Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

റവന്യൂമന്ത്രിക്ക് വിവേകമില്ലെന്നും സബ്കളക്ടറായി ശ്രീറാം എത്തിയതാണ് എല്ലാ പ്രശ്‌നത്തിനും കാരണമെന്നും എസ് രാജേന്ദ്രൻ എംഎൽഎ; സർക്കാർ ഭൂമി കയ്യേറി എംഎൽഎ ഉൾപ്പെടെ സി.പി.എം ഗ്രാമം ഉണ്ടാക്കിയെന്ന ആരോപണത്തിന് പിന്നാലെ ചെന്നിത്തലയും കുമ്മനവും മൂന്നാറിലേക്ക്; കേരള രാഷ്ട്രീയത്തിൽ വീണ്ടും കൊടുങ്കാറ്റായി മൂന്നാർ

റവന്യൂമന്ത്രിക്ക് വിവേകമില്ലെന്നും സബ്കളക്ടറായി ശ്രീറാം എത്തിയതാണ് എല്ലാ പ്രശ്‌നത്തിനും കാരണമെന്നും എസ് രാജേന്ദ്രൻ എംഎൽഎ; സർക്കാർ ഭൂമി കയ്യേറി എംഎൽഎ ഉൾപ്പെടെ സി.പി.എം ഗ്രാമം ഉണ്ടാക്കിയെന്ന ആരോപണത്തിന് പിന്നാലെ ചെന്നിത്തലയും കുമ്മനവും മൂന്നാറിലേക്ക്; കേരള രാഷ്ട്രീയത്തിൽ വീണ്ടും കൊടുങ്കാറ്റായി മൂന്നാർ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഇടതുപക്ഷം അധികാരത്തിലെത്തിയതിന് പിന്നാലെ വീണ്ടും കേരള രാഷ്ട്രീയത്തിൽ വലിയ ചലനങ്ങൾക്കും വിവാദങ്ങൾക്കും വഴിയൊരുക്കിക്കൊണ്ട് മൂന്നാർ പുകയുന്നു. കോടതി ഉത്തരവിന്റെ പിൻബലത്തിൽ മൂന്നാറിലെ കയ്യേറ്റങ്ങൾ ഒഴിപ്പിക്കാൻ ദേവികുളം സബ്കളക്ടർ ശ്രീറാം വെങ്കിട്ടരാമൻ കടുത്ത നടപടികൾ തുടങ്ങിയതോടെ പ്രശ്‌നത്തിൽ വലിയ എതിർപ്പുമായി ഭരണകക്ഷിയിലെ പ്രാദേശിക ഘടകങ്ങൾ രംഗത്തെത്തുകയായിരുന്നു. എന്നാൽ ഇതിന് വഴങ്ങിക്കൊടുക്കില്ലെന്ന് റവന്യൂ വകുപ്പ് മേലധികാരികളും സിപിഐക്കാരനായ മന്ത്രി ഇ ചന്ദ്രശേഖരനും തന്നെ ശക്തമായ നിലപാടുമായി രംഗത്തെത്തിയതോടെ വിഷയത്തിൽ വീണ്ടുമൊരു സിപിഐ-സി.പി.എം പോരിന് കളമൊരുങ്ങുകയാണ്.

ഇതോടൊപ്പം സി.പി.എം പ്രാദേശിക നേതാക്കൾ ഭൂമികയ്യേറി പാർട്ടി ഗ്രാമം തന്നെ സൃഷ്ടിച്ചതായ വാർത്തകളും പുറത്തുവരുന്നു. വിഷയം ഇതോടെ കേരളരാഷ്ട്രീയത്തിൽ പ്രതിപക്ഷം ശക്തമായി ഏറ്റെടുക്കുന്ന നിലയിലേക്ക് എത്തുകയാണ്. ഇതിന് നാന്ദികുറിച്ചുകൊണ്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരനും മൂന്നാറിലേക്ക് എത്തുമെന്ന് പ്രഖ്യാപിച്ചുകഴിഞ്ഞു. സി.പി.എം എംഎൽഎ എസ്. രാജേന്ദ്രന്റെ നേതൃത്വത്തിൽ സർക്കാർ ഭൂമി കയ്യേറിയെന്ന ആക്ഷേപം സജീവമായതോടെയാണ് കോൺഗ്രസിന്റേയും ബിജെപിയുടേയും നീക്കങ്ങൾ. ചെന്നിത്തല തിങ്കളാഴ്ചയും കുമ്മനം ഞായറാഴ്ചയുമാണ് മൂന്നാറിൽ എത്തുക. കയ്യേറ്റം ഭരണകക്ഷിയുടെ പിന്തുണയോടെയാണെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. പട്ടയങ്ങൾ പരിശോധിക്കാൻ പോലും അധികൃതരെ അനുവദിക്കുന്നില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

ഭരണകക്ഷിയിൽപ്പെട്ട നേതാക്കൾ മൂന്നാർ ടൗണിലെ 10 ഏക്കർ സർക്കാർ ഭൂമി കയ്യേറി പാർട്ടി ഗ്രാമമാക്കിയെന്ന ആരോപണമാണ് ഉയർന്നിട്ടുള്ളത്. പ്രദേശത്തു പരിശോധനയ്‌ക്കെത്തുന്ന ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവരെ നേരിടാൻ ഇവർ ഗുണ്ടാസംഘങ്ങളെയും നിയോഗിച്ചു. മൂന്നാർ നഗരത്തിന്റെ ഹൃദയഭാഗത്തുള്ള പിഡബ്ല്യൂഡി ഗസ്റ്റ് ഹൗസിനു മുന്നിലെ സർക്കാർ ഭൂമിയാണ് പാർട്ടിക്കാർ കയ്യേറി പാർട്ടി ഗ്രാമമാക്കി മാറ്റിയത്. മുൻ ഏരിയാ സെക്രട്ടറിയാണ് സർക്കാർ ഭൂമി വളച്ചുകെട്ടി കയ്യേറ്റത്തിന് വഴികാട്ടിയതെന്നാണ് ആരോപണം. പിന്നാലെ ലോക്കൽ സെക്രട്ടറിയും അണികളും ഒടുവിൽ എംഎൽഎയും സർക്കാർ ഭൂമിയുടെ അവകാശികളായെന്ന ആരോപണം ഉയർന്നതോടെയാണ് സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മൂന്നാർ വിഷയം വീണ്ടും സജീവമായി എത്തുന്നത്.

അതേസമയം, ആരോപണങ്ങൾ എംഎൽഎ തള്ളി. മൂന്നാറിൽ അനധികൃത കയ്യേറ്റമില്ല. ഇപ്പോൾ നടക്കുന്നത് വ്യാജ പ്രചരണങ്ങളാണ്. ഇത് വികസന പ്രവർത്തനങ്ങളെ തടയാനുള്ള അണിയറ നീക്കമാണെന്നുമാണ് അദ്ദേഹത്തിന്റെ പ്രതികരണം. റോഡ്, കുടിവെള്ള ഉൾപ്പെടെ കോടികണക്കിന് രൂപയുടെ പദ്ധതികൾ എം എൽ എ ഇടപെട്ട് പാർട്ടി ഗ്രാമത്തിൽ നടപ്പിലാക്കിയെന്നും കയ്യേറ്റങ്ങൾ ഒഴിപ്പിക്കാനെത്തിയ പൊലീസിനെയും റവന്യൂ ഉദ്യോഗസ്ഥരെയും പാർട്ടികാർ കായികമായി നേരിട്ടുവെന്നും ആക്ഷേപം ഉയർന്നിട്ടുണ്ട്. മൂന്നാർ കൈയേറ്റവുമായി ബന്ധപ്പെട്ട് ദേവികളും സബ് കലക്ടർക്കും റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരനുമെതിരെ എസ്.രാജേന്ദ്രൻ എംഎ‍ൽഎ. പരസ്യ പ്രതികരണവുമായി രംഗത്തെത്തിയതോടെ വിഷയം വലിയ ചർച്ചയായി മാറിയിരിക്കുകയാണ്. കയ്യേറ്റക്കാരെ സി.പി.എം തുണയ്ക്കുകയാണെന്ന ആരോപണമാണ് ഉയരുന്നത്.

റവന്യൂ മന്ത്രിക്ക് വിവേകമില്ലെന്നും അദ്ദേഹത്തിന്റെ പ്രസ്താവന അപക്വമാണെന്നും എസ്.രാജേന്ദ്രൻ പറഞ്ഞു. ദേവികുളം സബ്കലക്ടറായി ശ്രീറാം വെങ്കിട്ടരാമൻ എത്തുന്നത് വരെ പ്രശ്നങ്ങളൊന്നുമുണ്ടായിരുന്നില്ലെന്നും ശ്രീറാം എത്തിയതോടെ കാര്യങ്ങളെല്ലാം തലകീഴായി മറിഞ്ഞെന്നും ആണ് രാജേന്ദ്രന്റെ വാദം. ശ്രീറാം ദേവികുളത്ത് എത്തിയതോടെയാണ് മൂന്നാറിൽ കൈയേറ്റങ്ങൾ ഏറിയത്. അദ്ദേഹത്തെ പിന്തുണയ്ക്കുന്ന റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്റെ നിലപാട് അപക്വമാണ്. അദ്ദേഹത്തിനെ കൂടെയുള്ളർ തെറ്റിദ്ധരിപ്പിക്കുകയാണെന്നും എംഎ‍ൽഎ ചൂണ്ടിക്കാട്ടി. ശ്രീറാമിന് മുൻ ഐ.എ.എസ് ഉദ്യോഗസ്ഥന്റെ പ്രേതം ബാധിച്ചിരിക്കുകയാണ്. കഴിഞ്ഞ ആറ് മാസത്തിനുള്ളിലാണ് മൂന്നാറിലെ ഇരുനില കെട്ടിടങ്ങളെല്ലാം ഉയർന്ന് വന്നതെന്ന് വിശ്വസിക്കാൻ മൂന്നാറിലെ ജനങ്ങൾക്കാവില്ല. മാധ്യമങ്ങളിൽ വരുന്ന വാർത്തകളിലൊന്നും യാഥാർഥ്യമില്ല. മൂന്നാറിൽ അനധികൃത കൈയേറ്റമില്ലെന്നും അദ്ദേഹം പറഞ്ഞു.

മൂന്നാറിലെ ഭൂമികൈയേറ്റം അതിഗുരുതരമാണെന്നും പ്രാദേശിക എതിർപ്പ് മൂലം കൈയേറ്റം പരിശോധിക്കാൻ കഴിയുന്നില്ലെന്നും ലാൻഡ് റെവന്യൂ കമ്മിഷൻ സർക്കാരിന് നൽകിയ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു. അനധികൃത കൈയേറ്റങ്ങൾക്കെതിരെ ശക്തമായ നടപടിയെടുത്ത് പോരുന്ന സബ് കലക്ടർ ശ്രീറാം വെങ്കിട്ടാരാമനെ മാറ്റണമെന്നാവശ്യപ്പെട്ട് പ്രദേശിക സി.പി.എം, സിപിഐ നേതൃത്വം രംഗത്ത് വന്നിരുന്നു. ഇതിന്റെ തുടർച്ചയെന്നോണമാണ് റവന്യൂമന്ത്രിയെ പരസ്യമായി വിമർശിച്ച് കൊണ്ട് എസ്.രാജേന്ദ്രൻ രംഗത്തെത്തിയിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP