കണ്ണൂരിൽ വീണ്ടും ചോരക്കളി; എബിവിപി പ്രവർത്തകനെ വെട്ടിക്കൊന്നു; ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ശ്യാമപ്രസാദിനെ കാറിൽ എത്തിയ മുഖംമൂടി സംഘം ഓടിച്ചിട്ടു വെട്ടി; രക്ഷതേടി അടുത്തുള്ള വീട്ടിലേക്ക് ഓടിക്കയറിയെങ്കിലും സംഘം പിന്തുടർന്നെത്തി ആക്രമിച്ചു; മുഖംമൂടി സംഘം പിന്മാറിയത് തൊഴിലുറപ്പ് തൊഴിലാളികളെ കണ്ടതോടെ; ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല
January 19, 2018 | 06:36 PM IST | Permalink

മറുനാടൻ മലയാളി ബ്യൂറോ
കണ്ണൂർ: കേരളത്തിലെ അക്രമരാഷ്ട്രീയം ദേശീയതലത്തിൽ ചർച്ചയാകുന്നതിനിടെ കണ്ണൂരിൽ വീണ്ടും ചോരക്കളി. എബിവിപി പ്രവർത്തകനെ കൂത്തുപറമ്പിൽ വെട്ടിക്കൊന്നു. കാക്കയങ്ങാട് ഗവൺമെന്റ് ഐടിഐ വിദ്യാർത്ഥി ശ്യാമപ്രസാദാ(24)ണ് കൊല്ലപ്പെട്ടത്. കണ്ണവത്ത് ബൈക്കിൽ സഞ്ചരിക്കവെയാണ് ശ്യാമപ്രസാദിനെ കാറിൽ എത്തിയ മുഖംമൂടി സംഘം ആക്രമിച്ചത്.
വൈകീട്ട് 5.30തോടെയാണ് ആക്രമണമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ ശ്യാമപ്രസാദിനെ ആശുപത്രിയിൽ എത്തിച്ചിരുന്നെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കൂത്തുപറമ്പ സർക്കാർ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കയാണിപ്പോൾ. നിരവധി ബിജെപി പ്രവർത്തകർ ആശുപത്രിയിൽ എത്തിയിട്ടുണ്ട്. പ്രാഥമിക നടപടികൾക്കുശേഷം മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റും.
എബിവിപി കാക്കയങ്ങാട് ഐറ്റിഐ യൂണിറ്റ് കമ്മറ്റി മെമ്പറും കണ്ണൂർ എസ്എൻ കോളേജ് മുൻ യൂണിറ്റ് പ്രസിഡന്റുമാണ് ശ്യാമപ്രസാദ്. മൂന്നംഗ സംഘമാണ് ശ്യാമപ്രസാദിനെ വെട്ടിക്കൊലപ്പെടുത്തിയത്. മുഖംമൂടി ധരിച്ചെത്തിയവരായതിനാൽ ആരാണ് കൊലപാതകത്തിന് പിന്നിലെന്ന് വ്യക്തമായിട്ടില്ല. വിദ്യാർത്ഥി സംഘടനാ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന സൂചനയുണ്ട്.
ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ശ്യാമപ്രസാദിനെ കാറിലെത്തിയ സംഘം ഇടിച്ചിട്ട ശേഷം ഓടിച്ചിട്ട് വടിവാൾ കൊണ്ട് വെട്ടുകയായിരുന്നു. അക്രമികളിൽ നിന്നും രക്ഷപെടാനായി ബൈക്ക് ഉപേക്ഷിച്ച് ഓടിയെങ്കിലും പിന്നാലെയെത്തി ആക്രമിക്കുകയായിരുന്നു. ശ്യാമപ്രസാദ് അടുത്തുള്ള ഒരു വീട്ടിലേക്ക് ഓടിക്കയറുകയായുരുന്നു. പ്രദേശത്ത് ജോലി ചെയ്യുകയായിരുന്ന തൊഴിലുറപ്പ് തൊഴിലാളികളെ കണ്ടപ്പോൾ ആണ് ഒടുവിൽ അക്രമികൾ പിന്മാറിയത്. തൊഴിലാളികൾ എത്തിയപ്പോൾ വീടിന്റെ ഉമ്മറത്ത് വെട്ടേറ്റ് രക്തത്തിൽ കുളിച്ച നിലയിലായിരുന്നു യുവാവ്.
ഇയാളെ ഉടൻ തന്നെ കൂത്തുപറമ്പ് ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. അതേസമയം കൊലപാതകത്തിന് പിന്നിലാരാണെന്ന കാര്യത്തിൽ കൂടുതൽ വ്യക്തത കൈവരേണ്ടതുണ്ട്. അക്രമം ജില്ലയുടെ മറ്റിടങ്ങളിലേക്ക് പടരാതിരിക്കാൻ പൊലീസ് കനത്ത ജാഗ്രത പാലിക്കുന്നുണ്ട്. ഉന്നത ഉദ്യോഗസ്ഥർ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.
