മായം കലർത്തി വെളിച്ചെണ്ണ വിറ്റ പത്ത് കമ്പനികളുടെ ലൈസൻസ് നാളെ റദ്ദാക്കും; ബ്രാൻഡുകൾ മാറ്റി വീണ്ടും വെളിച്ചെണ്ണ വിപണിയിൽ എത്തിച്ചതോടെ കർശന നടപടിയുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്; മായം കലർത്തിയ എണ്ണ കൂടുതൽ വിറ്റഴിക്കുന്നത് ഗ്രാമീണ മേഖലയിൽ
July 12, 2018 | 08:23 PM IST | Permalink

ആർ പീയൂഷ്
തിരുവനന്തപുരം: വെളിച്ചെണ്ണയിൽ മായം കലർത്തി വിൽപ്പന നടത്തുന്ന 10 കമ്പനികളുടെ ലൈസൻസ് ഭക്ഷ്യ സുരക്ഷാ വകുപ്പ് നാളെ റദ്ദു ചെയ്യും. നിരന്തരമായി പല ബ്രാൻഡുകളിൽ ഇത്തരം വെളിച്ചെണ്ണകൾ വിപണിയിൽ ഇറക്കിയതിനെ തുടർന്നാണ് നടപടി. ഒരേ കമ്പനി പല പേരുകളിലാണ് വെളിച്ചെണ്ണകൾ വിപണിയിലെത്തിക്കുന്നത്. മായം കലർത്തിയതായി ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ശ്രദ്ധയിൽപെട്ടാൽ ആ ബ്രാൻഡ് നിരോധിക്കുകയാണ് പതിവ്. ബ്രാൻഡ് നിരോധിച്ചാലും കമ്പനി പുതിയ പേരിൽ വെളിച്ചെണ്ണ വീണ്ടും പുറത്തിറക്കും. ഇത് തടയാനായാണ് ഒന്നിലധികം പ്രവശ്യം മായം കലർന്ന വെളിച്ചെണ്ണ പിടികൂടിയ കമ്പനികളുടെ ലൈസൻസ് റദ്ദു ചെയ്യാൻ വകുപ്പ് തീരുമാനിച്ചത്. ഇവയുടെ പേരുവിരങ്ങൾ നാളെ ലഭ്യമാകുന്നതനുസരിച്ച് മറുനാടൻ പുറത്ത് വിടുന്നതാണ്.
കിലോയ്ക്ക് 120 മുതൽ 140 രൂപയ്ക്കാണ് ഈ വെളിച്ചെണ്ണ കടകളിൽ എത്തിച്ചുകൊടുക്കുന്നത്. പരമാവധി ചില്ലറവില 200 രൂപയാണെങ്കിലും 180 രൂപയ്ക്ക് വിപണിയിൽ ലഭിക്കും. ഗ്രാമീണ മേഖലകളിലാണ് ഇവ ഏറിയകൂറും വിറ്റഴിക്കുന്നതെന്ന് ഭക്ഷ്യസുരക്ഷാവകുപ്പ് കണ്ടെത്തിയിട്ടുണ്ട്. പാം കെർണൽ ഓയിലാണു വ്യാപകമായി ചേർത്തിട്ടുള്ളതെന്നാണു പരിശോധനാഫലം. വെളിച്ചെണ്ണയിൽ അയഡിൻ 7.5നും 10 നും ഇടയിലാണ് അനുവദനീയമായ അളവ്. എന്നാൽ, പരിശോധനയിൽ ഇത് 53 വരെ കണ്ടെത്തി.
ഫ്രീ ഫാറ്റി ആസിഡിന്റെ അളവ് 1.5നും 3 മൂന്നിനും ഇടയിലാണ് വേണ്ടത്. ഇതിലും വലിയ വ്യതിയാനം കണ്ടെത്തി. തമിഴ്‌നാട്ടിൽ പായ്ക്ക് ചെയ്ത് ലോറിയിൽ കേരളത്തിൽ എത്തിച്ചാണ് ഇവ വിതരണം ചെയ്യുന്നതെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. തമിഴ്‌നാട്ടിൽ എത്തി ഈ സ്ഥാപനങ്ങൾക്കുമേൽ നടപടിയെടുക്കാൻ കഴിയില്ല. അതുകൊണ്ട് കേരളത്തിൽ വരുന്നത് തടയാൻ മറ്റു മാർഗങ്ങൾ തേടേണ്ടിവരും. ഗുണനിലവാരം കുറഞ്ഞ പാം കെർണൽ എണ്ണയാണ് മുഖ്യമായും കലർത്തുന്നത്. പാമോയിലിന്റെ അനുബന്ധ ഉൽപന്നമെന്നു വിശേഷിപ്പിക്കാവുന്ന ഇതിന് കിലോയ്ക്ക് 60 രൂപയേയുള്ളു.
നിറവും മണവുമില്ലാത്ത പാംകെർണൽ എണ്ണ വെളിച്ചെണ്ണയിൽ കലർത്തിയാൽ തിരിച്ചറിയാനുമാവില്ല. പാം കെർണൽ എണ്ണ ഭക്ഷ്യ എണ്ണയായി കണക്കാക്കുന്നുണ്ടെങ്കിലും വെളിച്ചെണ്ണയിൽ കലർത്തുന്നത് ഗുരുതര ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുന്നതാണ്. വ്യാപകമായി മായം കണ്ടെത്തിയതിനെ തുടർന്ന് ഏതാനം ദിവസങ്ങൾക്ക് മുൻപ് 54 ബ്രാൻഡ് വെളിച്ചെണ്ണ നിരോധിച്ചിരുന്നു.