Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മെഡിക്കൽ കോളേജ് സിഐടിയു പിടിച്ചെടുത്തുവെന്ന് മാനേജ്‌മെന്റ്; കണ്ണൂരിലെ സ്ഥാപനത്തെ മലപ്പുറത്തേക്ക് മാറ്റാനുള്ള ഗൂഡനീക്കമെന്ന് തൊഴിലാളി സംഘടനയും: അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിൽ പഠനം മാത്രം നടക്കുന്നില്ല

മെഡിക്കൽ കോളേജ് സിഐടിയു പിടിച്ചെടുത്തുവെന്ന് മാനേജ്‌മെന്റ്; കണ്ണൂരിലെ സ്ഥാപനത്തെ മലപ്പുറത്തേക്ക് മാറ്റാനുള്ള ഗൂഡനീക്കമെന്ന് തൊഴിലാളി സംഘടനയും: അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിൽ പഠനം മാത്രം നടക്കുന്നില്ല

കണ്ണൂർ: അഞ്ചരക്കണ്ടി മെഡിക്കൽ കോളേജ് സിഐടി.യു. യൂണിയൻ പിടിച്ചെടുത്തതായി മാനേജ്‌മെന്റ് ആരോപിച്ചു. എന്നാൽ നിലവിലുള്ള ഒരു നിയമവും വ്യവസ്ഥകളും അനുസരിക്കില്ലെന്ന അഞ്ചരക്കണ്ടി മെഡിക്കൽ കോളേജ് മാനേജ്‌മെന്റിന്റെ നിലപാട് അഹങ്കാരമാണെന്ന് സിഐടി.യു.വും വിശദീകരിച്ചു. കോളേജിൽ അക്രമമെന്നത് കള്ളക്കഥയാണെന്നും അവർ പറയുന്നു.

തൊഴിലാളി തർക്കത്തെ തുടർന്ന് അഞ്ചരക്കണ്ടിയിൽ പ്രതിസന്ധി രൂക്ഷമാവുകയാണ്. ഇതിനിടെയാണ് കോളേജ് പിടിച്ചെടുത്തുവെന്ന വാദവുമായി മാനേജ്മന്റ് എത്തിയത്. ഇപ്പോഴത്തെ അവസ്ഥയിൽ മാനേജ്‌മെന്റ് പ്രതിനിധികൾക്ക് കോളേജിനകത്തേക്ക് പ്രവേശിക്കാൻ കഴിയുന്നില്ല. വിദ്യാർത്ഥികളുടെ ഭാവിവച്ച് പന്താടരുതെന്നും അക്രമങ്ങളിൽനിന്ന് പിന്തിരിയണമെന്നും മാനേജ്‌മെന്റ് പ്രതിനിധികൾ ആവശ്യപ്പെട്ടു. മെഡിക്കൽ കോളേജ് കണ്ണൂരിൽ നിന്ന് മലപ്പുറത്തേക്ക് മാറ്റാനും ആലോചനയുണ്ട്.

ജോലിക്ക് ഹാജരാകുന്ന ജീവനക്കാരെ ഭീഷണിപ്പെടുത്തുകയാണ്. കാന്റീൻ അടച്ചുപൂട്ടി. ജലവിതരണസംവിധാനം തടസ്സപ്പെടുത്തി. വിദ്യാർത്ഥികളുടെ പഠനവും ക്ലിനിക്കൽ പരിശീലനവും സ്തംഭിച്ചിരിക്കുകയാണെന്നും മാനേജ്‌മെന്റ് ആരോപിച്ചു. ഒമ്പത് വാഹനങ്ങൾ നശിപ്പിച്ചു. ഹോസ്റ്റലിൽ വിദ്യാർത്ഥികളെയും ജീവനക്കാരെയും ഭീഷണിപ്പെടുത്തി പറഞ്ഞുവിടാൻ ശ്രമിക്കുന്നുവെന്നും മാനേജ്‌മെന്റ് പറയുന്നു.

അർഹമായ മിനിമം കൂലി എല്ലാ ജീവനക്കാർക്കും നൽകുന്നുണ്ട്. ചില തസ്തികയിലും യോഗ്യതയിലുമുള്ള തർക്കം ലേബർ കോടതിയുടെ മുന്നിലാണ്. വിധി വരുന്നതിനുമുമ്പേ യൂണിയൻ അക്രമം നടത്തുകയാണ്. ബോണസ് നിയമപ്രകാരം സ്വകാര്യ, സ്വാശ്രയ മെഡിക്കൽ കോളേജുകൾ ബോണസ് നൽകേണ്ടതില്ലെന്നാണ് അവരുടെ വിശദീകരണം. എന്നാൽ ഇത് സിഐടിയു അംഗീകരിക്കുന്നില്ല.

മിനിമം കൂലി നടപ്പാക്കുക, ബോണസ് അനുവദിക്കുക, മാനേജ്‌മെന്റുമായി ഉണ്ടാക്കിയ കരാറുകൾ നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ജീവനക്കാരുടെ സമരമെന്ന് സിഐടിയു പറയുന്നു. അക്രമം നടത്തുന്നുവെന്നത് കെട്ടുകഥയാണ്. കൂടുതലും സ്ത്രീത്തൊഴിലാളികളാണ് സമരം ചെയ്യുന്നത്. സമരത്തിന്റെപേരിൽ മെഡിക്കൽ കോളേജ് ജില്ലയിൽനിന്ന് മാറ്റിയാൽ അതിലെ തൊഴിലാളികളെ യൂണിയൻ സംരക്ഷിക്കുമെന്നും നേതാക്കൾ അറിയിച്ചു.

2012 ജനവരി 21ന് റീജ്യണൽ ലേബർ കമ്മിഷണറുടെ സാന്നിധ്യത്തിലുണ്ടാക്കിയ കരാറും 2014 ജനവരിയിലും കഴിഞ്ഞ ഓഗസ്തിലുമുണ്ടാക്കിയ കരാറുമൊന്നും മാനേജ്‌മെന്റ് പാലിച്ചിട്ടില്ല. കേരളത്തിൽ ബോണസ് ആവശ്യപ്പെട്ട എല്ലാ മെഡിക്കൽ കോളേജുകളിലും അത് നൽകുന്നു. സമരം തുടങ്ങിയതിനുശേഷം ലേബർ വകുപ്പ് മുഖേനയും കോടതി നിശ്ചയിച്ച മധ്യസ്ഥൻ മുഖേനയും ചർച്ച നടത്തിയിരുന്നു. എന്നാൽ, മാനേജ്‌മെന്റ് നിഷേധാത്മക നിലപാട് തുടരുകയാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP