Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കൊടുങ്ങല്ലൂർ കായലിൽ കണ്ട മൃതദേഹങ്ങൾ സദാചാര കൊലപാതകത്തിന്റെ ഇരകളെന്ന് സംശയം; യുവതിയെ ജീവനോടെ ചാക്കിൽ കെട്ടി കായലിൽ എറിഞ്ഞതായി സൂചന

കൊടുങ്ങല്ലൂർ കായലിൽ കണ്ട മൃതദേഹങ്ങൾ സദാചാര കൊലപാതകത്തിന്റെ ഇരകളെന്ന് സംശയം; യുവതിയെ ജീവനോടെ ചാക്കിൽ കെട്ടി കായലിൽ എറിഞ്ഞതായി സൂചന

കൊച്ചി : സാദാചാര പൊലീസുകാരുടെ കൊലപാതകമാണ് കൊടുങ്ങല്ലൂർ കായലിൽ പൊങ്ങിയ രണ്ട് മൃതദേഹങ്ങൾക്ക് പിന്നിലെന്ന് സൂചന. ആളുകളെ തിരിച്ചറിയാത്തതിനാൽ ഇക്കാര്യം സ്ഥിരീകരിക്കാൻ പൊലീസിന് കഴിഞ്ഞിട്ടില്ല. എന്നാൽ പ്രാഥമിക സൂചനകൾ സദാചാര പൊലീസിങ്ങിലേക്കാണ് വിരൽ ചൂണ്ടുന്നത്.

ചുരിദാർ ധരിച്ച യുവതിയെ കൈകാലുകൾ മടക്കി ശരീരത്തോടു ചേർത്തു ബന്ധിച്ചു പ്ലാസ്റ്റിക്ക് ചാക്കിൽ കെട്ടി ജീവനോടെ കായലിൽ എറിഞ്ഞു കൊലപ്പെടുത്തി എന്നാണു ശാസ്ത്രീയ പരിശോധനാ നിഗമനം. യുവാവിനെ കൊലപ്പെടുത്തിയ ശേഷം കായലിൽ എറിഞ്ഞിരിക്കാനാണു സാധ്യതയെന്നും പൊലീസ് പറഞ്ഞു. രണ്ടു മൃതദേഹങ്ങൾക്കും നാലു ദിവസത്തെ പഴക്കം തോന്നിയിരുന്നു. മൃതദേഹങ്ങൾ ഒരേ ദിവസം കായലിൽ കണ്ടെത്തിയെങ്കിലും പരസ്പരം ബന്ധമുണ്ടാവാൻ സാധ്യതയില്ലെന്നായിരുന്നു ആദ്യ നിഗമനം. എന്നാൽ അങ്ങനയല്ലെന്നാണ് ഇപ്പോൾ പൊലീസ് പറയുന്നത്.

കൊടുങ്ങല്ലൂർ കായലിൽ കഴിഞ്ഞ ശനിയാഴ്ച കണ്ടെത്തിയ യുവതിയുടേയും യുവാവിന്റേയും മൃതദേഹങ്ങൾ എറണാകുളം ജില്ലയിൽ നിന്നുള്ളതാകാമെന്നാണ് സംശയം. അതുകൊണ്ട് അന്വേഷണം പറവൂർ, വരാപ്പുഴ ഭാഗങ്ങളിലേക്കു പൊലീസ് വ്യാപിപ്പിച്ചു. ആറേഴു ദിവസമായി രണ്ടു പേരെ കാണാതായിട്ടും തൃശൂർ, എറണാകുളം ജില്ലകളിൽ നിന്നു പരാതികളൊന്നും ലഭിച്ചിട്ടില്ല. യുവതി ധരിച്ചിരുന്ന കമ്മൽ വാങ്ങിയ ജൂവലറി തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാൽ, ഈ ജൂവലറിക്കു കൊടുങ്ങല്ലൂർ, പറവൂർ, ചാലക്കുടി എന്നിവിടങ്ങളിൽ ശാഖകളുണ്ട്.

മൂന്ന് ഗ്രാം തൂക്കമുള്ള പാലക്കൻ സ്റ്റഡ് ആണ് കണ്ടെത്തിയിട്ടുള്ളത്. ഇത് ലക്ഷ്മി ജൂവലറിയുടെ ചാലക്കുടി, പറവൂർ ഷോറൂമുകളിൽ വില്പന നടന്നുവരുന്ന ഇനമാണ്. കഴിഞ്ഞ അഞ്ചുവർഷത്തിലധികമായി ഈ മോഡലിലുള്ള കമ്മല്ലുകൾ ജൂവലറിയിൽനിന്ന് വിൽപ്പന നടത്തിവരുന്നുണ്ട്. കൊടുങ്ങല്ലൂർ ജൂവലറിയിലെ നിരീക്ഷണ കാമറകൾ പൊലീസ് പരിശോധിച്ചു.

കെട്ടിയ പ്ലാസ്റ്റിക്ക് ചാക്ക് കോയമ്പത്തൂരിലെ ആട്ട കമ്പനിയുടേതാണ്. മൃതദേഹത്തിൽ മൊബൈൽ ഫോണുകളോ തിരിച്ചറിയാൻ കഴിയുന്ന മറ്റെന്തെങ്കിലും രേഖകളോ കണ്ടെത്താൻ കഴിഞ്ഞില്ല. അങ്ങനെ എല്ലാ അർത്ഥത്തിലും കേസ് അന്വേഷണം പ്രതിസന്ധിയിലാണ്. യുവതിക്ക് 35 നും യുവാവിനു 45 നും അടുത്ത് പ്രായം വരും. യുവതിയുടെ മൃതദേഹം കോട്ടപ്പുറം മുസിരിസ് ആംഫി തിയറ്ററിനു സമീപവും യുവാവിന്റെ മൃതദേഹം കായലിൽ നാലു കിലോമീറ്റർ അകലെ അഴീക്കോട് ബോട്ട് ജെട്ടിക്കു സമീപവുമാണു കണ്ടെത്തിയത്. എന്നാൽ മരണങ്ങൾക്കു പരസ്പരം ബന്ധമുണ്ടാകാമെന്ന നിഗമനത്തിലാണ് ഇപ്പോൾ അന്വേഷകർ.

കോട്ടപ്പുറം ബോട്ട് ജെട്ടിയിൽ നിന്നോ മൂത്തകുന്നം, കോട്ടപ്പുറം, കോട്ട, ചാത്തേടം, തുരുത്തിപ്പുറം, ഗോതുരുത്ത്, മാല്യങ്കര പാലങ്ങളിൽ ഏതെങ്കിലും നിന്നോ യുവതിയെ ജീവനോടെ ചാക്കിൽ കെട്ടി കായലിലേക്ക് എറിഞ്ഞിരിക്കാമെന്നാണ് കരുതുന്നത്. രണ്ടു മൃതദേഹവും തിരിച്ചറിയാതെയാണു കഴിഞ്ഞ ദിവസം സംസ്‌കരിച്ചത്.

വാടാനപ്പള്ളി, കല്ലേറ്റുംകര ഭാഗങ്ങളിൽനിന്നും കാണാതായ യുവതികളുടെ ബന്ധുക്കൾ തിങ്കളാഴ്ച വിവരം അന്വേഷിച്ച് സ്റ്റേഷനിൽ എത്തിയിരുന്നു. വസ്ത്രങ്ങളും മറ്റും തിരിച്ചറിയുന്നതിന് സ്ത്രീകളെ കൂട്ടിക്കൊണ്ടുവരാമെന്ന് പറഞ്ഞാണ് ഇവർ മടങ്ങിയിട്ടുള്ളത്. വാടാനപ്പള്ളിയിൽ ഇത്തരത്തിൽ ഒരാളും കാണാതായിട്ടില്ലെന്ന് പൊലീസിന് സൂചനയുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP