Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കുടുംബാംഗങ്ങൾ ഭാരവാഹികളായ ട്രസ്റ്റിൽ നിയമിച്ച വനിതാ ഏജന്റുമാരെ വച്ചു കരുക്കൾ നീക്കി; സഹായസംഘത്തിന്റെ മറവിൽ എണ്ണൂറോളം സ്ത്രീകളുടെ പേരിൽ തട്ടിയെടുത്തതു കോടികൾ: നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ച തട്ടിപ്പുകാരി സംഗീതയുടെ കഥ

കുടുംബാംഗങ്ങൾ ഭാരവാഹികളായ ട്രസ്റ്റിൽ നിയമിച്ച വനിതാ ഏജന്റുമാരെ വച്ചു കരുക്കൾ നീക്കി; സഹായസംഘത്തിന്റെ മറവിൽ എണ്ണൂറോളം സ്ത്രീകളുടെ പേരിൽ തട്ടിയെടുത്തതു കോടികൾ: നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ച തട്ടിപ്പുകാരി സംഗീതയുടെ കഥ

തിരുവനന്തപുരം: സഹായസംഘത്തിന്റെ മറവിൽ സ്ത്രീകളിൽ നിന്നു കോടികൾ തട്ടിയെടുത്ത സംഗീത ചെറുതിൽ തുടങ്ങി വൻകിട തട്ടിപ്പുകാരിയായി മാറിയ സ്ത്രീയാണ്. കുടുംബാംഗങ്ങൾ ഭാരവാഹികളായ ട്രസ്റ്റിൽ നിയമിച്ച വനിതാ ഏജന്റുമാരെ വച്ചു കരുക്കൾ നീക്കിയാണു ഈ മുപ്പത്തിയേഴുകാരി തട്ടിപ്പിന്റെ ആദ്യ ഘട്ടം പിന്നിട്ടത്.

സഹായസംഘത്തിന്റെ പേരിൽ ഏഴുകോടി രൂപ തട്ടിയെടുത്ത കേസിൽ കഴിഞ്ഞ ദിവസമാണു സംഗീത പിടിയിലായത്. നിർദ്ധനരായ സ്ത്രീകളുടെ വ്യാജഫോട്ടോ ഉപയോഗിച്ചാണ് ഇവർ കോടികൾ ലോണെടുത്തത്.

ഇതെല്ലാം ആഡംബര ജീവിതത്തിന് ഉപയോഗിക്കുകയായിരുന്നു ഇവർ. ഒടുവിൽ നാട്ടുകാർതന്നെ ഇവരെ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. ഒരു ബാങ്കിൽ നിന്ന് മൂന്നു കോടി ലോണെടുത്ത് പറ്റിച്ച കേസിലാണ് ആദ്യം പരാതി ലഭിച്ചത്. എന്നാൽ, ഇവർ സമാനമായ രീതിയിൽ വെള്ളയമ്പലത്തെ ഒരു സഹകരണ ബാങ്കിൽ നിന്ന് നാലു കോടി രൂപയും തട്ടിച്ചുവെന്ന് വ്യക്തമായതോടെ കേസിന്റെ ഗതി തന്നെ മാറി.

ഫാം ട്രസ്റ്റ് എന്നപേരിലായിരുന്നു കുടുംബാംഗങ്ങൾ തന്നെ ഭാരവാഹികളായ സംഘം രൂപീകരിച്ചത്. ട്രസ്റ്റിനു കീഴിൽ ഏജന്റുമാരായി 12 ഓളം സ്ത്രീകളെ നിയമിച്ചിരുന്നു. ഇവരാണ് സംഗീതയ്ക്കു വേണ്ടി മറ്റു സ്ഥലങ്ങളിൽ പോയി ഐ.ഡി കാർഡും മറ്റ് വിവരങ്ങളും ശേഖരിച്ചിരുന്നത്. അതിനായി ഓരോ ഏജന്റിനും ഓരോ സംഘടനയുടെ പേരിൽ ഫോമും മറ്റ് വിവരങ്ങളും നൽകിയിരുന്നു. നമസ്തായി, ആറ്റുകാലമ്മ, കതിർ, ഒരുമ, നന്മ, സ്‌നേഹ, ഐശ്വര്യ തുടങ്ങി വിവിധ പേരുകളിലാണ് പല അപേക്ഷകളിലും സ്വയം സഹായ സംഘത്തിന്റെ പേര് നൽകിയത്. ഐ.ഡിയും മറ്റ് വിവരങ്ങളും കൈമാറുന്നതോടെ ഏജന്റുമാരുടെ ചുമതല കഴിഞ്ഞു. എന്നാൽ, കഴിഞ്ഞദിവസം പിടിയിലായപ്പോൾ ഇതെല്ലാം ഏജന്റുമാരായി നിന്നവർ ചെയ്ത പണിയാണെന്നു പറഞ്ഞ് ഇവർ തടിതപ്പാൻ ശ്രമിച്ചു. ബാങ്കിലെത്തിയത് സംഗീത തന്നെയാണെന്ന് ജീവനക്കാരിൽ ചിലർ തിരിച്ചറിഞ്ഞതോടെയാണ് കള്ളി വെളിച്ചത്തായത്.

അതിനിടെ, ആരെങ്കിലും പരാതിയുമായി പോയാൽ ഒത്തുതീർപ്പിന് വന്ന് അത് ഒതുക്കിത്തീർക്കാനെന്ന വ്യാജേന സംഗീത എത്തിയിരുന്നു. നിരവധി തവണ റിക്കവറി നോട്ടീസ് അയയ്ക്കാൻ ഒരുങ്ങിയ ബാങ്കിനെയും ഇത്തരം വാഗ്ദാനം നൽകി പലകുറി സംഗീത കബളിപ്പിച്ചു. പുതിയ മാനേജർ എത്തിയതോടെയാണ് ഈ രീതിക്കു മാറ്റം വന്നത്. 2010ലാണ് കാരുണ്യ സംഘടനയുടെ മറവിൽ മൂന്നു കോടി രൂപ ഒരു ദേശസാത്കൃത ബാങ്കിന്റെ പാൽക്കുളങ്ങര ബ്രാഞ്ചിൽ നിന്ന് ഇവർ ലോണെടുത്തത്. 10 പേരടങ്ങുന്ന 80 ഗ്രൂപ്പുകളുണ്ടാക്കി രണ്ടു മുതൽ 10 ലക്ഷം വരെയാണ് ഓരോരുത്തരുടെയും പേരിൽ ലോൺ എടുത്തത്. സ്വയം സഹായ സംഘങ്ങൾക്ക് ലോൺ നൽകുന്ന നബാർഡിന്റെ പദ്ധതി ദുരുപയോഗം ചെയ്താണ് ഇവർ ലോണുകൾ സംഘടിപ്പിച്ചിരിക്കുന്നത്. ഗ്രൂപ്പ് ലോണുകളിൽ അതിന്റെ തലപ്പത്തുള്ള പ്രസിഡന്റോ സെക്രട്ടറിയോ മാത്രം ബാങ്കിൽ വന്നാൽ മതി. മറ്റുള്ളവരുടെ ഗ്രൂപ്പ് ഫോട്ടോ സമർപ്പിക്കണം. അത്തരത്തിൽ മിക്കവരുടെയും തല വെട്ടിയെടുത്ത് ഉണ്ടാക്കിയ ഗ്രൂപ്പ് ഫോട്ടോയാണ് അപേക്ഷയ്‌ക്കൊപ്പം കൊടുത്തിരിക്കുന്നത്. ഇത്തരത്തിൽ 80 ഗ്രൂപ്പുകളുണ്ട്. അതായത് 800 ഓളം സ്ത്രീകളാണ് സംഗീതയുടെ തട്ടിപ്പിനിരയായത്.

കണ്ണേറ്റുമുക്കിലും മരുതംകുഴിയിലും അമ്പലമുക്കിലും ചാരിറ്റി സംഘടനകളുടെ പേരിൽ സ്വയം സഹായ സംഘത്തിന്റെ ഓഫീസുകൾ സംഗീത നടത്തിയിരുന്നു. നാട്ടുകാരിൽ നിന്ന് ആവശ്യത്തിന് പണം കിട്ടിക്കഴിഞ്ഞാൽ ഓരോ സ്ഥലത്തെയും ഓഫീസുകൾ പൂട്ടി അടുത്ത താവളം തേടി പോകുന്നതാണ് പതിവ്. ഇവരുടെ തട്ടിപ്പിന് ചില രാഷ്ട്രീയ നേതാക്കളുടെ പിന്തുണയുണ്ടെന്നും പരാതി ഉയർന്നിട്ടുണ്ട്. മണ്ണറക്കോണം സ്വദേശിയായ 88കാരി തങ്കമ്മയും തട്ടിപ്പിനിരയായി. നാലു ലക്ഷം രൂപ ലോണെടുത്തത് ഉടൻ തിരിച്ചടയ്ക്കണമെന്നാവശ്യപ്പെട്ട് ബാങ്കിൽ നിന്ന് നോട്ടീസ് വന്നതോടെ തങ്കമ്മ ബോധം കെട്ട് വീണു. ഹൃദയാഘാതം വന്ന ഇവർ അത്യാസന്ന നിലയിൽ ചികിത്സയിലാണിപ്പോൾ. 2009- 11 കാലയളവിൽ അംഗൻവാടി കേന്ദ്രീകരിച്ചും തട്ടിപ്പ് നടത്തിയിട്ടുണ്ട്. പറ്റിക്കപ്പെട്ടവരിൽ അംഗൻവാടി ടീച്ചറും ഉൾപ്പെട്ടു. പിന്നീട് പലരും ഞെട്ടിയത് ബാങ്കിൽ നിന്ന് ജപ്തി നോട്ടീസ് വന്നപ്പോഴാണ്. തങ്ങൾ ലോണെടുത്തിട്ടില്ലെന്ന് പറഞ്ഞ് ബാങ്കിനെ സമീപിച്ചെങ്കിലും ഒരു ഫലവുമുണ്ടായില്ല. അങ്ങനെയാണ് പരാതിയുമായി പൊലീസ് സ്റ്റേഷനിൽ എത്തിയത്.

മണ്ണാമൂല സ്വദേശിയായ മീന എം.എസിന്റെ പേരിൽ ബാങ്കിന്റെ നോട്ടീസ് വരുന്നത് 2016 ഫെബ്രുവരി 17നാണ്. തുറന്നു നോക്കിയപ്പോൾ മീന 2010ൽ ബാങ്കിൽ നിന്ന് 5 ലക്ഷം രൂപ ലോണെടുത്തതായും ഒരു രൂപ പോലും തിരിച്ചടച്ചില്ലെന്നും നോട്ടീസിൽ പറയുന്നു. ബാങ്ക് പറയുന്ന കാലയളവിൽ പ്‌ളസ് ടു വിദ്യാർത്ഥിനിയായിരുന്നു മീന. തുടർന്ന് ബാങ്കിന്റെ ശാഖയിൽ ചെന്നപ്പോൾ റേഷൻ കാർഡും ഐ.ഡി കാർഡും ഫോട്ടോയുമടങ്ങിയ അപേക്ഷ തങ്ങളുടെ പക്കലുണ്ടെന്ന് അധികൃതർ അറിയിച്ചു. കുഞ്ചൂർക്കോണം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഒരു സ്വയം സഹായ സംഘത്തിന്റെ പേരിലാണ് ലോണെടുത്തിരിക്കുന്നതെന്നും അതിന്റെ ഭാരവാഹിയായ വനിതയുടെ ഫോൺ നമ്പറും നൽകി. തുടർന്ന് ഇവർ പേരൂർക്കട പൊലീസിൽ പരാതി നൽകി. ഈ കാലയളവിൽത്തന്നെ, ബാങ്കുകളിൽ നിന്ന് ജപ്തി നോട്ടിസുകൾ പലരെയും തേടിയെത്തിയിരുന്നു. അതോടെ പൊലീസിൽ നിരവധി പരാതികളും ലഭിച്ചു. തുടർന്നാണ് സംഗീത പിടിയിലാകുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP