Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സിങ്കം സ്‌റ്റൈലിന് മുഖ്യമന്ത്രിയുടെ പൂട്ട്; ആഭ്യന്തര മന്ത്രിയെ സല്യൂട്ട് ചെയ്യാത്ത ഋഷിരാജ് സിങ്ങിനെതിരെ നടപടിയെടുക്കുമെന്ന് ഉമ്മൻ ചാണ്ടി; സസ്‌പെൻഡു ചെയ്യണമെന്ന് എംഎൽഎമാർ; മൗനം പാലിച്ച് ചെന്നിത്തല

സിങ്കം സ്‌റ്റൈലിന് മുഖ്യമന്ത്രിയുടെ പൂട്ട്; ആഭ്യന്തര മന്ത്രിയെ സല്യൂട്ട് ചെയ്യാത്ത ഋഷിരാജ് സിങ്ങിനെതിരെ നടപടിയെടുക്കുമെന്ന് ഉമ്മൻ ചാണ്ടി; സസ്‌പെൻഡു ചെയ്യണമെന്ന് എംഎൽഎമാർ; മൗനം പാലിച്ച് ചെന്നിത്തല

തിരുവനന്തപുരം: പൊതുവേദിയിൽ വച്ച് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ സല്യൂട്ട് ചെയ്യാതെ പരസ്യമായി അപമാനിച്ച എഡിജിപി ഋഷിരാജ് സിങ്ങിനെതിരെ നടപടിക്കു സാധ്യത. യുഡിഎഫ് പാർലമെന്ററി പാർട്ടി യോഗത്തിലാണ് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഇക്കാര്യം അറിയിച്ചത്. സസ്‌പെൻഷൻ വേണമെന്നാണ് യോഗത്തിൽ എംഎൽഎമാർ ആവശ്യപ്പെട്ടത്. എന്നാൽ, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഇക്കാര്യത്തിൽ മൗനം പാലിക്കുകയായിരുന്നു.

ഋഷിരാജ് സിങിന്റെ പ്രവൃത്തി ബോധപൂർവ്വമാണെങ്കിൽ തെറ്റാണെന്ന് ഡിജിപി ടിപി സെൻകുമാർ ഇന്നലെ വ്യക്തമാക്കിയിരുന്നു. സംഭവത്തിൽ വിശദീകരണം തേടി കത്തയക്കുകയും ചെയ്തു. ഇതിന് പിന്നാലെ ഡിജിപിയോട് ആഭ്യന്തര സെക്രട്ടറി വിശദീകരണം തേടിയിട്ടുണ്ട്. മന്ത്രിയെ അപമാനിച്ചത് ന്യായീകരിക്കാനാവില്ലെന്നും ആഭ്യന്തര സെക്രട്ടറി വ്യക്തമാക്കിയിട്ടുണ്ട്.

തൃശൂരിൽ ഒരു പാസിങ് ഔട്ട് പരേഡിനിടെയാണ് സംഭവം. ആഭ്യന്തരമന്ത്രി സ്‌റ്റേജിൽ എത്തിയപ്പോൾ മറ്റ് ഉന്നതഉദ്യോഗസ്ഥർ ബഹുമാനത്തോടെ എണീറ്റ് നിന്ന് സല്യൂട്ട് ചെയ്തിട്ടും മന്ത്രിയെ കണ്ട് ഇരിപിടത്തിൽ നിന്നും എണീറ്റ് ബഹുമാനിക്കാൻ തയ്യാറാകാത്ത സിങ്കത്തെ സോഷ്യൽ മീഡിയ ആഘോഷമാക്കിയിരുന്നു. തന്നെ ബറ്റാലിയൻ എഡിജിപിയായി നിയമിച്ച മന്ത്രിക്ക് സിങ്കം കൊടുത്ത ഒരു ചെറിയ പണിയാണ് ഇതെന്നാണ് സിങ്കം ഫാൻസ് പറയുന്നത്.

തൃശൂരിലെ വനിത പൊലീസ് പാസിങ് ഔട്ട് പരേഡിനിടെയാണ് സംഭവം. പാസിങ് ഔട്ട് പരേഡിനെത്തിയതായിരുന്നു. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. രാമവർമപുരം പൊലീസ് അക്കാഡമിയിലെ ചടങ്ങിനെത്തിയ ഋഷിരാജ് സിങ് മന്ത്രിയെത്തുന്നതിനു മുമ്പു സോഫയിൽ വന്നിരുന്നു. മന്ത്രി ചടങ്ങിനെത്തുന്നുവെന്നു മൈക്കിൽ അനൗൺസ്‌മെന്റ് ചെയ്തതോടെ ചടങ്ങിലുണ്ടായിരുന്ന എഡിജിപി രാജേഷ് ദിവാനും ഐജിയും ഉന്നത പൊലീസ് ഉദ്യോഗസ്ഥരും അതിഥികളുമൊക്കെ എഴുന്നേറ്റു നിന്നെങ്കിലും ഋഷിരാജ് സിങ് അനങ്ങിയില്ല. മറ്റുള്ളവർ സല്യൂട്ട് ചെയ്താണു മന്ത്രിയെ സ്വീകരിച്ചത്.

മന്ത്രിയെ തിരിഞ്ഞു പോലും നോക്കാൻ ഋഷിരാജ് തയ്യാറായില്ല. പാളി നോക്കിയതിനു ശേഷം മന്ത്രി സല്യൂട്ട് സ്വീകരിക്കാനായി പോയപ്പോഴും തലയുയർത്തിപിടിച്ച് ഋഷിരാജ് സോഫയിൽ തന്നെ ഇരിക്കുകയായിരുന്നു. ചടങ്ങു കഴിഞ്ഞു മന്ത്രിയടക്കം എല്ലാവരും മടങ്ങുമ്പോഴാണു ഋഷിരാജ്‌സിംഗും എഴുന്നേറ്റത്. പിന്നീട് അടുത്തുനിന്ന മന്ത്രി കൈകാണിച്ചിട്ടും കാര്യമായി പ്രതികരിക്കാതെ എഡിജിപി നിന്നു. തുടർന്ന് പെട്ടെന്ന് തന്നെ മാദ്ധ്യമങ്ങൾക്ക് മുന്നിൽനിൽക്കാതെ മന്ത്രി യാത്രയാവുകയായിരുന്നു.

വൈദ്യുതി ബോർഡ് വിജിലൻസ് ഓഫീസറായിരുന്ന ഋഷിരാജ് സിംഗിനെ ദിവസങ്ങൾക്ക് മുമ്പാണ് ബറ്റാലിയൻ എഡിജിപിയായി നിയമിച്ചത്. ഇത് ഏറെ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. വൈദ്യുതി മോഷ്ടാക്കളെ പിടികൂടാൻ മുഖം നോക്കാതെ നടപടിയുമായി മുന്നോട്ടു പോകവേയാണ് അദ്ദേഹത്തെ ഉന്നത ഇടപെടലോടെ ട്രാൻസ്ഫർ ചെയ്തത് എന്നായിരുന്നു ആരോപണം. ഇത് കാരണമാണത്ര മന്ത്രിയെ കണ്ടിട്ടും ഋഷിരാജ് സിങ് എണീക്കാത്തതെന്നും ആക്ഷേപം ഉയർന്നിരുന്നു.

അതേസമയം തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾ അടിസ്ഥാനമില്ലാത്തതാണെന്നാണ് ഋഷിരാജ് സിങ് പ്രതികരിച്ചത്. ദേശീയഗാനം ആലപിക്കുമ്പോഴല്ലാതെ വിഐപികൾ വരുമ്പോൾ വേദിയിലുള്ളവർ എഴുന്നേൽക്കണമെന്ന് പ്രോട്ടോക്കോളിൽ ഒരിടത്തും പറയുന്നില്ലെന്നാണ് ഋഷിരാജ് സിങിന്റെ വിശദീകരണം. ഇതിൽ വിവാദം അനാവശ്യമാണെന്നും തന്റെ ആഗ്രഹപ്രകാരമാണ് പൊലീസ് വകുപ്പിലേക്ക് ചുമതല മാറ്റിയതെന്നും ഫേസ്‌ബുക്കിലൂടെ വ്യക്തമാക്കിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP