Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ജയിൽ മോചിതരാകുന്നവർ എന്തിന് നാട്ടിൽ പോകണം? അവർക്ക് നല്ല ജോലി നൽകും; ഷാർജ സുൽത്താന്റെ തീരുമാനം ആശ്വാസമാകുന്നത് 149 ഇന്ത്യാക്കാർക്ക്; ഷാർജ ജയിലുകളിൽ കഴിയുന്ന ഗുരുതര കേസുകളിൽ പെടാത്ത മലയാളികളെ മോചിപ്പിക്കുമെന്നും മുഖ്യമന്ത്രിക്ക് ഉറപ്പ്

ജയിൽ മോചിതരാകുന്നവർ എന്തിന് നാട്ടിൽ പോകണം? അവർക്ക് നല്ല ജോലി നൽകും; ഷാർജ സുൽത്താന്റെ തീരുമാനം ആശ്വാസമാകുന്നത് 149 ഇന്ത്യാക്കാർക്ക്; ഷാർജ ജയിലുകളിൽ കഴിയുന്ന ഗുരുതര കേസുകളിൽ പെടാത്ത മലയാളികളെ മോചിപ്പിക്കുമെന്നും മുഖ്യമന്ത്രിക്ക് ഉറപ്പ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഷാർജയിലെ ജയിലിൽ കഴിയുന്ന 149 ഇന്ത്യാക്കാരെ മോചിപ്പിക്കാൻ തീരുമാനം. ഗുരതരമായ ക്രിമിനൽ കുറ്റങ്ങളൊഴികെയുള്ള കേസുകളിൽപ്പെട്ട് ഷാർജയിലെ ജയിലുകളിൽ കഴിയുന്ന മുഴുവൻ കേരളീയരെയും മോചിപ്പിക്കുമെന്ന് ഷാർജ ഭരണാധികാരി ഡോ. ശൈഖ് സുൽത്താൻ മുഹമ്മദ് ബിൻ ഖാസിമി. ചെക്ക് കേസുകളിലും സിവിൽ കേസുകളിലുംപെട്ട് മൂന്നു വർഷത്തിലേറെയായി ഷാർജ ജയിലുകളിൽ കഴിയുന്നവരെ മോചിപ്പിക്കണമെന്ന് ക്ലിഫ് ഹൗസിൽ നടന്ന ചർച്ചയിൽ ഷാർജ ഭരണാധികാരിയോട് മുഖ്യമന്ത്രി പിണറായി വിജയൻ അഭ്യർത്ഥിച്ചിരുന്നു.

ഇതേത്തുടർന്നാണ് ജയിലുകളിൽ കഴിയുന്നവർക്ക് മാപ്പ് നൽകാൻ ശൈഖ് സുൽത്താൻ തീരുമാനിച്ചത്. കേരളീയർ മാത്രമല്ല, ഗുരുതര ക്രിമിനൽ കേസുകളിൽ പെടാത്ത മുഴുവൻ വിദേശിയരേയും ജയിലുകളിൽനിന്നു മോചിപ്പിക്കുകയാണെന്ന് അദ്ദേഹം കലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ ഡി-ലിറ്റ് ബിരുദം സ്വീകരിച്ചുകൊണ്ട് രാജ്ഭവനിൽ നടത്തിയ പ്രഭാഷണത്തിൽ പ്രഖ്യാപിച്ചു.
പൊതുമാപ്പിന്റെ അടിസ്ഥാനത്തിൽ 149 ഇന്ത്യക്കാർ മോചിതരാകുമെന്ന് വൈകീട്ട് ഷാർജ സുൽത്താനും മുഖ്യമന്ത്രി പിണറായി വിജയനും സംയുക്ത പ്രസ്താവനയിൽ അറിയിച്ചു. സാമ്പത്തിക ക്രമക്കേടുകളിലും നിസാര കുറ്റകൃത്യങ്ങളിലും ഉൾപ്പെട്ടവരെയാണ് മോചിപ്പിക്കുന്നത്. രണ്ടു കോടി യു.എ.ഇ. ദിർഹത്തിന്റെ (35.58 കോടി ഇന്ത്യൻ രൂപ) സാമ്പത്തിക ക്രമക്കേടുകളിൽ ഉൾപ്പെട്ടവരെയാണ് നിരുപാധികം വിട്ടയക്കുന്നത്.

ജയിലുകളിൽ കഴിയുന്നവരെ മോചിപ്പിക്കാൻ ഷാർജ ഭരണാധികാരി സമ്മതിച്ച കാര്യം മുഖ്യമന്ത്രി തന്നെയാണ് ബിരുദദാന ചടങ്ങിൽ ആദ്യം വെളിപ്പെടുത്തിയത്. ജയിലുകളിൽ കഴിയുന്നവരെ നാട്ടിലേക്ക് തിരിച്ചയക്കണമെന്നാണ് മുഖ്യമന്ത്രി അഭ്യർത്ഥിച്ചത്. എന്നാൽ അവർ അവിടെതന്നെ തുടരട്ടെയെന്ന് ശൈഖ് സുൽത്താൻ അഭിപ്രായപ്പെട്ടു.
'എന്തിന് അവർ നാട്ടിൽ പോകണം. അവർ ഇവിടെ തന്നെ നിൽക്കട്ടെ. അവർക്ക് ഷാർജ നല്ല ജോലി നൽകും' - ശൈഖ് സുൽത്താൻ മുഖ്യമന്ത്രിയോട് പറഞ്ഞു. ഇക്കാര്യം പിന്നീട് മറുപടി പ്രസംഗത്തിൽ ശൈഖ് സുൽത്താനും സ്ഥിരീകരിച്ചു.
ചെറിയ തർക്കങ്ങളിലും ബിസിനസ് സംബന്ധമായ കേസുകളിലുംപെട്ട് ഷാർജ ജയിലുകളിൽ കഴിയുന്നവർക്ക് മുഖ്യമന്ത്രിയുടെ ഇടപെടൽ ആശ്വാസമാകും. യു.എ.ഇ.യിലെ മറ്റു എമിറേറ്റുകളിലും ഇതര ഗൾഫ് രാജ്യങ്ങളിലും ജയിലുകളിൽ പെട്ടുപോയ മലയാളികൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും വലിയ പ്രതീക്ഷ നൽകുന്നതാണ് തീരുമാനം.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP