Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സ്വയം സഹായ സംഘങ്ങളെ സഹായിക്കാൻ അഞ്ച് ശതമാനം പലിശക്ക് നൽകിയ കേന്ദ്രഫണ്ട് ഒരുമിച്ച് വാങ്ങി 12 ശതമാനത്തിന് ശാഖകൾക്ക് നൽകി; ക്രമക്കേട് അറിഞ്ഞിട്ടും വീണ്ടും അഞ്ച് കോടി: എസ്എൻഡിപി യോഗത്തിനെതിരെ ഗുരുതര ക്രമക്കേട് ആരോപണം

സ്വയം സഹായ സംഘങ്ങളെ സഹായിക്കാൻ അഞ്ച് ശതമാനം പലിശക്ക് നൽകിയ കേന്ദ്രഫണ്ട് ഒരുമിച്ച് വാങ്ങി 12 ശതമാനത്തിന് ശാഖകൾക്ക് നൽകി; ക്രമക്കേട് അറിഞ്ഞിട്ടും വീണ്ടും അഞ്ച് കോടി: എസ്എൻഡിപി യോഗത്തിനെതിരെ ഗുരുതര ക്രമക്കേട് ആരോപണം

തിരുവനന്തപുരം: വോട്ടുബാങ്കായി നിലനിൽക്കുമ്പോൽ സമുദായ നേതാക്കളെ സുഖിപ്പിക്കാൻ രാഷ്ട്രീയക്കാർ രംഗത്തെത്തുക തന്നെ ചെയ്യും. എൻഎസ്എസ് ആയാലും എസ്എൻഡിപി യോഗം ആയാലും ഇങ്ങനെ സമ്മർദ്ദ തന്ത്രം പയറ്റി അധികൃതമായി പലതും നേടിയെന്ന ആരോപണം നേരത്തെ ഉയർന്നിരുന്നു. ഇങ്ങനെ സമ്മർദ്ദ തന്ത്രങ്ങളുടെ എസ്എൻഡിപി യോഗം കാര്യം നേടുന്നതിന്റെ തെളിവുകൾ പുറത്തുവന്നു. സമൂഹത്തിലെ പിന്നോക്ക വിഭാഗക്കാരെ സഹായിക്കാൻ അഞ്ച് ശതമാനം പലിശയ്ക്ക് നൽകുന്ന കേന്ദ്രഫണ്ട് എസ്എൻഡിപി യോഗത്തിനു നൽകിയാണ് സർക്കാർ നേതാക്കളെ പ്രീതിപ്പെടുത്തുന്നത്. ഇതിൽ ക്രമക്കേട് കണ്ടിട്ടും വീണ്ടും പണം നൽകുന്നതാണ് ഇപ്പോൾ വിവാദങ്ങൾക്ക് വഴിവെക്കുന്നത്.

എസ്എൻഡിപി യോഗം നടത്തുന്ന മൈക്രോ ഫിനാൻസ് വഴിയാണ് അഞ്ച് ശതമാനത്തിന്റെ പണത്തിന് 12 ശതമാനം പലിശ ഈടാക്കി വിതരണം ചെയ്തത്. കേന്ദ്രഏജൻസികൾ അഞ്ച് ശതമാനം പലിശയ്ക്ക് സ്വയംസഹായ സംഘങ്ങൾക്ക് അനുവദിക്കുന്ന വായ്പാതുക ഒന്നിച്ച് വാങ്ങിയെടുത്ത എസ്എൻഡിപി യോഗം അതിനു കീഴിലുള്ള സ്വയംസഹായസംഘങ്ങളിൽ നിന്ന് 12 ശതമാനം പലിശ ഈടാക്കിയതായി അക്കൗണ്ടന്റ് ജനറലിന്റെ പരിശോധനയിൽ കണ്ടെത്തിയത്. ഈ തട്ടിപ്പ് കണ്ടിട്ടുമാണ് എസ്എൻഡിപി യോഗത്തിന് അഞ്ച് കോടി രൂപ കൂടി സർക്കാർ സഹായം നൽകിയത്. എസ്എൻഡിപി യോഗത്തിന്റെ ഈ തട്ടിപ്പ് പരാമർശിക്കുന്ന റിപ്പോർട്ട് സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോർപറേഷന് നൽകിയിട്ടും ഇത് അവഗണിച്ചാണ് സർക്കാർ നടപടി.

പിന്നോക്ക വിഭാഗങ്ങളുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനുള്ള ചെറുകിട സംരംഭങ്ങൾക്കും പദ്ധതികൾക്കുമായി ദേശീയ പിന്നോക്ക വിഭാഗ ധനകാര്യ വികസന കോർപറേഷൻ ലിമിറ്റഡും(എൻബിസിഎഫ്ഡിസി) ദേശീയ ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷൻ ലിമിറ്റഡും(എൻഎംഡിഎഫ്‌സി) വായ്പ നൽകുന്നുണ്ട്. ഈ വായ്പകളുടെ സംസ്ഥാനതല ചാനലൈസിങ് ഏജൻസിയാണ് സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപറേഷൻ.

ഗുണഭോക്താക്കൾക്ക് നൽകുന്ന വായ്പയ്ക്കുള്ള പലിശ അഞ്ച് ശതമാനമായിരിക്കണമെന്നും ഇതിൽ മൂന്ന് ശതമാനം എൻബിസിഎഫ്ഡിസിക്കും രണ്ട് ശതമാനം എൻഎംഡിഎഫ്‌സിക്കുമാണെന്നും വ്യവസ്ഥയുണ്ട്. സംസ്ഥാന ഏജൻസിയിൽനിന്ന് വായ്പാ തുക ഒന്നിച്ച് വാങ്ങിയെടുക്കുന്ന സംഘടനകൾ സ്വയംസഹായ സംഘങ്ങളിൽനിന്ന് അഞ്ച് ശതമാനം പലിശയാണ് വാങ്ങേണ്ടതെന്നും നിഷ്‌കർഷിക്കുന്നുണ്ട്. ഇത് മറികടന്നാണ് കൊല്ലത്ത് എസ്എൻഡിപി സ്വയംസഹായ സംഘങ്ങൾക്ക് നൽകിയ വായ്പകൾക്ക് 12 ശതമാനം പലിശ വാങ്ങിയത്.

തട്ടിപ്പ് നടന്നതായി കണ്ടെത്തിയ കൊല്ലത്തെ എസ്എൻഡിപി യോഗത്തിനുതന്നെ അഞ്ചു കോടി വീണ്ടും അനുവദിക്കാനാണ് സംസ്ഥാന പിന്നാക്കവിഭാഗ വികസന കോർപറേഷൻ ജനുവരി 29ന് ഉത്തരവിട്ടത്. എസ്എൻഡിപി യോഗം വായ്പാ മാനദണ്ഡങ്ങളെല്ലാം കൃത്യമായി പാലിക്കുന്നുവെന്നാണ് ഉത്തരവിൽ പറഞ്ഞിരിക്കുന്നത്. സ്വയംസഹായ സംഘങ്ങളിൽനിന്ന് 12 ശതമാനം പലിശ വാങ്ങുന്ന എസ്എൻഡിപി യോഗം മുകളിലേക്ക് അടയ്‌ക്കേണ്ട അഞ്ച് ശതമാനം കഴിഞ്ഞ് ബാക്കിയുള്ള ഏഴ് ശതമാനം പലിശ എന്തു ചെയ്യുന്നുവെന്ന കാര്യത്തിൽ യാതൊരു വ്യക്തതയുമില്ല.

സമുദായാംഗങ്ങളുടെ ക്ഷേമത്തിനു വേണ്ടിയെന്ന് അവകാശപ്പെട്ട് നടത്തുന്ന പ്രവർത്തനങ്ങളിലാണ് ക്രമക്കേട് കണ്ടെത്തിയത്. തട്ടിപ്പ് കണ്ടെത്തിയിട്ടും കാര്യമായ നടപടിയെടുക്കാതെ വീണ്ടും വായ്പയ്ക്കായി അഞ്ചു കോടി രൂപ അനുവദിച്ചത് ദുരൂഹമാണ്. ആലപ്പുഴ ജില്ലയിൽ നൽകിയ വായ്പകളുമായി ബന്ധപ്പെട്ട 55 ഫയലും 60 രേഖയും കാണാതായെന്നും ഓഡിറ്റ് റിപ്പോർട്ടിൽ പറയുന്നു. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ അനധികൃത സ്വത്ത് സമ്പാദന കേസിൽ വിജിലൻസ് അന്വേഷണം നടക്കുന്നുണ്ട്. ഇതിനിടെയാണ് മൈക്രോഫിനാൻസ് തട്ടിപ്പിന്റെ വിവരങ്ങളും പുറത്തുവരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP