Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സിപിഎമ്മിനെ പ്രതിരോധിക്കാൻ കയ്യിൽ കൊണ്ട് നടന്ന അരുൺകുമാറിനെ ചുറ്റിപ്പറ്റിയുള്ള ദുരൂഹതകൾ പിണറായി വിജയൻ അവസാനിപ്പിക്കുമോ? വിഎസിന്റെ മകനെതിരെയുള്ള ആരോപണങ്ങൾ ഉടൻ അന്വേഷിച്ച് തീർക്കാൻ വിജിലൻസ്; അരുണിനെ ചോദ്യം ചെയ്തു

സിപിഎമ്മിനെ പ്രതിരോധിക്കാൻ കയ്യിൽ കൊണ്ട് നടന്ന അരുൺകുമാറിനെ ചുറ്റിപ്പറ്റിയുള്ള ദുരൂഹതകൾ പിണറായി വിജയൻ അവസാനിപ്പിക്കുമോ? വിഎസിന്റെ മകനെതിരെയുള്ള ആരോപണങ്ങൾ ഉടൻ അന്വേഷിച്ച് തീർക്കാൻ വിജിലൻസ്; അരുണിനെ ചോദ്യം ചെയ്തു

തിരുവനന്തപുരം: അനധികൃത സ്വത്തു സമ്പാദനമടക്കം 11 ആരോപണങ്ങളുമായി ബന്ധപ്പെട്ടു വി എസ്.അച്യുതാനന്ദൻ എംഎൽഎയുടെ മകൻ വി.എ.അരുൺകുമാറിനെ വിജിലൻസ് ചോദ്യംചെയ്തു. അരുൺകുമാർ പല കാര്യങ്ങളിലും വഴിവിട്ട ഇടപെടലുകൾ നടത്തിയെന്നും അവിഹിത സ്വത്തു സമ്പാദിച്ചെന്നുമുള്ള ഉമ്മൻ ചാണ്ടി നൽകിയ പരാതിയിലാണ് അന്വേഷണം. എത്രയും വേഗം ഈ കേസിൽ അന്വേഷണം പൂർത്തിയാക്കാനാണ് തീരുമാനം. യുഡിഎഫ് സർക്കാരിന്റെ കാലത്ത് വി എസ് അച്യുതാനന്ദനെതിരെ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടി പലപ്പോഴും ഈ ആരോപണങ്ങൾ ആയുധമാക്കിയിരുന്നു. അന്വേഷണം പൂർത്തിയാക്കിയുമില്ല. ഇതിന് അവസാനമുണ്ടാക്കാൻ ആരോപണങ്ങളിൽ അന്തിമ തീരുമാനം എടുക്കാനാണ് വിജിലൻസിന് മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയിരിക്കുന്ന നിർദ്ദേശം.

അരുൺകുമാർ കേസിൽ സർക്കാർ ഇടപടെലൊന്നും നടത്തില്ല. എന്നാൽ തീരുമാനം ഉടൻ വേണമെന്നാണ് ആവശ്യം. വിജിലൻസ് സ്‌പെഷൽ സെൽ എസ്‌പിയുടെ ഓഫിസിൽ വിളിച്ചുവരുത്തിയാണു മൂന്നു ദിവസമായി മൊഴി എടുത്തത്. വി എസ് മുഖ്യമന്ത്രിയായിരിക്കെ, അരുൺകുമാർ പല കാര്യങ്ങളിലും വഴിവിട്ട ഇടപെടലുകൾ നടത്തിയെന്നും അവിഹിത സ്വത്തു സമ്പാദിച്ചെന്നും അന്നത്തെ പ്രതിപക്ഷ നേതാവ് ഉമ്മൻ ചാണ്ടി നൽകിയ പരാതിയിലാണ് അന്വേഷണം. ഇതു സംബന്ധിച്ചു കഴിഞ്ഞ സർക്കാരിന്റെ കാലത്തു സ്‌പെഷൽ സെൽ എസ്‌പി അന്വേഷണം പൂർത്തിയാക്കിയെങ്കിലും ഉന്നത ഇടപെടൽ കാരണം റിപ്പോർട്ടായി അതു മുകളിലേക്കു പോയില്ല. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ നിർദ്ദേശമെത്തിയത്. ഇത് വിജിലൻസ് ഡയറക്ടർ അംഗീകരിക്കുകയും ചെയ്തു.

കണ്ണൂർ പവർ പ്രോജക്ട് നടപ്പാക്കുന്നതിനു കമ്മിഷൻ ചോദിച്ചു, ഐഎച്ച്ആർഡിയിലെ അനധികൃത സ്ഥാനക്കയറ്റം, ഐസിടി ഡയറക്ടറായുള്ള അനധികൃത നിയമനം, കയർഫെഡ് ഡയറക്ടറായിരിക്കെയുള്ള ക്രമക്കേട്, മുന്തിയ രണ്ടു ക്ലബ്ബുകളിൽ അംഗത്വം, ചന്ദന ഫാക്ടറി ഉടമയിൽ നിന്ന് ഏഴു ലക്ഷം രൂപ കൈക്കൂലി വാങ്ങി, മക്കാവു അടക്കമുള്ള വിദേശ രാജ്യങ്ങളിലേക്കുള്ള യാത്രകൾ എന്നിവയുൾപ്പെടെ 11 ആരോപണങ്ങളായിരുന്നു പരാതിയിൽ. മക്കാവു, സിംഗപ്പൂർ അടക്കമുള്ള വിദേശയാത്രകളുടെ ടിക്കറ്റിന്റെ പണം എവിടെ നിന്നെന്ന ചോദ്യത്തിന് അരുൺ വ്യക്തമായ ഉത്തരം നൽകിയില്ലെന്നു വിജിലൻസ് വൃത്തങ്ങൾ സൂചിപ്പിച്ചു. അന്വേഷണ റിപ്പോർട്ട് വൈകാതെ ഡയറക്ടർക്കു കൈമാറും.

വി എസ് മുഖ്യമന്ത്രി ആയിരിക്കെ, മകൻ അരുൺകുമാർ വഴിവിട്ട ഇടപെടലുകൾ നടത്തിയെന്നും വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്നുമാണ് പരാതി. ഇതുമായി ബന്ധപ്പെട്ട് 2011ൽ വിജിലൻസിന് പരാതിലഭിച്ചെങ്കിലും അന്വേഷണം ഇഴയുകയായിരുന്നു. അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട കേസുകൾ കൈകാര്യംചെയ്യുന്നത് വിജിലൻസ് സ്‌പെഷൽ സെല്ലാണ്. ഇവിടെ കെട്ടിക്കിടക്കുന്ന പരാതികൾ വേഗത്തിൽ തീർപ്പാക്കണമെന്ന് വിജിലൻസ് ഡയറക്ടർ ഡോ. ജേക്കബ് തോമസ് നേരത്തെ നിർദ്ദേശം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.

രേഖകൾ നിരത്തിയുള്ള ചോദ്യംചെയ്യലിനോട് അരുൺകുമാർ സഹകരിച്ചതായി വിജിലൻസ് വൃത്തങ്ങൾ വെളിപ്പെടുത്തി. വിജിലൻസ് വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ അറിവോടെയാണ് അരുൺകുമാറിനെ ചോദ്യംചെയ്തതെന്നു സൂചനയുണ്ട്. അരുൺകുമാറിനെതിരേ കയർഫെഡ് അഴിമതിയുൾപ്പെടെ 11 കേസുകളിലാണു മുമ്പു വിജിലൻസ് അന്വേഷണം നടന്നത്. ഐ.സി.ടി. അക്കാദമി ഡയറക്ടറായി അരുൺകുമാറിനെ നിയമിച്ചതിലും ഐ.എച്ച്.ആർ.ഡിയിൽ സ്ഥാനക്കയറ്റം നേടിയതിലും ക്രമക്കേടുണ്ടെന്ന് വി.ഡി. സതീശൻ അധ്യക്ഷനായ നിയമസഭാസമിതി കണ്ടെത്തുകയും ചെയ്തു.

ഇതേത്തുടർന്ന് അരുൺകുമാറിനെതിരേ അടിയന്തരനടപടി സ്വീകരിക്കാൻ കഴിഞ്ഞ ജനുവരിയിൽ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉത്തരവിട്ടു. അരുൺകുമാറിനെതിരായ അഴിമതിയാരോപണക്കേസുകൾ അട്ടിമറിക്കുന്നുവെന്നു ചൂണ്ടിക്കാട്ടി ജോമോൻ പുത്തൻപുരയ്ക്കൽ നൽകിയ പരാതിപ്രകാരമായിരുന്നു ഉത്തരവ്. അതെല്ലാം പുറത്തെടുത്താണ് ഇപ്പോൾ വിജിലൻസിന്റെ നീക്കം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP