Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വാട്‌സ് ആപ്പിലെ സന്ദേശങ്ങൾ 90 ദിവസങ്ങൾക്കകം ഡിലീറ്റ് ചെയ്താൽ അഴിയെണ്ണേണ്ടി വരുമെന്ന ഭീഷണി ഒഴിവായി; സന്ദേശങ്ങൾ പരിശോധിക്കാനുള്ള നീക്കം ഉപേക്ഷിച്ചു കേന്ദ്ര സർക്കാർ; വിജയിക്കുന്നത് സൈബർ ആക്ടിവിസത്തിന്റെ പ്രതിഷേധം

വാട്‌സ് ആപ്പിലെ സന്ദേശങ്ങൾ 90 ദിവസങ്ങൾക്കകം ഡിലീറ്റ് ചെയ്താൽ അഴിയെണ്ണേണ്ടി വരുമെന്ന ഭീഷണി ഒഴിവായി; സന്ദേശങ്ങൾ പരിശോധിക്കാനുള്ള നീക്കം ഉപേക്ഷിച്ചു കേന്ദ്ര സർക്കാർ; വിജയിക്കുന്നത് സൈബർ ആക്ടിവിസത്തിന്റെ പ്രതിഷേധം

ന്യൂഡൽഹി: സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്ന സന്ദേശങ്ങൾ പരിശോധിക്കാനുള്ള നീക്കത്തിൽനിന്ന് കേന്ദ്രം പിന്മാറി. സൈബർ സുരക്ഷയെ മുൻനിർത്തി വെബ്‌സൈറ്റുകളുടെ ഉള്ളടക്കം പരിശോധിക്കുന്നതിൽനിന്ന് വാട്‌സാപ്പ്, എസ്എംഎസ്, ഗൂഗിൾ ഹാങ്ങൗട്ട്‌സ് തുടങ്ങിയവയ ഒഴിവാക്കാൻ കേന്ദ്ര ഐ ടി മന്ത്രാലയം തീരുമാനിച്ചു. വ്യക്തികളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റത്തിനെതിരെ സോഷ്യൽ മീഡിയയിലൂടെ ഉയർന്ന പ്രതിഷേധമാണ് ഈ പിന്മാറ്റത്തിന് കാരണം.

വാട്‌സാപ്പിലൂടെയും മറ്റും അയക്കുന്ന ഓരോ സന്ദേശവും പരിശോധിക്കാനുള്ള നീക്കത്തിലായിരുന്നു കേന്ദ്രം. എന്നാൽ, ദേശീയ എൻക്രിപ്ഷൻ നയത്തിൽനിന്ന് ഇത്തരം സന്ദേശവാഹക ആപ്ലിക്കേഷനുകളെ ഒഴിവാക്കാൻ കേന്ദ്രം തീരുമാനിക്കുകയായിരുന്നു. സോഷ്യൽ മീഡിയ സൈറ്റുകളുടെയും വാട്‌സാപ്പ്, ഫേസ്‌ബുക്ക്, ട്വിറ്റർ തുടങ്ങിയ സൈറ്റുകളുടെയും ഉള്ളടക്കം പരിശോധിക്കുന്നതിൽ നിന്നാണ് കേന്ദ്രം പിന്മാറിയത്. ഇന്റർനെറ്റ് ബാങ്കിങ് സൈറ്റുകളെയും പേയ്‌മെന്റ് ഗേറ്റ്‌വേകളെയും പാസ്‌വേഡ് ഉപയോഗിച്ച് നടത്തുന്ന ഇടപാടുകളെയും ഇതിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.

എന്നാൽ, വാട്‌സാപ്പിലൂടെയും മറ്റും കൈമാറുന്ന സന്ദേശങ്ങൾ മൂന്നുമാസത്തേയ്ക്ക് ഡിലീറ്റ് ചെയ്യാൻ പാടില്ലെന്ന നിർദ്ദേശം കേന്ദ്രം നേരത്തെ നൽകിയിരുന്നു. ഇക്കാര്യത്തിൽ ഇതുവരെ മാറ്റം വരുത്തിയിട്ടില്ല. പൊലീസോ സർക്കാരോ ആവശ്യപ്പെട്ടാൽ വാട്‌സാപ്പ് സന്ദേശങ്ങൾ കാണിക്കാൻ ഉപഭോക്താവ് ബാധ്യസ്ഥനാണെന്ന് നിയമത്തിന്റെ കരടു രൂപത്തിൽ പറയുന്നു. സന്ദേശങ്ങൾ കാണിക്കാത്ത പക്ഷം ശിക്ഷാ നടപടികൾ നേരിടേണ്ടിവരും.

രാജ്യ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന തരത്തിൽ ഇത്തരം സന്ദേശവാഹക ആപ്ലിക്കേഷനുകൾ പ്രവർത്തിക്കുന്നുവെന്ന് കരുതിയാണ് കേന്ദ്രം നിരോധന നടപടികളിലേക്ക് കടന്നത്. വാട്‌സ്ആപ്പ് മെസേജുകൾ എൻക്രിപ്റ്റഡ് രൂപത്തിലാണ്. അതുകൊണ്ടുതന്നെ സെർവറിൽ നിന്നോ ഡീക്കോഡ് ചെയ്‌തോ ഇത് കണ്ടെത്താനും വായിക്കാനുമാകില്ല. ഇത് മറിക്കടക്കാനാണ് വാട്‌സാപ്പ് സന്ദേശങ്ങൾ 90 ദിവസത്തേയ്ക്ക് ഡിലീറ്റ് ചെയ്യരുതെന്ന് കേന്ദ്രം നിർദ്ദേശിച്ചിട്ടുള്ളത്.

വാട്‌സ്ആപ്പിൽ സന്ദേശങ്ങൾ അയക്കുകയും സ്വീകരിക്കുകയും ചെയ്യുന്നവരെ ദോഷകരമായി ബാധിക്കുന്ന നയമാണ് കേന്ദ്രസർക്കാറിന്റെ ഭാഗത്തു നിന്നും ഉണ്ടായിരിക്കുന്നത്. വാട്‌സ് ആപ്പ് സന്ദേശങ്ങൾ 90 ദിവസത്തിനു ശേഷമല്ലാതെ ഡിലീറ്റ് ചെയ്താൽ നിങ്ങൾ കുറ്റവാളിയാകുന്ന വിധത്തിലാണ് പുതിയ നിയമം വരുന്നുവെന്ന വാർത്ത പുറത്തുവന്നത്. രഹസ്യസന്ദേശങ്ങൾ അയക്കുന്നതുമായി ബന്ധപ്പെട്ട ദേശീയനയത്തിന്റെ കരടിലാണ് വിവാദമായേക്കാവുന്ന നിർദ്ദേശമുള്ളത്. വാട്‌സ്ആപ് സന്ദേശങ്ങൾ പൊലീസിന് ആവശ്യപ്പെടാം. ഇത്തരം സന്ദേശങ്ങൾ മൂന്നു മാസം വരെ സൂക്ഷിക്കണമെന്നും ആവശ്യമെങ്കിൽ അത് പൊലീസിന് മുമ്പാകെ ഹാജരാക്കണമെന്നും കരടുനയം വ്യവസ്ഥ ചെയ്യുന്നു. സന്ദേശം നീക്കുന്നത് കുറ്റകരമാകും.

ഗൂഗ്ൾ ഹാങ്ഔട്ട്, ആപ്പിളിന്റെ ഐ മെസേജ് തുടങ്ങിയവക്കും സമാനനിയമം ബാധകമാകും. ഓൺലൈൻ ബിസിനസ് സ്ഥാപനങ്ങൾ എല്ലാ വിവരങ്ങളും 90 ദിവസത്തേക്ക് സൂക്ഷിച്ചുവെക്കണം. നിയമനടപടികൾക്ക് ഇത്തരം സന്ദേശങ്ങൾ പരിശോധിക്കേണ്ടിവരുമ്പോൾ ഡിലീറ്റ് ചെയ്തതായി കണ്ടാൽ കേസിൽ കുടുങ്ങും. ഇത് വാട്‌സ്ആപ് അടക്കമുള്ള മെസേജ് ആപഌക്കേഷനുകൾ സ്ഥിരമായി ഉപയോഗിക്കുന്നവർക്ക് പ്രയാസമുണ്ടാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. രാജ്യത്തിന് പുറത്തുനിന്നുള്ള സേവനദാതാക്കൾ കേന്ദ്രസർക്കാറുമായി കരാറിലത്തെണമെന്നും നിർദ്ദേശമുണ്ട്. ഇതനുസരിച്ച് വാട്‌സ്ആപ്, ഗൂഗ്ൾ, ആപ്പ്ൾ തുടങ്ങിയ കമ്പനികൾ സർക്കാറുമായി കരാറിലെത്തേണ്ടിവരും. ആപഌക്കേഷനുകൾ തടസ്സമില്ലാതെ ലഭിക്കുന്ന അവസ്ഥയിൽ ഇതുമൂലം മാറ്റംവന്നേക്കാം.

ഇലക്ട്രോണിക്‌സ്ഇൻഫർമേഷൻ ടെക്‌നോളജി വകുപ്പാണ് ദേശീയ കരട് എൻക്രിപ്ഷൻ നയം പുറത്തിറക്കിയത്. ഇന്റർനെറ്റ് ലോകത്ത് മറ്റുള്ളവർക്ക് മനസ്സിലാകാത്തവിധം രഹസ്യകോഡ് ഉപയോഗപ്പെടുത്തുന്ന രീതിയാണ് എൻക്രിപ്ഷൻ. ക്രിപ്‌ടോഗ്രഫി മുമ്പ് സൈനിക, നയതന്ത്ര സന്ദേശവിനിമയങ്ങൾക്കാണ് ഉപയോഗപ്പെടുത്തിയിരുന്നത്. ഇപ്പോൾ വി.പി.എൻ എന്നറിയപ്പെടുന്ന വിർച്വൽ പ്രൈവറ്റ് നെറ്റ്‌വർക്കുകളിൽ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്.

വ്യവസായികളും ഉപയോക്താക്കളും സന്ദേശസ്റ്റോറേജ് ആവശ്യത്തിന് എൻക്രിപ്ഷൻ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്നുണ്ട്. സാധാരണക്കാർ എൻക്രിപ്ഷൻ നൂലാമാലകൾ നോക്കാതെയാണ് ഈ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്നത്. മൊബൈൽ ഫോണുകൾ വാങ്ങുമ്പോൾതന്നെ ഈ സാങ്കേതിക വിദ്യ അടക്കംചെയ്തിട്ടുണ്ടാവും. വാട്‌സ്ആപ്പ്, സ്‌നാപ് ചാറ്റ് പോലുള്ളവ ഉദാഹരണം.

ഇഗവേണൻസ്, ഇകോമേഴ്‌സ് എന്നിവ മെച്ചപ്പെടുത്തുന്നതിനാണ് കരട് എൻക്രിപ്ഷൻ നയം കൊണ്ടുവരുന്നതെന്ന് സർക്കാർ വിശദീകരിക്കുന്നു. കരടുനയം അനുസരിച്ച് എൻക്രിപ്ഷന്റെ കമ്പ്യൂട്ടർ പ്രോഗ്രാമിങ് നടപടിക്രമം സർക്കാർ തീരുമാനിക്കും. എൻക്രിപ്ഷൻ ഉൽപന്നങ്ങൾ വിൽക്കുന്നവർ ഇന്ത്യയിൽ രജിസ്റ്റർ ചെയ്യണം. ഇന്ത്യയിൽ രജിസ്റ്റർ ചെയ്യാത്തവ ഉപയോഗിക്കാൻ പൗരന്മാർക്ക് അവകാശമില്ല. എൻക്രിപ്ഷൻ സാങ്കേതികവിദ്യ ഉപയോഗിക്കുന്ന സേവനദാതാക്കൾ സർക്കാറുമായി കരാർ ഉണ്ടാക്കണം. എൻക്രിപ്ഷൻ ഉൽപന്ന ദാതാക്കളും രജിസ്റ്റർ ചെയ്യണം. ഈ ഉൽപന്നങ്ങളുടെ സുരക്ഷാ പരിശോധനകൾ ഉണ്ടാവും. അടുത്ത മാസം 16 വരെ കരടുനയത്തെക്കുറിച്ച് പൊതുജനങ്ങൾക്ക് അഭിപ്രായമറിയിക്കാം. അതുകൂടി പരിഗണിച്ചാണ് അന്തിമനയം രൂപപ്പെടുത്തുക.

ജിമെയിൽ പോലെയോ, ഫേസ്‌ബുക്ക് പോലെയോ അല്ല വാട്ട്‌സ്ആപ്പ് പ്രവർത്തിക്കുന്നത് എന്നതിനാലാണ് സംശയകരമായ സന്ദേശങ്ങൾ നേരിട്ട് തന്നെ പരിശോധിക്കണമെന്ന് സർക്കാർ ആവശ്യപ്പെടാൻ കാരണം. മറ്റുള്ള സന്ദേശങ്ങൾ അയക്കുന്ന ആൾക്കും സ്വീകരിക്കുന്ന ആൾക്കുമല്ലാതെ മൂന്നാമത് ഒരാൾക്ക്, അതായത് സർക്കാർ നിയോഗിക്കുന്നവർക്ക് വായിക്കാൻ സാധിക്കും. എന്നാൽ, വാട്ട്‌സ്ആപ്പ് മെസേജുകൾ എൻക്രിപ്റ്റഡ് രൂപത്തിലായതിനാൽ സെർവറിൽ കയറി പരിശോധിച്ചാലും വായിക്കാൻ അല്ലെങ്കിൽ ഡീക്കോഡ് ചെയ്യാൻ സാധിക്കില്ല. ഈ പരിമിതി മറികടക്കുന്നതിനാണ് നാഷ്ണൽ എൻക്രിപ്ഷൻ പോളിസിയിൽ പുതിയ നിർദ്ദേശങ്ങൾ ഡിഇഐടിവൈ മുന്നോട്ടു വച്ചിരുന്നത്.

ഇന്ത്യയിൽ 70 മില്യൺ ഉപയോക്താക്കളാണ് വാട്ട്‌സ്ആപ്പിനുള്ളത്. ഇത്രയും ആളുകളും, കമ്പനികളും തങ്ങൾ അയക്കുന്ന മസേജുകളും തങ്ങൾക്ക് ലഭിക്കുന്ന മെസേജുകളും 90 ദിവസത്തേക്ക് ഡിലീറ്റ് ചെയ്യരുതെന്നതാണ് നിർദ്ദേശം വന്നത്. പൊതുജനങ്ങളുടെയും സംഘടനകളുടെയും പ്രതികരണമറിയാൻ സർക്കാർ പ്രസിദ്ധീകരിച്ച കരട് എൻക്രിപ്ഷൻ നയം സ്വകാര്യതക്ക് മേലുള്ള കടന്നുകയറ്റമാണെന്ന് സൈബർ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടിയിരുന്നു. ഒടുവിൽ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് കേന്ദ്രം തീരുമാനത്തിൽ നിന്നും പിന്മാറിയിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP