Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സംഘപരിവാറിനെ മുന്നിൽ നിർത്തിയുള്ള സംസ്ഥാന ബിജെപിയുടെ നീക്കം ഫലം കാണുന്നു; പരിസ്ഥിതി അനുമതിക്കായുള്ള കെജിഎസ് ഗ്രൂപ്പിന്റെ അപേക്ഷ പരിഗണിക്കില്ലെന്ന് കേന്ദ്രമന്ത്രിയുടെ ഉറപ്പ്; അനുമതി വാങ്ങേണ്ടത് കമ്പനിയുടെ ചുമതലയെന്ന് മുഖ്യമന്ത്രിയും

സംഘപരിവാറിനെ മുന്നിൽ നിർത്തിയുള്ള സംസ്ഥാന ബിജെപിയുടെ നീക്കം ഫലം കാണുന്നു; പരിസ്ഥിതി അനുമതിക്കായുള്ള കെജിഎസ് ഗ്രൂപ്പിന്റെ അപേക്ഷ പരിഗണിക്കില്ലെന്ന് കേന്ദ്രമന്ത്രിയുടെ ഉറപ്പ്; അനുമതി വാങ്ങേണ്ടത് കമ്പനിയുടെ ചുമതലയെന്ന് മുഖ്യമന്ത്രിയും

ന്യൂഡൽഹി: സംഘപരിവാറുമൊത്ത് ബിജെപി സംസ്ഥാന ഘടകം നടത്തിയ നീക്കം ഒടുവിൽ ഫലപ്രാപ്തിയിലേക്ക്. ആറന്മുള വിമാനത്താവള പദ്ധതിക്ക് പരിസ്ഥിതി അനുമതിക്കായുള്ള കെജിഎസ് ഗ്രൂപ്പിന്‌റെ അപേക്ഷ പരിഗണിക്കില്ലെന്ന് കേന്ദ്രം വ്യക്തമാക്കി. നേരത്തെ മുൻ സർക്കാർ കെജിഎസ് ഗ്രൂപ്പിന് നൽകിയ പാരിസ്ഥിതിക അനുമതി സുപ്രീം കോടതി റദ്ദാക്കിയിരുന്നു.

പുതിയ അപേക്ഷ പരിഗണിക്കില്ലെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറാണ് അറിയിച്ചത്. ഇത് ആറന്മുള വിമാനത്താവള പദ്ധതിയിൽ കെജിഎസ് ഗ്രൂപ്പിനു തിരിച്ചടിയായിരിക്കുകയാണ്. അതേസമയം, ആറന്മുള വിമാനത്താവള പദ്ധതിക്കുള്ള അനുമതി വാങ്ങേണ്ടത് കെ.ജി.എസ്. ഗ്രൂപ്പിന്റെ ചുമതലയാണെന്നും അനുമതി ലഭിച്ചാൽ സംസ്ഥാന സർക്കാർ വേണ്ടത് ചെയ്യുമെന്നും മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു.

നേരത്തെ, ആറന്മുള വിമാനത്താവളത്തിന് അനുകൂല നിലപാടുമായി കേന്ദ്രം ഭരിക്കുന്ന ബിജെപി നേതൃത്വം രംഗത്തെത്തിയിരുന്നു. ഇതോടെ മുഖം നഷ്ടപ്പെട്ട ബിജെപി സംസ്ഥാന നേതൃത്വം ആർഎസ്എസ് നേതാക്കളോട് ഇക്കാര്യത്തിൽ സഹായം അഭ്യർത്ഥിച്ചു. സംഘപരിവാർ ഇടപെടൽ സംസ്ഥാന ബിജെപിക്കു ഗുണകരമായി എന്നു തന്നെയാണ് പുതിയ സംഭവങ്ങൾ സൂചിപ്പിക്കുന്നത്.

കേന്ദ്രത്തിൽ അതിശക്തനായ നരേന്ദ്ര മോദിയോട് ആറന്മുള പദ്ധതിക്ക് അനുമതി നൽകരുതെന്ന് കർശനമായി പറയാൻ സംസ്ഥാന ഘടകത്തിന് സാധിക്കില്ല. അതുകൊണ്ട് തന്നെയാണ് ആർഎസ്എസ് നേതൃത്വത്തെ ഇടപെടുവിപ്പിച്ച് അന്തിമ തീരുമാനം ആർഎസ്എസ് നേതൃകേന്ദ്രമായ നാഗ്പൂരിൽ നിന്നും ഉണ്ടാക്കാനുള്ള ശ്രമങ്ങൾ ബിജെപി നടത്തിയത്. സംഘപരിവാർ നേതൃത്വത്തിൽ കേരളത്തിലെ മുതിർന്ന നേതാവും ആറന്മുള പൈതൃകഗ്രാമ കർമസമിതി രക്ഷാധികാരി കുമ്മനം രാജശേഖരൻ മുഖേനയാണ് ബിജെപി നേതൃത്വം ആർഎസ്എസ് കേന്ദ്ര നേതൃത്വത്തിന്റെ ശ്രദ്ധയിൽ വിഷയം കൊണ്ടുവന്നത്.

കോർപ്പറേറ്റ് സൗഹൃദ ഇമേജുള്ള മോദി വിമാനത്താവളം പോലുള്ള പദ്ധതികളോട് അനുകൂല നിലപാടാണ് സ്വീകരിച്ചു പോന്നത്. ആറന്മുള വിമാനത്താവളത്തിൽ റിലയൻസ് ഗ്രൂപ്പിനാണ് പ്രത്യേകം താൽപ്പര്യമുള്ളതെന്ന സൂചന പുറത്തുവന്നിരുന്നു. അതുകൊണ്ടാണ് യുഡിഎഫ് സർക്കാറിന് എതിർപ്പില്ലാത്ത ആറന്മുള പദ്ധതിക്ക് സംഘ്പരിവാറിൽ ഒരുവിഭാഗത്തെ അവഗണിച്ച് പരിസ്ഥിതി മന്ത്രാലയം മുന്നോട്ടുപോകുന്നത്. ഈ പദ്ധതിയിൽ റോബർട്ട് വധേരയ്ക്ക് താൽപ്പര്യമുണ്ടെന്ന വാർത്തകളും നേരത്തെ പുറത്തുവന്നിരുന്നു. ഇതോടെയാണ് കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള ഒത്തുകളിക്ക് അരങ്ങൊരുങ്ങിയത്.

ഇങ്ങനെ വിമാനത്താവള പദ്ധതിക്ക് അനുകൂല നിലപാടുമായി മോദി മുന്നോട്ടുപോകുമ്പോൾ കനത്ത തിരിച്ചടി നേരിടേണ്ടി വരിക ഈ വിഷയം ലോക്‌സഭാ തെരഞ്ഞെടുപ്പിൽ അടക്കം സജീവമാക്കി വോട്ട് നേടിയ ബിജെപിക്കാണ്. ഈ വിഷയം പത്തനംതിട്ടയിൽ ബിജെപിയുടെ സ്വാധീനം വർദ്ധിപ്പിക്കാൻ ഉപകരിച്ചിരുന്നു. നിലവിലെ സാഹചര്യത്തിൽ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ അടക്കം ബിജെപിക്ക് തിരിച്ചടി ഉണ്ടാകുമെന്ന വിധത്തിലാണ് ആറന്മുള വിഷയം നീങ്ങിയിരിക്കുന്നത്. അതേസമയം കേന്ദ്രതീരുമാനം എന്തുതന്നെയായായും ഏറ്റുമുട്ടലിന് തയ്യാറെടുക്കുകയാണ് കുമ്മനം രാജശേഖരന്റെ നേതൃത്വത്തിലുള്ള ആറന്മുള പൈതൃക ഗ്രാമ കർമ്മ സമിതി. വിമാനത്താവളത്തിന് ഇനി അനുമതി നൽകാതിരിക്കാനുള്ള സമരമാർഗങ്ങളുമായി മുന്നോട്ടു പോകുമെന്നു തന്നെയാണ് ലഭിക്കുന്ന സൂചനകൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP