Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മരട് ഗുണ്ടാ ആക്രമണ കേസിൽ കോൺഗ്രസ് നേതാവ് ആന്റണി ആശാൻ പറമ്പിൽ കീഴടങ്ങി; തനിക്കെതിരായ കേസ് രാഷ്ട്രീയ പ്രേരിതം; മരട് നഗരസഭാ ഭരണം പിടിക്കാൻ സിപിഐ(എം) നടത്തുന്ന ഗൂഢാലോചനയുടെ ഭാഗമെന്ന് ആന്റണി; തയ്യൽ തൊഴിലാളിയായി തുടങ്ങി രാഷ്ടീയത്തിലിറങ്ങി മന്ത്രിമാരുടെ വിശ്വസ്തൻ വരെയായി കോടികൾ സമ്പാദിച്ച 'ആശാന്' ഇനി പടിയിറക്കങ്ങളുടെ സമയം

മരട് ഗുണ്ടാ ആക്രമണ കേസിൽ കോൺഗ്രസ് നേതാവ് ആന്റണി ആശാൻ പറമ്പിൽ കീഴടങ്ങി; തനിക്കെതിരായ കേസ് രാഷ്ട്രീയ പ്രേരിതം; മരട് നഗരസഭാ ഭരണം പിടിക്കാൻ സിപിഐ(എം) നടത്തുന്ന ഗൂഢാലോചനയുടെ ഭാഗമെന്ന് ആന്റണി; തയ്യൽ തൊഴിലാളിയായി തുടങ്ങി രാഷ്ടീയത്തിലിറങ്ങി മന്ത്രിമാരുടെ വിശ്വസ്തൻ വരെയായി കോടികൾ സമ്പാദിച്ച 'ആശാന്' ഇനി പടിയിറക്കങ്ങളുടെ സമയം

കൊച്ചി: മരട് ഗുണ്ടാ ആക്രമണ കേസുമായി ബന്ധപ്പെട്ട് മുൻ കോൺഗ്രസ് നേതാവ് ആന്റണി ആശാൻപറമ്പിൽ കീഴടങ്ങി. കോടതി മുൻകൂർ ജാമ്യം തള്ളിയതോടെയാണ് ക്വട്ടേഷൻ കേസിൽ ആന്റണി കീഴടങ്ങിയത്. കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും മരട് നഗരസഭാ ഭരണം പിടിക്കാൻ സിപിഐ(എം) നടത്തുന്ന ശ്രമത്തിന്റെ ഭാഗമാണ് തന്റെ അറസ്റ്റെന്നും അദ്ദേഹം വ്യക്തമാക്കി.

ഐഎൻടിയുസി നേതാവിനെ തട്ടിക്കൊണ്ടു പോയ കേസിലെ പ്രതിയാണ് ആന്റണി ആശാൻ പറമ്പിൽ. ഗുണ്ടാമാഫിയ കേസിൽ പ്രതിയായ കോൺഗ്രസ് മണ്ഡലം പ്രസിഡന്റും ഐഎൻടിയുസി ജില്ലാ വൈസ് പ്രസിഡന്റും മരട് നഗരസഭാ വൈസ് ചെയർമാനുമായ ആന്റണി ആശാൻപറമ്പിലിനെ കോൺഗ്രസിൽ നിന്നും നേരത്തെ സസ്‌പെൻഡ് ചെയ്തിരുന്നു മരടിൽ നടന്ന ഒരു റിയൽ എസ്റ്റേറ്റ് തർക്കവുമായി ബന്ധപ്പെട്ട് ഐഎൻടിയുസി പ്രവർത്തകനും നെട്ടൂർ സ്വദേശിയുമായ എം.എം ഷുക്കൂറിനെ തട്ടിക്കൊണ്ടുപോയി നഗ്‌നനാക്കി മർദിച്ചെന്നാണ് കേസ്.

ഇതിൽ പൊലീസ് ആന്റണിയെ ഒന്നാം പ്രതിയാക്കി കേസെടുത്തതിനെ തുടർന്നാണ് ഒളിവിൽ പോയത്. രണ്ടാം പ്രതി മരട് മുനിസിപ്പൽ കൗൺസിലറായ ജിൻസൺ പീറ്ററാണ്. ഇതിലെ കൂട്ടുപ്രതികളും ഗുണ്ടകളുമായ നാലുപേരെ സിറ്റി ടാസ്‌ക്‌ഫോഴ്‌സ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. മുൻ മന്ത്രി കെ ബാബുവുമായി അടുത്ത ബന്ധം പുലർത്തുന്ന വ്യക്തിയാണ് ആന്റണി ആശാൻ പറമ്പിൽ. ബാബുവിന്റെ പല ഇടപാടുകളുടേയും പിന്നിൽ ആന്റണിയാണ്. ഭായി നസീറിന്റെ സംഘത്തെ ആന്റണി ഉപയോഗിച്ചത് ബാബുവിന്റേയും അറിവോടെയായിരുന്നു. അറസ്റ്റിലാകുന്നതിന് മുമ്പ് ഭായ് നസീറിന്റെ പ്രധാന സംരക്ഷൻ ബാബു ആണെന്നും നേരത്തെ ആക്ഷേപമുയർന്നതാണ്. തട്ടിക്കൊണ്ടു പോയി ഭീഷണിപ്പെടുത്തിയ കേസിൽ ഗുണ്ടാവിരുദ്ധ സ്‌ക്വാഡ് അറസ്റ്റ് ചെയ്ത റംഷാദ്, ഭരതൻ ഷിജു, കൊഞ്ച് സലാം, ഓട്ടോ അഭി എന്നിവർ ഭായി നസീറിന്റെ സംഘത്തിൽപ്പെട്ടവരാണ്.

മരട് നഗരസഭാ പരിധിയിൽപ്പെട്ട ഏതു നിലംനികത്തണമെങ്കിലും ആന്റണിയുടേയും സംഘത്തിന്റേയും അനുവാദം വേണം. അല്ലാതെ നികത്തുന്ന നിലങ്ങൾക്ക് മണിക്കൂറുകൾക്കുള്ളിൽ തന്നെ ആന്റണി സ്റ്റോപ്പ് മെമോ വാങ്ങിയെടുക്കും. തുടർന്ന് ആന്റണി ആവശ്യപ്പെടുന്ന തുക നൽകിയാൽ പ്രതിബന്ധങ്ങളില്ലാതെ പണി മുന്നോട്ടു പോകും. അല്ലാത്ത പക്ഷം ഭായി നസീറിന്റെ ഗുണ്ടകളെ ഉപയോഗിച്ച് ആദ്യം ഭീഷണിപ്പെടുത്തും. അതിലും വഴങ്ങാത്തവരെ തട്ടിക്കൊണ്ടുപോയി ബലമായി പണം വാങ്ങിയെടുക്കും. നികത്തേണ്ട നിലത്തിന്റെ വിപണി വിലയുടെ പത്ത് ശതമാനം വരെയാണ് ഇതിനായി ആന്റണിക്കു നൽകേണ്ടത്.

പത്തുകൊല്ലം മുമ്പ് വരെ മരട് പ്രദേശത്തെ തയ്യൽ തൊഴിലാളിയായിരുന്ന ആന്റണിയുടെ വളർച്ച അൽഭുതാവഹമാണ്. കോൺഗ്രസ് ഐ വിഭാഗക്കാരനായി പ്രവർത്തനം ആരംഭിച്ച ആന്റണി വളരെപ്പെട്ടന്നാണ് കോൺഗ്രസിൽ അറിയപ്പെട്ടു തുടങ്ങിയത്. തുടർന്ന് രണ്ടായിരത്തി പത്തിലെ തദ്ദേശ തെരെഞ്ഞെടുപ്പിൽ കൗൺസിലറായി. ഈ കാലത്താണ് മന്ത്രി കെ ബാബുവുമായി അടുത്ത ബന്ധം സ്ഥാപിക്കുന്നത്. ബാബുവിന്റെ പല സ്വത്തുക്കളും ഇയാളുടെ ബന്ധുക്കളുടെ പേരിലാണെന്നും ആക്ഷേപമുണ്ട്. നിവലിലെ ഡിസിസി പ്രസിഡന്റ് വിജെ പൗലോസുമായുള്ള അടുത്ത ബന്ധം മരട് മണ്ഡലം പ്രസിഡന്റ് സ്ഥാനത്തേക്കും ഡിസിസി മെമ്പർ സ്ഥാനത്തേക്കും എത്തിച്ചു. എറണാകുളം ഡിസിസിക്കായി വൻ വ്യവസായികളിൽ നിന്ന് ഫണ്ട് ശേഖരിച്ച് നൽകുന്നതിലെ പ്രധാനി ആന്റണിയാണ്. ഇതാണ് വിജെ പൗലോസും ആന്റണിയും അടുക്കാനുള്ള മുഖ്യകാരണം.

ഇത്തവണയാണ് വൈസ് ചെയർമാൻ ആയത്. കൊച്ചിയിലെ പ്രമുഖ ബിൽഡേഴ്‌സുമായി അടുത്ത ബന്ധമാണ് ഇയാൾക്ക്. ക്രൗൺ പ്ലാസ, നിപ്പോൺ ടയോട്ടയുടേതടക്കം 20 അനധികൃതകെട്ടിടങ്ങൾ സംബന്ധിച്ചുള്ള പരാതിയായിരുന്ന മരട് നഗരസഭയിലുള്ളത്. ഇതിൽ ഭൂരിഭാഗവും സെറ്റിൽ ചെയ്തത് ആന്റണിയാണ്. ഓരോ സെറ്റി്‌ലിംഗിനും കുറഞ്ഞത് ഒരു കോടി രൂപ ഇയാൾ കമ്മീഷൻ വാങ്ങിയെന്നാണ് വിവരം. സ്വന്തമായി കൺസ്ട്രക്ഷൻ കമ്പനിയും റിയൽ എസ്റ്റേറ്റ് ബിസിനസുമുണ്ട്. കണ്ണാടിക്കാട്, മരട് മേഖലയിൽ ഇയാളുടേയും കുടുംബത്തിന്റേയും ഇരുപത്തിയഞ്ച് ഏക്കറോളം സ്ഥലമുണ്ടെന്നാണ് വിവരം. കേരളത്തിന് പുറത്തെ സ്ഥലം സംബന്ധിച്ച് അടുത്ത സുഹൃത്തുക്കൾക്ക് പോലും കൃത്യമായ കണക്കില്ല. കഴിഞ്ഞ പത്ത് വർഷത്തിനിടെ 200 കോടിയിലധികം രൂപയുടെ സ്വത്ത് ഇയാൾ സമ്പാദിച്ചിട്ടുണ്ടെന്നാണ് ഇയാളുടെ അടുത്ത വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന പ്രാഥമിക വിവരം.

ഐഎൻടിയുസി പ്രവർത്തകനായ ഷുക്കൂറാണ് നിലവിലെ കേസിനാസ്പദമായ പരാതിക്കാരൻ. ഭൂമി ഇടപാടിന്റെ പേരിൽ ഗുണ്ടാസംഘം തട്ടിക്കൊണ്ടുപോകുകയും ഒരു ദിവസത്തിലേറെ രഹസ്യകേന്ദ്രത്തിൽ തടഞ്ഞുവച്ച് നഗ്‌നനാക്കി മർദ്ദിച്ചെന്നുമാണ് പരാതി. പിന്നീട് ഇയാളുടെ മകനെ തട്ടിക്കൊണ്ടുപോയി വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിലുണ്ട്. പരാതിയിൽ അന്വേഷണം നടത്തിയ പൊലീസ്, കോൺഗ്രസ് നേതാവ് ആന്റണി ആശാൻപറമ്പിലിന്റെ നിർദേശപ്രകാരമാണ് ഗുണ്ടാസംഘം പ്രവർത്തിച്ചതെന്ന് കണ്ടെത്തിയിരുന്നു. ഇതേത്തുടർന്നാണ് ആന്റണിയെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തത്.

ഗുണ്ടാ ആക്രമണ കേസിൽ ആന്റണി ആശാൻപറമ്പിലിനെതിരെ പരാതി ഉയർന്നതിന് പിന്നാലെ ഒമ്പത് പരാതികൾ കൂടി ഇയാൾക്കെതിരെ ഉയർന്നിരുന്നു. ഈ കേസുകളിൽ കൂടി ഇനി അന്വേഷണം വരും. ഇതോടെ ആന്റണി ആശാൻ പറമ്പിലിന്റെ രാഷ്ട്രീയ ഭാവി കൂടുതൽ അവതാളത്തിലാകുമെന്നത് ഉറപ്പാണ്. ഗുണ്ടാ കേസിൽ പെട്ടപ്പോൾ തന്നെ കോൺഗ്രസ് പാർട്ടി ഇയാൾക്കെതിരെ നടപടി എടുത്തിരുന്നു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP