Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അഭിന്റെ ജീവൻ രക്ഷിക്കാൻ നാട്ടുകാർ രംഗത്തിറങ്ങിയതോടെ ഒറ്റ ദിവസം കൊണ്ട് ശേഖരിച്ചത് ഒമ്പത് ലക്ഷം രൂപ! അദ്ധ്യാപകരും വിദ്യാർത്ഥികളും കൈമെയ് മറന്ന് രംഗത്തിറങ്ങിയപ്പോൾ കൂടുതൽ പണം കിട്ടി; 40 ലക്ഷം രൂപ സമാഹരിക്കാനുള്ള തയ്യാറെടുപ്പിൽ പയ്യന്നൂരിലെ നാട്ടുകാർ

അഭിന്റെ ജീവൻ രക്ഷിക്കാൻ നാട്ടുകാർ രംഗത്തിറങ്ങിയതോടെ ഒറ്റ ദിവസം കൊണ്ട് ശേഖരിച്ചത് ഒമ്പത് ലക്ഷം രൂപ! അദ്ധ്യാപകരും വിദ്യാർത്ഥികളും കൈമെയ് മറന്ന് രംഗത്തിറങ്ങിയപ്പോൾ കൂടുതൽ പണം കിട്ടി; 40 ലക്ഷം രൂപ സമാഹരിക്കാനുള്ള തയ്യാറെടുപ്പിൽ പയ്യന്നൂരിലെ നാട്ടുകാർ

രഞ്ജിത് ബാബു

കണ്ണൂർ: രക്താർബുദം ബാധിച്ച് മജ്ജ മാറ്റി വെക്കൽ ശസ്ത്രക്രിയക്ക് വിധേയനാകേണ്ട വിദ്യാർത്ഥിക്ക് സഹായമായി സഹപാഠികളും അദ്ധ്യാപകരും സ്‌ക്കൂൾ മാനേജ്മെന്റും കൈകോർത്തു. പയ്യന്നൂർ-പെരുമ്പ ലത്തീഫിയ ഹൈസ്‌ക്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയായ കോറോം സ്വദേശി കെ.എം. അഭിന്റെ ചികിത്സാ ചെലവിന് ധനസമാഹരണം നടത്താനാണ് പയ്യന്നൂർ ഒരുമിച്ചത്.

വിദ്യാർത്ഥികളും അദ്ധ്യാപകരും മാനേജുമെന്റും കൈകോർത്ത് രംഗത്തെത്തിയപ്പോൾ നഗരസഭാ ചെയർമാൻ ശശി വട്ടക്കൊവ്വലിന്റെ നേതൃത്വത്തിൽ രാഷ്ട്രീയ നേതാക്കളും വ്യാപാരി സംഘടനകളും സന്നദ്ധ പ്രവർത്തകരും ഒപ്പമെത്തി. ബക്കറ്റുമായി സുമനസ്സുകളെ സമീപിച്ചപ്പോൾ എല്ലാവരും സഹായ ഹസ്തം നീട്ടി. ഒടുവിൽ ഒറ്റ ദിവസം കൊണ്ട് ശേഖരിച്ച പണം എണ്ണി നോക്കിയപ്പോൾ 9 ലക്ഷം രൂപ.

പയ്യന്നൂർ നഗര പരിസരങ്ങളിലെ മസ്ജിദുകളിൽ ജുമാ നമസ്‌ക്കാരത്തിന് എത്തിയവരും തായിനേരി മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിൽ പെരുങ്കളിയാട്ടത്തിനെത്തിയവരും ഈ കാരുണ്യ പ്രവർത്തനത്തിന് കയ്യയച്ചു സഹായം നൽകി. സ്‌ക്കൂൾ മാനേജുമെന്റിന്റെ ഇടപെടിലൂടെ കഴിഞ്ഞ മൂന്ന് ദിവസം കൊണ്ട് വിദ്യാർത്ഥികളും അദ്ധ്യാപകരും ചേർന്ന് സ്വരൂപിച്ചത് 15 ലക്ഷം രൂപ. 15 വയസ്സുകാരനായ അഭിന്റെ മജ്ജ മാറ്റി വെക്കൽ ശസ്ത്രക്രിയക്കു മാത്രം 40 ലക്ഷത്തിലേറെ രൂപ ഉടൻ ശേഖരിക്കേണ്ടതുണ്ട്. അത് പൂർത്തിയാക്കാനുള്ള ഒരുക്കത്തിലാണ് വിദ്യാർത്ഥികൾക്കൊപ്പം അദ്ധ്യാപകരും മാനേജുമെന്റും.

2013 ലാണ് അഭിന് രക്താർബുദം ബാധിച്ചത്. അന്ന് താമസിക്കുന്ന വീടും പറമ്പും വിറ്റ് ചികിത്സ നൽകുകയും ചെയ്തിരുന്നു. രോഗം ഭേദമായി സ്‌ക്കൂളിലേക്കും പോയിരുന്നു. എന്നാൽ കഴിഞ്ഞ ജനുവരി 29 ന് അഭിൻ സ്‌ക്കൂളിൽ വെച്ച് തളർന്ന് വീഴുകയായിരുന്നു. അതോടെ തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ പരിശോധന നടത്തി. മജ്ജ മാറ്റി വെക്കൽ ശസ്ത്രക്രിയകൊണ്ട് മാത്രമേ രോഗം മാറൂ എന്ന് അവർ നിർദേശിച്ചു. ഒരിക്കൽ വിട്ടു പോയ രക്താർബുദം വീണ്ടും പ്രകടമായതോടെ കുടുംബം തളർന്നു പോയി.

40 ലക്ഷം രൂപ ഉടൻ ശേഖരിച്ചാൽ മാത്രമേ തുടർ ചികിത്സ നടത്താൻ പറ്റുകയുള്ളൂ. ഇളയ സഹോദരന്റെ മജ്ജ മാറ്റി വെക്കാൻ കഴിയുമോ എന്നും പരിശോധിക്കുന്നുണ്ട്. നോർത്ത് കോറോമിലെ ദാമോദരന്റേയും സുഷമയുടേയും മകനാണ് അഭിൻ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP