപുമായി അടുത്ത ബന്ധമുള്ളവർ രാം ജത് മലാനിയെ സമീപിച്ചതായാണു വിവരം. സംസ്ഥാനത്തെ മുതിർന്ന അഭിഭാഷകർ തന്നെയാണ് കോടികൾ പ്രതിഫലം വാങ്ങുന്ന രാം ജത്മലാനിയുടെ പേര് നിർദേശിച്ചത്. 94 വയസുകാരനായ ജത്മലാനി, ജയലളിതയടക്കം നിരവധി പ്രമുഖർക്കുവേണ്ടി കേസ് വാദിച്ചിട്ടുണ്ട്.

നടിയെ ഉപദ്രവിച്ച കേസിൽ പൊലീസ് തെരയുന്ന മാനേജർ അപ്പുണ്ണി അറസ്റ്റിലാകും മുൻപ് ജാമ്യം നേടാനാണു ദിലീപിന്റെ ശ്രമമെന്നാണ് റിപ്പോർട്ടുകൾ. ഇതിനിടെ, ദിലീപിന്റെ മാനേജർ സുനിൽരാജ് (അപ്പുണ്ണി) മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചിട്ടുമുണ്ട്.

ദിലീപിനൊപ്പം ചോദ്യം ചെയ്യാൻ പൊലീസ് നോട്ടീസ് നൽകിയിരുന്ന അപ്പുണ്ണി ഒളിവിൽ പോവുകയായിരുന്നു. നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിൽ നടൻ ദിലീപിനെതിരേ വ്യക്തമായ തെളിവുണ്ടെന്നു റൂറൽ എസ്‌പി: എ.വി.ജോർജ് പറഞ്ഞിരുന്നു. കേസിൽ കൂടുതൽ അറസ്റ്റുണ്ടാകുമെന്നും അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കിയിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP