Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

അപകടം ഉണ്ടായാൽ ഇനി പാവങ്ങൾ പൊലീസ് സ്‌റ്റേഷൻ കയറി ഇറങ്ങേണ്ട; നഷ്ടപരിഹാരം വാങ്ങിത്തരേണ്ട ഉത്തരവാദിത്തം പൊലീസിന്റേത്; ഒച്ചപ്പാടുകൾ ഇല്ലാതെ മഹാവിപ്ലവത്തിന് വഴിതുറന്ന് സെൻകുമാർ

അപകടം ഉണ്ടായാൽ ഇനി പാവങ്ങൾ പൊലീസ് സ്‌റ്റേഷൻ കയറി ഇറങ്ങേണ്ട; നഷ്ടപരിഹാരം വാങ്ങിത്തരേണ്ട ഉത്തരവാദിത്തം പൊലീസിന്റേത്; ഒച്ചപ്പാടുകൾ ഇല്ലാതെ മഹാവിപ്ലവത്തിന് വഴിതുറന്ന് സെൻകുമാർ

തിരുവനന്തപുരം: കേരളത്തിലെ വാഹനാപകട കേസുകളിൽ നഷ്ടപരിഹാരം നേടിയെടുക്കുക എന്ന പറഞ്ഞതാൽ അതൊരു ഭഗീരഥ പ്രയത്‌നം തന്നെയാണെന്ന് പറയേണ്ടി വരും. പൊലീസ് സ്‌റ്റേഷനുകൾ കയറി ഇറങ്ങുന്നതിന് പുറമേ കൈമടക്ക് കൊടുക്കേണ്ട അവസ്ഥയും കേരളത്തിൽ ഉണ്ടെന്ന് പറഞ്ഞാൽ അതിൽ യാതൊരു അതിശയോക്തിയുമില്ല. എന്തായാലും സാധാരണക്കാർക്ക് ഗുണകരമാകുന്ന വിധത്തിൽ ഒരു വിപ്ലവകരമായ പരിഷ്‌ക്കാരം കൊണ്ടു വന്നിരിക്കയാണ് ഡിജിപി ടി പി സെൻകുമാർ. വാഹനാപകടത്തിൽ മരിക്കുന്നവരുടെ ആശ്രിതർക്കും പരുക്കേൽക്കുന്നവർക്കും വേണ്ടി ഇനി മുതൽ നഷ്ടപരിഹാരത്തിനായി കേസ് ഫയൽ ചെയ്യുന്നത് പൊലീസ് സ്റ്റേഷനുകളിലെ സ്റ്റേഷൻ ഹൗസ് ഓഫിസർമാരെ (എസ്എച്ച്ഒ) ചുമതലപ്പെടുത്തുകയാണ് ഡിജിപി ചെയ്തിരിക്കുന്നത്. ഇതോടെ അപകടത്തിൽപെട്ടവർക്ക് നഷ്ടപരിഹാരം നേടികൊടുക്കേണ്ടുന്ന ചുമതല ഇനി മുതൽ പൊലീസ് ഉദ്യോഗസ്ഥരിൽ നിക്ഷിപ്തമാകും.

കേസ് ഫയൽ ചെയ്യുന്നവരുടെ ബുദ്ധിമുട്ടുകൾ കണക്കിലെടുത്താണ് ഈ വിപ്ലവകരമായ തീരുമാനത്തിന് ഡിജിപി തുടക്കമിട്ടത്. ഇതു സംബന്ധിച്ച് ഡിജിപി ടി.പി. സെൻകുമാർ പൊലീസ് ഹെഡ് ക്വാർട്ടേഴ്‌സ് എസ്‌പി ഷെയ്ക്ക് അൻവർദീൻ സാഹിബിന് നിർദ്ദേശം നൽകി. വാഹനാപകടമുണ്ടായാൽ മരിച്ചവരുടെ ആശ്രിതരും പരുക്കേറ്റവരും അഭിഭാഷകർ മുഖേനയാണ് മോട്ടോർ ആക്‌സിഡന്റ് ക്ലെയിംസ് ട്രിബ്യൂണലിൽ (എംഎസിടി) നഷ്ടപരിഹാരം ആവശ്യപ്പെട്ടു കേസ് ഫയൽ ചെയ്യുന്നത്. അപകടം സംബന്ധിച്ച പൊലീസ് മെഡിക്കൽ രേഖകൾ മുഴുവൻ ശേഖരിക്കേണ്ടതിന്റെ ഉത്തരവാദിത്തം അപകടത്തിൽ മരിച്ചവരുടെ ആശ്രിതർക്കും, പരുക്കേറ്റവർക്കുമായിരുന്നു. ഈ സ്ഥിതിയിലാണ് ഇനി മാറ്റമുണ്ടാകുക.

രേഖകൾ ആവശ്യപ്പെട്ടിട്ടും യഥാസമയം കിട്ടാത്തതിനാൽ കേസ് ഫയൽ ചെയ്യാത്ത സംഭവങ്ങളും അനേകമുണ്ട്. നഷ്ടപരിഹാരത്തിനായി കേസ് ഫയൽ ചെയ്യുന്നതിനായി കോർട്ട് ഫീ ഇനത്തിൽ വൻ തുകയും ചെലവഴിക്കേണ്ടതായുണ്ട്. കേസ് ഫയൽ ചെയ്യുന്നവർക്കുള്ള വിഷമതകൾ കണക്കിലെടുത്താണ് അതത് പൊലീസ് സ്റ്റേഷനുകളിലെ എസ്എച്ച്ഒമാർ തന്നെ നഷ്ടപരിഹാരത്തിനായി കേസ് ഫയൽ ചെയ്യാൻ ഡിജിപി നിർദ്ദേശിച്ചത്. സാധാരണക്കാരായവർക്ക് ഏറെ ഗുണം ചെയ്യുന്നതാണ് ഈ തീരുമാനം എന്ന കാര്യത്തിൽ യാതൊരു വ്യത്യാസവുമില്ല.

അപകടമുണ്ടായാൽ നഷ്ടപരിഹാരത്തിനായി എസ്എച്ച്ഒമാരാണു കേസ് ഫയൽ ചെയ്യേണ്ടതെന്നു മോട്ടോർ വാഹന നിയമത്തിൽ (158ാം വകുപ്പ് (ആറ്)) പ്രതിപാദിക്കുന്നുണ്ടെങ്കിലും കേരളത്തിൽ ഇതു നടപ്പാക്കിയില്ല. 1999ൽ കേരള ഹൈക്കോടതിയും 2009 ൽ സുപ്രീംകോടതിയും ഇതേക്കുറിച്ച് വ്യക്തമായ ഉത്തരവുകൾ പുറപ്പെടുവിച്ചെങ്കിലും കേരളം നടപ്പാക്കിയിരുന്നില്ല. സംസ്ഥാന പൊലീസ് മേധാവിക്കാണ് കോടതി വിധി നടപ്പാക്കേണ്ടതിന്റെ ഉത്തരവാദിത്തമെന്നും 2010 ഡിസംബറിനു മുൻപു കേരളത്തിലെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും ഇതു നിർബന്ധമായി നടപ്പാക്കണമെന്നും സുപ്രീംകോടതി നിർദ്ദേശിച്ചിരുന്നു.

എഫ്‌ഐആർ രജിസ്റ്റർ ചെയ്തു 30 ദിവസത്തിനകം അധികാരപരിധിയിൽപ്പെട്ട മോട്ടോർ ആക്‌സിഡന്റ് ക്ലെയിംസ് ട്രിബ്യൂണലിൽ പൊലീസ് സ്റ്റേഷനിലെ എസ്എച്ച്ഒമാർ അപകടം സംബന്ധിച്ച രേഖകൾ സമർപ്പിക്കണമെന്നും, അപകടത്തിൽ പരുക്കേറ്റവരുടെ പ്രായം, വരുമാനം, മരണപ്പെട്ടവരുടെ ആശ്രിതരുടെ പേര്, അവരുടെ പ്രായം, എഫ്‌ഐആറിന്റെ അറ്റസ്റ്റു ചെയ്ത കോപ്പി, അപകട സ്ഥലത്തിന്റെ സ്‌കെച്ച്, മഹസർ റിപ്പോർട്ട്, അപകട സ്ഥലത്തിന്റെ ചിത്രം, ഡ്രൈവറുടെ ലൈസൻസ്, ഇൻഷുറൻസ് സംബന്ധമായ രേഖകൾ, മുറിവേറ്റ കേസുകളിൽ അതു സംബന്ധിച്ച സർട്ടിഫിക്കറ്റ്, മരണപ്പെട്ട കേസുകളിൽ പോസ്റ്റ്‌മോർട്ടം സർട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കണമെന്നാണ് കോടതി ഉത്തരവ്.

ഇതോടൊപ്പം ആക്‌സിഡന്റ് ഇൻഫർമേഷൻ റിപ്പോർട്ട് ബന്ധപ്പെട്ട ഇൻഷുറൻസ് കമ്പനിക്കു നൽകണം. എംഎസിടിയിൽ കേസിന്റെ ആദ്യ അവധിയുടെ തീയതി, അപകടത്തിൽ പരുക്കേറ്റവർ, ഡ്രൈവർ, വാഹന ഉടമ, ഇൻഷുറൻസ് കമ്പനി എന്നിവരെ അറിയിക്കേണ്ട ചുമതലയും എസ്എച്ച്ഒയ്ക്കു തന്നെയാണെന്നും ഉത്തരവിൽ ചൂണ്ടിക്കാട്ടിയിരുന്നു. വാഹനാപകടം സംബന്ധിച്ച് തർക്കങ്ങൾ ഇല്ലെങ്കിൽ ട്രിബ്യൂണലിന്റെ വിധിക്കു കാത്തു നിൽക്കാതെ ഇൻഷുറൻസ് കമ്പനി ചികിത്സാ ചെലവു നൽകണമെന്നും കോടതിയുടെ ഉത്തരവിൽ പറയുന്നു.

ഉദ്യോഗസ്ഥർ ജനങ്ങളോട് മാന്യമായി പെരുമാറുണമെന്നും മറ്റും അടക്കം ജനസൗഹൃദമായ നിരവധി തീരുമാനങ്ങൾ കൈക്കൊണ്ട് ഡിജിപി ടി പി സെൻകുമാറിന്റെ ഭാഗത്തു നിന്നുമുണ്ടായ ഏറ്റവും ശ്രദ്ധേയമായ തീരുമാനം കൂടിയാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP