Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബാറുടമകളുടെ സമ്മർദങ്ങൾക്ക് മുമ്പിൽ പടിപടിയായി തുറന്ന് കൊടുത്ത് സർക്കാർ; എല്ലാം കോടതിയുടെ പുറത്ത് പഴിചാരി: 22 ബാറുകൾക്ക് കൂടി ഉടൻ അനുമതി നൽകേണ്ടിവരും

ബാറുടമകളുടെ സമ്മർദങ്ങൾക്ക് മുമ്പിൽ പടിപടിയായി തുറന്ന് കൊടുത്ത് സർക്കാർ; എല്ലാം കോടതിയുടെ പുറത്ത് പഴിചാരി: 22 ബാറുകൾക്ക് കൂടി ഉടൻ അനുമതി നൽകേണ്ടിവരും

കൊച്ചി: സംസ്ഥാനത്ത് 22 ഫോർ സ്റ്റാർ ബാറുകൾക്കുകൂടി പ്രവർത്തനാനുമതി നൽകാനുള്ള ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിൽ പടിപടിയായി ബാറുകൾ തുറക്കാൻ സർക്കാർ നീക്കം. ഹൈക്കോടതി ഉത്തരവിന്റെ മറവിലാണ് വീണ്ടും ബാറുകൾ തുറക്കാനുള്ള നീക്കം നടക്കുന്നത്.

22 ബാറുകൾക്കുകൂടി ഉടൻ ലൈസൻസ് നൽകാനാണിപ്പോൾ വഴി തുറന്നത്. രണ്ടു മാസത്തിനകം ഇവയുടെ അപേക്ഷ പരിഗണിച്ച് ഉത്തരവു പുറപ്പെടുവിക്കണമെന്ന ഹൈക്കോടതി വിധിയുടെ സമയപരിധി നാളെ തീരുന്നതോടെയാണ് ഇതിനുള്ള അവസരം ഉരുത്തിരിഞ്ഞത്. ഇക്കാര്യത്തിൽ ഇതുവരെ തീരുമാനമൊന്നും എടുക്കാതിരുന്ന സർക്കാർ നാളെ തിരക്കിട്ട് അപ്പീൽ നൽകാനാണ് ആലോചിക്കുന്നത്.

രണ്ടു പഞ്ചനക്ഷത്ര ഹോട്ടലുകൾക്കു കഴിഞ്ഞദിവസം ബാർ ലൈസൻസ് നൽകിയിരുന്നു. തിരുവനന്തപുരം കഠിനംകുളം ലേക്ക് പാലസ്, ചേർത്തലയിലെ സരോവർ ഹോട്ടലുകൾക്കാണു ബാർ ലൈസൻസ് കിട്ടിയത്. രണ്ടിടത്തും ബാർ പ്രവർത്തനവും തുടങ്ങി. ഫോർ സ്റ്റാർ ഗണത്തിലുള്ള 22 ബാറുകളുടെ ഉടമകൾ നൽകിയ ഹർജിയിലായിരുന്നു കഴിഞ്ഞ ഡിസംബർ രണ്ടിനു ജസ്റ്റിസ് കെ സുരേന്ദ്രമോഹന്റെ ഉത്തരവ്.

വ്യവസ്ഥകൾ തൃപ്തികരമാണോയെന്നു പരിശോധിച്ചു തീരുമാനമെടുത്ത് ഉത്തരവിറക്കാനായിരുന്നു വിധി. എക്‌സൈസ് കമ്മിഷണർക്കും നികുതി സെക്രട്ടറിക്കുമായിരുന്നു നിർദ്ദേശം നൽകിയിരുന്നത്. നിലവാരമില്ലാത്തതിന്റെ പേരിൽ അടച്ചുപൂട്ടിയ 418 ബാറിൽ ഉൾപ്പെട്ടതും പിന്നീടു നിലവാരം ഉയർത്തി ഹെറിറ്റേജ് വിഭാഗത്തിൽ പെട്ടതുമാണ് ഈ 22ൽ ഏതാനും ബാറുകൾ. പുതിയ അപേക്ഷകരുമുണ്ട്. നേരത്തേ ത്രീസ്റ്റാർ പദവിയുള്ള പത്തു ബാറുകൾക്കു സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ സർക്കാർ ലൈസൻസ് നൽകിയിരുന്നു. ഇവരും ആദ്യം ഹൈക്കോടതിയിൽനിന്ന് ഉത്തരവു നേടിയപ്പോൾ സർക്കാർ അപ്പീൽ നൽകി.

ഇടക്കാല ഉത്തരവിനെതിരെ അപ്പീൽ നൽകരുതെന്ന നിയമോപദേശം മറികടന്നാണു സുപ്രീംകോടതിയിൽ അപ്പീൽ നൽകിയത്. സർക്കാരിനെ ഇക്കാര്യത്തിൽ വിമർശിച്ചാണു ലൈസൻസ് നൽകാൻ സുപ്രീംകോടതി ഉത്തരവായത്. ഉടൻ ലൈസൻസും നൽകി. ഇപ്പോൾ 22 ബാറുകളുടെ കാര്യത്തിലും എന്തു നടപടി വേണമെന്ന് എക്‌സൈസ് വകുപ്പു നിയമ സെക്രട്ടറിയോട് ഉപദേശം തേടിയിരുന്നു. ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകാനാണ് നിർദ്ദേശം ലഭിച്ചത്.

വിധി വന്നു രണ്ടു മാസമായിട്ടും ഇക്കാര്യത്തിൽ സർക്കാർ നടപടികൾ സ്വീകരിച്ചിരുന്നില്ല. സമയപരിധി അവസാനിക്കുന്ന ദിവസം വരെ സർക്കാർ അനങ്ങാതിരുന്നതു ദുരൂഹമാണ്. ഇത് ഒത്തുകളിയാണെന്നാണ് ആരോപണം. പഞ്ചനക്ഷത്ര ഹോട്ടലുകൾക്കു മാത്രം ബാർ ലൈസൻസ് എന്ന നയമാണ് സർക്കാരിന്റേത്. എന്നാൽ, ഓരോ വർഷവും സർക്കാർ മദ്യനയം മാറ്റിക്കൊണ്ടിരിക്കുന്നുവെന്നു കാട്ടിയാണ് ബാർ ഉടമകൾ കോടതിയെ സമീപിച്ചത്. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ കൂടുതൽ ത്രീസ്റ്റാർ ഹോട്ടൽ ഉടമകൾ ബാർ ലൈസൻസ് പുതുക്കിക്കിട്ടാൻ കോടതിയെ സമീപിക്കാൻ ഒരുങ്ങുന്നതായാണു സൂചന. ഫലത്തിൽ പൂട്ടിയ ബാറുകളെല്ലാം പടിപടിയായി തുറക്കാനുള്ള സാഹചര്യമാണ് കേരളത്തിൽ ഉരുത്തിരിയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP