Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

എല്ലാം വഴിയും അടഞ്ഞപ്പോൾ സമസ്താപരാധം പറഞ്ഞ് തലയൂരാൻ തീവ്രശ്രമം; മകളെ രക്ഷിക്കാൻ പുതിയ തന്ത്രവുമായി എഡിജിപി സുദേഷ്‌കുമാർ; തല്ലി ആശുപത്രിയിലാക്കിയ പൊലീസുകാരനോട് മാപ്പുപറയാൻ മകൾ തയ്യാർ; അനുകൂല മറുപടി പറയാതെ ഗവാസ്‌കർ

എല്ലാം വഴിയും അടഞ്ഞപ്പോൾ സമസ്താപരാധം പറഞ്ഞ് തലയൂരാൻ തീവ്രശ്രമം; മകളെ രക്ഷിക്കാൻ പുതിയ തന്ത്രവുമായി എഡിജിപി സുദേഷ്‌കുമാർ; തല്ലി ആശുപത്രിയിലാക്കിയ പൊലീസുകാരനോട് മാപ്പുപറയാൻ മകൾ തയ്യാർ; അനുകൂല മറുപടി പറയാതെ ഗവാസ്‌കർ

ആവണി ഗോപാൽ

തിരുവനന്തപുരം: ദാസ്യപ്പണി വിവാദം കൈവിട്ടുപോയതോടെ, അനുരഞ്ജന ശ്രമങ്ങളുമായി എഡിജിപി സുദേഷ് കുമാർ. പൊലീസ് കോൺസ്റ്റബിളിനെ മർദ്ദിച്ചുവെന്ന മകൾക്കെതിരായ കേസ് ഏത് വിധേനയും ഒഴിവാക്കാനാണ് പുതിയ തന്ത്രം പയററുന്നത്. മർദ്ദനമേറ്റ പൊലീസുകാരൻ ഗവാസ്‌കറോട് മകൾ മാപ്പ് പറയാമെന്നാണ് എഡിജിപിയുടെ പുതിയ നിലപാട്. ഇക്കാര്യം എഡിജിപിയുടെ അഭിഭാഷകൻ ഗവാസ്‌കറുടെ അഭിഭാഷകനെ അറിയിച്ചു. എന്നാൽ ഗവാസ്‌കർ അനുകൂലമായ മറുപടി ഇതിന് നൽകിയിട്ടില്ല.

അറസ്റ്റ് തടയണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചെങ്കിലും അനുകൂല വിധിയുണ്ടാകാത്ത പശ്ചാത്തലത്തിലാണ് മകളെ രക്ഷിക്കാൻ പുതിയ തന്ത്രവുമായി സുദേഷ്‌കുമാർ രംഗത്തിറങ്ങിയിരിക്കുന്നത്. മകൾക്കെതിരായ കേസിൽ കുരുക്ക് മുറുകിയെന്നും വൈകും തോറും അറസ്റ്റിനുള്ള സാധ്യത കൂടുതലാണെന്നും എഡിജിപിക്ക് ബോധ്യമായിട്ടുണ്ട്. ഈ പശ്ചാത്തലത്തിൽ ഏത് വിധേനയും ഗവാസ്‌ക്കറെക്കൊണ്ട് പരാതി പിൻവലിപ്പിക്കുക എന്ന മാർഗം മാത്രമേ എഡിജിപിക്ക് മുന്നിൽ അവശേഷിക്കുന്നുള്ളൂ.

ഗവാസ്‌കർ അനുകൂലമായി പ്രതികരിക്കാത്ത സാഹചര്യത്തിൽ മറ്റ് സമ്മർദ്ദങ്ങൾക്കും എഡിജിപി നീക്കം തുടങ്ങിയിട്ടുണ്ട്. എന്നാൽ കേസുമായി മുന്നോട്ടുപോകാൻ തന്നെയാണ് ഗവാസ്‌ക്കറും കുടുംബവും നിലവിൽ തീരുമാനിച്ചിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് എല്ലാ പിന്തുണയും നൽകാമെന്ന് നേരത്തെ മുഖ്യമന്ത്രിയും ഗവാസ്‌ക്കർക്ക് വാക്കു നൽകിയിരുന്നു.നേരത്തെ വിവാദത്തെ തുടർന്ന് ബറ്റാലിയൻ മേധാവി സ്ഥാനത്ത് നിന്ന് സുദേഷ് കുമാറിനെ മാറ്റിയിരുന്നു.

എഡിജിപിയും അദ്ദേഹത്തിന്റെ കുടുംബവും ക്യാംപ് ഫോളോവേഴ്‌സിനോട് അങ്ങേയറ്റം മോശമായാണ് പെരുമാറുന്നതെന്ന് നേരത്തെ തന്നെ ആരോപണം ഉണ്ടായിരുന്നു. ഇതിനിടയിലാണ് എഡിജിപിയുടെ മകൾ പൊലീസ് ഡ്രൈവറെ പൊതുനിരത്തിൽ വച്ചു കൈകാര്യം ചെയ്തത്.
ആക്രമണത്തിൽ കഴുത്തിലെ കശേരുകൾക്ക് പരിക്കേറ്റ പൊലീസ് ഡ്രൈവർ ഗവാസ്‌കർ എഡിജിപിയുടെ മകൾക്കെതിരെ പൊലീസിൽ പരാതി കൊടുക്കുകയും അതിൽ ഉറച്ചു നിൽക്കുകയും ചെയ്തതോടെയാണ് എഡിജിപിയും കുടുംബവും കുരുക്കിലായത്.

ഗവാസ്‌കറുടെ പരാതിയിൽ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് മ്യൂസിയം പൊലീസ് കേസെടുത്തിരിക്കുന്നത്. ഇതിനെ പ്രതിരോധിക്കാനായി എഡിജിപിയുടെ മകൾ സ്‌നിഗ്ദ്ധാ കുമാർ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടുകയും ഗവാസ്‌കർക്കെതിരെ പരാതി കൊടുക്കുകയും ചെയ്‌തെങ്കിലും പ്രശ്‌നത്തിൽ മുഖ്യമന്ത്രി ഇടപെട്ടതോടെ ഇത് പാളി.

പൊലീസ് ഡ്രൈവറെ മർദ്ദിക്കുകയും കള്ളക്കേസിൽ കുടുക്കാൻ ശ്രമിക്കുകയും ചെയ്ത സംഭവത്തിൽ പൊലീസ് സേനയ്ക്കുള്ളിലും പൊതുസമൂഹത്തിലും ഒരേപോലെ പ്രതിഷേധം ഉയർന്നതോടെ ഉന്നത ഉദ്യോഗസ്ഥർക്ക് പൊലീസുകാർ ദാസ്യപ്പണി ചെയ്യുന്ന അവസ്ഥ അവസാനിപ്പിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് നേരിട്ട് ഇടപെട്ടിരുന്നു. ഗവാസ്‌കറെ മാതൃകയാക്കി എഡിജിപിയുടെ ചൂഷണം ചോദ്യം ചെയ്യാൻ കൂടുതൽ പേർ മുന്നോട്ട് വന്നതും എഡിജിപിക്ക് തിരിച്ചടിയായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP