Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സോളാർ കേസിൽ ഉമ്മൻ ചാണ്ടിക്കെതിരായ വിധി വന്നതിനു പിന്നാലെ വിശ്വസ്തൻ ടി സിദ്ദിഖും മറ്റൊരു കുരുക്കിൽ; റിട്ടയേർഡ് മജിസ്‌ട്രേറ്റിന്റെ സ്വത്തു തർക്കം തീർക്കാൻ ഇടപെട്ട കോൺഗ്രസ് നേതാക്കൾ തട്ടിയെടുത്തതു മൂന്നു കോടിയും ഒരേക്കറും; കിട്ടിയ പരാതി നേതൃത്വം പൂഴ്‌ത്തിയെന്നും ആരോപണം

സോളാർ കേസിൽ ഉമ്മൻ ചാണ്ടിക്കെതിരായ വിധി വന്നതിനു പിന്നാലെ വിശ്വസ്തൻ ടി സിദ്ദിഖും മറ്റൊരു കുരുക്കിൽ; റിട്ടയേർഡ് മജിസ്‌ട്രേറ്റിന്റെ സ്വത്തു തർക്കം തീർക്കാൻ ഇടപെട്ട കോൺഗ്രസ് നേതാക്കൾ തട്ടിയെടുത്തതു മൂന്നു കോടിയും ഒരേക്കറും; കിട്ടിയ പരാതി നേതൃത്വം പൂഴ്‌ത്തിയെന്നും ആരോപണം

കോഴിക്കോട്: സോളാർ കേസിൽ ഉമ്മൻ ചാണ്ടിക്കെതിരായ വിധിയോടെ പ്രതിരോധത്തിലായ കോൺഗ്രസിനെ വീണ്ടും പിടിച്ചുലച്ചു മറ്റൊരു വിവാദംകൂടി. റിട്ടയേഡ് മജിസ്‌ട്രേറ്റിന്റെ സ്വത്തുതർക്കം തീർക്കാൻ ഇടപെട്ട കോൺഗ്രസ് നേതാക്കൾ വൻതുകയും ഭൂമിയും തട്ടിയെടുത്തുവെന്നാണു പരാതി.

ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തനായ കെപിസിസി മുൻ ജനറൽ സെക്രട്ടറി ടി സിദ്ദിഖ് അടക്കമുള്ളവർക്കെതിരെയാണ് ആരോപണം ഉയർന്നിട്ടുള്ളത്. എന്നാൽ, ഇതുസംബന്ധിച്ചു ലഭിച്ച പരാതി കോൺഗ്രസ് നേതൃത്വം പൂഴ്‌ത്തിയെന്നാണു വിവരം. സ്വത്ത് തർക്കം തീർക്കാൻ മൂന്ന് കോടി രൂപയും കൈക്കലാക്കിയെന്നും ആരോപണമുണ്ട്.

താമരശേരി ചുങ്കം ചെക്ക്‌പോസ്റ്റിനടുത്ത് പരേതനായ കാവിൽ അബ്രഹാംലിങ്കന്റെ ഉടമസ്ഥതയിലുള്ള 22 ഏക്കർ ഭൂമിയിൽ ഒരേക്കർ കെപിസിസി മുൻ ജനറൽ സെക്രട്ടറി ടി സിദ്ദിഖ്, കെപിസിസി അംഗം എൻ കെ അബ്ദുറഹ്മാൻ, കോഴിക്കോട് ഡിസിസി സെക്രട്ടറി ഹബീബ്തമ്പി എന്നിവർ കൈക്കലാക്കിയതായാണ് പരാതി. താമരശേരിയിലെയും കട്ടിപ്പാറയിലെയും കോൺഗ്രസ് മണ്ഡലം, വാർഡ് ഭാരവാഹികളാണ് നേതൃത്വത്തിന് പരാതി നൽകിയത്. ഒരുമാസം മുമ്പാണു പരാതി നൽകിയത്.

മക്കളില്ലാതെ മരിച്ചതിനെ തുടർന്ന് സ്വത്തിനെച്ചൊല്ലി തർക്കമുയർന്നതിനാൽ മധ്യസ്ഥത്തിനായി ഇടപെട്ടതായിരുന്നു ഇവർ. ഇതിന്റെ ഭാഗമായി കഴിഞ്ഞവർഷം സെപ്റ്റംബർ 22-ന് താമരശേരി സബ് രജിസ്ട്രാർ ഓഫീസിൽ മൂന്നുനേതാക്കളുടെ പേരിലുമായി ഒരേക്കർ ഭൂമി രജിസ്റ്റർ ചെയ്തു നൽകി. തട്ടിപ്പ് സംബന്ധിച്ച് താമരശേരിയിലെ ചില കോൺഗ്രസ് നേതാക്കൾ കെപിസിസി പ്രസിഡന്റിനും ഡിസിസി പ്രസിഡന്റിനും മറ്റ് പ്രമുഖ നേതാക്കൾക്കും പരാതി നൽകി. അന്വേഷണം ആവശ്യപ്പെട്ടാണ് പരാതി നൽകിയിട്ടുള്ളത്. തുടർന്ന് പ്രവർത്തകരിൽ ചിലർ വിജിലൻസിനെ സമീപിച്ചതായും വിവരമുണ്ട്.

കോഴിക്കോട് ഡിസിസി മുൻ സെക്രട്ടറിയും താമരശേരി മുൻ പഞ്ചായത്ത് പ്രസിഡന്റുമായ ശോശാമ്മ എബ്രഹാമിന്റെ മകനാണ് അബ്രഹാം ലിങ്കൻ. കാൻസർ ബാധിച്ചു മരിച്ച മജിസ്‌ട്രേറ്റ് അബ്രഹാം ലിങ്കന് മക്കളില്ലായിരുന്നു. ഭാര്യ മരിച്ച ഇദ്ദേഹത്തെ ഭാര്യാസഹോദരി ജീൻ അർജുൻകുമാറാണ് അവസാനവേളയിൽ പരിചരിച്ചിരുന്നത്. തന്റെ പേരിലുള്ള 22.44 ഏക്കർ ഭൂമി ഉപയോഗിച്ച് മരണശേഷം കാൻസർരോഗികളെ സഹായിക്കാനായി ട്രസ്റ്റ് രൂപീകരിക്കണമെന്ന് ജീനിന്റെ പേരിൽ ഒസ്യത്ത് എഴുതിവച്ചിരുന്നത്രെ. എന്നാൽ അബ്രഹാം ലിങ്കന്റെ മരണശേഷം സഹോദരൻ ഫിലോമെൻ അബ്രഹാം ഈ ഭൂമിയിൽ കൃഷി ആരംഭിച്ചതായാണ് പരാതി. ഇതിനെ ജീൻ അർജുൻകുമാർ എതിർത്തു. ഈ സമയത്താണ് പ്രശ്‌നം തീർക്കാമെന്ന് പറഞ്ഞ് കോൺഗ്രസ് നേതാക്കൾ ഇടപെടുന്നത്.

ഉമ്മൻ ചാണ്ടി ഭരണത്തിന്റെ സ്വാധീനവും സമ്മർദവും ഭീഷണിയുമെല്ലാമായി നേതാക്കൾ ഒത്തുതീർപ്പുണ്ടാക്കിച്ചു. താമരശേരി ഡിവൈഎസ്‌പി, സിഐ എന്നീ പൊലീസുദ്യോഗസ്ഥരെ ഉപയോഗിച്ചായിരുന്നു ഭീഷണിയും പ്രലോഭനവുമെല്ലാം. പ്രശ്‌നപരിഹാരത്തിന് ഇവർ വൻതുക ആവശ്യപ്പെട്ടു. ഒന്നരക്കോടി രൂപയാണ് ആവശ്യപ്പെട്ടത്. ഒടുവിൽ മൂവരും 1.30 കോടി രൂപ വീതം കൈപ്പറ്റിയതായി പരാതിയിൽ പറയുന്നു. നേതാക്കൾക്ക് പണം നൽകാനായി കോൺഗ്രസ് നിയന്ത്രണത്തിലുള്ള സഹകരണബാങ്കിൽ നിന്ന് മൂന്നുകോടി രൂപ വായ്പ അനുവദിച്ചതായും പറയുന്നു. ഈ തുകയാണ് മൂവരും വീതിച്ചെടുത്തത്. ബാക്കി 90 ലക്ഷം രൂപക്കായി സ്വത്തിൽ നിന്ന് ഒരേക്കർ അഞ്ച്‌സെന്റ് രജിസ്റ്റർ ചെയ്ത് മൂന്നുപേരും സ്വന്തമാക്കി.

ഫോട്ടോയുൾപ്പെടെ താമരശേരി സബ് രജിസ്ട്രാർ ഓഫീസിൽ രജിസ്റ്റർചെയ്ത ആധാരത്തിൽ പൊതുപ്രവർത്തകരെന്നാണ് ടി സിദ്ദിഖ്, എൻ കെ അബ്ദുറഹ്മാൻ എന്നിവരെ വിശേഷിപ്പിച്ചിട്ടുള്ളത്. പി സി ഹബീബ്തമ്പി കൃഷിക്കാരനും. ഇതിനായി ഫെയർവില പ്രകാരം 4,58,300 രൂപ ഭൂമിവിലയും കാണിച്ചിട്ടുണ്ട്. തർക്കത്തിൽ കക്ഷിയായിരുന്ന എടക്കാട് സായിറാം വീട്ടിൽ ജീൻഅർജുൻകുമാറാണ് ആധാരത്തിൽ ഒന്നാം സാക്ഷിയായി ഒപ്പിട്ടരിക്കുന്നത്. അതേസമയം വിഷയത്തിൽ ഇടപെട്ടതിന് കോൺഗ്രസിന് ഓഫീസ് പണിയാൻ നൽകിയ ഭൂമിയടക്കം നേതാക്കൾ സ്വന്തമാക്കിയതായും പ്രവർത്തകർ പരാതിയിൽ പറയുന്നു. വിഷയം കോൺഗ്രസ് നേതൃത്വം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കെപിസിസി പ്രസിഡന്റ് വി എം സുധീരൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി എന്നിവരെ പരാതി നൽകിയവർ അടുത്തദിവസം നേരിൽ കാണുമെന്നാണു വിവരം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP